നിങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടോ എന്നും അച്ഛനോ അമ്മയ്‌ക്കൊ വേറെ വല്ല..

അമ്മക്കിളി
(രചന: Ammu Santhosh)

അച്ഛൻ ഒരു യാത്ര പോകുന്നുവെന്നു പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്‌ക്കൊപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു.

ചേട്ടൻ പതിവ് പോലെ നല്ല ഉറക്കവും. ജോലി സംബന്ധമായ യാത്രകൾ അച്ഛനിടയ്ക്ക് ഉണ്ടാകാറുള്ളതാണ്.

അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെയായപ്പോൾ അമ്മ അന്വേഷിച്ചിറങ്ങി.

അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രക്കും ഓഫീസിൽ നിന്ന് നിർദേശം ഉണ്ടായിരുന്നില്ലന്നറിഞ്ഞു.

എനിക്ക് അന്ന് പത്തു വയസ്സേ ഉള്ളു. അമ്മ അറിയാവുന്നവരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് സ്റ്റേഷനിലുമൊക്കെ ചേട്ടനെ കൂട്ടി കൊണ്ട് പോയി.

ഒരിടത്തും നിന്ന് അമ്മക്ക് മറുപടി കിട്ടിയിരുന്നില്ല. പോലീസ് അന്വേഷിച്ചു നോക്കിയിട്ടും ഫലം ഒന്നുമുണ്ടായിരുന്നില്ല.

അച്ഛൻ ട്രെയിനിൽ ആണ് പോയതെന്നും ടിക്കറ്റ് എടുത്തത് ഡൽഹിക്ക് ആണെന്നും അറിവ് കിട്ടി.

അവിടെയെന്തിനു പോയി എന്ന് എന്റെ പാവം അമ്മയ്ക്ക് അറിയാമായിരുന്നില്ല.

നിങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടോ എന്നും അച്ഛനോ അമ്മയ്‌ക്കൊ വേറെ വല്ല ബന്ധമുണ്ടോയെന്നുമൊക്കെ പലരും കുത്തി നോവിച്ചു തുടങ്ങിയപ്പോൾ അമ്മ പുറത്ത് ഇറങ്ങാതെയായി.

വീട്ടിലെ സാധനങ്ങൾ ഓരോന്നായി തീർന്ന് തുടങ്ങിയപ്പോൾ അതും കഴിയാതെ അമ്മ ജോലിക്ക് പോയി തുടങ്ങി.

അത് വരെ സദാ കളിക്കാൻ പൊയ്ക്കൊണ്ടിരുന്ന ചേട്ടൻ വീട്ടിൽ തന്നെ ഇരിപ്പായി.

ഞങ്ങൾക്ക് മൂന്ന് പേർക്കും സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കിട്ടും. ഞങ്ങൾ അതിന്റ ഒരു പങ്ക് ചോറ്റ് പാത്രത്തിലാക്കി വൈകുന്നേരം വീട്ടിൽ വരുമ്പോൾ അമ്മക്ക് കൊണ്ട് കൊടുക്കും.

അച്ഛനില്ലായ്മയിൽ ജീവിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങി. പക്ഷെ അവധി ദിവസങ്ങളിൽ എന്ത്‌ ചെയ്യും?

അമ്മ പോകുന്ന ചെമ്മീൻ കമ്പനിയിലെ മുതലാളി അമ്മയോട് മോശമായതെന്തോ പറഞ്ഞു എന്ന് അമ്മ ചേട്ടനോട് കരഞ്ഞു കൊണ്ട് പറയുന്നതിൽ നിന്ന് എനിക്ക് മനസിലായി.

ചേട്ടന്റെ കണ്ണുകൾ കത്തുന്നതും അടുക്കളയിൽ നിന്ന് കത്തിയുമായി ചേട്ടൻ ചാടിയിറങ്ങുന്നതും കണ്ട് ഞാനും അനിയത്തി യും പേടിച്ചു മുറിയിൽ ഇരുന്നു. പക്ഷെ അമ്മ ആ കത്തി വാങ്ങി വെച്ചു. എന്നിട്ട് ചേട്ടനോട് പറഞ്ഞു

“ഞാനെല്ലാം നിന്നോട് പറയുന്നത് നീ വിവേകത്തോടെ കാര്യങ്ങൾ മനസിലാക്കാനാണ്.

എന്റെ ജീവിതത്തിൽ എന്റെ മക്കളിൽ നിന്ന് ഒന്നും മറയ്ക്കാനില്ല എനിക്ക്. എന്റെ ഒപ്പം നിന്നാൽ മതി നീ.. നമുക്ക് ജീവിക്കണം ”

ചേട്ടൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു

പിറ്റേന്ന് അമ്മ പണിക്കിറങ്ങിയപ്പോൾ ചേട്ടനും ഒപ്പം ചെന്നു.

അമ്മ പുഞ്ചിരിച്ചു

“ഞാനങ്ങോട്ടേക്ക് അല്ല പോകുന്നത്. കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് ചുമടെടുക്കാൻ ആളെ വേണം.

ദിവസം മുന്നൂറ് രൂപ എങ്കിലും കിട്ടും.. അമ്മ പോയി വരാം മോൻ പഠിക്കണം. അനിയത്തി യെയും അനിയനെയും നോക്കണം. ഇവിടെ വേണം. നമുക്ക് അച്ഛനില്ല.. പകരം മോൻ വേണം..”

ചേട്ടൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു

പിന്നെ ചേട്ടൻ അച്ഛനായി മാറുന്ന അത്ഭുതം ഞാൻ കണ്ടു. അച്ഛനേക്കാൾ ഒരു പടി മേലെ. അതായിരുന്നു ചേട്ടൻ.

ചില ദിവസങ്ങളിൽ അമ്മയുടെ കൈ വെള്ള പൊട്ടും. അപ്പൊ ചേട്ടൻ അമ്മയ്ക്ക് ചോറ് വാരികൊടുക്കുന്നത് കാണാം.

അമ്മ വരുമ്പോഴേക്കും ഞങ്ങളുടെ എല്ലാവരുടെ തുണികൾ നനച്ചു മുറ്റം അടിച്ചു വാരി ചോറും കറികളും വെച്ചു ചേട്ടൻ അമ്മയെ കാത്തിരിക്കുന്നുണ്ടാവും.

അതിനിടയിൽ ഞങ്ങൾക്ക് പാഠങ്ങൾ പറഞ്ഞു തരും. ചേട്ടൻ മിടുക്കനാണ്. അച്ഛൻ എന്നത് തീരെ മങ്ങിയ ഒരു ചിത്രമായി കാലം കഴിയവേ ഞങ്ങളിൽ ശേഷിച്ചു

എന്റെ ചേട്ടന് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കിട്ടി എന്നറിഞ്ഞ ദിവസം, അന്നാണ് പിന്നേ അമ്മ കരയുന്നത് ഞാൻ കണ്ടത്. അത് പക്ഷെ സന്തോഷത്തിന്റെ കണ്ണീർ ആയിരുന്നു.

അന്ന് അമ്മ ചേട്ടനോട് പറഞ്ഞു

“എനിക്ക് അച്ഛൻ എവിടെ പോയി എന്നൊന്ന് അറിയണം മോനെ. ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും.. മോൻ അന്വേഷിച്ചു കണ്ടു പിടിച്ചു തരണം ”

പതിവ് പോലെ ചേട്ടൻ അമ്മയെ നെഞ്ചിൽ ചേർത്ത് പിടിച്ചു..

ചേട്ടൻ അന്വേഷിച്ചു കണ്ടു പിടിക്കുക തന്നെ ചെയ്തു

അച്ഛന് വേറൊരു കുടുംബം ഉണ്ട്. കുട്ടികൾ ഉണ്ട്. അത് പക്ഷെ ചേട്ടൻ എന്നോടാണ് വന്നു പറഞ്ഞത്. അമ്മയോട് പറയാൻ ചേട്ടന് ധൈര്യം ഉണ്ടായിരുന്നില്ല.

പക്ഷെ അമ്മയോടൊളിക്കാനും ചേട്ടന് കഴിയുമായിരുന്നില്ല

“ഇത്രേം ഉള്ളു? ഇത് ഞാൻ ഊഹിച്ചു. സാരോല്ല ജീവിച്ചിരിപ്പുണ്ടല്ലോ. അത് മതി”

അമ്മ പുഞ്ചിരിച്ചു. പിന്നെ ചേട്ടനെയും ഞങ്ങളെയും ചേർത്ത് പിടിച്ചു.

“അമ്മയ്ക്ക് ഈ മക്കൾ മതി കേട്ടോ ”

അമ്മ താലിയഴിച്ചു മാറ്റി.. നേർത്ത ഒരു കരിമണിമാല ധരിച്ചു.

അപ്പൊ അമ്മയുടെ മുഖം ഒരു യോഗിനിയുടെ പോലെ തോന്നി
അമ്മ ജോലിക്ക് പോയി

പഠനം എന്റെയും അനിയത്തി യുടെയും ബാക്കിയാണ് ഞാനും അവളും മെഡിസിൻ പഠനത്തിലാണ് നല്ല തുക ചിലവാകും. ചേട്ടൻ എത്ര പറഞ്ഞിട്ടും അമ്മ ജോലിക്ക് പോയി

“ആരോഗ്യം ഉള്ള കാലമത്രയും പോവും മോനെ.. വീണു പോയാൽ നീ ഉണ്ടല്ലോ എനിക്ക് പേടിയില്ല..”

സത്യത്തിൽ എന്തിനാണ് അങ്ങനെ ഒരു അച്ഛൻ?

വേണ്ട… അമ്മ മതി…

ഈ ഭൂമിയിൽ അമ്മയ്ക്ക് കഴിയാത്തതായി ഒന്നുമില്ല. അമ്മ ഞങ്ങളുടെ ദൈവമാണ്… സത്യം.. ജീവിച്ചിരിക്കുന്ന ദൈവം.

Leave a Reply

Your email address will not be published. Required fields are marked *