ഇത്രേം ഒക്ക നടന്നിട്ടും ഏട്ടന് എങ്ങനാ ഏടത്തിയെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നെ, എങ്ങനെ..

കളങ്കം
(രചന: Atharv Kannan)

” നിധി, ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റെ പെങ്ങടെ മോൻ എന്നെ ഫിസിക്കലി മിസ് യൂസ് ചെയ്തിട്ടുണ്ട്…

എനിക്കിപ്പോ ഇത് പറയണം എന്ന് തോന്നി.. നീ എപ്പോഴും നിനക്ക് ആരും കള്ളം പറയുന്നത് ഇഷ്ടല്ല എന്ന് പറയുന്ന കേക്കുമ്പോ പല തവണ പറയണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ശക്തി ഇല്ലായിരുന്നു.സോറി “

നിധി ഫോൺ ചെവിയിൽ നിന്നും അകത്തി…. ആരാധനയുടെ വാക്കുകൾ അവനൊരു ഷോക് ആയിരുന്നു…

” നിധി… നീ എന്നാ ഒന്നും മിണ്ടാത്തെ? “

” അപ്പൊ നീ എന്നെ പറ്റിക്കുവായിരുന്നല്ലേ? “

” ഞാൻ എങ്ങനെ പറ്റിച്ച്ചൂന്നാ നിധി നീ ഈ പറയണേ? “

” പിന്നെ? നിനക്കറിയാലോ എനിക്ക് കള്ളം പറയുന്നത് ഇഷ്ടമല്ലെന്നു.. എന്നിട്ടും നീ എന്നോട്.. അതും ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയ ഒരു കാര്യം.. ആരെങ്കിലും ആയി നിനക്ക് ഫിസിക്കൽ റിലേഷൻഷിപ് ഉണ്ടായിരുന്നോ എന്ന് എത്ര തവണ ഞാൻ നിന്നോടു ചോദിച്ചതാ “

അവൻ കലി പൂണ്ടു കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.

” എടാ അതിനു ഇതൊരു റിലേഷൻഷിപ് ഒന്നും അല്ലായിരുന്നു.. ഞാൻ യൂസ് ചെയ്യപ്പെടുവാണെന്നു പോലും എനിക്ക് മനസ്സിലായത് പത്താം ക്ലാസ് എത്തിയപ്പോഴാണ്.. പിന്നെ..

പിന്നെ എനിക്ക് അത്ര ഇഷ്ടാണ് നിന്നെ… അപ്പൊ ഞാനിതു പറഞ്ഞാൽ എങ്ങനെ എടുക്കും എന്നറിയില്ല… പക്ഷെ ഇപ്പോ ഞാൻ നിന്റടുത്തു കമ്ഫോര്ട്ടബിള് ആയപ്പോ എനിക്ക് പറയണം എന്ന് തോന്നി “

” നീ കൂടുതൽ ന്യായെകരണം ഒന്നും പറയണ്ട… എത്ര നാൾ ഉണ്ടായിരുന്നു ആ ബന്ധം? എത്ര നാൾ നീ അവനു കൊടുക്കുന്നുണ്ടായിരുന്നു? “

” നിധി ” അവളുടെ വാക്കുകൾ ഇടറി…

” വിളിക്കരുത് നീ എന്നെ അങ്ങനെ…. ശരി… ശരി.. പറ… അവൻ നിന്നെ എന്തൊക്ക ചെയ്തിട്ടുണ്ട്… “

” നീ എന്താ ഈ ചോദിക്കണേ നിധി “

” പറയ്‌ പറയ്‌ പറയ്‌… എനിക്ക് ഭ്രാന്ത് പിടിക്കാണു.. പറയ്‌ ” അവൻ അലറി… അവൾ മൗനമായി നിന്നു…

” നീ പറയില്ലല്ലേ… പറയണ്ട…  ഇനി മേലാൽ എന്റെ ഫോണിലേക്കെങ്ങാനും വിളിച്ച “

” നിധി പ്ലീസ് ( കരയുന്നു ) അവൻ എന്നെ എന്തൊക്കയോ ചെയ്തു.. അതൊന്നും ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ്.. പക്ഷെ അമ്മയാണെ സത്യം അതൊന്നും ഞാൻ ആസ്വദിച്ചിരുന്നില്ല..

അറിവ് വന്ന ശേഷം ഒരിക്കൽ പോലും എന്റെ ദേഹത്ത് തൊടാൻ അവനെ ഞാൻ അനുവദിച്ചിട്ടില്ല”

” മതിയെടി.. വേശ്യയുടെ ഒരു ചാരിത്ര്യ പ്രസംഗം ഞാൻ ചത്താ അന്ന് എന്റെ ശവം കാണാൻ പോലും നീ വന്നേക്കരുത്.. അത്രയ്ക്ക് വെറുപ്പാണ് എനിക്ക് നിന്നോടു “

അവൻ ഫോൺ വെച്ചു.. അവൾ തുടരെ വിളിച്ചു.. കട്ട് ചെയ്തു കൊണ്ടേ ഇരുന്നു.. സമയം രാത്രി പതിനൊന്നാവുന്നു… നിധി ഒന്ന് ദീർഘമായി നിശ്വസിച്ചു.

ഫോൺ വീണ്ടും റിങ് ചെയ്തു

“ഓഹ് ഈ നാശം” അവളാണെന്നു കരുതി കട്ട് ചെയ്യാനായി ഫോൺ എടുത്തതും ” ഏട്ടത്തി ആണല്ലോ ” അവൻ സ്വയം പറഞ്ഞു കൊണ്ടു ഫോൺ എടുത്തു

” ഹലോ…… ഹലോ… ഏടത്തി “

അപ്പുറത്ത് നിന്നും ആരൊക്കയോ സംസാരിക്കുന്ന ശബ്ദം… നിധി ഞെട്ടലോടെ ചാടി എണീറ്റു..

” ഏടത്തീ  ” വിറയലോടെ അവൻ വീണ്ടും വിളിച്ചു… അവിടെ നിന്നും അവരുടെ കരച്ചിൽ മാത്രം ഉയർന്നു കേൾക്കുന്നു.. ഇടയിൽ ഒരു ശബ്ദം

” കക്കാൻ വന്നാൽ കട്ടിട്ടു പോയാൽ പോരെ.. ഇതൊക്കെ നമ്മളെ തേടി എത്താനുള്ള തെളിവായി മാറും.. ” ആരോ ഒരാൾ മറ്റൊരാളോട് പറഞ്ഞു

” പിള്ളേരുടെ ആഗ്രഹം അല്ലേ… ചെയ്യട്ടെ.. സാധനങ്ങൾ എല്ലാം എടുത്തോ? “

അവരുടെ സംസാരം കേട്ടു എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചെങ്കിലും ഫോൺ കട്ട് ചെയ്യാതെ ക്ലബ്ബിൽ നിന്നും ചാടി ഇറങ്ങിയ നിധി ബൈക്ക് എടുത്തു.

ബൈക്ക് മുറ്റത്തേക്ക് പാഞ്ഞു വരുന്നത് കണ്ടു സിഗ്നൽ കിട്ടിയ  അക്രമികൾ വീടിനു പിന്നിലൂടെ രക്ഷപെടനായി ഓടി..

ബൈക്ക് മറിച്ചിട്ടു അവർക്കു പിന്നാലെ ഓടി എങ്കിലും അവരുടെ മെയ്വഴക്കം അതിവേഗത്തിൽ അവരെ റോഡിൽ എത്തിച്ചു… അവിടെ നിന്നും ഒരു ആംബുലൻസിൽ അവർ ചീറി പായുന്നത് നിധി നോക്കി നിന്നു..

നെഞ്ചിടിപ്പോടെയും വിറയലോടെയും അവൻ ഓടി അകത്തു കയറി… ആ കാഴ്‌ച്ച അവന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നതായിരുന്നു… ബെഡ്ഷീറ്റിൽ അവരെ പുതപ്പിച്ചു കൊച്ചച്ചനെയും കുഞ്ഞമ്മയെയും കൂട്ടി തങ്ങളുടെ വല്ലിച്ചന്റെ മകൾ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

സകല ധൈര്യവും സംഭരിച്ചു അവൻ ഏട്ടനെ വിളിച്ചു… നടന്നതെല്ലാം പറഞ്ഞു. നേരം പുലരും മുന്നേ അയാളും സ്ഥലത്ത് എത്തി.

” സുധി… ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നത് മണ്ടത്തരം ആണ് … പ്രതികൾ രക്ഷപ്പെടുന്നത് മാത്രമല്ല മന്ത്രക്ക് എന്തെങ്കിലും സംഭവിച്ചാൽ അന്ന് വീട്ടിൽ ഉണ്ടാവാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള ആളെന്ന നിലയിൽ നിധി ആയിരിക്കും ചോദ്യം ചെയ്യപ്പെടുക…

മാത്രമല്ല മന്ത്രയേ ആ അവസ്ഥയിൽ ആദ്യം കാണുന്നതും മറ്റുള്ളവരെ വിളിക്കുന്നതും ഹോസ്പിറ്റലിൽ എത്തിക്കുന്നതും എല്ലാം നിധി തന്നെ ആണ് “

അവരുടെ വല്ലിച്ചന്റെ മകൾ മാനേജ്‌മെന്റിനു ഒപ്പം വന്നു സുധിയേയും നിധിയെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു

” ഇരയുടെ കണ്ടീഷൻ കുറച്ചു ക്രിട്ടികൾ ആണ്… റിസ്ക് എടുത്താൽ അത് ഹോസ്പിറ്റലിനെയും ബാധിക്കും “

” നിങ്ങടെ ബുദ്ധിമുട്ടുകൾ എനിക്ക് മനസ്സിലാവും.. പക്ഷെ എനിക്കിതെന്റെ ജീവിതം ആണ്.. ഇപ്പൊ നിങ്ങൾ പറഞ്ഞ വാക്കുകൾ ഇല്ലേ… ഇര… നാളെ നാട്ടുകാരും അത് പറയും എന്ന് ഓർത്തിട്ടല്ല ഞാൻ പരാതി വേണ്ടെന്നു പറഞ്ഞത്.. ഒന്ന് ഇവിടുത്തെ സിസ്റ്റം..

ശാരീരികമായി അനുഭവിച്ച വേദനയേക്കാൾ നൂറിരട്ടി അവൾ മാനസികമായി അനുഭവിക്കേണ്ടി വരും.. എന്നാലും നീതി കിട്ടും എന്ന് ഉറപ്പുണ്ടോ?  പിന്നെ അവളെ ഉപദ്രവിച്ചവരുടെ കാര്യം, ഈ ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും തേടി ചെല്ലാനുള്ള ശക്തി എനിക്കുണ്ട്..

പക്ഷെ എനിക്ക് ചെയ്യാൻ കഴിയാത്ത ഒന്നിന് വേണ്ടിയാണു ഞാൻ നിങ്ങളോടു അഭ്യർത്ഥിക്കുന്നത്.. അവളുടെ മനസ്സ്.. നിങ്ങൾ പറഞ്ഞത് വെച്ചു അവൾ റേപ്പ് ചെയ്യപ്പെടും മുന്നേ തലയ്ക്കു ക്ഷതം ഏറ്റിരുന്നു.. ബോധം നഷ്ടമായതിനു ശേഷമാണ് എല്ലാം സംഭവിച്ചിരിക്കുന്നത്. “

” അതെ “

” ഒരുപക്ഷെ അവൾ ഒന്നും അറിഞ്ഞിട്ടില്ലെങ്കിൽ ഇനി അറിയിക്കാതിരിക്കാൻ പറ്റില്ലേ സർ “

നിധി ഞെട്ടലോടെ ചേട്ടനെ നോക്കി.

” അത് “

” അവളുടെ മുറിവുകൾ ഉണങ്ങും വരെയും ഇവിടെ നിർത്തു…ഈ രാത്രിയെ കുറിച്ച് അധികം ആലോചിക്കാത്ത വിധം അവള ഞാൻ നോക്കിക്കോളാം.. കള്ളന്മാരാൽ ഉണ്ടായ ഒരു വധശ്രമം.. അത് മതി.. അല്ലെങ്കിൽ അവൾ താങ്ങില്ല സർ… അവൾക്കു എന്നെ ജീവനാണ്..

സമൂഹം നൽകിയ പൊതു ബോധം മൂലം അവളുടെ ഉള്ളിൽ ഒരു കുറ്റബോധം ഉടലെടുക്കും.. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും മറ്റുള്ളവരാൽ ആക്രമിക്കപ്പെട്ടിട്ടും താൻ മോശമായി എന്നൊരു തോന്നൽ അവളിൽ ഉണ്ടാവും.. അങ്ങനെ ഉണ്ടായാൽ പിന്നെ അവൾക്കെന്നെ പഴയ പോലെ സ്നേഹിക്കാൻ കഴിയില്ല…

ആ സ്നേഹം ആണ് എന്നെ നിലനിർത്തുന്നത്.. ഏതൊരു മോഷം പ്രതിസന്ധിയിലും ഒരേ ആകാശത്തിനു കീഴിൽ വിളിച്ചാൽ വിളിപ്പുറത്തു എന്നെയും കാത്തു അവൾ ഉണ്ടെന്ന സത്യം ആണ് എന്റെ ധൈര്യം… നിങ്ങൾ ചെയ്യേണ്ടത് അവളെ ജീവനോടെ.. പഴയ ഊർജത്തോടെ തേജസോടെ ഞങ്ങൾക്ക് തിരിച്ചു തരിക എന്നുള്ളത് മാത്രമാണ്. “

നിധി സുധിയെ തന്നെ നോക്കി നിന്നു… മാസങ്ങൾ കടന്നു പോയി…. സുധിയുടെ കാഴ്ചപ്പാടുകൾ തെറ്റിയില്ല.. ആ രഹസ്യം കൊച്ചച്ചനോ കുഞ്ഞമ്മയോ നിധിയോ സുധിയോ ഹോസ്പിറ്റലിന്നോ ആരും അവളോട് പറഞ്ഞില്ല…

ഒരുപക്ഷെ തന്റെ ശരീരത്തിലെ വേദനകളിൽ നിന്നും അവൾ അറിയാൻ ശ്രമിച്ചോ എന്ന് അവൾക്കു മാത്രമേ അറിയൂ… അധികം താമസിയാതെ തന്നെ ആ കുടുംബം പഴയതിനേക്കാൾ സന്തോഷത്തിൽ ആയി..

മന്ത്ര ഗർഭിണി ആണെന്നറിഞ്ഞ അന്ന് എല്ലാവരും ആട്ടവും പാട്ടും ഒക്കെ ആയി ഒത്തു കൂടി.. മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ കസവു മുണ്ടും ഒറ്റക്കളർ ചുവന്ന ഷർട്ടും ഇട്ടു പറമ്പിലേക്ക് നോക്കി ഇരുന്ന സുധിക്ക് അരികിലേക്ക് നിധി വന്നു.

” ഇത്രേം ഒക്ക നടന്നിട്ടും ഏട്ടന് എങ്ങനാ ഏടത്തിയെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നെ? “

” എങ്ങനെ? ” മെല്ലെ തല ഉയർത്തി നിധിയെ നോക്കി

” എനിക്കവരു ഏടത്തി ആണ്.. കൊച്ചച്ഛനും കുഞ്ഞിമ്മക്കും മകളാണ്, പക്ഷെ ഏട്ടന് അവര് ഭാര്യ അല്ലേ? സ്വന്തം പെണ്ണിനെ മറ്റുള്ളവർ യൂസ് ചെയ്തെന്നു അറിയുമ്പോൾ ഒരു വിഷമം ഉണ്ടാവില്ലേ? “

” ഉണ്ടാവും.. ” അവൻ ചിരിച്ചു കൊണ്ടു എണീറ്റു.നിധി സംശയത്തോടെ അവനെ നോക്കി

” റോഡിൽ കൂടി നടന്നു പോകുമ്പോ പേ ഇളകിയ പട്ടി കടിച്ചാൽ അത് പട്ടിയുടെ തെറ്റാണോ അതോ മനുഷ്യന്റെ തെറ്റാണോ? “

” പട്ടീടെ “

” അപ്പൊ വീട്ടിലിരുന്ന പെണ്ണിനെ വീട്ടിൽ കയറി ആക്രമിച്ചത് ആരുടേ തെറ്റാണ്? “

നിധി മിണ്ടിയില്ല… സുധി നടന്നു വന്നു അവന്റെ തോളിൽ പിടിച്ചു

” നീ ആരെയെങ്കിലും പേമിച്ചിട്ടുണ്ടോ? “

നിധി മറുപടി പറഞ്ഞില്ല

” പെണ്ണിന് മാത്രമായി എന്തോ നഷ്ടപ്പെടാൻ ഉണ്ടെന്നു സമൂഹം പടച്ചു വെച്ച നുണ ഒരു ഭാഗത്തു. ഒരിക്കൽ ആരെങ്കിലും ആയി ബന്ധം ഉണ്ടായാൽ അവൾ ചീത്തയായി പിന്നെ അവൾക്കു ജീവിതം ഇല്ലെന്ന തോന്നൽ മറുഭാഗത്തു.ആണായാലും പെണ്ണായാലും ബലം അധികമാവുമ്പോ കീഴ്പ്പെടും…

അതാരുടെ തെറ്റാണ്..? അവരെ എല്ലാം ചെറുത്തു തോല്പിക്കാൻ ഉള്ള കായിക ബലം മന്ത്രക്ക് ഉണ്ടായിരുന്നെങ്കിൽ അവർക്കു മുന്നിൽ അനങ്ങാനാവാത അവൾ കിടക്കുമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ?

സ്നേഹിക്കാൻ സ്ത്രീക്ക് ശരീരം മാത്രമല്ല ഉള്ളത്, മനസും ഉണ്ട്… ആരെങ്കിലും ആൾക്കാരാൾ അവർ ആക്രമിക്കപ്പെടുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതും അവരുടെ തെറ്റല്ല നിധി..

ഇനി അഥവാ അങ്ങനെ ഒന്നുണ്ടായാൽ ഒന്ന് കുളിച്ചാൽ തീരാത്ത കളങ്കം ഒന്നും അല്ല അത്.. അവരുടെ ജീവൻ നഷ്ടപ്പെട്ടിട്ടൊന്നും ഇല്ലല്ലോ.. അവരുടെ ഉള്ളിൽ നമ്മളോടുള്ള സ്നേഹം നഷ്ടപ്പെട്ടിട്ടൊന്നും ഇല്ലല്ലോ? “

നിധിക്കു മറുപടി ഇല്ലായിരുന്നു..

” സ്കൂളിൽ വിടുന്ന ഡ്രൈവർ, കസിൻസ്, ഫ്രണ്ട്സ, ഒരുപക്ഷെ സ്വന്തം അച്ഛൻ തന്നെ അങ്ങനെ വളർന്നു വരുന്ന അറിവ് വെക്കാത്ത പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചു വരുന്നവരാണ് കൂടുതലും പെൺകുട്ടികളും..

എല്ലാം കഴിഞ്ഞു ഒരു പ്രായം ആവുമ്പോൾ ആയിരിക്കും അവരെ വിശ്വാസം മുതലെടുത്തു വഞ്ചിക്കുന്നതും.. എല്ലാവരും അങ്ങനെ ആണെന്നല്ല.. ചില മോശം പെൺകുട്ടികളും ഉണ്ടാവാം..

പരസ്പര ധാരണയോടെ മുന്നോട്ടു പോകുന്നവരും ഉണ്ടാവാം.. എന്ത് തന്നെ ആയാലും മുതലെടുപ്പിന്റെ ഈ ലോകത്തു ഒരേ ഒരു കാര്യം മാത്രം എന്റെ മോൻ ചിന്തിച്ചാൽ മതി നമ്മുടെ പെണ്ണ് അവളുടെ മനസ്സുകൊണ്ട് നമുക്ക് മാത്രമേ അവരെ തരൂ എന്ന ഉറപ്പ് ഉണ്ടാവുക… അതുണ്ടങ്കിൽ പിന്നെ എന്താടാ വേണ്ടേ? “

” ഏട്ടാ കൊച്ചച്ചൻ വിളിക്കുന്നു ” മന്ത്ര വന്നു വിളിച്ചു.. സുധി അവിടേക്കു നടന്നു.. നിധി ബൈക്ക് എടുത്തു.

ബീച്ച്.

” നീ എന്നാ ഒന്നും മിണ്ടാത്തെ? “

കടലിലേക്കും നോക്കി നിക്കുന്ന ആരാധനയോടു നിധി ചോദിച്ചു

അവൾ ഒന്നും പറയാതെ ആ നിപ്പ് തുടർന്നു

” എന്നോട് വെറുപ്പായോ? “

” തോന്നിയിരുന്നു ” അവൾ തിരിഞ്ഞു…

നിധിയുടെ മുഖം മാറി

” എന്നോടങ്ങനെ ഒക്കെ പറഞ്ഞപ്പോ അവനെക്കാൾ വെറുപ്പ്‌ നിന്നോടു തോന്നിയിരുന്നു “

നിധി മുഖം താഴ്ത്തി…

” പക്ഷെ പിന്നീട് നീ എന്തുകൊണ്ടാവും അങ്ങനെ ഒക്കെ പറഞ്ഞെ എന്ന് ഞാൻ ചിന്തിച്ചു.. അപ്പൊ എനിക്ക് മനസ്സിലായി ഈ സമൂഹം വളർത്തിയ നീ മാത്രമല്ല ഒട്ടുമിക്ക ആണുങ്ങളും ഇങ്ങനെ പറയൂ എന്ന്.. മാറി ചിന്തിക്കാൻ തയ്യാറായാൽ നീ വരും എന്നെനിക്കു ഉറപ്പായിരുന്നു. അതാ ഞാൻ കാത്തിരുന്നത് “

” നിനക്കെന്നോട് ദേഷ്യം ഒന്നും ഇല്ലേ? “

” എന്തിനാണ് നിധി? മറ്റുള്ളവരുടെ ഭാഗത്തു നിന്നു കൂടി നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നമ്മുടെ ജീവിതത്തിൽ ഉളളൂ “

” എന്ന പിന്നെ ഈ നിമിഷം എന്റെ ഭാഗത്തു നിന്നൊന്നു ചിന്തിച്ചു എന്റെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടു പിടിച്ചു താ “

” നിനക്കിപ്പോ പ്രശ്നം അല്ലല്ലോ.. ആഗ്രഹം അല്ലേ? ” അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു

” എന്താഗ്രഹം? ” കൗതുകത്തോടെ നിധി ചോദിച്ചു

” അത് പറയില്ല.. ചെയ്തു കാണിക്കാം ” അവൾ നിധിയുടെ പാദങ്ങളിൽ ഊന്നി മുകളിലേക്ക് കുതിച്ചു…

വിജനമായ കടൽ തീരത്തെ കാറ്റും തിരമാലകളും സാക്ഷിയായി ഇരുവരും അധരങ്ങളിലെ തേൻ നുകരാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *