അമ്മായി അമ്മ ഇതിലും ഭേദാണല്ലോ ഈശ്വരാ, സ്വന്തം അമ്മയുടെ വാക്കുകൾ കേട്ടു അച്ചു സ്വയം..

പെൺകോന്തൻ
(രചന: Atharv Kannan)

” ശേ ചർദ്ധി ആണെന്നൊക്കെ പറഞ്ഞപ്പോ ഞങ്ങള് കരുതി വിശേഷം ഉണ്ടായിരിക്കുന്നു…. ഇതിപ്പോ വണ്ടിക്കൂലി വെറുതെ ആയല്ലോ”

” അമ്മായി അമ്മ ഇതിലും ഭേദാണല്ലോ ഈശ്വരാ ” സ്വന്തം അമ്മയുടെ വാക്കുകൾ കേട്ടു അച്ചു സ്വയം പിറുപിറുത്തു.

” ഒരു കണക്കിന് നന്നായില്ലേ ??? ആദ്യ പ്രസവം കഴിഞ്ഞു എട്ടു മാസല്ലേ ആയിട്ടുള്ളു “

അച്ചുവിന്റെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയുടെ വാക്കുകൾ ദഹിക്കാതെ അമ്മ അവളെ അടിമുടി നോക്കി ” കുട്ടികളൊക്കെ ദൈവത്തിന്റെ അനുഗ്രഹാ..

എപ്പോഴും കിട്ടീന്നു വരില്ല.. കിട്ടുമ്പോ അങ്ങ് വാങ്ങിച്ചോണം.. അതെങ്ങനാ പ്രസവിക്കാൻ കഴിയാത്തവർക്ക് ഇതൊക്കെ കാണുമ്പോ അസൂയ വരും “

” അമ്മേ… ” അച്ചു ഉച്ചത്തിൽ വിളിച്ചു

” എന്താടി.. ഞാൻ പറഞ്ഞത് കാര്യല്ലേ? “

ഏടത്തിയുടെ മുഖത്തേക്ക് ദയനീയതയോടെ അച്ചു നോക്കി…. ശേഷം വീണ്ടും അമ്മയെ കലിപ്പിച്ചു നോക്കി

” ആദി എങ്ങാനും കേട്ടോണ്ട് വന്ന ഉണ്ടല്ലോ? ” സ്വരം താഴ്ത്തിക്കൊണ്ട് അച്ചു പറഞ്ഞു

” പിന്നെ… അവനിപ്പോ എന്നെ മൂക്കിൽ വലിച്ചു കയറ്റുവായിരിക്കും… നിങ്ങളു രണ്ട് പെണ്ണുങ്ങൾ ഇവിടിരുന്നിട്ടല്ലേ ഒരു നാണവും ഇല്ലാതെ അവൻ ഞങ്ങക്ക് ചായ എടുക്കാൻ അടുക്കളയിൽ പോയേക്കുന്നെ… പെൺകോന്തൻ “

” അതിനു പെണ്ണുങ്ങക്ക് മാത്രേ ചായ എടുക്കാൻ പറ്റുന്നു നിയമം വെല്ലോം ഇണ്ടോ? അതോ ആണുങ്ങൾ ഇട്ട ചായ അമ്മ കുടിക്കില്ലേ? “

” ഇവളാ ഇത് പറഞ്ഞെങ്കിൽ ഞാൻ ക്ഷമിച്ചേനെ..നിന്റെ ഭർത്താവ് അടുക്കള പണി ചെയ്യുന്നതിൽ നിനക്കൊരു നാണവും ഇല്ലെടി? “

” ശെടാ.. അമ്മക്കിതു എന്നത്തിന്റെ കേടാ എനിക്കു മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ… ആണുങ്ങള് അടുക്കള പണി എടുക്കണേനെ ന്യായെകരിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും പറയണ്ട ആവശ്യം ഇല്ലെങ്കിലും

ഇപ്പൊ ഞാൻ കുഞ്ഞിനെ നോക്കണം വർക്ക്‌ ചെയ്യണം, ഏടത്തി രണ്ട് മസ്സായി നടു വയ്യാതെ ട്രീറ്റ്മെന്റ് ചെയ്യുന്നു അപ്പൊ സ്വഭാവകമായും വീട്ടിലെ ആണുങ്ങൾ സപ്പോർട് ചെയ്യുന്നതിൽ എന്താ കുഴപ്പം ? “

” അമ്മേം മോളും കണ്ടപ്പോ തന്നെ തുടങ്ങിയോ? ചൂട് ചായ കുടിച്ചിട്ടാവാം ഇനി ചൂടുള്ള സംഭാഷണം ” ചായ ടേബിളിൽ വെച്ചു കൊണ്ടു ആദി പറഞ്ഞു. ” ഇന്നാ ഏടത്തി ” അതിൽ ഒരു ഗ്ലാസ് അവൾക്കു എടുത്തു കൊടുത്തത് തീരെ ദഹിക്കാതെ അമ്മ അച്ചുവിനെ നോക്കി.

” മഴക്കോളുണ്ട് ആദി ഡ്രസ്സ് എടുത്തു വെക്കാൻ മറക്കല്ലേ ” ഏടത്തിയുടെ വാക്കുകൾ അച്ചുവിന്റെ അമ്മയെ വീണ്ടും ചൊടിപ്പിച്ചു.

” കഞ്ഞി തിളക്കാറായി.. വാങ്ങിട്ടു എടുത്തിടം ” മറുപടി കേട്ടു ഏടത്തി തലയാട്ടി.

” അമ്മയ്ക്കും അച്ഛനും ഉച്ചക്കത്തേക്ക് എന്താ സ്പെഷ്യൽ വേണ്ടേ? ചിക്കൻ വേണോ ബീഫ് വേണോ? “

” അല്ല മോനേ, ഇങ്ങനെ അടുക്കള കാര്യവും നോക്കിക്കൊണ്ടിരുന്ന നിനക്ക് ജോലിക്കു പോവണ്ടേ? ” തീരെ ദഹിക്കാതെ അമ്മ ചോദിച്ചു.

” അത് ശരി… അമ്മ ഈ നാട്ടിലൊന്നും അല്ലേ? ഞാനാ ജോലി വിട്ടിട്ടു മാസ്സം എത്രയായി.. ഇവളേം കുഞ്ഞിനേം നോക്കണത് ഏടത്തിയായിരുന്നു.. പുള്ളിക്കാരിക്കും വയ്യാതായതോടെ ഞാൻ ജോലി വിട്ടു. ഇനി ഇപ്പൊ അച്ചു ജോലി ഓക്കെ പഴയ പോലെ ചെയ്യാറാവട്ടെ,അല്ലെങ്കിൽ ഏടത്തി ഒകെ ആവട്ടെ അപ്പൊ വേറെ നോക്കാം “

” ജോലി കളയെ ??? ” ഞെട്ടലോടെ അമ്മ ചോദിച്ചു ” അപ്പൊ വീട്ടിലെ ചിലവും കാര്യങ്ങളും ഓക്കെ? “

” അച്ചു വീട്ടിൽ ഇരുന്നു വർക്ക് ചെയ്യുന്നുണ്ടല്ലോ… പിന്നെ ഏട്ടനും സാലറി ഉണ്ട്.. തല്ക്കാലം ഇവിടെ കുഴപ്പം ഒന്നും ഇല്ല “

” എന്നാലും അത് ശരിയല്ലല്ലോ മോനേ.. ഭാര്യേടെ ശമ്പളത്തിൽ ഭർത്താവ് ജീവിക്കുന്നതും ഗ്രഹഭരണം നടത്തുന്നതും ഒക്കെ മറ്റുള്ളവർ അറിഞ്ഞാൽ മോശല്ലേ? “

” ആഹാ.. അത് കൊള്ളാലോ.. എന്റെ ഭാര്യേടെ ശമ്പളം ഞാൻ എടുക്കുന്നതിൽ ആർക്കാ ഇത്ര ദണ്ണം! ഇത്രയും നാൾ ഞാൻ കൊണ്ടു വന്ന പണം അവളെടുക്കുമ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ..

ഇനി അതവ അത്രക്കും ബുദ്ധിമുട്ടുള്ള നാട്ടുകാർ ഉണ്ടേൽ വീട്ടിലെ ചിലവും കഞ്ഞിയും കറിയും വെക്കുന്നതും ഒക്കെ അങ്ങ് വന്നു നോക്കാൻ പറ…! അല്ല പിന്നെ! “

” അല്ല ഒരു നാട്ടു നടപ്പ് അനുസരിച്ചു പറഞ്ഞുന്നെ ഉളളൂ “

” ഈ നാട്ടു നടപ്പൊക്കെ നമ്മള് തന്നെ ഉണ്ടാക്കി വെച്ചതല്ലേ അമ്മേ ??? എപ്പോ വേണേലും നമുക്ക് തന്നെ തിരുത്താലോ.. “

” ഭാര്യേടെ പിന്നേം പോട്ടെ… ചേട്ടന്റെ ഭാര്യെട തുണി ഒക്കെ ഓണങ്ങാനും എടുക്കാനും പോവുന്നതൊക്കെ, ആള്ക്കാര് കണ്ടാൽ “

” കണ്ടാൽ? “

” അല്ല അതും ഇതും ഒക്കെ പറഞിണ്ടക്കാൻ എളുപ്പാണെ.. പറയിപ്പിക്കാതിരിക്കാൻ നോക്കണ്ടത് നമ്മളല്ലേ? “

” എന്റമ്മേ.. നിങ്ങടെ മോളു വരുന്നെന്നു മുന്നേ ഈ വീട്ടിലേക്കു കയറി വന്നതാ ഏടത്തി.. അന്നിവിടെ ഞങ്ങൾ രണ്ട് ആണുങ്ങൾ മാത്രമേ ഉളളൂ…

മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു പറയുന്നു എന്നുള്ളതൊക്കെ അവരു ലോകതെ നോക്കി കാണുന്ന പോലെ ഇരിക്കും. അവരുടെ കാഴ്ചപ്പാടൊന്നും മാറ്റി മറിക്കാൻ നമുക്ക് പറ്റില്ല. ഞാൻ എങ്ങനെ അവരെ കാണുന്നെന്നു എനിക്കറിയാം. സ്നേഹവും ബഹുമാനവും ഒക്കെ അവനവന്റെ ഉള്ളിൽ ഉണ്ടാവണ്ടതാണ് “

ആദി അതും പറഞ്ഞു അകത്തേക്ക് നടന്നു

” ഇവളെന്തു കൂടോത്രം ആണോ ചെറുക്കന് കൊടുത്തേക്കുന്നെ… ” അമ്മ മനസ്സിൽ പറഞ്ഞു

” അതിനു കൂടോത്രത്തിന്റെ ഒന്നും ആവശ്യം ഇല്ലമേ.. സ്നേഹിച്ചാൽ മതി ” അമ്മ മനസ്സിൽ ചിന്തിച്ച കാര്യത്തിന് അച്ചു ഉടനടി മറുപടി പറഞ്ഞു

” അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ” അമ്മ വെപ്രാളത്തോടെ പറഞ്ഞു

” ഒന്തോടിയ എവിടം വരെ ഓടുന്നു എനിക്കറിയാലോ.. ഒന്നുല്ലേലും എന്റെ അമ്മ അല്ലേ”

” ഞാൻ പോണു ” അമ്മ എണീറ്റു…

” ഹാ പോവല്ലേ… ആദി ഉണ്ടാക്കിയ നല്ല അടിപൊളി മീൻ കറിയും കൂട്ടി ചോറുണ്ടിട്ട് പോവാം ” അച്ചു അമ്മയെ കളിയാക്കി… ചെറിയ പിണക്കത്തോടെ അമ്മ സ്ഥലം കാലിയാക്കി.

” എന്തിനടി രണ്ടും കൂടി ആ പാവത്തിനെ ഇങ്ങനെ കളിയാക്കിയേ? “

” എന്റേടത്തി… പാവോ ന്റമ്മയെ അറിയാൻ മേലാത്തോണ്ടാ… ഇവിടെ കുറുക്ഷേത്രം ആക്കാത്തത് നമ്മുടെ ഭാഗ്യം “

ഏടത്തി ചിരിച്ചു… പക്ഷെ ആ ചിരിക്കിടയിലും എന്തോ മറക്കാൻ ശ്രമിക്കുന്ന പോലെ അവൾക്കു തോന്നി

” പ്രെഗ്നന്റ് അല്ലെന്നു പറഞ്ഞപ്പോ ഏടത്തിക്കും വിഷമായോ? “

” എന്താ അങ്ങനെ ചോദിച്ചേ? “

” തോന്നി “

” ആദ്യം വിഷമം തോന്നി.. പക്ഷെ ഇപ്പൊ ഇല്ല… ഒരു കണക്കിന് നന്നായി… എട്ടു മാസം പോലും അംശു നു കഴിഞ്ഞിട്ടില്ല. അതിനുള്ളിൽ അടുത്ത ആൾ കൂടി വന്നാൽ “

” എനിക്കും അതായിരുന്നു പേടി… “

” ആദ്യത്തെ രണ്ട് പ്രസവങ്ങൾ തമ്മിൽ അത്യാവശ്യം ഗ്യാപ്പുള്ളത് നല്ലതാ അച്ചു. അല്ലാതെ തോന്നിയപോലെ ഒക്കെ കാണിച്ചു വെച്ചിട്ടു വരദനം ഐശ്വര്യം എന്നൊന്നും പറയുന്നതിൽ അർത്ഥം ഇല്ല.

ഒരു കുഞ്ഞിനെ ജനിപ്പിച്ചാൽ അതിനു വേണ്ട സ്നേഹവും സംരക്ഷണവും കൊടുക്കാൻ കഴിയണം. അതിനു പൂർണ്ണമായും സാധിക്കതിടത്തോളം അങ്ങനൊരു സാഹസത്തിനു മുതിർന്നു വിധിയുടെ ബലിയാടകാൻ വിട്ടു കൊടുക്കാതിരിക്കുന്നതാണ് നല്ലത്.”

” ഒരു കുഞ്ഞു മതി പ്രസവം നിർത്താം എന്ന് ഞാൻ അവളോട് പറഞ്ഞു.. അവളൊന്നു റെഡി ആയാൽ നമുക്കതു ചെയ്യാം “

” എന്തെ അവൾ..? നിനക്കതു ചെയ്തൂടെ? “

” ഞാനോ!!! അതെങ്ങനെ ശരിയാവും??? “

” ഇതിനു മാത്രം ഞെട്ടാൻ നിന്നോടു സ്വയം സർജറി ചെയ്യാനല്ല പറഞ്ഞെ… ഡോക്ടർ പോയി കണ്ടാ മതി വേണ്ടതു അവരുടെ ചെയ്തോളും “

” അല്ല ഏടത്തി അത്.. അത് ചെയ്താൽ പിന്നെ ഭാവിയിൽ… “

” ഭാവിയിൽ? “

” അല്ല അത് “

” അതൊക്കെ അതിന്റെ രീതിക്കു നടന്നോളും… മുറിവൈദ്യൻ ആളെ കൊല്ലും എന്ന് കേട്ടിട്ടില്ലേ? അതുപോലെ നീ അല്പഞാനികൾ പറയുന്ന മണ്ടത്തരോം കേട്ടു നിക്കാതെ ഇവളേം വിളിചോണ്ട് ഡോക്ടർ പോയി കാണു. എന്നിട്ടു തീരുമാനിക്ക് കുഞ്ഞു ഇനി വേണോ, നിർത്തണോ ആരു നിർത്തണം എന്നൊക്കെ.. “

” മ്മ് “

” അല്ലാ അമ്മ എന്നാ തിരിച്ചു വന്നേ? “

അകത്തേക്ക് കയറി വരുന്ന അമ്മയെ കണ്ടു അതിശയത്തോടെ അച്ചു ചോദിച്ചു..

” ഹോ.. എന്നാ പറയാനാ.. ഉടുക്കത്തെ വെയില്.. എന്ന പിന്നെ ഇച്ചിരി മീൻ കറി കൂട്ടി ചോറുണ്ടച്ചും പോവാന്നു വെച്ചു ” ചിരി വന്നെങ്കിലും മൂവരും പിടിച്ചു നിന്നു…

” അതിനമമ ആണുങ്ങളു വെച്ച മീൻ കറി കൂട്ടുവോ? ” ആദി അമ്മയെ കളിയാക്കി

” കറി ആര് വെച്ചാലും രുചി നന്നായ മതിയെന്നല്ലേ നാട്ടു നടപ്പ്.. മാറി നിക്കങ്ങട് ” ആദിയെ തള്ളി മാറ്റി അമ്മ അടുക്കളയിലേക്കു നടന്നു.

” ചില കാര്യങ്ങൾ പെട്ടന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.. മാറ്റങ്ങൾ എതിർക്കപ്പെടും.. പക്ഷെ ചിന്തിച്ചാൽ ഉറപ്പായും അംഗീകരിക്കപ്പെടും ” ആദി മനസ്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *