പഴയ കാമുകി രണ്ട് ദിവസം വന്നു താമസിക്കെ എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ലാട്ടോ..

മറുപാതി
(രചന: Atharv Kannan)

” പഴയ കാമുകി രണ്ട് ദിവസം വന്നു താമസിക്കെ എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ലാട്ടോ കാതു ” ബെഡ്ഷീറ്റ് മടക്കി കൊണ്ടിരുന്ന കാർത്തിക അതുകേട്ടു സൽമയേ നോക്കി ചിരിച്ചു..

” അതിനിപ്പോ എന്നാ…? കണ്ണേട്ടന്റെ കൂടെ ഒന്നും അല്ലാലോ കിടന്നേ… ഞാൻ ഉള്ളപ്പോ അല്ലേ.. അവർക്കു വരണം എന്ന് പറഞ്ഞു വരാൻ പറഞ്ഞോട്ടെന്ന് കണ്ണേട്ടൻ ചോദിച്ചു.. എനിക്കതിൽ വലിയ അത്ഭുദം ഒന്നും തോന്നിയില്ല! “

” നിനക്കതു പറയാം… നമ്മള് പെണ്ണുങ്ങളാ ഇതുപോലെ പറയണേ എങ്കിലോ? അവരു ആണുങ്ങൾ സമ്മതിച്ചു തരും എന്ന് തോന്നുണ്ടോ നിനക്ക്? ഉണ്ട സമ്മതിക്കും”

” അത് നിനക്ക് കണ്ണേട്ടനെ അറിയാത്തൊണ്ടാണ് സൽമ… പിന്നെ ബന്ധങ്ങൾ പണ്ടായിരുന്നില്ലേ? ഇപ്പോ അല്ലാലോ? ഇപ്പൊ ജസ്റ്റ്‌ ഫ്രണ്ട്സല്ലേ.. പഴയതെല്ലാം മറന്നു അങ്ങനെ തന്നെ ഇരിക്കാൻ പറ്റുക തന്നെ ഒരു ഭാഗ്യം അല്ലേ? “

” പിന്നെ ഭാഗ്യം അല്ല എനിക്ക് മനസ്സിലാവാത്തെ എന്നാന്നു വെച്ചാ, അവളിവിടെ വന്നിട്ടും അവർ ഒരുമിച്ചു കറങ്ങാൻ പോയിട്ടും നിനക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല? “

കാതു കട്ടിലിൽ ഇരുന്നു ” എന്തിനു? “

” കാതു നീ വിചാരിക്കുന്ന പോലല്ല ആണുങ്ങൾ.. ഇതൊക്കെ അവരുടെ ഒരുതരം നമ്പർ ആണ്.. നിന്നെ പറഞ്ഞു മയക്കി നിന്നിൽ വിശ്വാസം ഉണ്ടാക്കി ആ വിശ്വാസം മുതലെടുക്കാനുള്ള നമ്പർ”

“ഹാ.. എന്നിട്ടു എന്തിനു..അത് തന്നല്ല, ഇപ്പൊ ഏട്ടന് അങ്ങനൊരു കള്ളത്തരം കാണിക്കണം എന്ന് മനസ്സിൽ ഉണ്ടങ്കിൽ അത് തടയാൻ എനിക്ക് പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ഏട്ടന്റെ പ്രൊഫഷൻ വെച്ചു എപ്പോ വീട്ടിൽ വരും പോവും എന്ന് ഏട്ടന് തന്നെ അറിയില്ല..

എവിടേലും വീടോ മുറിയോ എടുത്തു അവരു ഒരുമിച്ചു എത്ര ദിവസം തങ്ങിയാലും ഞാൻ അറിയാൻ പോലും പോവുന്നില്ല… പക്ഷെ അങ്ങനൊരു തോന്നൽ ഉണ്ടാവാതിരിക്കാൻ ഞാനും എനിക്കുണ്ടാവാതിരിക്കാൻ ഏട്ടനും വേണ്ടത് ചെയ്യുന്നുണ്ട് “

“ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ല, സ്നേഹം ഉണ്ട്, ബഹുമാനം ഉണ്ട്, ഇരുവരുടെയും ഇഷ്ടങ്ങൾക്കു ഒരു പോലെ വിലയുണ്ട്… “

” ഓഹോ ഇല്ലാത്തതു വല്ലോം ഉണ്ടോ? “

” ആം രണ്ട് പേർക്കും ഒരു നാണോം ഇല്ല “

” ഒ.. ഒരു തമാശ… “

” എന്നതാടി…. നിനക്ക് ഒട്ടും ദഹിക്കുന്നില്ലന്ന് തോന്നുന്നു “

” ഇക്ക ഇതുപോലൊന്നും അല്ല… ഉള്ളാ എല്ലാ പെൺപിള്ളേരേം വായി നോക്കും.. എന്നെ ആരേലും ഒന്ന് നോക്കിയാ മതി.. പിന്നെ കിടന്നുറങ്ങേണ്ട അന്ന്.. “

” ഇവിടങ്ങാനുള്ള കുഴപ്പങ്ങൾ ഒന്നും ഇല്ല.. എല്ലാത്തിലും ഉപരി ആരും ആരെയും പിടിച്ചു വെക്കുന്നില്ല… മനസ്സിൽ തോന്നുന്നത് പറയാം… ആരോടെങ്കിലും ചിരിച്ചു മിണ്ടിയാൽ ഉടനെ അവൾ അവനു മുന്നിൽ കാലകത്തി കൊടുക്കും എന്ന് വിചാരിക്കുന്ന ഭർത്താവിന്റെ പ്രണയത്തിനു എന്താ അർത്ഥം ഉള്ളത്? “

” അതും ശരിയാ “

” കണ്ണേട്ടൻ ഒരിക്കലും നിന്നെ സംശയിച്ചിട്ടില്ല “

” ഇല്ലെന്നു വേണം കരുതാൻ… എന്റെ ലൈഫിൽ ഞാൻ ഏട്ടനോട് പറയാത്തതായി ഒന്നും ഇല്ല…ഏതൊരു പെണ്ണിനും അവളെ ഫ്രഷ് ആയി തന്റെ പുരുഷന് കൊടുക്കാനാവും ആഗ്രഹം..

ഇനി അല്ലെങ്കിൽ തന്നെ അവൾ അതെ പറയാൻ ശ്രമിക്കു.. കാരണം ഒരുപാട് ബന്ധപ്പെട്ട കഥകൾ പറയുന്ന പുരുഷൻ വീരനും, അതെ കഥകൾ പറയുന്ന സ്ത്രീ വേശ്യയും ആവുന്ന സമൂഹം ആണല്ലോ നമ്മുടെ “

” വല്യ പരിഷ്കാരം ഒന്നും വേണ്ട.. അവന്മാര്ക്കു ഉളുപ്പില്ലാതെ പറയാം എങ്കിൽ നമുക്കും ഉറക്കെ പറഞ്ഞൂടെ.. വെടി “

” ആ വെടി എങ്കിൽ വെടി… അങ്ങനെ ഒരേ കാര്യം ചെയ്യുന്ന രണ്ട് മനുഷ്യരിൽ ഒരു കൂട്ടം നല്ലതും ഒരു കൂട്ടം ചീത്തയും ആവുന്ന സമൂഹം.. എന്തോ ഏട്ടൻ അങ്ങനല്ലെന്നു തോന്നി ഞാൻ പറഞ്ഞു..

അതായിരുന്നു എന്റെ പാസ്റ്റിനെ കുറിച്ചുള്ള അവസാന സംസാരം. പിന്നീട് ഇന്നുവരെ എന്റെ ഭൂതകാലം ഞങ്ങൾക്കിടയിൽ കയറി വന്നിട്ടില്ല “

” എന്നാലും ആണുങ്ങൾ അവർ കാണിക്കുന്ന പോലെ “

” ഹാ.. എന്തിനാ സൽമ അവർ കാണിക്കുന്ന പോലെ നമ്മളും കാണിക്കണം എന്ന് വാശി പിടിക്കുന്നെ.. നമുക്ക് നമ്മൾ ഇഷ്ടപെടുന്ന കാര്യങ്ങൾ ചെയ്യാനും നമ്മുടെ ജീവിതത്തിൽ സ്വതന്ത്രമായി തീരുമാനം എടുക്കാനും കഴിഞ്ഞാൽ പോരെ.. അല്ലാതെ ആണുങ്ങൾ ചെയ്യുന്ന ചെയ്തിട്ടു നമുക്കെന്തു കിട്ടാനാണ്.. “

” ഇപ്പൊ ഹഫ്‌സൽ നിന്നെ കാണാൻ വരുവാണ് വീട്ടിലേക്കു എന്ന് പറഞ്ഞാൽ കണ്ണേട്ടൻ സമ്മതിക്കുവോ? “

കാതു നിശ്ശബ്ദയായി…

” കണ്ടോ… നിനക്ക് ഉത്തരം ഇല്ല.. ഏട്ടൻ എന്നല്ല ഈ ലോകത്തു ഒരാണും അത് സമ്മതിക്കത്തില്ല “

പറഞ്ഞു തീർന്നതും കണ്ണൻ കയറി വന്നു. കണ്ണന്റെ മുഖം വല്ലാതിരിക്കുന്നത് ഇരുവരും ശ്രദ്ധിച്ചു.

” എന്താ ഏട്ടാ? മുഖം എന്താ വല്ലാതിരിക്കുന്നെ? “

” അവിടുത്തെ അച്ഛൻ വിളിച്ചിട്ടുണ്ടായിരുന്നു.. മുത്തശ്ശിക്ക് കൂടുതൽ ആണ്.. നിന്നെ കാണണം എന്ന് പറയുന്നുണ്ടായിരുന്നു… “

” ഞാനും വരണോ? ” സൽമ ചോദിച്ചു

” വേണ്ട.. കുഴപ്പില്ല..” കാതു അകത്തേക്ക് പോയി…

ഇരുവരും ഒന്നും മിണ്ടാതെ കാറിൽ ഇരുന്നു

” മുത്തശ്ശിക്ക് പ്രായമായില്ലേ കാതു.. ഇനി ഇങ്ങനെ കിടക്കുന്നതിനേക്കാൾ നല്ലത് “

അവൻ കൈ അവളുടെ കൈക്കു മേലെ വെച്ചു.. അവൾ തലയാട്ടി….

” എന്താ നിനക്കൊരു മൗനം? “

” ഏയ്‌… നെഞ്ചിൽ ഒരു ഭാരം വെച്ച പോലെ കണ്ണേട്ടാ… “

” ഹോസ്പിറ്റലിൽ പോണോ? “

” വേണ്ട ഇടക്കൊക്കെ എനിക്കിങ്ങനെ തോന്നാറുണ്ട്.. എനിക്കീ തോളിൽ കിടന്നാൽ മതി “

അവൾ കണ്ണന്റെ തോളിലേക്ക് ചാഞ്ഞു…

വണ്ടി വീട്ടിലേക്കു പോകുന്ന വഴി തിരിയാതെ മുന്നോട്ടു തന്നെ പോവുന്ന കണ്ടു അവൾ ചാടി എണീറ്റു

” നമ്മൾ എങ്ങിടാ കണ്ണേട്ടാ? ” അവൾ സംശയത്തോടെ ചോദിച്ചു…. കണ്ണൻ വണ്ടി നിർത്തി…

” എന്റെ എല്ലാം ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ട്… അന്നും എന്നും ഞാൻ ചോദിച്ചപ്പോളും നിന്റെ പ്രണയത്തെ കുറിച്ചോ നഷ്ടങ്ങളെ കുറിച്ചോ ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞിട്ടില്ല… ” അവളുടെ മുഖം വല്ലാതായി..

” എന്നും എന്റെ ഇഷ്ടങ്ങൾക്കു നീ പ്രാധാന്യം നൽകി… അതുകൊണ്ടായിരിക്കും ഹഫ്‌സൽനെ പരിചയപ്പെടാനും എല്ലാം അറിയാനും കാരണം ആയതു ” കാതു വിയർക്കാൻ തുടങ്ങി…

” പക്ഷെ ഇനി പറയാൻ പോവുന്ന കാര്യം നീ ക്ഷമയോടെ കേക്കണം… ” അവളുടെ മുഖത്ത് ഭയം നിഴലിച്ചു

” ഹഫ്‌സൽ ഇനി ഇല്ല… ആക്‌സിഡന്റ് ആയിരുന്നു… അവരുടെ രീതി അനുസരിച്ചു അധിക നേരം ബോഡി വെച്ചു കൊണ്ടിരിക്കില്ല.. എനിക്കറിയാം ഉള്ളിൽ നിനക്ക് വിഷമം ഉണ്ടാവും എന്ന്.

ജീവിതത്തിൽ ആദ്യമായി പ്രണയിച്ച ആളെ ഈ ലോകത്തു ഒരാൾക്കും മറക്കാൻ പറ്റില്ല.. ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു ഭാരമായി അത് എന്നും ഉണ്ടാവും..

കരയാൻ നിനക്ക് ഇനിയും സമയം ഉണ്ട്.. എത്ര വേണേലും കരയാം.. എന്റെ തോളിലോ മടിയിലോ കിടന്നു കരയാം.. കരഞ്ഞു തീർക്കും വരെ ഞാൻ കാത്തിരിക്കാം..

പക്ഷെ ആ മുഖം ഇനി ഒരിക്കൽ കൂടി കാണാൻ കഴിയില്ല.. സർവ്വ ശക്തിയും സംഭരിച്ചു ആൾക്കൂട്ടത്തിൽ ഒരാളായി ചെന്നു നിന്നു അവസാനമായി അവനെ ഒന്ന് കാണു… നെഞ്ചിലെ ഭാരം എല്ലാം അവിടെ അവസാനിക്കണം..തളർന്നു പോയാൽ നിന്നെ താങ്ങാൻ കൂടെ ഞാൻ ഉണ്ടാവും.. “

മഴ ആർത്തു പെയ്യാൻ തുടങ്ങി… മഴയിൽ മുങ്ങിയ കണ്ണീരിൽ കണ്ണന്റെ കൈകളും പിടിച്ചു നിന്നു അവൾ അവസാനമായി ആ മുഖത്തേക്ക് ഒന്ന് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *