അവളെ എന്നല്ല ഒരു പെണ്ണിനേയും ഉള്ളുകൊണ്ട് സ്നേഹിക്കാൻ എനിക്ക് കഴിയില്ല, അവന്റെ..

സൃഷ്ടി
(രചന: Atharv Kannan)

” എനിക്കവളെ കെട്ടാൻ പറ്റില്ലേടത്തി. ഞാൻ ഒരു ഗേ ആണ്.. അവളെ എന്നല്ല ഒരു പെണ്ണിനേയും ഉള്ളുകൊണ്ട് സ്നേഹിക്കാൻ എനിക്ക് കഴിയില്ല. “

അവന്റെ വാക്കുകൾ വൈഗയെ മാത്രമല്ല ഹാളിൽ ഉണ്ടായിരുന്ന അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കാതുകളെയും തുളച്ചു കയറുന്നതായിരുന്നു…

ഒരു വിങ്ങലോടെ അമ്മ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു… തന്റെ വയ്യാത്ത കയ്യിൽ പുരട്ടി ഉണങ്ങാപ്പെട്ട ആയുർവേദ ലേപത്തിൽ കാരിരുമ്പിന്റെ കരുത്തുള്ള മറു കൈകൊണ്ടു അച്ഛൻ പിടിച്ചു അമർത്തി കോപം നിയന്ത്രിച്ചു.. ഭയമാർന്ന കണ്ണുകളോടെ ചേട്ടൻ വിജയ് ഭാര്യ വൈഗയിൽ നോട്ടമെറിഞ്ഞു…

” എനിക്കറിയാം ഏറ്റവും കൂടുതൽ വേദനിക്കാൻ പോവുന്നത് ഏടത്തി ആണെന്ന്… പക്ഷെ ഏടത്തിയുടെ അനിയത്തിയെ എല്ലാം മറച്ചു വെച്ചു ഞാൻ കെട്ടുന്നതിലും വലുതല്ല ഇപ്പോ ഉണ്ടാവുന്ന വിഷമം…

അവളെ ഒരിക്കലും ഒരു രീതിയിലും സംതൃപ്തി പെടുത്താൻ എനിക്ക് കഴിയില്ലെടത്തി.. കുഞ്ഞു നാൾ മുതൽ നിങ്ങടെ ഓക്കെ മുന്നിൽ പൌരുഷം അഭിനയിച്ചു അഭിനയിച്ചു ഇപ്പോ തന്നെ എനിക്ക് എന്നോട് വെറുപ്പായി തുടങ്ങി “

” മതി നിർത്തിക്കോ നീ ” അമ്മ അലറി…. മൂവരും ഞെട്ടലോടെ അമ്മയെ നോക്കി

” മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ കോമാളി ആക്കാൻ ആണ് നിന്റെ ശ്രമം എങ്കിൽ വേണ്ട അജയ്… ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അത് നടക്കില്ല “

” അമ്മേ ഞാൻ.. “

” വിളിക്കരുതന്നെ അങ്ങനെ… ” അമ്മ രോഷം കൊണ്ടു ആളി കത്താൻ തുടങ്ങി… ” ഞാനൊരു ടീച്ചറാ… എത്ര കുട്ടികളെ ഞാൻ പഠിപ്പിച്ചു.. ഇനിയും എത്ര പേരെ പഠിപ്പിക്കാൻ കിടക്കുന്നു.. ആ എന്റെ മോൻ ഒരു ഛെ എനിക്കാ വാക്ക് പറയാൻ തന്നെ നാണമാവുന്നു “

അജയുടെ കണ്ണുകൾ നിറഞ്ഞു… വൈഗ സമനില വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു….

“അമ്മേ.. എനിക്ക് ഒരാണിന്റെ കൂടെ ജീവിക്കണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ… എനിക്കൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ലെന്നല്ലേ ഞാൻ പറഞ്ഞുള്ളു…”

” ഇതെങ്ങാനും പുറത്തറിഞ്ഞ നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങിനെ നോക്കും… അല്ലേൽ തന്നെ നിന്റെ മോനിപ്പോ രാജകുമാരിയെ കിട്ടും എന്ന് പറഞ്ഞു നടക്കുന്നവരാ ഇവിടെ ഉള്ളവർ മുഴുവനും”

” അമ്മാ, മറ്റുള്ളവർ എന്ത് പറയും എന്നുള്ളതല്ല പ്രശ്നം… ഇവിന്റെ ജീവിതം ആണ് നമ്മുടെ പ്രശ്നം ” വൈഗ ഇടക്ക് കയറി

” സപ്പോർട്ട് ചെയ്യടി.. നീ സപ്പോർട് ചെയ്യ്.. എന്ന് നീ ഈ കുടുംബത്തിൽ വന്നു കയറിയോ അന്ന് മുതലാ ഇവൻ ഇങ്ങനായത്.. ഇപ്പൊ അവനു അമ്മയേക്കാൾ സ്നേഹം നിന്നോടാണല്ലോ… സ്വന്തം മോൻ മറ്റൊരു ആണിനെ വിളിച്ചോണ്ട് വന്ന നീ വിളക്കും കൊടുത്തു സ്വീകരിക്കുവോ? ആട്ടി ഓടിക്കില്ലേ? “

” അമ്മേ, ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കു… ഇത് ഇവനെ മാത്രം ബാധിക്കുന്ന കാര്യം അല്ല… ഇത് പുറത്തറിഞ്ഞാൽ എന്താവും എന്ന് പേടിച്ചു എല്ലാം മറച്ചു വെച്ചു കല്ല്യാണം കഴിച്ചു ജീവിതം തകർക്ക പെട്ടു പോയ ഒരുപാട് പെൺകുട്ടികൾ ഉണ്ട്…

പൗരഷത്തിന്റെ മുഖം മൂടി അണിഞ്ഞു കൂടെ ഉള്ളവളെ സംതൃപ്തി പെടുത്താനാവാതെ നീറി ജീവിക്കുന്നവരും ഒരുപാടുണ്ട്.. പക്ഷെ ഇപ്പൊ കാലം മാറി.. ഇപ്പൊ ഇവിടെ നിയമം ഉണ്ടല്ലോ.. “

” മോളേ നീ എന്നാ ഒക്കയാ ഈ പറയുന്നെ? ഏഹ്? ഇതൊക്കെ അനുവദിച്ചു കൊടുക്കണം എന്നാണോ? നാളെ വളർന്നു വരുന്ന ആൺകുട്ടികളെ ഇവന്മാർ വഴിയിൽ തെറ്റിക്കില്ലേ? ” അച്ഛൻ കസേരയിൽ നിന്നും എഴുന്നേറ്റു

” അപ്പൊ ഞങ്ങൾ പെൺകുട്ടികളോ അച്ഛാ? ഒരു ഗേ ഒരു ആൺകുട്ടിയെയോ ഒരു ലെസ്സ്ബിയൻ ഒരു പെൺകുട്ടിയെയോ പ്രൊപ്പോസ് ചെയ്താൽ നോ പറയാൻ ഉള്ള അവകാശം അവർക്കുണ്ടല്ലോ…

ആ നോ പറയാൻ പഠിപ്പിക്കാതെ വേട്ടയാടാ പെടാൻ സാധ്യത ഉള്ളവരെ ഒളിപ്പിച്ചു കൊണ്ടു നടക്കുന്നതല്ലേ സമൂഹം ചെയ്യുന്ന തെറ്റ്.. ലൈംഗീകതയെ പറ്റി സ്കൂളുകളിലെ പഠിച്ചു വളർന്നാൽ കുട്ടികൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവുണ്ടാവില്ലേ..

ആരാലും വാശികരിക്ക പെടാതെ ഇരിക്കില്ലേ? അതിനു പകരം ഇന്ന് പെൺകുട്ടികളെ കെട്ടി പൂട്ടി വളർത്തുന്ന പോലെ ചെയ്യുകയാണോ വേണ്ടത്? അക്രമം അവസാനിപ്പിക്കാൻ ഇരയെ എത്ര നാൾ ഒളിപ്പിച്ചു വെക്കാൻ കഴിയും? പകരം വേട്ടക്കാരനെ ബോധവത്കരിച്ച മാറ്റം വരില്ലേ? “

” നിന്നോടു തർക്കിച്ചു ജയിക്കാൻ ഞാനില്ല മോളേ.. പെട്ടന്നൊരു ദിവസം വന്നു ഞാനൊരു സ്വർഗ്ഗനുരാഗി ആണെന്നു പറഞ്ഞാൽ അംഗീകരിക്കാൻ ഉള്ള മനസ്സൊന്നും ഞങ്ങൾക്കില്ല.. ചിലപ്പോ ഞങ്ങൾ ജനിച്ചു വളർന്ന ചുറ്റുപാടുകൾ അതായതു കൊണ്ടാവാം… അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് ” അച്ഛൻ മുഖത്തടിച്ച പോലെ പറഞ്ഞു…

” വേണ്ട… നമ്മൾ അവനെ ഫ്രീ ആയി വിട്ടൂടെ.. അവൻ എവിടേലും പോയി അവന്റെ ഇഷ്ടം പോലെ ജീവിക്കട്ടെ ” അജയുടെ കണ്ണുകൾ നിറഞ്ഞു

” വൈഗ, നമുക്കിവനെ ഒരു കൗൺസിലിംഗിന് കൊണ്ടു പോയാലോ.. കുറച്ചു നാൾ വേണേൽ ഹോസ്പിറ്റൽ നിർത്താം ” വൈഗ വിജയിയെ ഒന്ന് നോക്കി..

” എന്തിനു വിജയ്? ഇതസുഖം ഒന്നും അല്ല! വിചിത്ര ജീവിയെ പോലെ കാണാൻ… എല്ലാവരും ഒരുപോലെ ആയിരിക്കണം എന്നില്ല.. ചിലരിൽ ജന്മനാ ചില വ്യത്യാസങ്ങൾ ഉണ്ടാവും.. അതിനു അവർ എന്ത് പിഴച്ചു?… അവർക്കും ജീവിക്കാൻ അവകാശം ഇല്ലേ? “

വിജയ് ഒന്നും മിണ്ടിയില്ല…

” അവൻ മറ്റൊരാണിനു കൂടെ ഇവിടെ ജീവിച്ചാൽ അല്ലേ നിങ്ങള്ക്ക് പ്രശ്നം ഉള്ളൂ.. അവൻ പൊയ്ക്കോളും.. കല്ല്യാണം നടക്കാത്തതിന് ഞാൻ മറ്റെന്തെങ്കിലും കാരണം പറഞ്ഞോളാം.. അവനെ അവന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കണം..എവിടേലും പോയി ജീവിക്കട്ടെ “

” വൈഗ, ഇത്രയും നാൾ അവനെ വളർത്തി വലുതാക്കിയ ഞങ്ങൾക്ക് അവന്റെ കാര്യത്തിൽ ഒരു അധികാരവും ഇല്ലേ മോളേ? ” നിറ കണ്ണുകളോടെ അച്ഛൻ ചോദിച്ചു

” അച്ഛാ, വളർത്തി വലുതാക്കണ്ടത് ഓരോ മാതാ പിതാക്കളുടെയും കടമയാണ്… നിങ്ങടെ കാലം കഴിഞ്ഞാലും അവൻ ജീവിക്കണം…അതുകൊണ്ട് അവന്റെ ഇഷ്ടത്തിന് അവനെ വിട്..പ്ലീസ്.. മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി സമാധാനമായി ജീവിക്കാൻ ഈ ലോകത്തു ആർക്കും പറ്റില്ല… “

അല്പ നേരത്തെ മൗനത്തിനു ശേഷം അയ്യാൾ തലയാട്ടി…

രാത്രി. മുറി.

” നിങ്ങൾ ഉറങ്ങിയില്ലേ? ” വൈഗ തിരിഞ്ഞു കിടന്ന വിജയോട് ചോദിച്ചു

” ഇല്ല… “

” അജയുടെ കാര്യം ഓർത്താണോ? “

” അതെ… ” അവൻ അവൾക്കു നേരെ തിരിഞ്ഞു…” ഇതൊക്കെ ഒരു സ്വഭാവ വൈകല്യം അല്ലേ? “

” എന്റേട്ടാ.. അങ്ങനെ ആരാ പറഞ്ഞെ..??? അങ്ങനെ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു… പക്ഷെ വസ്തുതകൾക്ക് നേരെ കണ്ണടക്കാൻ എത്ര നാൾ നമുക്ക് കഴിയും…

ട്രാൻസ്‌ജേൻഡേഴ്സിനെയും സ്വർഗ്ഗനുരാഗികളെയും സപ്പോർട് ചെയ്തു സോഷ്യൽ മീഡിയകളിൽ എഴുത്തുകൾ ഇടുന്നവർക്കടക്കാം സ്വന്തം വീട്ടിൽ അങ്ങനൊരാൾ ഉണ്ടാവുമ്പോൾ മാത്രം അംഗരകരിക്കാൻ എന്താ ബുദ്ധിമുട്ട്? “

” ശരിയാണ്…. പക്ഷെ “

“ഈ പക്ഷെ ആണ് കുഴപ്പം…. അവരെ അംഗീകരിച്ചാലും ഇല്ലേലും രഹസ്യമായി അവരത് മുന്നോട്ടു കൊണ്ടുപോവും.. അതിനേക്കാൾ എത്രയോ നല്ലതാണ് അവരെ അംഗീകരിച്ചു അവർക്കവകാശപ്പെട്ട സ്വാതന്ത്ര്യത്തിൽ കയ്യിടാതെ മാറി നിക്കുന്നത്..”

” പക്ഷെ നാളെ അവർ വളർന്നു വരുന്ന കുട്ടികളെ ഇൻഫ്ലുൻസ് ചെയ്താലോ? “

” ആൺകുട്ടികൾ നേരിട്ടിട്ടുള്ള ലൈംഗീകതിക്രമത്തെക്കാൾ വരില്ല എന്തായാലും… എപ്പോഴും കാണാലോ പീഡിപ്പിച്ച ആൺകുട്ടികളുടെ കഥകൾ…

ലൈംഗീക അതിക്രമങ്ങൾ ചെയ്യാതിരിക്കാൻ ഉള്ള മനോഭാവം മുതിർന്നവരിലും, മുതിർന്നവർ തങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നു മനസ്സിലാക്കാൻ ഉള്ള ബോധം കുട്ടികളിലും ഉണ്ടാക്കി എടുത്താൽ അല്ലേ അതിനെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ പറ്റുകയുള്ളൂ?…

അതില്ലാത്തതല്ലേ യഥാർത്ഥ പ്രശ്നം? പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും മിസ് യൂസ് ചെയ്യപ്പെടുന്നുണ്ട്.. പെൺകുട്ടികളുടേത്‌ അപേക്ഷിച്ചു അത്രയധികം പുറത്ത് വരുന്നില്ലെന്ന് മാത്രം.. “

വിജയ് എന്തോ ആലോചനയിൽ മുഴകി..

” അവനെ അവന്റെ വഴിക്കു വിടാം അല്ലേ..? “

“അല്ലാതെ എത്ര നാൾ നിങ്ങളിങ്ങനെ ദുരഭിമാനം കെട്ടിപ്പിടിച്ചോണ്ട് ഇരിക്കും? നമ്മൾ പണിയെടുത്തു പൈസ ഉണ്ടാക്കിയാലേ നമുക്കൊരു ജീവിതം ഉള്ളൂ.. അല്ലാതെ ആരും ഒന്നും കൊണ്ടു തരത്തില്ല.. പിന്നെ മറ്റുള്ളവരെ എന്തിനു നോക്കണം? “

” പെട്ടന്ന് അസ്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.. എന്തായാലും മാറ്റം വരുമായിരിക്കും.. അവനെ അവന്റെ വഴിക്കു വിടാം.. ജീവിക്കട്ടെ “

വൈഗയുടെ മനസ്സ് ശാന്തമായി..

പെട്ടന്നാണ് അമ്മയുടെ നിലവിളി ഉയർന്നത്…

ഞെട്ടലോടെ ഓടി എത്തിയ ഇരുവരും ആ കാഴ്ച്ച കണ്ടു…. ഫാനിൽ തൂങ്ങിയാടുന്ന അജയ്…. ഒന്നും മിണ്ടാനാവാതെ അച്ഛൻ കസേരയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു… സ്വയം ശപിച്ചുകൊണ്ട് അമ്മ നിലവിളി തുടർന്നു.

അജയിയെ സൂക്ഷിച്ചു നോക്കിയ ശേഷം വൈഗ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി… നെഞ്ചിൽ ഒരു ഭാരം എടുത്തു വെച്ചപോലെ അവൾക്കു തോന്നി… ഒന്നും മിണ്ടാത വിജയ് നിലത്തിരുന്നു..

” അവനോടു പൊക്കോളാൻ പറഞ്ഞതല്ലേ മോളേ… പിന്നെന്തിനാ നമ്മളോടവനിങ്ങനെ ചെയ്തേ..” കസേരയിൽ ഇരുന്നു കൊണ്ടു അച്ഛൻ വിഷമം പറഞ്ഞു…

അവൾ അച്ഛന് അരികിലേക്ക് വന്നു… ആശ്വാസനം പോലെ അദ്ദേഹത്തിന്റെ തോളിൽ കൈ വെച്ചു… ” അവന്റെ നഖങ്ങൾക്കിടയിൽ അച്ചന്റെ കയ്യിലെ മരുന്നിപ്പോഴും ഉണ്ട്… മക്കളുടെ ജീവനേക്കാൾ വലുതാണോ അച്ഛാ ദുരഭിമാനം? ” നിറ കണ്ണുകളോടെ അവൾ മുറിയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *