എന്നാലും ന്റെ പാറു ഇങ്ങനെ ഉണ്ടോ ഒരു മടി, കുടിക്കാനുള്ള വെള്ളം പോലും ഞാൻ..

ഒരു പപ്പായ കഥ
(രചന: Aparna Aravind)

എന്നാലും ന്റെ പാറു ഇങ്ങനെ ഉണ്ടോ ഒരു മടി.. കുടിക്കാനുള്ള വെള്ളം പോലും ഞാൻ കൊണ്ട് തരണംന്ന് വെച്ചാൽ…
മാലിനി എന്തൊക്കയോ പുലമ്പിക്കൊണ്ടിരുന്നു..

രണ്ടാമത്തെ മകളാണ് പാറു. അല്ല പാർവ്വതി.. വലിയ പഠിപ്പി ഒക്കെയാണ്. മാലിനിയുടെ കഷ്ടപ്പാട് മുഴുവൻ ഇനി അവളെ ഒരു കരയ്‌ക്കെത്തിക്കാനാണ്.. അവളിൽ ഏറെ പ്രതീക്ഷ ഉണ്ടെന്നൊന്നും പറയാൻ കഴിയില്ല..

പെൺകുട്ടികളെ അല്ലെങ്കിലും വളർത്തി ഒരു നിലയിലാക്കുക എന്നല്ലാതെ കുടുംബം പുലർത്താനൊന്നും അവരെ കിട്ടില്ലല്ലോ.. പാറൂന്റെ മൂത്തതും ഒരു പെൺകുട്ടി ആയിരുന്നു ..

അശ്വതി. അച്ചു ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചറാണ്. കല്യാണം കഴിഞ്ഞശേഷം വീട്ടിൽ വരാൻ പോലും സമയമില്ലാതായി അവൾക്. സ്കൂളും വീടും കൂടെ ഓട്ടം തന്നെയാണ് പാവത്തിന്..

ഇടയ്ക്ക് മുഖം കാണിക്കാൻ ഓടിയെത്തും. പാറു ന് നാല് വയസുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ അവരുടെ അച്ഛൻ മരിച്ചതാണ് മാലിനിക്ക് ആദ്യം ഏറ്റ പ്രഹരം.

വീട്ടുജോലി ചെയ്തും ടൈലറിംഗ് നടത്തിയുമാണ് മക്കളെ പഠിപ്പിച്ചതും അച്ചുനെ കെട്ടിച്ചുവിട്ടതും. ഇനി പാറൂന്റെ കാര്യം കൂടെ ഒരു കരയ്ക്കായാൽ…

അതാണ് ഇനിയുള്ള പ്രാർത്ഥന.
ഡിഗ്രി പരീക്ഷയും കഴിഞ്ഞ് ഒന്ന് റസ്റ്റ്‌ എടുക്കുകയാണ് പാറു. നാട്ടിൽ കുട്ടികൾക്ക് ചെറിയ ട്യൂഷൻ ഒക്കെ എടുക്കുന്നുണ്ട്

പാറൂട്ടാ..

എന്താ അമ്മേ..

തൊടിയിൽ പപ്പായമരത്തിന്റെ ഉച്ചിയിൽ നോക്കി നിൽക്കുകയാണ് മാലിനി.

ന്റെ പാറൂട്ടാ.. അത് കണ്ടോ.. ആറ്റുനോറ്റ് ഒരു തൈ വാങ്ങി നട്ടതായിരുന്നു.. ആ ശ്യാമേച്ചിടെ കൈയും കാലും പിടിച്ചാ ഒരു തൈ അവള് തന്നത് തന്നെ..

എന്നിട്ടിപ്പോ ഒരൊറ്റ പപ്പായ പോലും മ്മൾക്ക് കിട്ടാനില്ല.. എല്ലാം അണ്ണനും കിളികളും കൊത്തിതിന്നാ..

അതിനെന്താ അമ്മേ.. പഴുക്കാതെ ഒരെണ്ണം അങ്ങ് പറിച്ചൂടേ.. പഴുത്തത് കൊണ്ടല്ലേ അതൊക്കെ കിളി തിന്നു പോകുന്നെ..

പിന്നെ ന്റെ മാലിനി കൊച്ചേ.. ഈ ഭൂമി നമ്മള് മനുഷ്യന്മാർക്ക് മാത്രല്ല, കിളികൾക്കും അണ്ണനും ഒക്കെ തിന്നാൻ സാധനം വേണ്ടേ.. അതോണ്ട് ബോട്ടണി സ്റ്റുഡന്റ് ആയ ന്നോട് ഇനി മേലാൽ കിളി തിന്നെന്ന് പരാതി പറയരുത്.

ഇല്ല കിളി തിന്നെന്ന് പറയില്ല.. ഇനി മോള് ചോറിന് ഒന്നും കറി വെച്ചില്ല എന്ന് ന്നോടും പറയണ്ട.. കറി വെയ്ക്കാൻ ഒന്നും ഇല്ലാത്തോണ്ടാ ഞാൻ ഈ പപ്പായ മരവും നോക്കി നിക്കണേ..

ഓഹോ.. ഇതൊക്കെ നിസാരം.. അമ്മയ്ക്ക് പപ്പായ വേണം അത്രയല്ലേ ഉള്ളു..

ആ അത്രയേ ഉള്ളു..

അമ്മയ്ക്ക് ന്യൂട്ടനെ അറിയാമോ.. ഐസക് ന്യൂട്ടൺ

എന്തോന്ന്.. പപ്പായ പറിക്കാൻ എന്തിനാടി ഐസ് ഒക്കെ… മാലിനി പാറുനെ വല്ലാത്തൊന്നു നോക്കി..

ഹോ ന്റെ മാലിനി തമ്പുരാട്ടി
ഭൂഗുരുത്വാകർഷണം എന്ന് കേട്ടിട്ടുണ്ടോ.. അങ്ങനെ ഒരു സംഭവം ഉണ്ട് അതായത് ഒരു സാധനം മേലെന്ന് താഴോട്ട് വീണാൽ അത് നേരെ ഭൂമിയിൽ എത്തും .

അതായത് ഉത്തമാ ഈ പപ്പായ ഞാൻ തള്ളിയിട്ടാൽ ഇത് നമ്മളുടെ പറമ്പിൽ അതായത് ഇതിന്റെ ചുവട്ടിൽ വീഴും…

അതാണ് അതിന്റെ ഒരു ഇത്.. വല്ലതും മനസ്സിലായോ? അതുകൊണ്ട് ഒന്നും പേടിക്കണ്ട.. ന്റെ അമ്മക്കുട്ടിക്ക് ഈ പപ്പായ ഞാൻ തള്ളിയിട്ടുതരും.. എന്താ പോരെ..

ആ മതി.. അവസാനം അമ്മേ ന്നും വിളിച്ചു നിലവിളിച്ച് വന്നേക്കരുത്..

നോ നെവർ.. എന്നും പറഞ് പാറു കൊക്ക കെട്ടാൻ തുടങ്ങി.. കൊക്ക എന്ന് വെച്ചാൽ നമ്മടെ അക്കി. അമ്മയോട് വീമ്പിളക്കിയതിന്റെ വാശി മുഴുവൻ ആ മുഖത്തുണ്ടായിരുന്നു..

കവുങ്ങിന്റെ അലകുകൾ ചേർത്ത് കെട്ടി അവസാനം വലിയൊരു കൊക്ക അവൾ പണിതെടുത്തു.

കൊക്ക പൊക്കിനോക്കി.. ഭാഗ്യം പപ്പായയുടെ അടുത്ത് വരെ എത്തുന്നുണ്ട്.. പക്ഷേ വല്ലാത്ത ഭാരം. എന്നാലും സാരമില്ല അമ്മയുടെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ. എന്റെ മടിയത്തി എന്നുള്ള പദവി ഇന്ന്ത്തോടുകൂടി തീരണം

ഈ പിശാശുക്കൾ എന്നെ പട്ടിണി ആകുമല്ലോ എന്ന് അണ്ണൻ അവിടുന്ന് ചിലയ്ക്കുന്നുണ്ടായിരുന്നു..

പാറൂട്ടാ… അമ്മ പിടിക്കണോ… മാലിനി വിളിച്ചു ചോദിച്ചു..

ഒന്ന് പോയെ അമ്മേ.. അവസാനം ക്രെഡിറ്റ്‌ മൊത്തം തട്ടിയെടുക്കാനല്ലേ.. ഞാൻ ഒരു മടിച്ചി ആണെന്ന് എപ്പോളും അമ്മ പറയുന്നതാ..

ഈ പപ്പായെന്റെ ക്രെഡിറ്റ് മറ്റാർക്കും വിട്ടുതരില്ല.. ഇതേ ഞാനും ന്യൂട്ടനും അങ്ങനെ പല ബുദ്ധിജീവികളും പ്രയാസപ്പെട്ട് കണ്ടുപിടിച്ചതാ

ഈശ്വരാ.. കറിയ്ക്ക് ഒരു കറുമൂസ തള്ളിയിടാനാണോ ഇവൾ ഇജ്ജാതി തള്ള് തള്ളുന്നത്.. മാലിനി വായും പൊളിച്ചു നിന്നുപോയി..
എന്റെ പൊന്നുമോളെ നീയാ മരത്തിന്റെ ചുവട്ടിൽ നിന്ന് കുറച്ച് മാറി നിന്നേക്കണേ

അതൊക്കെ എനിക്കറിയാം ഒന്നുമല്ലെങ്കിലും ഞാനൊരു കൊച്ചു ടീച്ചർ അല്ലെ ന്റെ അമ്മേ ന്ന് പറയലും പപ്പായ കൊക്കയിൽ ഇട്ട് വലിക്കലും ഒരുമിച്ചായിരുന്നു..

അമ്മേ ന്നുള്ള നിലവിളിയുടെ കൂടെ വലിയ ശബ്‌ദം കൂടെ കേട്ടപ്പോളാണ് മാലിനി തിരിഞ്ഞുനോക്കിയത്.. ഭാഗ്യം പപ്പായ കറക്റ്റ് തലയിൽ തന്നെ വീണിട്ടുണ്ട്..

ന്റെ പൊന്നു പാറു… നിനക്ക് തലയ്ക്ക് ഓളമുണ്ടോ.. ആരേലും തലയിലേക്ക് പപ്പായ തള്ളിയിടുമോ.. മാലിനി തലയ്ക്ക് കൈ കൊടുത്ത് ഇരുന്നുപോയി..

ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പപ്പായ മരം പോലും അവിടെ കാണാനില്ല
ഇവർക്കൊക്കെ ഇതെന്തിന്റെ കേടാണ് എന്ന മട്ടിൽ ദേ മരം നിലത്ത് കിടക്കുന്നു..

ന്നാലും ന്റെ പാറു.. ന്റെ പപ്പായ മരം.. ഇത് മറിച്ചിടാൻ മാത്രം ശക്തി നിന്റെ ഈ ഈർക്കിൽ ശരീരത്തിനുണ്ടോ..

ഹോ.. ഏത് നേരത്താണോ നിന്നോടൊക്കെ ഇത് പറയാൻ തോന്നിയെ..

അല്ല നിനക്ക് ന്തേലും പറ്റിയോ…

ഇല്ലമ്മേ.. ഞാൻ ന്യൂട്ടൻ എങ്ങനെയാ ഭൂഗുരുത്വം കണ്ടുപിടിച്ചതെന്ന് നോക്കിയതായിരുന്നു.. അമ്മേടെ കുട്ടി വലിയൊരു ബുദ്ധിമതി ആണെന്ന് ഓർത്ത് അഭിമാനിക്കമ്മേ..

എണീറ്റ് പോടീ അവിടുന്ന്.. തല പൊട്ടി തലച്ചോർ വരെ പുറത്ത് വന്നേനെ.. ന്റെ കറുമൂസേം തള്ളിട്ട് ഓള് പ്രസംഗിക്കുന്നോ… ഇ

നി ഇവിടെ നിന്നാൽ നീ വേറെ വല്ല സിദ്ധാന്തോം പഠിക്കും… ഓടടി….

പിന്നെ പാറു ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചില്ല. കൂടാതെ ഒന്നിന് പകരം മൂന്ന് പപ്പായ തൈകൾ പാറൂന്റെ കൈകൊണ്ട് മാലിനി നാട്ടു പിടിപ്പിച്ചു..

മടിയത്തി എന്നുള്ള വിളിക്ക് പകരം മരം മറിച്ചിട്ട ശക്തിമതി എന്നായി പാറൂന്റെ ഇരട്ടപ്പേര്.. അന്ന് മുതൽ ന്യൂട്ടനെ പറ്റിപോലും പാറു വീട്ടിൽ മിണ്ടീട്ടില്ല.

NB. degree 1st ക്ലാസ്സിൽ പാസ്സായിട്ടൊന്നും കാര്യമില്ല മക്കളെ.. അമ്മേടെ മുന്നില് പാസ്സാവണമെങ്കിൽ പലതും പഠിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *