പ്രണയമഴ
(രചന: Aparna Aravind)
എഴുന്നേൽക്ക് ദേവു… ഇതെന്തൊരു കിടപ്പാ.. നിന്റെ തന്ത ആ കോശവൻ നായർ ഇപ്പൊ ഇങ്ങേത്തും, അതിന് മുൻപേ ഒന്ന് എഴുന്നേൽക്ക് പെണ്ണെ
ദേവാത്മീ എന്ന തന്റെ പ്രിയപ്പെട്ട ദേവയെ ഒരുപാട് നേരമായി വിഷ്ണു വിളിക്കാൻ തുടങ്ങിയിട്ട്.. പക്ഷേ ദേവയുണ്ടോ വിളികേൾക്കുന്നു.. കിടന്നാൽ പിന്നെ ആനകുത്തിയാൽ പോലും അവള് വിവരമറിയില്ല..
സങ്കടം കൊണ്ടും ദേഷ്യംകൊണ്ടും വിഷ്ണുവിന്റെ മുഖം വിറച്ചു..
അല്ലെങ്കിൽ തന്നെ ചുറ്റിലും തടിമാടന്മാരായ കൈപ്പണിക്കാർ ഉള്ള ഈ തറവാടിന്റെ അകത്തളം വരെ കയറിയ പാട് തനിക്ക് മാത്രമേ അറിയൂ..
അപ്പോളാണ് അവളുടെ ഒരു ഉറക്കം.. അവൻ പിറുപിറുത്തു.. പുറത്ത് നിന്നും എന്തൊക്കെയോ ശബ്‌ദം കേട്ട് തുടങ്ങിയപ്പോൾ എങ്ങനെയോ വിഷ്ണു ദേവയുടെ മുറിയുടെ അകത്തേക്ക് കയറി..
ഈ പെണ്ണ് വാതിലും അടയ്ക്കാതെയാണോ ഉറങ്ങാറ്… അതോ ഇന്ന് ഞാൻ തിരക്കി വരുമെന്ന് അവളും പ്രതീക്ഷിച്ചോ..
ചുണ്ടിൽ കുസൃതി നിറഞ്ഞൊരു ചിരി തികട്ടി വന്നിരുന്നു..
ജനാലയിലൂടെയുള്ള ആക്രമണം കഴിഞ്ഞ് അവസാനം തൊട്ടടുത് നിന്ന് വിളിച്ചിട്ടും ദേവ ഭയങ്കര ഉറക്കത്തിൽ തന്നെ..
മറ്റൊന്നും ചിന്തിക്കാതെ കണ്ണുകൾ മുറുക്കെയടച്ച് ഉറങ്ങിക്കൊണ്ടിരുന്ന ദേവയെ അവൻ കൗതുകത്തോടെ നോക്കി നിന്നു..
പൊന്നിന്റെ നിറമാണ് പെണ്ണിന്.. അരയിറങ്ങി നല്ല കറുത്ത മിനുസ്സമുള്ള കാർകൂന്തൽ.. നീണ്ട മൂക്കിന് അലങ്കാരമാണ് ആ ഒറ്റക്കൽ മൂക്കുത്തി..
ചുവന്ന ചുണ്ടുകൾ.. തുടുത്ത കവിൾതടങ്ങളിൽ എപ്പോളും കുസൃതി നിറഞ്ഞിരിക്കും..
നോക്കിനിൽക്കുംതോറും അവളിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ തോന്നി അവന്.. പെട്ടന്ന് കണ്ണ് വലിച്ച് കട്ടിലിൽ ഇരുന്നു.
തലയിണകൾക്കിടയിൽ ഒളിച്ചുവെച്ച മയിൽപീലി പതിപ്പിച്ച ഡയറി പെട്ടന്ന് തന്നെ അവന്റ കണ്ണുകളിൽപെട്ടിരുന്നു.. കൗതുകത്തോടെ അവനത് കൈകളിലെടുത്തു
വിഷ്ണു എന്നുള്ള തന്റെ പേര് ഓരോ താളുകളിലും നിറഞ് നിൽക്കുന്നത് കണ്ട് ആ കണ്ണുകൾ വിടർന്നിരുന്നു..
“ഇന്ന് പെയ്ത തുലാമഴ
നിറഞ്ഞൊഴുകിയതെന്റെ നെഞ്ചിലേക്കാണ് ”
താളുകളിൽ ആദ്യമായ് കുറിച്ചത് ആ വാക്കുകളായിരുന്നു..വായിക്കുംതോറും ചിന്തകൾ ചിന്നിചിതറാൻ തുടങ്ങി
അന്ന് ആ കലിതുള്ളിയ മഴയിലാണ് ദേവ ആദ്യമായി എന്നെ കാണുന്നതത്രേ . പുഴക്കരയിലുള്ള ദേവിടെ അമ്പലത്തിലേക്ക് പോവുന്ന അവളെ ദൂരെനിന്നെ ഞാൻ കണ്ടിരിക്കുന്നു.. കുട്ടിക്കാലം മുതലേ ദേവയെ എനിക്കറിയാം..
പക്ഷേ നിർധനരായ വാര്യത്തെ പണിക്കാരൻ ശങ്കരന്റെ മകനെ അവൾ എങ്ങനെ അറിയാനാണ്… പഠിപ്പൊക്കെ കഴിഞ്ഞ് നാട്ടിലേക്ക് വന്നതിന്റെ പിറ്റേന്ന് തന്നെയാണ് സംഭവം..
വയലിൽ മീൻപിടിക്കുന്ന കുട്ട്യോൾടെ കൂടെ കഥയും പറഞ്ഞിരിക്ക്യയിരുന്നു ഞാൻ.. ഉടുത്തും നടന്നും പരിചയമില്ലാഞ്ഞിട്ടുകൂടി സാരിയായിരുന്നു അവളുടെ വേഷം..
വാടാമല്ലി കളറിലുള്ള ആ സാരിയിൽ ഏറെ അഴക് തോന്നിയിരുന്നു അവൾക്ക്..
അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ മനസ്സ് തുറന്നൊരു പുഞ്ചിരി സമ്മാനിച്ചിരുന്നു ഞാനവൾക്ക്.. വയലിലെ കുട്ട്യോളെ നോക്കി അവളും ചെറുതായി ചുണ്ടനക്കി..
അവൾ നടന്നുനീങ്ങുന്നത് കൊതിയോടെ ഞാൻ നോക്കിനിന്നു.. വയലും തോടും ഒന്നുചേരുന്നിടത്ത് ചെറിയൊരു പാലമുണ്ട്.. അത് ചാടി കടന്നാണ് അക്കരെ പോവുന്നത്..
സാരിത്തല കുറച്ച് പൊക്കി കൈകളിൽ പിടിച്ച് പതിയെ അവൾ അക്കരെക്ക് നടക്കാൻ തുടങ്ങി…മഴ പെയ്തതുകൊണ്ട് ചവിട്ടുന്നിടത്തെല്ലാം വഴുതാൻ തുടങ്ങിയിരുന്നു..
ഏറെ ശ്രെദ്ധയോടെ കവുങ്ങിന്റെ കഷ്ണങ്ങൾ കൂട്ടിയോജിപ്പിച്ച പാലത്തിൽ ദേവ ചവിട്ടിയതും വലിയൊരു ശബ്ദത്തോടെ അവൾ തൊട്ടിലേക്ക് മറഞ്ഞു വീണതും ഒരുമിച്ചായിരുന്നു..
എന്റെ കണ്മുന്നിൽ അവൾ മറിഞ്ഞുവീഴുന്നത് കണ്ട് ഞെട്ടിത്തരിച്ചുകൊണ്ടാണ് ഞാൻ അങ്ങോട്ട് ഓടിയത്..
മഴ പെയ്ത് നിറഞ തോട്ടിൽ അവൾ താണുപോവുന്നത് കണ്ട് ഞാൻ വല്ലാതെ പരിഭ്രമിച്ചു.. അമ്പലത്തിലേക്ക് കൊണ്ടുപോകുന്ന പൂവും താലവും വെള്ളത്തിൽ ഒലിച്ചു പോവുന്നുണ്ടായിരുന്നു..
ഷർട്ട് അഴിച്ച് പാലത്തിൽ വെച്ചുകൊണ്ട് ഞാൻ തൊട്ടിലേക്ക് എടുത്ത് ചാടി.. മുന്നോട്ട് ഒഴുകി പോകുന്ന അവളെ അരയിലൂടെ ചുറ്റി പിടിച്ചു….
ആശ്വാസം എന്നപോലെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.. മൂക്കിലൂടെയും വായിലൂടെയും വെള്ളം കയറിയതുകൊണ്ട് അവൾ ചുമക്കുന്നുണ്ടായിരുന്നു..
കുഴപ്പമൊന്നുമില്ലല്ലോ… താൻ ഓക്കേ അല്ലെ.. അവളുടെ കവിളിൽ തട്ടികൊണ്ട് ഞാൻ ചോദിച്ചു..
ആ… അ…തെ.. ചുമച്ചുകൊണ്ട് അവൾ മറുപടി നൽകി
അവളെ രക്ഷിക്കുക എന്നുള്ള ഉദ്ദേശം മാത്രമേ അപ്പോളുണ്ടായിരുന്നുള്ളു… ചേർത്ത് പിടിച്ച് എങ്ങനെയോ കരയിലേക്ക് കയറ്റി.. അവളുടെ ബോധം മറയുന്നപോലെ തോന്നുന്നുണ്ടായിരുന്നു..
നിലത്ത് കിടത്തി വയറ്റിലമർത്തി കുടിച്ച വെള്ളം ഛർദിപ്പിക്കുമ്പോൾ എന്റെ മുഖത്തും പരിഭ്രമം നിറഞ്ഞുനിന്നിരുന്നു.. ചുമച്ചുകൊണ്ട് അവൾ മയക്കത്തിൽ നിന്നുമുണർന്നതും എന്റെ മുഖവും പ്രകാശിക്കാൻ തുടങ്ങി..
എഴുന്നേറ്റിരുന്ന് വേഗം സാരി ശരീരത്തിലേക്ക് നേരെയിടുമ്പോൾ ഞാൻ അരികിൽ നിന്നും എഴുന്നേറ്റ് പാലത്തിലേക്ക് നടന്നിരുന്നു.. ഷർട്ട് എടുത്തിട്ട് അവളുടെ അരികിലേക്ക് തന്നെ നടന്നു..
ഞാൻ കാരണം ഒരുപാട് കഷ്ടപ്പെട്ടുല്ലേ
മുഖം ചുളിച്ചുകൊണ്ട് അവൾ ചോദിച്ചു..
ഏയ്.. തനിക്ക് ഒന്നും പറ്റിയില്ലല്ലോ… അതുതന്നെ ആശ്വാസം
പുഞ്ചിരിച്ചുകൊണ്ട് ഞാനവളെ നോക്കി
അമ്പലത്തിലേക്കായിരുന്നു.. ഇന്നിനി പോണില്ല.. ആകെ നനഞ് കുളിച്ചു
മുടി വിടർത്തി തലയിലെ വെള്ളം കുടഞ്ഞുകൊണ്ട് അവൾ പരിഭവം പറഞ്ഞു
വെള്ളത്തുള്ളികൾ മുഖത്തേക്ക് ഇറ്റുവീഴുമ്പോൾ പെണ്ണിനോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു
ഞാൻ പോട്ടെ..
ചിന്തകൾക്കിടയിലാണ് അവളുടെ ചോദ്യം വന്നത്. നനഞമുടിയിഴകൾ പിന്നിലോട്ടാക്കി അവൾ എന്നെ തന്നെ നോക്കിനിന്നു..
യാത്രപറഞ് അവൾക്ക് പോകാനായി വഴി മാറിനിൽക്കുമ്പോളും കണ്ണുകൾ അവളുടെ പിന്നാലെ പാഞ്ഞിരുന്നു..
പിന്നീട് പലപ്പോളും ദേവ എന്റെ കണ്മുന്നിൽ പ്രത്യക്ഷപെട്ടു, കാവിലെ ഉത്സവത്തിനും വയലിലും, വായനശാലയിലും, അങ്ങനങ്ങനെ പലയിടത്തും..
കാന്തം പോലെ അവളിലേക്ക് ഞാൻ അടുക്കുന്നതായി എനിക്ക് തോന്നിയിരുന്നു.. പക്ഷേ ഒരിക്കലും നോട്ടംകൊണ്ട് പോലും എന്നോടൊരിഷ്ടം ദേവ കാണിച്ചിട്ടില്ല..
തുറന്ന് പറയാൻ പേടിയായിരുന്നു.. അവളുടെ നെറ്റിയിൽ കുങ്കുമം ചാർത്താൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളതെന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപോവും..
പറയാൻ മാത്രം ഒന്നുമില്ല. സ്വത്തും സമ്പത്തും ഒന്നും..ഉള്ളുതുറന്ന് സ്നേഹിക്കാൻ കഴിയുന്നൊരു മനസ്സുണ്ട്..അതിലാണെങ്കിൽ അവൾ നിറഞ് നിൽക്കുകയും ചെയ്യുന്നു..
ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയ്കൊണ്ടിരുന്നു…ടൗണിലെ ചെറിയൊരു സ്ഥാപനത്തിൽ ജോലികിട്ടിയത് കൊണ്ട് ജീവിതം ചെറിയ രീതിയിൽ പച്ച പിടിക്കാൻ തുടങ്ങി.. ..
രാവിലെ ജോലിക്ക് പോയാൽ തിരിച്ചെത്താൻ സന്ധ്യ കഴിയും.. ഒഴിവുള്ള ദിവസങ്ങളിൽ മടിപിടിച്ച് വീട്ടിൽ തന്നെ കഴിയും. അതുകൊണ്ട് തന്നെ ദേവയെ കാണാൻപോലും കിട്ടാതെ ആയിരുന്നു..
അവളിൽ നിന്നകലാൻ ഞാനും ശ്രെമിച്ചിരുന്നു എന്ന് പറയുന്നതാവും ശരി.. ഒരിക്കലും കിട്ടില്ലെന്നുറപ്പുള്ളതിനെ വിട്ടുകളയുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി..
പക്ഷേ എത്രമാത്രം മറക്കാൻ ശ്രെമിക്കുന്നോ അത്രയും ആഴത്തിൽ അവളെന്നിലേക്ക് ഊർന്നിറങ്ങുന്നുണ്ടായിരുന്നു
അന്നൊരു മഴയത്ത് ജോലിക്ക് പോയ് തിരികെ വരാൻ അൽപ്പം വൈകിയിരുന്നു..
കുത്തിയൊഴുകുന്ന പുഴ കടന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും മുൻപിൽ ദേവ ചാടി വീണിരുന്നു.. പെട്ടന്ന് മുൻപിൽ ഒരാളെ കണ്ടപ്പോൾ ഞാനും അല്പം ഭയന്നു പോയ്..
ആരാ അത്… ഞാൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു
മറുപടി പറയുന്നതിന് പകരം മഴയിലൂടെ ഓടിവന്ന് അവളെന്നെ വാരിപ്പുണർന്നിരുന്നു..നനഞ്ഞോലിച്ച അവളെ ഞാൻ നെറ്റിചുളിച്ച് നോക്കി..
ഇതെന്താ ദേവാ.. എവിടുന്നാ ഇങ്ങനെ നനഞ് ചീഞ്ഞു വരുന്നത്.. എന്താ പറ്റ്യേ നിനക്ക് ആശ്ചര്യത്തോടെ ഞാനവളെ നോക്കി
എത്ര ദിവസായി കണ്ടിട്ട്.. ഇന്നും കണ്ടില്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി ചത്തുപോകും കരഞ്ഞു കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു
ഇടിവെട്ടെറ്റപ്പോലെയാണ് ഞാൻ നിന്നത്.. സ്വപ്നം കാണുന്ന പോലെ തോന്നിയിരുന്നു..
എന്റെ വയറിലൂടെ ചുറ്റിപിണഞ്ഞ അവളുടെ കൈകൾ ഞാൻ തട്ടിമാറ്റി.. നെഞ്ചിൽ നിന്നും ആ മുഖം അകറ്റി
നീ എന്തൊക്കെയാ പറയുന്നത് ദേവാ.. നിന്നെ ഒരിക്കലും അങ്ങനെ കാണാനൊന്നും എനിക്ക് കഴിയില്ല.. നിങ്ങളൊക്കെ വല്യ ആൾക്കാരല്ലേ.. എത്ര ചാടിയാലും ആ ഉയരത്തിൽ ശങ്കരന്റെ മോനെത്തില്ല.. ഭ്രാന്ത് പുലമ്പാതെ നീ വീട്ടിലേക്ക് പോകാൻ നോക്ക്..
അപ്പൊ ന്നെ ഇഷ്ടല്ല ല്ലേ.. അവൾ കണ്ണുനിറച്ചുകൊണ്ട് ചോദിച്ചു
ഇ….ഇ….. ല്ലാ വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു..
കള്ളം പറയാണ്.. ന്റെ നിഴല് പോലെ കൂടെ നടന്നത്ത് ഞാൻ അറിഞ്ഞില്ലെന്നാ കരുതിയത്… നിക്കറിയാം ന്നെ പ്രാണനാണെന്ന്.. കാവിലും, കുളത്തിലും, വയലിലും പാത്ത് പാത്ത് ന്റെ പിന്നാലെ നടന്നത് ഞാൻ അറീല്ലെന്നു കരുതിയോ..
ആർത്ത് പെയ്യുന്ന മഴയിലും അവൾ അലറി കരഞ്ഞു.. മഴയുടെ മുഴക്കത്തേക്കാളും അവളുടെ ശബ്‌ദം ഉയർന്ന് കേട്ടിരുന്നു..
അത്… അത് നിന്നെ കാണാനൊന്നുമല്ലായിരുന്നു… നിന്റെ വീട്ടിൽ സഹായത്തിന് നിൽക്കണ സുഭദ്ര ചേച്ചിടെ മോളെ കാണാനാ ഞാൻ പിന്നാലെ വന്നത്.. ന്റെ കാർത്തൂനെ..
വായിൽ തോന്നിയത് ഞാൻ വിളിച്ചു പറഞ്ഞു
അവളുടെ മുഖം പെട്ടന്ന് വാടിയിരുന്നു.. എന്റെ കുടകീഴിൽ നിന്നുമവൾ പെട്ടന്ന് അകന്ന് മാറി.. കൈയിലുള്ള കുട ചൂടികൊടുക്കാൻ ശ്രെമിക്കും തോറും അവൾ തട്ടി മാറ്റുന്നുണ്ടായിരുന്നു..
എന്താ ഇത് ദേവേ.. മഴ നനഞ് അസുഖം വരുത്തിവെയ്ക്കണ്ടാ
മുഖം താഴ്ത്തി ഞാൻ മന്ത്രിച്ചു..
ഞാൻ പനി പിടിച്ച് ചത്താൽ പോലും നിങ്ങൾക്കെന്താ.. ഒന്നുല്ല്യാ….ഒന്നും . ഞാനാ മണ്ടി… ഒരിക്കലും…. ഒരിക്കലും സ്വപ്നം കാണരുതായിരുന്നു..
നിങ്ങളെ കാണാതെ ഈയൊരു മാസം ഊണും ഉറക്കവുമില്ലാതെ എനിക്ക് ഭ്രാന്ത് പിടിച്ചു… എന്തിന് വേണ്ടിയായിരുന്നു എല്ലാം..
അവളെന്തൊക്കെയോ പിറുപിറുത്തു
മഴവെള്ളം അവളുടെ മുഖത്ത് കൂടെ ഒലിച്ചിറങ്ങുന്നുണ്ടായിടുന്നു.. കരഞ് കരഞ് പെണ്ണിന്റ മുഖമാകെ ചുവന്ന് വീർത്തു… അവളുടെ ഓരോ വാക്കും എന്റെ നെഞ്ചിനെ കുത്തി നോവിച്ചിരുന്നു..
പക്ഷെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ബവിഷത്തുക്കളെക്കുറിച്ചൊർക്കുമ്പോൾ മൗനം തുടരാനാണ് തോന്നിയത്
പിന്നെയും എന്തൊക്കെയോ പറഞ്ഞും കരഞ്ഞും അവൾ തിരിഞ്ഞ് നടന്നു.. കരഞ്ഞുകൊണ്ട് അവൾ പോകുന്ന വഴിയേ ഞാനും നോക്കി നിന്നു..
വീട്ടിലെത്തിയിട്ടും എന്റെ മനസ്സിന് യാതൊരു സമാധാനവും കിട്ടിയിരുന്നില്ല.. ദേവ കരഞ്ഞുകൊണ്ട് നടന്ന് നീങ്ങിയത് എന്റെ കണ്ണിൽ അപ്പോളും തെളിഞ് നിന്നു.. പിന്നെടോരോട്ടമായിരുന്നു.. ദേവയെ തിരഞ്കൊണ്ട് നാട്ടുവഴിയിലൂടെ ഞാൻ പാഞ്ഞു..
കോരിച്ചൊരിയുന്ന മഴയത്തും ഞാൻ വിയർത്ത് കുളിച്ചു.. തിരിച്ചുവരാൻ ഒരുങ്ങുമ്പോളാണ് പാലത്തിനടുത്ത് വെളിച്ചം കണ്ടത്ത്..
പേടിയോടെ ഞാനും അങ്ങോട്ട് പാഞ്ഞു.. വെള്ളത്തിലേക്ക് ചാടുന്ന ദേവയെ കണ്ടപ്പോൾ കൈകൾ തലയിൽ വെച്ചുപോയ്.. എങ്ങനെയോ ഞാനും തൊട്ടിലേക്ക് എടുത്തുചാടി..
മഴവെള്ളം കുത്തിയൊലിച്ചിറങ്ങിയത് കൊണ്ട് വെള്ളത്തിന് നല്ല ഒഴുക്കുണ്ടായിരുന്നു.. ദാവണി തുമ്പിൽ പിടുത്തം കിട്ടിയത് കൊണ്ട് എങ്ങനെയോ അവളെ ചേർത്തു പിടിച്ചു..
എന്നെ വിട്… എന്തിനാ വന്നത്..
നെഞ്ചിൽ ആഞ്ഞു തല്ലികൊണ്ട് അവൾ കുതറി മാറി.. ഒഴുക്കുള്ള വെള്ളത്തിൽ അവളെ ഏറെ നേരം പിടിച്ചുനിൽക്കാൻ എനിക്കും കഴിയുമായിരുന്നില്ല..
എന്തൊക്കെയോ പറഞ്ഞുനോക്കി.. പക്ഷെ എന്നിൽ നിന്നും അവൾ അകന്ന് മാറിക്കൊണ്ടിരുന്നു…
മിണ്ടരുത് ഞാനും അലറി തരുത്ത് നിൽക്കുന്ന അവളുടെ കവിളുകളിൽ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് എന്റെ അധരങ്ങൾ അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു.. എന്റെ പുറത്ത് അവൾ ആഞ്ഞുതല്ലുന്നുണ്ടായിരുന്നു..
അവളുടെ കൈകൾ അഴയുന്നത് വരെയും എന്റെ പ്രണയം അവളുടെ ആധരങ്ങളിൽ പകർന്നു നൽകി..
അവളിൽ നിന്നും മുഖം വേർപെടുത്തുമ്പോൾ കരഞ് കലങ്ങിയ ഉണ്ടക്കണ്ണുകൾ എന്നിൽ ചൂഴ്ന്നിറങ്ങുന്നുണ്ടായിരുന്നു..
പ്രണയമല്ല, പ്രാണനാണ് പെണ്ണെ നീയെനിക്ക്.. നിന്നോളം പോന്നൊരു സ്വപ്നവും ഇന്നെന്നിലില്ല.. അവളുടെ മുഖം മുറുക്കെ പിടിച്ചുകൊണ്ട് ഞാൻ ചെവിയിൽ പറഞ്ഞു..
കേട്ടത് വിശ്വസിക്കാൻ കഴിയാത്തത് പോലെ അവളെന്നെ തുറിച്ചുനോക്കി… പിന്നെ പൊട്ടികരഞ്ഞുകൊണ്ട് മാറിൽ വീണു..
തുലാമഴയും മിന്നൽ പിളർപ്പുകളും ഞങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു.. കാലങ്ങളോളമായി എന്നിൽ കുഴിച്ചുമൂടിയ പ്രണയമെല്ലാം അവളിൽ പെയ്തുതീർത്തു… ആ രാത്രിയിൽ വയലും പാടവും മഴയും ഞങ്ങൾ ഒന്നിച്ചാസ്വദിച്ചു..
പുലരാൻ നിമിഷങ്ങൾ ബാക്കി നിൽക്കുമ്പോളാണ് ദേവ വീട്ടിലേക്ക് പോകാനൊരുങ്ങിയത്.. അവളെ തറവാടിന് മുൻപിൽ കൊണ്ടുചെന്നാക്കുമ്പോൾ അവസാനമായി എന്നെ വാരിപ്പുണർന്നിരുന്നു..
നിക്ക് കല്യാണം നോക്കുന്നുണ്ട്.. അമ്മാമ്മേടെ മകൻ ആ താന്തോന്നി ഗൗതം ആണത്രേ പയ്യൻ..
വിഷ്ണു ഏട്ടൻ വരണം… ന്നെ കൂട്ടണം.. ല്ലേൽ ഞാൻ ചാവും.. അതെ ണ്ടാവുള്ളു.. ഒരിക്കലും മറ്റൊരുത്തന്റെതാകാൻ നിക്ക് പറ്റില്ല്യാ..
കണ്ണുനിറച്ചുകൊണ്ട് അവൾ തറവാട്ടിലേക്കോടി.. അവളുടെ കാലുകൾ മുറ്റത്ത് കുത്തിയതും അവിടമാകെ വെളിച്ചം തെളിഞ്ഞിരുന്നു..
“ഊര് തെ ണ്ടി വീട്ടിൽ കയറാൻ മുഹൂർത്തം ആയോ…..” ഉമ്മറത്ത് നിന്ന് കേശവൻ അലറി.
ഒന്നും മിണ്ടാതെ തല കുനിച്ച് നിൽക്കുകയായിരുന്നു ദേവയപ്പോൾ
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിറച്ചു. പിന്നിൽ നിന്നും പ്രഹരമേറ്റപ്പോളാണ് ചതി മനസിലായത്.. ആരൊക്കെയോ എന്റെ കൈകൾ പിടിച്ചുകെട്ടി ദേവയുടെ അടുത്ത് കൊണ്ടുപോയി നിർത്തി..
“വേറെ ആരെയും കിട്ടിയില്ലെടി , നിനക്ക് അഴിഞ്ഞാടാൻ ” അലറിക്കൊണ്ട് കേശവൻ ദേവയെ ആഞ്ഞുതല്ലി
മാപ്പാക്കണം.. നിക്ക് തരണം ദേവയെ.. നിങ്ങളുടെ സ്വത്തും പണവും ഒന്നും വേണ്ടാ.. പൊന്നുപോലെ നോക്കിക്കോളാം ഞാൻ …. ഇപ്പൊ ഉടുത്ത ഈ വേഷത്തിൽ കൊണ്ടുപോയ്ക്കോളാം… ഒന്നും തരണ്ട.. ഞാൻ അയാളുടെ കാലിൽ വീണു
നീട്ടി തു പ്പിക്കൊണ്ട് അയാളെന്റെ പുറത്ത് ആഞ്ഞു ചവിട്ടി..
“കൊ ന്ന് കുഴിച്ചുമൂടെടാ ഈ നാ യിന്റെ മോ നെ ” വല്യേടത്തെ കുട്ടീനെ തന്നെ വേണം ഓന് കല്യാണം കഴിക്കാൻ…. പ്ഫാ.. .
അയാളുടെ അലർച്ചയിൽ ആ നാലുകെട്ട് പോലും വിറച്ചിരുന്നു
നാളെത്തന്നെ മുഹൂർത്തം കണ്ടോളു, ഇവളെ ഇനിയും അഴിഞ്ഞാടാൻ ഞാൻ സമ്മതിക്കില്ല ..
കേശവൻ ദേവയെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോവുന്നത് മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ടു..
ആരുടെയൊക്കെയോ പ്രാഹരത്താൽ ഞാൻ ചോ ര തുപ്പുമ്പോൾ ദേവയെ അയാൾ മുറിയിൽ അടച്ചിട്ടിരുന്നു
ചിന്തകൾക്കിടയിലാണ് പുറത്ത് ശബ്‌ദം കേട്ടത്.. വേഗം കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ് അലമാരയുടെ പുറകിൽ പതിഞ്ഞിരുന്നു
ഇത്ര പെട്ടന്ന് നേരം വെളുത്തോ ദൈവമേ.. ഞാൻ തലയിൽ കൈ വെച്ചുപോയ്.. ദേവയുടെ അമ്മയും ചെറിയമ്മയുമാണ് വന്നിരിക്കുന്നത്
മോളെ ദേവേ… ദേവേ….
അവർ അവളെ ഉച്ചത്തിൽ വിളിക്കുന്നുണ്ട്.. ഇത്ര നേരമായി ഞാൻ വിളിച്ചിട്ട് പോലും ഉണരാതിരുന്നവളെ അവർ എഴുനേൽപ്പിക്കുന്നതൊന്നു കാണട്ടെ.. കുശുമ്പ് നിറച്ച് ഞാനും നോക്കി നിന്നു
തോളിൽ തണുപ്പ് അനുഭവപ്പെട്ടപ്പോളാണ് തിരിഞ്ഞു നോക്കിയത്.. നോക്കുമ്പോൾ ദേവയുണ്ട് കണ്ണും മിഴിച്ച് തൊട്ടുപുറകിൽ..
ദേവേ… ഞാൻ കൗതുകത്തോടെ വിളിച്ചു..
ശു….. ഒച്ച വെക്കല്ലേ… കൈ വിരൽ ചുണ്ടിനു മുട്ടിച്ച് അവൾ ആംഗ്യം കാണിച്ചു..
ഞാൻ വേഗം കൈകൾ കൊണ്ട് വായ പോത്തിപിടിച്ചു
വാ നമുക്ക് രക്ഷപെടാം… ഇവര് സമ്മതിക്കില്ല വിഷ്ണു ഏട്ടാ… നിക്ക് നിങ്ങളില്ലാതെ പറ്റില്ല.. ശബ്‌ദം താഴ്ത്തി ദേവ എന്റെ നെഞ്ചിലേക്ക് വീണു..
അവളുടെ കൈ പിടിച്ച് എങ്ങനെയോ തറവാടിന് പുറത്തിറങ്ങി..
മുട്ടത്തിറങ്ങി പടി കടക്കാൻ തുടങ്ങുമ്പോളാണ് പിന്നിൽ നിന്നും ബഹളം ഉയർന്നത്..
അയ്യോ…… എന്റെ… മോളെ..
ദേ…..വേ
ദേവയുടെ അമ്മ അരുന്ധതി പൊട്ടിക്കരഞ്ഞു.. ചുറ്റിലും ആളുകൾ നിറഞ്ഞിരുന്നു.. ഒന്നും മനസിലാകാതെ ഞങ്ങൾ ചുറ്റിലും നോക്കി..
വെള്ളയിൽ പൊതിഞ്ഞൊരു ശരീരം ആരൊക്കെയോ താങ്ങി പിടിച്ചിരുന്നു
നിലവിളികൾക്കും ബഹളത്തിനുമോടുവിൽ തെക്കേ പറമ്പിൽ ചൂട് കൂടുന്നത് കണ്ടുകൊണ്ട് നിന്നപ്പോളാണ് ആരോ പറയുന്നത് കേട്ടത്..
നെല്ലിനടിക്കുന്ന മ രുന്ന് കഴിച്ചതാണത്രേ.. പ്രേമം മൂത്താൽ ഇങ്ങനല്ലേ.. പുലച്ച ആവുമ്പോളേക്ക് ചത്തു.. പാവം നല്ലൊരു പെണ്ണായിരുന്നു..
അവരുടെ വാക്കുകൾ കേട്ടപ്പോൾ തല കനക്കുന്നപോലെ തോന്നി..
ദേവ മരിച്ചെന്നോ….എന്റെ മുഖം ചുവന്നിരുന്നു . കണ്ണുകൾ നിറഞ്ഞു പെയ്തു…. ഒന്നും മനസിലാകാതെ ഞാൻ ദേവയെ നോക്കി നിന്നു
ആ ചെക്കനും ചത്തു… ഇവിടുള്ളോർ തല്ലി ച തച്ചിരുന്നു… പെണ്ണിനെ കിട്ടില്ലെന്നായപ്പോൾ ഓൻ ഉ ത്തരത്തിൽ തൂ ങ്ങി യത്രേ..
ആരൊക്കെയോ പിറുപിറുത്തു
കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു..
ദേവയുടെ കൈകൾ വിഷ്ണുവിന്റെ ചുവന്ന കഴുത്തിൽ സ്പർശിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..
സാരല്ല ദേവേ.. നമ്മൾ ഒരുമിച്ചല്ലോ… അത് മതി… നീയുണ്ടെങ്കിൽ എനിക്കെവിടെയും സന്തോഷം തന്ന്യാ.. ജീവിക്കാൻ ഈ ഭൂമി തന്നെ വേണമെന്ന് ആർക്കാ നിർബന്ധം
അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..തെക്കേ പറമ്പിൽ രണ്ട് ശരീരങ്ങൾ അപ്പോൾ വെന്തുരുകുന്നുണ്ടായിരുന്നു.. അവരുടെ പ്രണയമെന്നപ്പോൽ മഴ ആർത്ത് പെയ്തുകൊണ്ടിരുന്നു…