കീറിയ അവളുടെ ഉടുപ്പ് കാണുമ്പോൾ നെഞ്ച് പൊട്ടുന്ന പോലെ തോന്നി, പാവം ഇവളെന്ത്..

നിയോഗം
(രചന: Aparna Aravind)

ചെറിയ കാറ്റുവീശുന്നുണ്ട്. മഴപെയ്യാൻ ആകാശം തെയ്യാറെടുക്കുന്നപോലെ തോന്നുന്നു .തണുത്ത കാറ്റിൽ മനസ്സാകെ കുളിരുന്നപോലെ തോന്നി..

അടിവയറ്റിൽനിന്നും ഇരച്ചുപൊങ്ങുന്ന വിശപ്പിന്റെ ശബ്‌ദം കേൾക്കാത്ത പോലെ ഞാൻ ആകാശത്തേക്ക് നോക്കിയിരുന്നു.. സാരിത്തലപ്പിൽ കെട്ടിവെച്ച അവിൽ കുറച്ച് കൂടെ ബാക്കിയുണ്ട്. കഴിക്കണമെന്നുണ്ട്.

പക്ഷെ വേണ്ട..എന്നെ പോലെ വിശപ്പ് സഹിക്കാൻ എന്റെ കുഞ്ഞിനാകില്ല. അവൾക്ക് വേണ്ടി ഞാനത് മാറ്റി വെച്ചു. മോൾ നല്ല ഉറക്കമാണ്.. പൊടിപിടിച്ച അവളുടെ കുഞ്ഞികാലുകളിലേക്ക് പതിയെ നോക്കി..

മുഖം ക്ഷീണിച്ച് വാടി കിടക്കുന്നുണ്ട്.. കുഞ്ഞികൈകളിൽ ഒരുപാട് മുറിപ്പാടുകൾ തെളിഞ്ഞുകാണാം. കീറിയ അവളുടെ ഉടുപ്പ് കാണുമ്പോൾ നെഞ്ച് പൊട്ടുന്ന പോലെ തോന്നി. പാവം ഇവളെന്ത് പിഴച്ചു .

കഴുകൻ കണ്ണുകൾ വലിച്ചുകീറാതിരിക്കാൻ സാരി കൊണ്ട് ഞാനവളെ പൊതിഞ്ഞു പിടിച്ചു.

അവളുടെ ബാല്യത്തിലേക്കും ഒളികണ്ണിട്ട് നോക്കുന്ന പുരുഷകേസരികളോട് വല്ലാത്ത അറപ്പ് തോന്നാറുണ്ട്.

പണ്ട് അങ്ങാടിയിലുള്ള പേരുകേട്ട ഒരു ഡോക്ടർ ആണ് അമ്മുക്കുട്ടിക്ക് ഈ ഉടുപ്പ് വാങ്ങി തന്നത്. അന്ന് അവൾക് അഞ്ചുവയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു..

വിശപ്പ് സഹിച്ചിട്ടാണത്രെ മോള് അന്ന് തലകറങ്ങി വീണത്.. മോളെയും

എടുത്ത് പോകാത്ത ആശുപതികളില്ല.. പല ആശുപത്രി കവാടങ്ങളിൽ നിന്നും ആട്ടും തുപ്പും സഹിച്ച് പൊട്ടി കരഞ്ഞിരുന്ന എനിക്ക് മുന്നിൽ ദേവതയെ പോലെയാണ് ആനി ഡോക്ടർ പ്രത്യക്ഷപ്പെട്ടത്.

അവളുടെ കുഞ്ഞികൈയിലൂടെ സൂചി വെച്ച് ശരീരത്തിലേക്ക് മരുന്ന് കയറ്റുമ്പോൾ എന്നോട് പേടിക്കാൻ ഒന്നുമില്ലെന്ന് ആനിഡോക്ടർ കണ്ണ് ചുമ്മി കാണിച്ചിരുന്നു.

മോൾക്ക് വയറ് നിറയെ ഭക്ഷണവും നൽകി പുത്തൻ ഉടുപ്പും അണിയിച്ച് യാത്രയാകുമ്പോൾ എനിക്ക് ഉടുക്കാൻ ഒന്ന് രണ്ട് സാരിയും ആ മാലാഖ തന്നിരുന്നു.

ദൈവം കൂടെയുണ്ടെന്ന് ആദ്യമായ് ബോധ്യമായത് അന്നാണ്..

കൈ രണ്ടും ചേർത്ത് പിടിച്ച് അവരോട് നന്ദി പറയുമ്പോൾ, ആ കാലിൽ വീണ് പൊട്ടികരയുമ്പോൾ എന്നോട് അവർ പറഞ്ഞത് ജീവിതത്തിൽ കിട്ടിയ ഏറ്റവും മൂല്യമായ ഫീസ് ഈ നിമിഷമാണെന്നായിരുന്നു..

വാരിക്കൂട്ടി ഞാൻ നൽകിയ മുഷിഞ്ഞ നോട്ടും ഒച്ച വെയ്ക്കുന്ന ചില്ലറകളും എന്റെ കൈകളിൽ തിരിച്ചേൽപ്പിച്ച് ഏറെ സ്നേഹത്തോടെ അവർ എന്നോട് പറഞ്ഞിരുന്നു

എന്ത് ആവശ്യമുണ്ടെങ്കിലും ഇങ്ങോട്ട് വന്നേക്കണം കേട്ടോ എന്ന്
വിശപ്പിന്റെ വിളികളിൽ പലപ്പോളും അവരുടെ മുഖം എന്റെ കണ്ണിൽ തെളിഞ് വന്നിരുന്നു..

പക്ഷെ പിച്ചക്കാരിയുടെ ആത്മാഭിമാനം പലപ്പോളും എന്നെ വിലക്കി..

ഒരുപക്ഷെ എപ്പോളെങ്കിലും എനിക്കവരെ ബുദ്ധിമുട്ടിക്കേണ്ടിവന്നാലോ എന്നോർത്തിട്ടാണ് ആ നാട്ടിൽ നിന്ന് അകലെ ഇങ്ങോട്ട് വന്നത്.. അല്ലെങ്കിൽ തന്നെ ഞങ്ങൾക്കെന്ത് നാട്, എന്ത് വീട്..

മഴ നനയാതിരിക്കാൻ കയറി നിൽക്കുന്ന ബസ്സ് സ്റ്റോപ്പുകളിൽ നിന്നുപോലും എറിഞ്ഞോടിച്ചിട്ടേ ഉള്ളു..

ഒരിക്കൽ ഒരു മഴയത്ത് നനയാതിരിക്കാൻ കയറിനിന്ന കട തിണ്ണയിൽ നിന്നും എട്ട് മാസം പ്രായമായ എന്റെ കുഞ്ഞിനെ പോലും എറിഞ്ഞോടിച്ച സ്നേഹനിധികളായ മനുഷ്യന്മാർ ഉള്ള ലോകമാണിത്…

പതിയെ മഴ ചാറി തുടങ്ങുന്നുണ്ട്.. അമ്മുകുട്ടിയുടെ കാലുകൾ നനയുന്നത് കൊണ്ടാകണം അവൾ പതിയെ ഇളകാൻ തുടങ്ങി..

പതിയെ തലയിൽ തലോടി ഞാനവളെ ഉറക്കി.. കുറച്ച് നേരം കൂടെ വിശപ്പറിയാതെ എന്റെ കുഞ് ഉറങ്ങട്ടെ.. കടല്പുറത്തെ ചെറിയ കൂരയിലാണ് ഇന്ന് അന്തിയുറങ്ങുന്നത്..

മഴ നനയാതെ മോളെ കുറച്ച് കൂടെ അകത്തേക്ക് ചേർത്ത് കിടത്തി. ചുറ്റിലും നായ്ക്കൾ കണ്ണുരുട്ടി നോക്കുന്നുണ്ട്.. മനസ്സിൽ തെല്ല് പേടി തോന്നി..

എന്നിരുന്നാലും ചിരിച്ച് ചതിക്കുന്ന മനുഷ്യരേക്കാൾ ഭേദം ഈ നായ്ക്കൾ തന്നെയാണ്..പൊട്ടിചിരിയുടെ ഒച്ച കേട്ടിട്ടാണ് അങ്ങോട്ട് തിരിഞ്ഞ് നോക്കിയത്.. ഒരു മാലാഖ കുട്ടി. എന്റെ മോളുടെ പ്രായമുണ്ടാകും..

പക്ഷെ മിന്നിത്തിളങ്ങുന്ന ഉടുപ്പിൽ ഏറെ സുന്ദരിയാണവൾ.. കൈയിൽ വളകളണിഞ് കഴുത്തിൽ മാലയിട്ട് കിലുങ്ങുന്ന കൊലുസ്സുമിട്ട് അവൾ കടൽ കണ്ട് ആസ്വദിക്കുകയാണ്..

എന്റെ അമ്മുകുട്ടിയോട് വല്ലാത്ത സഹതാപം തോന്നി.. എന്റെ മോളെ… ഈ മഹാപാപിയുടെ വയറ്റിൽ പിറന്നത് കൊണ്ടല്ലേ എന്റെ കുഞ് ഇങ്ങനെ അനുഭവിക്കുന്നത്.. ദൈവമേ.. എന്റെ മോൾക്കെങ്കിലും നിനക്കൊരു നല്ല ജീവിതം കൊടുത്തുകൂടെ…

കരഞ് കലങ്ങിയ കണ്ണുകളിലൂടെ ഞാൻ ആ മാലാഖക്കുട്ടിയുടെ കളികൾ ആസ്വദിച്ചു. അവളുടെ അമ്മ കൂടെ നടന്ന് മധുരമിട്ടായികൾ വാങ്ങികൊടുക്കുന്നുണ്ട്..

ഒരുനിമിഷം അവരുടെ കൂടെയുള്ള ആളിനെ കണ്ട് ഞാൻ ഞെട്ടിത്തരിച്ചു.. എന്റെ ജീവിതം നശിപ്പിച്ച പിശാശ്.. കണ്ണുകൾ മുറുക്കെ അടച്ച് അയാൾ കാണാതിരിക്കാൻ ഞാൻ അവിടെ പതിഞ്ഞിരുന്നു..

അച്ഛാ എന്നുള്ള ആ മോളുടെ വിളിയിൽ നിന്നും അത് അയാളുടെ കുഞ് ആണെന്ന് എനിക്ക് ഭോദ്യമായ്.. മാനം കറുത്തിരുളാൻ തുടങ്ങി.. എന്റെ കണ്ണീരുപോലെ അത് പെയ്തൊഴുകി..

പഴയ ഓർമകളിലേക്ക് എന്റെ മനസ്സ് പതിയെ നടന്നുനീങ്ങി.. അച്ഛന്റെ ഏക മകളായിരുന്നു ഞാൻ.. വഴിനീളെ നടന്ന് ഇസ്തിരി ഇട്ട് നൽകലായിരുന്നു അച്ഛന്റെ ജോലി..

പ്രശ്നങ്ങളും പരിഭവങ്ങളും ഇല്ലാതിരുന്ന ശാന്തമായ ഞങ്ങളുടെ ജീവിതത്തിന്റെ അട്ടിമാറിയത് പെട്ടന്നാണ്. റോഡ് മുറിച്ചുകടക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് അയാളുടെ വണ്ടി ഞങ്ങളെ വന്ന് ഇടിച്ചത്.

ചെറിയ പരുക്കുകളോടെ ഞാൻ രക്ഷപെട്ടു, പക്ഷെ ആക്‌സിഡന്റിൽ അച്ഛൻ മരിക്കുമ്പോൾ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എനിക്ക് ഇനി എന്തെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.

അറിയാതെ പറ്റിയ വലിയ തെറ്റിന് അയാൾ എന്റെ കാല് പിടിച്ച് മാപ്പുപറഞ്ഞു..

അച്ഛന്റെയും എന്റെയും ആശുപത്രി ചിലവും എന്റെ ഇനിയുള്ള ജീവിതവും അയാൾ നോക്കിക്കൊള്ളാമെന്ന് എന്നോട് സത്യo ചെയ്തു. ബന്ധുവെന്ന് പറഞ് വന്ന സ്ത്രീയുടെ കൂടെ എന്നെയും കയറ്റി അയാൾ യാത്ര തിരിച്ചു..

പക്ഷെ എന്നോട് ചെയുന്ന ഏറ്റവും ക്രൂരത അതാണെന്ന് അന്ന് ഞാൻ അറിഞ്ഞില്ല.. പെണ്ണെന്ന ഒരൊറ്റ കാരണത്താൽ മാംസം കടിച്ചിവലിക്കുന്ന ലാഘവത്തോടെ അവരെന്നെ പിച്ചിച്ചീന്തി..

ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന ഞാൻ എങ്ങനെയാണ് അവിടെ നിന്ന് രക്ഷപെട്ടതെന്ന് ഇന്നും ഓർമയില്ല..

അന്നത്തിന് വകയില്ലാതിരുന്ന എന്റെ വയറ്റിൽ അമ്മുകുട്ടിയെ സമ്മാനിച്ചത് അവരാണ്.. എന്റെ കരച്ചിൽ പോലെ മഴ തകർത്ത് പെയ്തു

വലിയ ഒച്ചയിൽ ഇടിമുഴക്കം കാതിൽ ആഞ്ഞടിച്ചപ്പോളാണ് അമ്മു ഉറക്കത്തിൽനിന്നും ഉണർന്നത്..

മഴ കൊണ്ട് നനഞ് ചീഞ്ഞ അവൽ അവൾക്കായി ഞാൻ വാരിക്കൊടുത്തു. വിശപ്പ് ശമിക്കാതെ അമ്മു എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്റെ ഹൃദയം പൊട്ടിനുറുങ്ങുന്നുണ്ടായിരുന്നു.

മഴ പതിയെ പെയ്തു തോർന്നു. അവൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചുകൊടുക്കാൻ പറ്റിയെങ്കിലോ എന്നോർത്ത് അവളെയും തോളിലിട്ട് കട ലക്ഷ്യമാക്കി ഞാൻ നടന്നു.

മരങ്ങൾക്കിടയിൽ ശബ്‌ദം കേട്ടാണ് മതിലരികിൽ ഞാൻ ഒളിച്ചത്.. അതെ ഇത് അയാളുടെ ശബ്‌ദമാണ്.. അറിയാതെ ഞാൻ മോളെ നെഞ്ചോട് ചേർത്തുപോയ്

അതേടോ… അവൾ തന്നെ ഞാൻ എന്റെ ഈ കണ്ണുകൾ കൊണ്ട് കണ്ടതാ.. കൂടെ ഒരു പെങ്കൊച്ചും ഉണ്ട്.. രണ്ടും നല്ല ഉരുപ്പടിയാ.. നമുക്കിന്ന് അത് ശരിയാക്കണം..

അട്ടഹസിച്ചുകൊണ്ട് അവർ പുലമ്പിയ വാക്കുകൾ വന്ന് വീണത് എന്റെ നെഞ്ചിലാണ്.. തീ പോലെ ഞാൻ നിന്ന് കത്താൻ തുടങ്ങി.. എട്ടും പൊട്ടും തിരിയാത്ത എന്റെ കുഞ്ഞിനെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു…

ഇല്ലാ… ഞാൻ തോൽക്കില്ലാ… എന്നെ പോലെ എന്റെ കുഞ്ഞും….. ഒരിക്കലും ഞാൻ അനുവദിക്കില്ല… ഒരു ഭ്രാന്തിയെ പോലെ ഞാൻ അലറിവിളിച്ചു…

മുന്നിൽ കലിതുള്ളി ആർത്തിരമ്പുന്ന കടൽ എന്നിലേക്കുവന്നലിയും പോലെ തോന്നി.. ധൃഢനിശ്ചയത്തോടുകൂടെ ഞാൻ കടലിലേക്ക് നടന്ന് നീങ്ങി..

അമ്മേ…

എന്റെ കുഞ് മാലാഖ എന്നെ പതിയെ വിളിച്ചു.. കുഞ്ഞി കൈകൾ എന്റെ കവിളിൽ ചേർത്ത് പിടിച്ച് അവൾ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..
എന്റെ അമ്മ എന്തിനാ കരയുന്നെ… അമ്മുന് വിശക്കുന്നില്ലമ്മേ… എനിക്ക് വിശന്നിട്ടാണോ അമ്മ കരയുന്നെ…..

എന്റെ ദൈവമേ…… എന്റെ മോളുടെ മുന്നിൽ ഞാൻ ആർത്തുകരഞ്ഞുകൊണ്ടിരുന്നു… മരണത്തിലേക്ക് അവളെയും ചേർത്ത് നടന്ന് നീങ്ങുമ്പോൾ ഞാൻ അവളോട് പറഞ്ഞു..

അടുത്ത ജന്മത്തിൽ… ഈ ഗതികെട്ടവളുടെ വയറ്റിൽ നീ പിറക്കാതിരിക്കട്ടെ… അമ്മ നിന്നെ സ്നേഹിച്ചിരുന്നില്ല എന്ന് മാത്രം എന്റെ കുഞ് കരുതരുത്… നീ ഈ ഭൂമിയിൽ ജീവിച്ചിരുന്നാൽ ആയിരം വട്ടം എന്റെ മോള് മരണവേദന സഹിക്കേണ്ടിവരും.. അമ്മയോട് ക്ഷമിക്ക്..

പിന്നീട് ഒന്നും നോക്കിയില്ല.. കടലിനകത്തെക്ക് ഞാൻ നടന്ന് നീങ്ങി.

മതി… പേടിയാകുന്നമ്മേ…. അമ്മേ… അമ്മുന് പേടിയാകുന്നു…. അമ്മു നിലവിളിച്ചുകൊണ്ടിരുന്നു…

പകുതിയോളം വെള്ളത്തിലായശേഷമാണ് പുറകിൽ നിന്നും ഒരു കൈവന്ന് എന്നെ വലിക്കുന്നത്…

എന്താ ഗംഗേ… നിനക്ക് ഭ്രാന്തുപിടിച്ചോ….

ആനിഡോക്ടർ….

ദൈവത്തെ നേരിട്ട് കണ്ട പ്രതീതിയോടെ ഞാൻ അവരുടെ കാലിൽവീണ് കരഞ്ഞു..

പേടിച്ചുതളർന്ന എന്റെ കുഞ് എന്നെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു…

എനിക്ക് ജീവിക്കണം ഡോക്ടർ… എന്നെ… ന്റെ മോളെ… അവർ കൊല്ലും… കൊല്ലും…

ഗംഗേ… എന്ത് പ്രശ്നമുണ്ടെങ്കിലും എന്റെ അടുത്ത് വരണമെന്ന് ഞാൻ പറഞ്ഞതല്ലേ… നീ ഒന്നുകൊണ്ടും പേടിക്കണ്ട.. എന്റെ കൂടെ പോന്നോളൂ.. എനിക്ക് വീട്ടുജോലിക്ക് ഒരാളെ ആവശ്യമുണ്ട്… എന്താ നീ വരില്ലേ.. നല്ല ശമ്പളം ഒക്കെ തരാമെന്നെ…

രണ്ടാമതൊരു ജീവിതം കൈകളിൽ വെച്ച് നീട്ടിയ പോലെ അവർ എന്നെയും കൂട്ടി പുറപ്പെട്ടു.. ഈ രാത്രിയിൽ എനിക്ക് വേണ്ടി ആര് ഡോക്ടറെ പറഞ്ഞുവിട്ടു എന്നറിയില്ല..

പക്ഷെ ഒന്നെനിക്കറിയാം എന്റെ ജീവിതത്തിൽ ഞാൻ കണ്ട ദൈവം അത് ആനിഡോക്ടർ ആണ്.. അപ്പോൾ അങ്ങ് ദൂരെ മഴക്കാറ് മാറി മാനം തെളിഞ് വരുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *