അവൾ പറഞ്ഞു ഏട്ടൻ എന്നെ വേണ്ടെന്ന് വെച്ചോളൂ, പക്ഷെ ഞാൻ ഈ ജോലി വേണ്ടെന്ന്..

നിഴൽ ചിത്രങ്ങൾ
(രചന: Ammu Santhosh)

ട്രെയിൻ ഓടിക്കൊണ്ടിരുന്നു. പിന്നോട്ട് മറയുന്ന കാഴ്ചകൾ നോക്കിയിരിക്കുകയായിരുന്നു ഞാൻ. എന്റെ മനസ്സ് ശൂന്യമായിരുന്നു. സത്യത്തിൽ സന്തോഷിക്കേണ്ടതാണ്.

ഏഴു വർഷത്തെ പ്രണയം വിവാഹത്തിലെത്തി നിൽക്കുന്നു. പക്ഷെ വലിയൊരു നഷ്ടം എന്നെ കാത്തിരിക്കുന്നുമുണ്ട്. എന്റെ സ്വപ്നം എന്റെ ജോലി എന്റെ കരിയർ ഒക്കെ ഇതോടെ തീരുകയുമാണ്.

ഞാൻ ഒരു ജേർണിലിസ്റ്റ് ആണ്. ഏറ്റവും ഇഷ്ടമുള്ള ജോലി കിട്ടിയിട്ട് കഷ്ടിച്ച് ഒരു വർഷമാകുന്നേയുള്ളു. ആസ്വദിച്ചു വരുന്നതേയുള്ളു.

വിവാഹം കഴിഞ്ഞാൽ ഞാൻ ഞാൻ ജോലി വിടേണ്ടി വരും. നീരജിന് എന്റെ ജോലി ഇഷ്ടമല്ല.

അവരുടെ വീട്ടിലാർക്കും എന്റെ ജോലി ഇഷ്ടമല്ല. എന്തിന് എന്റെ അച്ഛനും അമ്മയ്ക്കും പോലും ഇഷ്ടമല്ല എന്റെ പത്രപ്രവർത്തനം.

“എനിക്ക് നിന്നേ വേണം മാളു.. നിനക്ക് എന്നെ വേണോ ഈ ജോലി വേണോ?”

നീരജ് ചോദിച്ചു

ചിലപ്പോൾ തോന്നും കുറുക്കന്റെ സ്വാഭാവമാണ് നീരജിനെന്ന്. തന്ത്രം.. സെന്റിമെന്റൽ ആയി കാര്യങ്ങളെ കാണുകയും അതിൽ മുതലെടുപ്പ് നടത്തുകയും ചെയ്യും.

ആ ഒറ്റ പോരായ്മയേയുള്ളു അത് കൊണ്ടാണ് ഉപേക്ഷിച്ചു പോകാൻ പറ്റാത്തതും, കല്യാണത്തിന് സമ്മതിച്ചതും

“ഹലോ ”

ഒരു ചെറുപ്പക്കാരൻ. അപ്പോഴാണ് ശ്രദ്ധിച്ചത് ഇപ്പൊ കമ്പാർട്മെന്റിൽ താനും അയാളുമെയുള്ളു.

“അയ്യോ പേടിക്കണ്ട “തന്റെ കണ്ണിൽ ഒരു പേടി വന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ടാകും

“എന്റെ മൊബൈൽ ചാർജ് തീർന്നു..”

“അതിന്?”

“അല്ല വൈഫ് വിളിച്ചാൽ കിട്ടില്ല. മൊബൈൽ ഒന്ന് തരാമോ.. അവളെ ഒന്ന് വിളിച്ചു പറയാനാ. പാവം പേടിക്കും അതാ ”

ഞാൻ മൊബൈൽ കൊടുത്തു
അയാൾ വൈഫിനോട് കാര്യം പറഞ്ഞു ഫോൺ തിരിച്ചു തന്നു.

“എവിടെയാ വീട്?”

ഞാൻ അയാളോട് ചോദിച്ചു

“ഞാൻ തൃശൂർ..പക്ഷെ വൈഫ് സെക്രട്ടറിയെറ്റിലാ ജോലി ചെയ്യുന്നത്. അപ്പൊ എല്ലാ വെള്ളിയാഴ്ച യും ഞാൻ അങ്ങോട്ട് പോകും ”

“വൈഫിന്റെ വീട് അവിടെയാകും അല്ലെ?”

“ഹേയ് അല്ല ഞങ്ങൾ രണ്ടു പേരും തൃശൂർ തന്നെ.. അവൾ അവിടെ ഹോസ്റ്റലിൽ..”

“എങ്കിൽ പിന്നെ നിങ്ങൾക്കും ട്രാൻസ്ഫർ വങ്ങിയങ്ങോട്ട് പോകാമല്ലോ.”

“എനിക്ക് സ്വന്തം ബിസിനസ് ആണ് .മൂന്നാല് ഷോപ്പ് ഉണ്ട്..പിന്നെ വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ട്. കുറെ pets ഉണ്ട്.. അവളുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും ഉണ്ട് ”

“എല്ലാവരും ഒരു വീട്ടിൽ ആണോ?”

ഞാൻ അതിശയത്തോടെ ചോദിച്ചു

“അതേ.. അവൾ ഒറ്റ മോളാണ്.. അവളുടെ അച്ഛനുമമ്മക്കും പ്രായമായി.. എന്റെയും അങ്ങനെ തന്നെ.. അത് കൊണ്ട് ഞങ്ങൾ അങ്ങ് ഒന്നിച്ചായി ”

“എന്നാലും രണ്ടിടത്തായിട്ട്…ട്രാൻസ്ഫർ ഒരിക്കലും കിട്ടില്ലല്ലോ ”

“രണ്ടിടത്ത് എന്ന് എനിക്കും അവൾക്കും തോന്നാറില്ല ”

അയാൾ മെല്ലെ ചിരിച്ചു

“അവളുടെ അച്ഛനും അമ്മയും ഒക്കെ സർക്കാർ ജോലിക്കാരായിരുന്നു ട്ടോ.. അവൾക്കും വലിയ ആഗ്രഹമായിരുന്നു സർക്കാർ ജോലി…

സ്നേഹിച്ചു നടന്ന കാലം മുതൽ പറയും അത്.. ജോലി കിട്ടിയപ്പോൾ ദേ അവിടെ.. അതോണ്ട് സ്വപ്നം വേണ്ടെന്ന് വെക്കണോ.. ഒരു ജീവിതം അല്ലേയുള്ളു..

അവൾക്ക് അതാ സന്തോഷം.. സത്യത്തിൽ എന്റെ വീട്ടിൽ ഭയങ്കര എതിർപ്പ് ആയിരുന്നു ട്ടോ.. അവർക്ക് പെണ്ണുങ്ങൾ ജോലിക്ക് പോകുന്നത് ഒന്നും അത്ര ഇഷ്ടം അല്ല. പഴയ ആൾക്കാരാ.

അവൾ പറഞ്ഞു ഏട്ടൻ എന്നെ വേണ്ടെന്ന് വെച്ചോളൂ പക്ഷെ ഞാൻ ഈ ജോലി വേണ്ടെന്ന് വെയ്ക്കില്ലന്ന്. ആദ്യം ഒരു ദേഷ്യം വന്നു അഞ്ചാറ് വർഷം സ്നേഹിച്ച എന്നേക്കാൾ വലുതാണോ ജോലി..

എനിക്ക് കാശ് ഉണ്ടല്ലോ അത് പോരെ എന്നൊക്കെ ചിന്തിച്ചു.. പിന്നെ ആലോചിച്ചു നോക്കിയപ്പോൾ അവൾക്ക് സ്വന്തം ഇഷ്ടം ഉണ്ടാവില്ലേ സ്വപ്നം ഉണ്ടാവില്ലേ…

അതിലുമുപരി ഇത്രയും വർഷം സ്നേഹിച്ച എന്റെ സ്നേഹം അപ്പൊ എന്താ? അവളെക്കാൾ നല്ല ഒരു പെണ്ണ് ചിലപ്പോൾ ഭാവിയിൽ ഒപ്പം കൂടിയേക്കാം.

പക്ഷെ അത് ഒരിക്കലും അവളാവില്ലല്ലോ.. അങ്ങനെ കല്യാണം നടന്നു.. പണ്ടത്തെക്കാൾ കൂടുതൽ ഇപ്പൊ അവൾ എന്നെ സ്നേഹിക്കുന്നുണ്ട്…

ഉപേക്ഷിച്ചു കളഞ്ഞില്ലല്ലോ ഒപ്പം നിന്നില്ലേ അതാവും.. അവൾ എത്ര ഹാപ്പിയാണെന്നോ ഇപ്പൊ? അതല്ലേ നമ്മുടെയും സന്തോഷം? ”

ഞാൻ പുഞ്ചിരിച്ചു
അപ്പോഴേക്കും അടുത്ത സ്റ്റേഷനിൽ നിന്നു ആൾക്കാർ കയറുകയും ചെയ്തു.. ഞങ്ങളുടെ വർത്തമാനം അവിടെ മുറിഞ്ഞു

ദൈവം ചിലപ്പോൾ നമ്മോട് സംസാരിക്കും. ഇത് പോലെ അപരിചിതരിലൂടെ ചിലപ്പോൾ കൂടെയുള്ളവരിലൂടെ

അത്ര മേൽ ദൈവത്തിന് പ്രിയമുള്ളവരാണ് നാം

പക്ഷെ പലപ്പോഴും അത് കേൾക്കാൻ കാത് കൊടുക്കാറില്ല നമ്മൾ.. ഞാൻ നീരജിനെ കണ്ടു. ജോലി കളയില്ല എന്ന് പറഞ്ഞു. നീരജ് തീരുമാനിക്കട്ടെ എല്ലാം.

ഇന്ന് നീരജിന്റ കല്യാണമാണ്.
ഞാനല്ല വധു വധു ഒരു ഡോക്ടറാണ്.

അവൻ എനിക്കായ് വാദിച്ചിരിക്കാം.
വീട്ടുകാർ സമ്മതിച്ചിട്ടുണ്ടാകില്ല. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഞാൻ അവന്റെ കല്യാണത്തിന് പോയി.
എനിക്കവനോട് യാതൊരു ദേഷ്യവും തോന്നിയില്ല. സത്യം.

എനിക്കൊരുപാട് ചെയ്യാനുണ്ട്..
ചിലപ്പോൾ എന്നെ മനസിലാക്കുന്ന ഒരാൾ വന്നേയ്ക്കാം. ഇല്ലെങ്കിലും സാരമില്ല. ജീവിതത്തിൽ പ്ലാനിങ് ഒന്നും വേണ്ടെന്നേ..

Leave a Reply

Your email address will not be published. Required fields are marked *