ഒന്നു ചുംബിച്ചോട്ടേ പെണ്ണേ നിന്നേ, അയ്യടാ കെട്ട് കഴിയാതെ എന്റെ ദേഹത്ത് സ്പര്‍ശിച്ചാൽ..

ആദ്യ ചുംബനം
(രചന: അനൂപ് കളൂർ)

“ഒന്നു ചുംബിച്ചോട്ടേ പെണ്ണേ നിന്നേ”

“അയ്യടാ… കെട്ട് കഴിയാതെ എന്റെ ദേഹത്ത് സ്പര്‍ശിച്ചാൽ മോൻ വിവരം അറിയും “

“അയ്യോ. പതുക്കെ പറ പെണ്ണേ… എല്ലാരും ശ്രദ്ധിക്കുന്നു”

“നന്നായി മോന്റെ കയ്യിലിരുപ്പ് എല്ലാരും അറിയട്ടേ ന്നേ..” ചിരിച്ചു കൊണ്ടായിരുന്നു അവളുടെ മറുപടി.

“ഹും നാല് മാസം കൂടിയല്ലേ ഉള്ളു വിനീത മോളെ പലിശ സഹിതം തരാം ട്ടാ”

“ആഹാ.അതിനു ഇത്തിരി പുളിക്കും മഹേഷ് മോനെ”

ഒരു സായാഹ്നം ഒന്നു ചേർന്നപ്പോൾ ഏട്ടൻ തമാശയായി പറഞ്ഞു പോയതാ… എന്റെ പ്രതികരണം ഒരിത്തിരി ഉച്ചത്തിൽ ആയി പോയി. തല്ലു കിട്ടാഞ്ഞത് ഭാഗ്യം. അന്നത്തെ ദിവസം ചിരിക്കാൻ അതു തന്നെ മതിയാരുന്നു.

നാളുകൾ മറിഞ്ഞു. താലി ചരടിനാൽ എന്നെ സ്വന്തമാക്കിയ നിമിഷം തന്നെ എന്നെയും നിറഞ്ഞു നിൽക്കുന്ന സദസ്സിനെയും അമ്പരപ്പിച്ചു കൊണ്ടായിരുന്നു ആ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞത്.

അമ്പരപ്പ് മാറും മുന്നേ, ഒരു കൂസലും ഇല്ലാതെ കാതിൽ ആ വാക്കുകൾ എത്തി..

“മോളെ അന്ന് വല്യേ ഡിമാൻഡ് കാട്ടിയില്ലേ. ഇപ്പൊ എങ്ങനെ ഉണ്ട്. സന്തോഷം ആയില്ലേ..”

“ഏട്ടാ ന്നാലും വല്ലാത്ത ചതി ആയി പോയി. അയ്യേ നാട്ടാര് നോക്കി ചിരിക്കുന്നു. നിക്ക് വയ്യ. ഇനി എങ്ങനെ എല്ലാരുടെയും മുഖത്ത് നോക്കും.

“അയ്യടാ  നാട്ടാരുടെ മുഖത്ത് നോക്കണ്ട എന്റെ മുഖത്ത് നോക്കിയാൽ മതീ ട്ടാ മോളൂസേ”

അന്ന് മുതൽ തുണയായി നിന്ന് ഏട്ടൻ പകർന്ന സ്നേഹ നിമിഷങ്ങൾ അനർവചനീയമാണ്. ഒന്നിച്ചുള്ള ജീവിതത്തിന്റെ തുടക്കമായി നെഞ്ചോട് ചേർത്തുനിർത്തി. തന്റെ കുറവുകളും കഴിവുകളും മറച്ചു വെക്കാതെ തുറന്ന് പറഞ്ഞു കൊണ്ട്  മനസ്സ് കീഴടക്കി…

അന്ന് തൊട്ട് ഓരോ ദിനവും ജോലിക്കിറങ്ങുമ്പോൾ എനിക്കായ് ഒരു സ്നേഹചുംബനത്തിന്റെ മധുരം തരാൻ ഇന്നേവരെയും ഒരിക്കലും മറന്നിട്ടില്ല ഏട്ടൻ…

ഒരമ്മയാവാൻ പോകുന്നു എന്നവാർത്ത അറിഞ്ഞ നിമിഷം… എടുത്തുയർത്തി ആശുപത്രി വരാന്തയിൽ വെച്ചു നെറുകയിൽ പകർന്ന ചുംബന മധുരവും…

ഓരോ നാളും വീർത്തു വരുന്ന വയറിൽ എന്നും എനിക്ക് തരുന്ന പോലെ കുഞ്ഞാവക്ക് നൽകിയ സ്നേഹ ചുംബനങ്ങൾ…

ഒരുനാൾ അച്ഛൻ ആയി തീർന്നപ്പോൾ അമ്മക്ക് ആദ്യം എന്ന വാക്കിനാൽ എനിക്കും പിന്നീട് വാവക്കും നൽകിയ സ്നേഹ നിമിഷങ്ങൾ…

മക്കളുടെ വളർച്ചയിൽ പലതും നിയന്ത്രണങ്ങളിൽ ആയി എങ്കിലും എന്നും എട്ടന്റെ  സ്നേഹവും കരുതലും ഉണ്ടായിരുന്നു.. ഒന്നു പതറിയാൽ താങ്ങാനും കൈ പിടിച്ചു നടത്താനും നിഴൽ പോലെ ഉണ്ടെന്ന വിശ്വാസം…

മക്കളുടെ വളർച്ചക്കൊപ്പം ഞങ്ങളും മാറി. മുടി നരച്ചു. ആശകൾ ത്യജിച്ചു. എന്നിട്ടും ഞങ്ങൾ പ്രണയിച്ചു. ഒരുമാത്ര പോലും കളയാതെ..

മക്കളുടെ മക്കൾ വളരാൻ തുടങ്ങി. ആരും കാണാതെ  അപ്പോഴും എന്റെ ചുംബന കാമുകൻ എനിക്ക് ചുറ്റും വട്ടമിട്ടു പറന്നു…

പലപ്പോഴായി “നാണമില്ലാത്ത മനുഷ്യൻ” എന്ന വാക്കിനാൽ തട്ടി മാറ്റേണ്ടി വന്നു ഏട്ടനെ …

പ്രായം കൂടും തോറും കുഞ്ഞുങ്ങളെ പോലെ ആവുന്നു എന്ന് തോന്നും പലപ്പോഴും… പക്ഷേ ഇന്ന് ഏട്ടന്റെ ഈ ചുംബനത്തിന് മധുരമില്ല. ചൂടില്ല. കണ്ണുനീരിന്റെ ഉപ്പ് മാത്രം… തേങ്ങലിന്റെ ഈണവും…

ഞാൻ ഒരിക്കലും അറിയരുത് എന്ന് കരുതിയ ഏട്ടന്റെ വേദന നിറഞ്ഞ മുഖം. കാണാൻ വയ്യേലും കേൾക്കുന്നുണ്ട് ഓരോ നിമിഷവും…

ആ കരങ്ങൾ നൽകിയ ആലിംഗനങ്ങൾക്ക് ദൃഢത നഷ്ടപ്പെട്ട പോലെ. വിറങ്ങലിച്ചു പോയ പോലെ. ഒരു തേങ്ങൽ പോലെ ആ ചുണ്ടുകൾ വിതുമ്പുന്നുണ്ട്…

ആരൊക്കെയോ ബലമായി എന്നിൽ നിന്നും ഏട്ടനെ പിടിച്ചു മാറ്റുന്നു. എതിർപ്പുകളെ തടഞ്ഞിട്ടും കൂട്ടാക്കാതെ…

“വേണ്ട അവൾക്ക് തീയേ പേടിയാ. ഒന്നു ചെറുതായൊന്നു പൊള്ളിയാൽ സഹിക്കില്ലാ. പിന്നെ എങ്ങനാ അവൾ…

അച്ഛന്റെ വാക്കുകൾ കേൾക്കണ്ട. പ്രായം കൂടിയതിന്റെ ആണ്. എടുക്കാം ഇനിയും വൈകണ്ട.

മൂത്ത മാവ് ആണ്. നല്ലോണം കാതൽ ഉണ്ട്. മഹേഷിന്റെ കുഞ്ഞുനാളിൽ അവൻ വെച്ചതാ. ഇപ്പൊ സ്വന്തം ഭാര്യക്ക് നിദ്ര ഒരുക്കുന്നതും ആ മരം തന്നെ വിധി അല്ലെ..

അരുടെയൊക്കയോ വാക്കുകൾ കേൾക്കാം കാതിൽ. ഒരിക്കലും വിട്ടു പോകരുത് എന്ന പറഞ്ഞ ആളെ വിട്ട്, വിധി ആദ്യമേ എന്നെ വിളിച്ചപ്പോൾ തകർന്നത് ആ മനസ്സും കൂടിയാണ്.

ആരോക്കയോ ചേർന്ന് എടുത്തുയർത്തും പോലെ. പെട്ടെന്ന് ഏട്ടന്റെ ദേഹം എന്നിൽ വന്നു പതിഞ്ഞു. ആ ദേഹത്തിന്റെ ഗന്ധം എത്ര അകലെ നിന്നും എനിക്കറിയാം…

ആ ചുണ്ടുകൾ എന്നിൽ അമരുമ്പോൾ നിറഞ്ഞ കൺപീലികൾ നനവ് പകർന്നപ്പോൾ അവസാനമായി ഞാൻ ചുംബന ലഹരിയിൽ നിറയുകയായിരുന്നു..

ഇനി ഒരിക്കലും നുകരാൻ ആവാത്ത ഒന്ന്… എനിക്ക് വേണ്ടി എന്റെ പാതി നൽകുന്ന… അന്ത്യ ചുബനം…

Leave a Reply

Your email address will not be published. Required fields are marked *