കല്യാണം എന്നു കേൾക്കുന്നത് തന്നെ ദേഷ്യം ആണേലും ഇത്രേം തന്റേടം കാണിച്ച പുള്ളിയെ..

ചങ്കൂറ്റം
(രചന: അനൂപ് കളൂർ)

“എനിക്ക് ചേട്ടന്റെ മോളെ കണ്ടപ്പോൾ ഇഷ്ടായി, കെട്ടിച്ചു തരാവോ ” തയ്ക്കാൻ തുണിയും കൊണ്ടു കടയിൽ വന്ന പയ്യൻ പറഞ്ഞ വാക്കുകൾ പറയുമ്പോൾ  അച്ഛന്റെയും  അമ്മേടേം എന്റെയും മുഖത്ത് ആശ്ചര്യം ഒരുപോലെ നിറഞ്ഞു…

“ന്നിട്ട് നിങ്ങൾ എന്തു പറഞ്ഞു ഏട്ടാ” അമ്മയുടെ ചോദ്യംഉയർന്നു..

“അവൾ പഠിക്കുകയല്ലേ ,ഇപ്പോഴൊന്നും നടക്കില്ല ,നാല് വർഷം കഴിഞ്ഞേ വിവാഹത്തെ പറ്റി ആലോചിക്കുന്നുള്ളൂ എന്ന് അല്ലാതെന്ത് പറയാനാ”

“എന്തായാലും ചെക്കൻ കൊള്ളാലോ ഏട്ടാ”

“എത്രവർഷം വേണേലും അവൻ കാത്തിരുന്നോളാം എന്നും പറഞ്ഞിട്ടാ അവൻ പോയത്.

അച്ഛൻ വാക്കുകൾകേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി ശരിക്കും ,ഇന്ന്  ബൈക്കിൽ പിറകിൽ വന്ന ആ ചേട്ടൻ ആണോ അതോ വേറെ ആരേലും ആണോ ,എന്തോ അയാളെ കാണാൻ ഒരു മോഹം…

പക്ഷെ പറഞ്ഞിട്ടെന്തു കാര്യം ,ആളെ തിരിച്ചറിയാൻ ഒരു വഴിയും ഇല്ലല്ലോ..

കാണാൻ ഉള്ളിൽ കുറെ കൊതിച്ചിരുന്നു എന്നതാണ് സത്യം…

കല്യാണം എന്നു കേൾക്കുന്നത് തന്നെ ദേഷ്യം ആണേലും ഇത്രേം തന്റേടം കാണിച്ച പുള്ളിയെ ഒന്നു കാണാൻ ഉള്ള ഒരു വ്യഗ്രത തന്നെയെന്ന് പറയാം….

കാണുന്ന ഓരോ മുഖങ്ങളിലും അവനെ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ തേടി കൊണ്ടിരുന്നു…

കുടുംബ വീട്ടിലെ ഒരു കല്യാണത്തിന് പോയപ്പോൾ കവിളിൽ ഒരു നുണക്കുഴിയുള്ളവൻ പിറകിൽ തന്നെ കൂടിയിരുന്നു.

അതിനു ശേഷം കല്യാണ വീഡിയോ കാണുന്ന നേരത്താണ് അച്ഛൻ  കാണിച്ചു തന്നത് ആ തന്റേടിയെ .. അച്ഛൻ ഈ പയ്യനെ കണ്ടതും ഇവൻ ആണ് എന്നോട് വന്നു നിന്നെ കെട്ടിച്ചു തരുമോന്ന് ചോദിച്ചതെന്ന് ,ചിരിച്ചും കൊണ്ട് പറഞ്ഞത്..

നാളുകൾക്ക് ശേഷം വീണ്ടും വഴിയിൽ വെച്ച് കണ്ടുമുട്ടിയതും അച്ഛനോട് ചോദിച്ചതിന് മറുപടി എന്തായെന്ന് പറഞ്ഞതും ഇതറിഞ്ഞ അച്ഛൻ  അവന്റെ അച്ഛനുമായി വഴക്കിട്ടതും  അതിനിടക്ക് കടന്നു പോയി…

നഴ്‌സിങ്ങിന് ചേർന്നു പിന്നീട്.ഫ്രണ്ടിന്റെ നിർബദ്ധ പ്രകാരം ഫേസ്‌ബുക്ക് തുറന്നപാടെ വീണ്ടും വന്നു പുള്ളിക്കാരൻ എന്തൊരു കഷ്ടമാ നോക്കിക്കേ. നാല് വർഷത്തോളം ആയി ഇതിങ്ങനെ…

പേര് വിജീഷ് കാണാനും കൊള്ളാം ട്ടോ, ന്നാലും അവിടേം പുള്ളിയെ ബ്ലോക്കി മ്മളാരാ മോൾ..

അതിന് ശേഷം വാട്സ്അപ്പിലും എത്തി ചെക്കൻ, സഹികെട്ട് തനിക്കെന്താ വേണ്ടതെന്ന് ചോദിച്ചപ്പോൾ …

“i love you neethu”

എന്നും കേട്ടതും മനസ്സിൽ ഒത്തിരി സന്തോഷിച്ചെങ്കിലും താല്പര്യം ഇല്ലെന്ന് പറഞ്ഞു ..കാരണം..

“എന്റെ ലോകം അച്ഛനും അമ്മയും ആണ് ഒരു വാക്കുകൊണ്ട് പോലും അവരെ വേദനിപ്പിക്കില്ലെന്ന വാശിയുണ്ട്  എനിക്കുള്ളിൽ” അത് മായാതെ മനസ്സിൽ ഉണ്ട് ഓർമ്മ വെച്ച കാലം തൊട്ട്…

നാട്ടിലെ ഉത്സവത്തിന് വന്നപ്പോൾ ദേ വീണ്ടും മെസ്സേജ് മൊബൈൽ ഷോപ്പ് മുതലാളിക്ക് ആണോ സിമ്മിന് ക്ഷാമം ..ഒന്ന് ബ്ലോക്കിയാൽ മറ്റൊന്ന്…

“ദയവായി ഇനി എന്നെബ്ലോക്ക് ചെയ്യല്ലേ എന്നു പറഞ്ഞത് കേട്ട് ഒത്തിരി ചിരിച്ചു ഞാൻ”

“നിന്റെ സ്ഥാനത്ത് എനിക്ക് വേറെ ഒരാളെ കാണാൻ കഴിയില്ല നീതു,ആദ്യമായ് അമ്പലത്തിൽ വെച്ചാണ് നിന്നെ കണ്ടത് ദൈവ നിയോഗം പോലെ മനസ്സിൽ അന്ന് കുറിച്ചിതാ നീ എന്റേതാണെന്ന്…

ഞാൻ അറിയാതെ ചെക്കൻ എന്റെ മനസ്സിൽ കയറിയെങ്കിലും സമ്മതിച്ചു കൊടുത്തില്ല.

ഇതിനൊക്കെ കൂടെ എല്ലാം അറിയുന്ന  മ്മ്‌ടെ പുന്നാര അനിയത്തി ഉണ്ണിമായയും ചങ്ക് കൂട്ടുകാരൻ നിമേഷും  ചെക്കനെപറ്റി ഓരോന്നും പറഞ്ഞു ,മ്മ്‌ടെ മനസ്സിൽ എന്തൊക്കയോ സ്വപ്നങ്ങൾ നിറച്ചു രണ്ടാളും..

അങ്ങനെ ഒരുനാൾ സെന്റി അടിച്ചു കള്ളൻ എന്നെ കൊണ്ട് പറയിപ്പിച്ചു  എന്റെ മനസ്സ്. നിന്നെയും കൊണ്ടേ മോളേ ഞാൻ പോവൂ എന്ന രീതിയിൽ….

ആദ്യമായ് അമ്പലനടയിൽ ഒന്നുചേർന്നു  നിൽക്കുമ്പോൾ കൂപ്പിയ കൈകൾ ആലിലപോൽ വിറച്ച നിമിഷങ്ങൾ ഇനിയെന്നും മധുരിക്കുന്ന ഓർമ്മയാണ്..

എന്റെ മനസ്സിൽ പ്രാർത്ഥന ഒന്നു മാത്രം ആയിരുന്നു ആരെയും എന്നെ കൊണ്ട് വേദനിപ്പിക്കല്ലേ കൃഷ്ണാ എന്ന്…

“മോളേ പൊന്നുപോലെ നോക്കുന്ന അച്ഛനും അമ്മയും ഒരുവശത്തും ഇഷ്ടപെട്ട പെണ്ണിന് വേണ്ടി എന്തും സഹിക്കാനും കാലങ്ങൾ എത്ര കാത്തിരിക്കാനും  വേണ്ടി ഒരുത്തൻ മറു വശത്തും മനസ്സുരുകി പറഞ്ഞു…

ഞാൻ അറിയാതെ എന്റെ അമ്മയെ വിളിച്ചു സംസാരിച്ചു ഏട്ടൻ ഒത്തിരി സങ്കടത്തോടെ ഈ ജന്മം അവളെ എനിക്ക് തന്നൂടെ എന്ന്..പൊന്നുപോലെ നോക്കിക്കോളാം എന്നൊരു വാക്കും…

നാട്ടിൽ നല്ലജോലിയും നല്ല സ്വാഭാവവും കുടുംബ മഹിമയും ഉള്ള അവനിൽ ഒരു കുറ്റം കണ്ടെത്താൻ കഴിയില്ല എന്നതാണ് സത്യം…

അമ്മക്കും അച്ഛനും എന്നേ അവനെ ഇഷ്ടപ്പെട്ടിരുന്നുവെത്രെ..

“ഇഷ്ടപെട്ട പെണ്ണിന്റെ അച്ഛനോട് തന്നെ ചങ്കൂറ്റത്തോടെ പെണ്ണ് ചോദിച്ചു വന്ന അവൻ ഈ ജീവിതകാലം മുഴുവൻ മോളെ പൊന്നു പോലെ നോക്കിടും എന്നൊരു വിശ്വാസം ഞങ്ങൾക്കുണ്ട്….

“നിന്റെ സമ്മതം ചോദിക്കുന്നില്ല ,അതു നീ പറയാതെ തന്നെ ഞങ്ങൾക്ക് അറിയാം ഞങ്ങളുടെ ഇഷ്ടം തന്നെയാണ് നിനക്കും, എന്ന് അവർ പറഞ്ഞു നിർത്തി…

“ഇഷ്ടപെട്ടതെങ്കിലും അച്ഛന്റെയും അമ്മയുടെയും മനസ്സ്നിറഞ്ഞു കൊണ്ട് ഏട്ടന്റെ കൈകളിൽ എന്റെ ചേർത്തു വെക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി…

“മക്കളുടെ മനസ്സ് അറിഞ്ഞു കൊണ്ട് പൂർണ്ണ മനസ്സോടെ അത് സാഫല്യമാക്കി കൊടുക്കുന്ന അച്ചന്റെയും അമ്മയുടെയും മകളായി ജനിച്ചതിലും തന്റെ ജീവിത പങ്കാളിക്ക് വേണ്ടി

കാലങ്ങൾ കാത്തിരുന്ന ഇനിയുള്ള കാലം എന്നെ എപ്പോഴും ചേർത്തു നിർത്താൻ  ആഗ്രഹിക്കുന്ന ഏട്ടന്റെ പാതി ആവാൻ പോവുന്നതിലും വാക്കുകളാൽ പറയാൻ കഴിയാത്ത സന്തോഷം.

ഏട്ടന്റെ പാതിയായി കഴുത്തിൽ മിന്നുചാർത്താൻ ഇനി മാസങ്ങൾ മാത്രം ബാക്കി  .നീണ്ട എട്ട് വർഷത്തെ ജീവിതത്തിന്റെ സാഫല്യം പോലെ ആ നെഞ്ചോട് ചേർന്ന് ഇനിയുള്ള കാലം….

“ഒന്നു ചേർന്നു നടന്നത് ഇത്തിരി നേരമെങ്കിലും .. മനസ്സുകൾ തമ്മിൽ മുൻജന്മസുകൃതം പോൽ ഒരായിരം ജന്മങ്ങൾ ഒന്നായികഴിഞ്ഞു…. ഇനിയുള്ള ജന്മങ്ങൾ അത്രയും ഏട്ടന്റെ പെണ്ണായി ആ കൈപിടിച്ചു നടക്കാൻ ഒത്തിരി മോഹം..

Leave a Reply

Your email address will not be published. Required fields are marked *