എന്റെ കല്യാണം ഉറപ്പിച്ചു, കഴിഞ്ഞതെല്ലാം ഓർമ്മകൾ മാത്രമാണ് അത് ഒരു സ്വപ്നം പോലെ..

ബഷീറിന്റെ പ്രേമ ലേഖനം
(രചന: Anna Mariya)

ഫാത്തിമാടെ കല്യാണ നിശ്ചയം കഴിഞ്ഞു നിൽക്കുന്ന സമയം,,, ചെക്കൻ ദുബായീന്നാണ്,,, ഷെരീഫ്,,, കല്യാണം കഴിഞ്ഞാൽ ഓളെ ദുബായിക്ക് കൊണ്ടു പോകുമെന്നാണ് പറഞ്ഞിട്ടുള്ളത്,,,,

കുറെ ആലോചന വന്നശേഷം ഇതാണ് ഒന്ന് ശരിയായത്,, കാരണം ഫാത്തിമയ്ക്ക് ഒരു ലൈൻ ഉണ്ടായിരുന്നു,,, അത് നടക്കൂല ന്ന് വാപ്പ തീർത്തു പറഞ്ഞു,,,

ഒടുക്കം ഓൻ ഗൾഫിൽപോയ ഗ്യാപ്പിൽ ഈ കല്യാണം നടത്താൻ തീരുമാനിച്ചതാണ്,,,

അങ്ങനെ ഫാത്തിമ ഇവിടെ കേരളത്തിലും ഷെരീഫ് അങ്ങ് ദുബായിലും കിനാവ് കാണാൻ തുടങ്ങി,,,

ഓര് ഫോണിൽ വിളിയായി,, കഥ പറച്ചിലായി,,, പ്രേമമായി,,, ഒന്നും പറയണ്ട,,, ഫാത്തിമ ഇപ്പൊ സ്വർഗ്ഗത്തിലാണ്,,,

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഫാത്തിമാടെ വീട്ടിൽ പോസ്റ്റ്‌ മാൻ വന്നു,,, ഓളെ ഉമ്മ പുറത്തിറങ്ങി ചെന്നപ്പോൾ പോസ്റ്റ്‌ മാൻ ഒരു കത്ത് എടുത്തു കൊടുത്തിട്ട് പറഞ്ഞു,,,

” ഉമ്മാ,,, കത്ത് ഫാത്തിമാക്കാണ് ”

“ഫാത്തിമാക്കോ,,, ആരാണ്ടാ ഇപ്പൊ കത്തയക്കാൻ ”

“അറിയില്ല ഉമ്മ,, ഈല് ഫ്രം അഡ്രസ്സ് ഇല്ല”

കത്ത് വാങ്ങിയ ഉമ്മ അതും കൊണ്ട് ഫാത്തിമയുടെ അടുത്ത് പോയി,,, കത്ത് ഓളെ കൈയിൽ കൊടുത്തു,,,

” എന്താണ് ഉമ്മ ”

” കത്ത് ”

” എന്ത് കത്ത് ”

” നീ വായിച്ച് നോക്ക്,,, വായിക്കാൻ അറിയാത്ത എനക്കെങ്ങനെ അറിയാനാ കത്ത് എന്ത് കത്താണെന്ന് ”

ഫാത്തിമ ഉമ്മാന്റെ കൈയിൽ നിന്ന് കത്ത് പൊട്ടിച്ചു വായിച്ചു,,,

” എന്റെ ഉമ്മാ,, ബഷീർക്ക ”

ഫാത്തിമ ഞെട്ടി പോയി,,,

” ഉമ്മാ,, ഇത് ആരോ അഡ്രെസ്സ് മാറി,, എഴുതിയതാ,,, എനക്കല്ല,,, ”

ഫാത്തിമ ഉമ്മാനോട് നുണ പറഞ്ഞു മാറിപ്പോയി,,, ന്നിട്ട് വേഗം റൂമിൽ കേറി വാതിൽ അടച്ചു,,

കത്ത് മുഴുവൻ വായിച്ചപ്പോൾ പ്രേമലേഖനമാണ്,,,

” ഫാത്തിമ എന്നെ വിട്ട് പോകരുത്,,, ആളെ അറിയാതിരിക്കാനാണ് ഞാൻ അഡ്രസ് എഴുതാഞ്ഞത്,,, ഇതിൽ എന്റെ അഡ്രസ്സും ഫോൺ നമ്പറും ഉണ്ട്,,,

ഞാൻ നാട്ടിൽ വന്നിട്ടുണ്ട്,,, ഇനി പോകുന്നില്ല,,, പോകുന്നെങ്കിൽ നിന്നേം കൊണ്ടേ പോകൂ,,, എന്ന് നിന്റെ സ്വന്തം ബഷീർ ”

പടച്ചോനെ,,, ബഷീർ നാട്ടിൽ വന്നു,,, കത്തിനുള്ളിൽ നിന്ന് കിട്ടിയ അഡ്രസ്സിൽ ഫാത്തിമ മറുപടി എഴുതി,,,

” പ്രിയപ്പെട്ട ബഷീർ ഇക്കാ,, എന്റെ കല്യാണം ഉറപ്പിച്ചു,,, കഴിഞ്ഞതെല്ലാം ഓർമ്മകൾ മാത്രമാണ്,,, അത് ഒരു സ്വപ്നം പോലെ മറക്കണം,, എന്ന് സ്വന്തം ഫാത്തിമ,, ങേ,, അങ്ങനെ പറ്റൂലല്ലോ,,, എന്ന് സ്വന്തമല്ലാത്ത ഫാത്തിമ ”

മറുപടി കത്ത് കിട്ടിയപ്പോൾ ബഷീർ വീണ്ടും കത്തെഴുതി,,, ആ കത്തിൽ ഒരു പെൻ ഡ്രൈവ് ഉണ്ടായിരുന്നു,,,

” ഫാത്തിമ,, ഈ പെൻ ഡ്രൈവ് മുഴുവൻ ഞാനും നീയുമാണ്,,, പല രൂപത്തിൽ,,, പല ഭാവത്തിൽ,,, ഇത് ആരും കാണാണ്ടിരിക്കണമെങ്കിൽ ഇജ്ജ് ഈ കല്യാണത്തിൽ നിന്ന് പിന്മാറണം ”

പെൻ ഡ്രൈവ് കിട്ടിയപാടെ ഫാത്തിമ കമ്പ്യൂട്ടറിൽ കുത്തി,,, ദൈവമേ,, ഇണ്ട്,, മുഴുവൻ ഉണ്ട്,,, ഫോട്ടോയും ഉണ്ട്,, വീഡിയോയും ഉണ്ട്,,, ഫാത്തിമയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി,,,

ഫാത്തിമ അപ്പൊ തന്നെ ബഷീറിന് മറുപടി അയച്ചു,,

” പൊന്ന് ബഷീറിക്ക,,, എന്നെ കൊലക്ക് കൊടുക്കരുത്,,, ആ പെൻ ഡ്രൈവ് ഞാൻ കത്തിച്ചു കളഞ്ഞു,,,

ഇക്കാന്റെ കൈയിൽ ഉള്ളത് ഇക്കയും കളയണം,,, നമുക്ക് ഒരുമിക്കാൻ പറ്റില്ല,,, ഇത് വീട്ടുകാർ നിശ്ചയിച്ച കല്യാണമാണ്,,,

ഇക്കാര്യം കൊണ്ട് കല്യാണം മുടങ്ങിയാൽ എന്റെ ഉപ്പയും ഉമ്മയും ചേർന്ന് എന്റെ മയ്യത്തെടുക്കും,,, എന്നെ ഇങ്ങക്കും കിട്ടൂല്ല,,, ആർക്കും കിട്ടൂല,,, എന്നോട് ക്ഷമിക്ക് ന്റെ പൊന്നിക്കാ,,, നമ്മക്ക് രണ്ടാക്കും നല്ലത് മാത്രേ വരുള്ളൂ,,, ”

ഫാത്തിമയുടെ മറുപടി കത്ത് കിട്ടിയ ശേഷം പിന്നെ ബഷീറിന്റെ കത്ത് വന്നില്ല,,, ബഷീർ ദുബായിക്ക് തിരിച്ചു പോയതായി അറിഞ്ഞു,,,,

മാസങ്ങൾ കഴിഞ്ഞു,,, ഫാത്തിമന്റെ ചെക്കൻ ഷെരീഫ് നാട്ടിൽ വന്നു,,, വന്നതിന്റെ പിറ്റേന്ന് ഷെരീഫ് ഫാത്തിമയെ കാണാൻ പോയി,,,

രണ്ടാളും ഒരു കോഫീ ഷോപ്പിൽ ഇരുന്ന് ഓരോ കപ്പ് കാപ്പി കുടിക്കുകയാണ്,,, ആദ്യമായി പരസ്പരം കാണുന്നതിന്റെ ചമ്മലും നാണവുമൊക്കെ രണ്ടാളുടെ മുഖത്തും കാണാനുണ്ട്,,, രണ്ടും കല്പിച്ചു ഷെറീഫ് ചോദിച്ചു,,,

” ബിരിയാണി ഓഡർ ചെയ്യട്ടെ ഫാത്തിമ ”

” ഇക്കാന്റെ ഇഷ്ടം ”

ഫാത്തിമ ചെറിയ നാണത്തോടെ പറഞ്ഞു,,, ഷെരീഫ് ബിരിയാണി ഓഡർ ചെയ്തു,,, സത്യം പറഞ്ഞാൽ ഫാത്തിമയ്ക്ക് ബിരിയാണി ഭയങ്കര ഇഷ്ടമാണ്,,,

ബിരിയാണി വന്നതും ഫാത്തിമ വാരി വാരി തിന്നാൻ തുടങ്ങി,,, ഓള് കോയീന്റെ കാല് എടുത്തു കടിച്ചു പറിക്കുന്നതിന്റെ ഇടക്ക് ഷെരീഫ് ചോദിച്ചു,,,

” ഫാത്തിമ,, ഇജ്ജ് ബഷീറിന്റെ പ്രേമ ലേഖനം വായിച്ചിട്ടുണ്ടോ ”

” ന്റുമ്മാ ”

ഫാത്തിമ ഞെട്ടി,,, കോഴിക്കാല് പത്രത്തിൽ വച്ച ഫാത്തിമ സ്ഥല കാല ബോധമില്ലാതെ ഷെരീഫിന്റെ കാലിൽ വീണു,,

” എന്റെ പൊന്നിക്കാ ഇങ്ങള് ക്ഷമിക്കണം,, രണ്ട് കത്ത് വന്നു,,, രണ്ടാമത്തേൽ ആ പെൻ ഡ്രൈവ് ഉണ്ടെന്നു,,, അത് ഞാൻ കത്തിച്ചു,, ഇനി ആരും ഒന്നും അറിയൂല,, ഈന്റെ പേരിൽ എന്നെ ഉപേക്ഷിക്കല്ലേ എന്റെ പൊന്നിക്കാ,,, ”

ബിരിയാണി വാരി തിന്ന കൈ കൊണ്ട് കാല് പിടിച്ചപ്പോൾ ഷെരീഫിന്റെ കാല് മുഴുവൻ ബിരിയാണി ചോറായി,,, ഫാത്തിമയെ പിടിച്ചു എഴുന്നേൽപ്പിച്ച ഷെറീഫ് ഒന്നും മനസ്സിലാകാതെ ഓളോട് ചോദിച്ചു,,,

” ഏത് പെൻ ഡ്രൈവ്,, ഏത് കത്ത് ”

” ങേ,, അപ്പൊ ഇക്ക ചോദിച്ചതെന്താ ”

കൊണ്ടു വന്ന ബാഗിൽ നിന്ന് ബഷീറിന്റെ പ്രേമലേഖനം എടുത്ത് ഫാത്തിമയെ കാണിച്ച ഷെരീഫ് ഒന്നും മിണ്ടാതെ നിന്നു,,, പുസ്തകം കണ്ട ഫാത്തിമ ആ ചോറും കൈ കൊണ്ട് തന്നെ തലയിൽ കൈയും വച്ചിരുന്നു,,,

നാട്ടാരെ,, ഈന്റെ ക്ലൈമാക്സ്‌ ഞാൻ നിങ്ങൾക്ക് വിട്ടു തന്നു…

Leave a Reply

Your email address will not be published. Required fields are marked *