ഇതുവരെയും നല്ലൊരു മധുവിധു രാത്രി ഉണ്ടായിട്ടില്ല, അതുകൂടി കണക്ക് കൂട്ടിയിട്ടാണ് ലീവെടുത്തത് പക്ഷെ ലീവ് എടുത്തത്..

രണ്ടാം ജീവിതം
(രചന: ANNA MARIYA)

കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയായി. രണ്ട് മാസം മുന്നേ പ്ലാന്‍ ചെയ്ത ടൂര്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. അര്‍ജ്ജുന്‍ നന്നായി ഉഴപ്പുന്നുണ്ട്.

കാരണം പിടികിട്ടുന്നുമില്ല ചോദിച്ചിട്ട് പറയുന്നുമില്ല. ഒരു ദിവസം അര്‍ജ്ജുന്‍ ലീവെടുത്ത് വീട്ടില്‍ ഇരുന്നു.

വര്‍ക്കിന്റെ പ്രഷര്‍ കാരണം എല്ലാ ദിവസവും ലേറ്റ് ആയിട്ടാണ് അവന്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇതുവരെയും നല്ലൊരു മധുവിധു രാത്രി ഉണ്ടായിട്ടില്ല. അതുകൂടി കണക്ക് കൂട്ടിയിട്ടാണ് ലീവെടുത്തത്.

പക്ഷെ ലീവ് എടുത്തത് വെറുതെ ആയപോലെ തോന്നി. രാവിലെ തൊട്ട് അവന്റെ അമ്മ പുറകെ നടന്ന് ഓരോ കാര്യങ്ങള്‍ പറയുകയാണ്. ഒരു സമാധാനവും കൊടുക്കാതെ പുറകെ കൂടിയിട്ടുണ്ട്.

കുറെ നേരം കഴിയുമ്പോള്‍ എന്റടുത്ത് വരും. എനിക്ക് സമാധാനം തരാതെ. അപ്പൊ ആള് ഈ കാണുന്ന പോലെയല്ല. അല്പം കുശുമ്പ് ഉണ്ട്. തീര്‍ത്തും മൂരാച്ചി ആണെന്ന് പറയാന്‍ പറ്റൂല.

പക്ഷെ ലൈറ്റ് വേര്‍ഷന്‍ ഓഫ് മൂശേട്ട. ഇത് വലുതായിക്കൂടായ്ക ഇല്ല. അപ്പൊ തനി മൂരാച്ചിയായ്കും. തല്‍ക്കാലം നോക്കാം,, ഇതെവിടെ വരെ പോകുമെന്ന്.

പക്ഷേ പ്രതീക്ഷിച്ചതിനും വലുതായി കാര്യങ്ങള്‍ മാറുകായിരുന്നു. അനങ്ങാനും ഇരിക്കാനും വിടാതെ അമ്മായിയമ്മ പോര് തുടര്‍ന്നു.

അര്‍ജ്ജുന്‍ വീട്ടിലുള്ള ദിവസം സാധാരണ പ്രഷറിന്റെ ഇരട്ടിയായി. അവന്‍ എന്തെങ്കിലും ദേഷ്യപ്പെട്ടാല്‍ പിന്നെ അന്ന് കരച്ചിലായി നിലവിളിയായി.

ഈ കാര്യം പറഞ്ഞ് കൊണ്ട് പലരും വന്നു സംസാരിച്ചെങ്കിലും അമ്മയുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. ഒരു ദിവസം അവന്‍ കൈയ്യില്‍ കിട്ടിയത് എന്തോ എടുത്ത് നിലത്തെറിഞ്ഞു.

അന്ന് വാ കീറി ഒച്ചത്തില്‍ അമ്മ കരയാന്‍ തുടങ്ങി. ചുറ്റോടു ചുറ്റുമുള്ളഎല്ലാവരും കരുതുന്നത് ഞാന്‍ പ്രശ്നമുണ്ടാക്കുന്നതാനെന്നാണ്.

കാരണം,, അമ്മ ചുറ്റുവട്ടം ഗ്രാമ പ്രദേശം മുഴുവന്‍ അമ്മയ്ക്ക് നല്ല ഇമേജ് ആണ്. എന്താണ് യഥാര്‍ത്ഥ പ്രശ്നം എന്ന് ഒരു പിടിയും കിട്ടുന്നില്ല. കാരണം എന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല.

കല്യാണം കഴിഞ്ഞാല്‍ കുറച്ചു പ്രൈവസി ആരും ആഗ്രഹിക്കുന്നത് തന്നെയല്ലേ. അത് സാധാരണ കാര്യമല്ലേ,, സ്വാഭാവികമല്ലേ,, എന്തിനാണാവോ ഇങ്ങനെ മസില് പിടിച്ചു ജീവിക്കുന്നത്.

അമ്മയെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കാന്‍ വലിയൊരു കൂട്ടം ആള്‍ക്കാരുമുണ്ട്. തല്‍ക്കാലം ഞാന്‍ ഇത് സഹിച്ചേ പറ്റൂ എന്നാണ് ഇപ്പോഴുള്ള ചുറ്റുവട്ടം പറയുന്നത്.

അങ്ങനെയാവട്ടെ,, എന്നെങ്കിലും സത്യം എല്ലാവരും മനസ്സിലാക്കുമെന്ന് എനിക്കുറപ്പായിരുന്നു.

പണ്ട് എവിടെയെങ്കിലും അയല്‍ വക്കത്ത് പോയാല്‍ അവിടെ കുറെ നേരം വര്‍ത്താനം പറഞ്ഞ് നില്‍ക്കുന്ന അമ്മ ഇപ്പോള്‍ എന്റെ കുറ്റം പറയാന്‍ വേണ്ടി മാത്രം പോകാന്‍ തുടങ്ങിയപ്പോള്‍

കുറച്ചു പേര്‍ക്ക് മനസ്സിലായി തുടങ്ങി ഇത് അമ്മായിയമ്മ പോര് തന്നെയാണെന്ന്.

കല്യാണത്തിന് ചുക്കാന്‍ പിടിച്ചത് അമ്മ തന്നെയാണല്ലോ,, പിന്നെ ഇപ്പോഴെന്താ പ്രശ്നം. അതറിയാന്‍ വേണ്ടി ഓരോ വഴിക്ക് ഓരോരുത്തരായി ശ്രമിച്ചു. അതില്‍ ഒരാള്‍ക്ക് കാര്യം ഏകദേശം പിടികിട്ടി. അര്‍ജ്ജുന് ഒരു ചേച്ചിയുണ്ട്.

കേട്ടിപ്പോയതാണ്,, പക്ഷെ പോയിടത്ത് അത്ര രസത്തിലല്ല. അതാണ്‌ കാര്യം. മകള്‍ക്ക് കിട്ടാത്ത സന്തോഷം മകനും മരുമകള്‍ക്കും കിട്ടണ്ട എന്നാണ് അമ്മയുടെ ലൈന്‍.

അതാണ് ഈ പ്രശ്നം മുഴുവന്‍. അപ്പൊ നിസാരമല്ല,, ആര് വിചാരിച്ചാലും പെട്ടെന്ന് തീരുന്നതുമല്ല.

ഭര്‍തൃ വീട്ടില്‍ നിക്കക്കള്ളി ഇല്ലാതെ വന്നപ്പോള്‍ ഒരു ദിവസം അര്‍ജ്ജുന്റെ ചേച്ചി വീട്ടില്‍ വന്നു. രാവിലെ വന്ന് ഉച്ചവരെ കരച്ചിലും പിഴിച്ചിലും പരാതി പറച്ചിലും. ഉച്ചയ്ക്ക് സുഭിക്ഷമായി കഴിച്ച് നീണ്ടു നിവര്‍ന്നു ശവാസനം അഥവാ ഉറക്കം.

ജീവിതം ഈ രീതിയില്‍ ആണെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ ജീവിച്ചാല്‍ മതിയായിരുന്നു എന്ന് ഒരു നിമിഷം തോന്നിപ്പോയി. മനുഷ്യരെന്താ ഇങ്ങനെ. ഒരാള്‍ സന്തോഷമായി ജീവിക്കുന്നത് കാണുന്നത് ഇത്രയും ഇഷ്ടമല്ലാതെ വരുന്നതിന്റെ കാരണമെന്ത.

ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ ഇതൊക്കെ അനുഭവിക്കാന്‍. ഒന്നൊന്നായി ചോദ്യങ്ങള്‍ മനസ്സില്‍ പതഞ്ഞു പൊങ്ങി വന്നു.

ടോട്ടലി സൈലന്റ് ആയി നില്‍ക്കുന്നതല്ലാതെ അര്‍ജ്ജുന്‍ ഒരു ഡിസിഷന്‍ എടുക്കുന്നില്ല. അമ്മയുടെയും എന്റെയും ഇടയില്‍ പെട്ടു നില്‍ക്കുന്നതല്ലാതെ ഒരു നിലപാട് എടുക്കുന്നില്ല.

വന്നു നില്‍ക്കുന്ന ചേച്ചിക്കും വയറു നിറച്ചു കൊടുത്തു പാള വീശണം എന്ന് പറഞ്ഞാല്‍ നടക്കില്ല. തിരിച്ചു വീട്ടില്‍ പോകാന്‍ തീരുമാനിച്ചു.

വീട് മൊത്തത്തില്‍ എന്നെ ഏല്‍പ്പിച്ചു കൊണ്ട് അമ്മയും മകളും പിറ്റേന്ന് കറങ്ങാന്‍ പോകാന്‍ നില്‍ക്കുകയാണ്. ഞാന്‍ ഒന്നും പറഞ്ഞില്ല. പോയിട്ട് വരട്ടെ. വന്നിട്ടാകാം ബാക്കി. ക്ഷമ ആട്ടിന്‍ പാലിന്റെ ഗുണം ചെയ്യും എന്നാണല്ലോ.

പക്ഷെ അവര് പോയി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്ഷമയുടെ പാതി ഇല്ലാണ്ടായി. പെട്ടെന്ന് തന്നേ ബാഗ് പാക്ക് ചെയ്തു. ആരോടും ഒന്നും പറയാതെ ഒരു ഓട്ടോ വിളിച്ചു വീട്ടിലേയ്ക്ക് പോയി. അവര്‍ ഉച്ചയ്ക്ക് വരും.

മൃഷ്ടാന ഭോജനം ഉണ്ടാക്കി വയ്ക്കാനുള്ള സകല സാധനങ്ങളും വാങ്ങി വച്ചിട്ടാണ് രണ്ടാളും പോയത്. അവര് വരുമ്പോഴേക്കും എല്ലാം ഉണ്ടാക്കി വെക്കണം.

അതും കഴിച്ചിട്ട് അവര് വിശ്രമിക്കുമ്പോള്‍ ഞാന്‍ പാത്രം കഴുകണം,, ആഹാ,, എന്ത് നല്ല മനോഹരമായ ആചാരം. വീടിലെത്തിയപ്പോള്‍ അമ്മ ഉറഞ്ഞു തുള്ളി.

കുറച്ചൊക്കെ തരപ്പെട്ടു നില്‍ക്കണം,, അല്ലാതെ ഒന്ന് പറഞ്ഞ് രണ്ടാമത് ഇറങ്ങി വരുവല്ല. കാര്യം മനസ്സിലായപ്പോള്‍ അച്ഛന്‍ സപ്പോര്‍ട്ട് ചെയ്തു. അതല്ലെങ്കിലും പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്.

അവിടെ അമ്മായിയമ്മയും നാത്തൂനും ആണെങ്കില്‍ ഇവിടെ സ്വന്തം അമ്മ. മക്കള് നരകിക്കുന്നത് മാറി നിന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന പോലെ തോന്നുന്നു.

അവര് കുറെ അനുഭവിച്ചു എന്ന് കരുതി മക്കളും അങ്ങനെ തന്നെ വേണമെന്ന് ചിന്തിക്കുന്നത് എന്ത് വിരോധാഭാസമാണ്,, അയ്യയ്യേ. കറക്കം കഴിഞ്ഞു വിശന്നു വീട്ടില്‍ വന്നപ്പോള്‍ വീട്ടില്‍ ആട് കിടന്നിടത്ത് പൂടയില്ല. അമ്മായിയമ്മയും നാത്തൂനും ഞെട്ടി.

അര്‍ജ്ജുന്‍ വീട്ടില്‍ വന്നു. അച്ഛനോട് സംസാരിച്ചു. അച്ഛന്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും എനിക്ക് വിട്ടു തന്നിരിക്കുകയാണ്. ഈ രീതിയില്‍ ഒരു തരത്തിലും മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ത്ത്‌ പറഞ്ഞു.

കാലം മാറി,, കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം. അല്ലാതെ സഹിച്ചും കരഞ്ഞും മുന്നോട്ടു പോകാന്‍ പറ്റില്ല. അതിന്റെ ആവശ്യമില്ല. കുറച്ചു നേരം സംസാരിച്ചപ്പോള്‍ തന്നെ അര്‍ജ്ജുന് ഏകദേശം കാര്യങ്ങള്‍ മനസ്സിലായി.

അവന്‍ തിരിച്ചു പോയി. അവനോട് ഒരു പരാതിയുമില്ല. പക്ഷെ അവനറിയുന്ന മറ്റൊരു യാഥാര്‍ത്ഥ്യം അവന്‍ വിചാരിച്ചാല്‍ മാറ്റം വരാത്ത വീടാണ് ആ വീടെന്ന്. അതൊരു യാഥാര്‍ത്ഥ്യമാണ്..

ഒന്നേല്‍ എല്ലാരുടെയും വെറുപ്പ് സമ്പാദിച്ച് മറ്റൊരു വീട് നോക്കാം. അല്ലെങ്കില്‍ രണ്ടായി ജീവിക്കാം. തീരുമാനം എടുക്കണം. അവന്‍ കുറെയേറെ ആലോചിച്ചു.

ജീവിതം ഒന്നേയുള്ളൂ. അത് ഇങ്ങനെ പോകണ്ട,, ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തവര്‍ ദ്രോഹിക്കപ്പെടുന്നതിനെ ന്യായീകരിക്കാന്‍ പറ്റില്ല..വീട് ഉപേക്ഷിക്കുന്നു. അവളുമൊത്ത് ജീവിക്കുന്നു.