പിശുക്കി
(രചന: Aneesha Sudhish)
“ഇതിനെത്രയാ മാധവേട്ടാ ….”
ഓറിയോ അല്ലേ മുപ്പത് രൂപ നല്ലതാ മോളേ പിള്ളേർക്കിഷ്ടാകും …
“മുപ്പതോ ?” എടുത്ത ബിസ്ക്കറ്റ് അവിടെ തന്നെ വെച്ചിട്ട് സീമ പറഞ്ഞു “വേണ്ട ചേട്ടൻ ആ പാർലേജി തന്നാൽ മതി അതാകുമ്പോൾ നാലു ദിവസം ഓടും … ”
“എന്റെ സീമേ , പിള്ളേർക്ക് ഇതിന്റെ രസമൊക്കെ അറിയണ്ടേ നീ ഇങ്ങനെ പിശുക്കത്തരം കാണിച്ചാൽ എങ്ങനെയാ
ഗൾഫിൽ കിടന്ന് ഗിരി സമ്പാദിക്കുന്നതൊക്കെ നിനക്കും പിളേളർക്കും അല്ലേ ? നിങ്ങക്കാണെങ്കിൽ പെങ്കുട്ടോളും ഇല്ല കെട്ടിച്ചയയ്ക്കാൻ … ”
വാങ്ങിയ സാധനത്തിന്റെ ബില്ലു കൊടുത്ത് മാധവൻ പറഞ്ഞു
“കുറച്ചൊക്കെ പിശുക്കിയാലേ ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റൂ,
മാധവേട്ടാ പിന്നെ ആൺകുട്ടിയായാലും പെൺകുട്ടി ആയാലും ചെലവൊക്കെ ഒരേ പോലെയാ അതും പറഞ്ഞ്
വാങ്ങിയതിന്റെ പൈസ കൊടുത്ത് അവൾ കടയിൽ നിന്നിറങ്ങി…
“പിശുക്കി പിശുക്കി ഇവൾ കുറേ സമ്പാദിക്കുന്നുണ്ടല്ലേ മാധവേട്ടാ ഓട്ടോകാരൻ വേണു അവളെ നോക്കി ഒന്നുറക്കെ പറഞ്ഞു ”
അയാൾക്കു നേരെ രൂക്ഷമായൊന്നു നോക്കി സീമ കൈയ്യിലെ സഞ്ചി ഒന്നൂടെ മുറുക്കെ പിടിച്ച് നടന്നു …
അവളിലെ ഉള്ളിലെ നോവ് ആരും അറിഞ്ഞില്ല… അല്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ അവൾ ഗൾഫുകാരൻ ഗിരിയുടെ ഭാര്യയാണ് …
അവൻ അവിടെ കിടന്ന് സമ്പാദിക്കുകയല്ലേ പക്ഷേ ആരും അറിയുന്നില്ല മാസാവസാനം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ കഷ്ടപ്പാട് …
കടവും അതിനപ്പുറവും വന്നപ്പോൾ ആണ് ഉള്ള കിടപ്പാടം വരെ പണയം വെച്ച് ശമ്പളം കുറവായിട്ടു പോലും ഗൾഫിലേക്ക് പോയത്… കടങ്ങൾ വീട്ടുന്ന തിരക്കിൽ മക്കളുടെ ഇഷ്ടങ്ങൾ പോലും കണ്ടില്ലെന്നു നടിക്കുകയാണ് ….
വീട്ടിലെത്തിയപ്പോൾ ഇളയവൻ വന്നു സഞ്ചിയിൽ പരതി …
“അമ്മയ്ക്കെന്നും ഈ പട്ടി ബിസ്ക്കറ്റേ കിട്ടുള്ളൂ നിക്കൊന്നും വേണ്ട ” അവനത് താഴെയിട്ട് പിണങ്ങി പോയി …
നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ തുടച്ച് അവനരുകിലായി ഇരുന്നു
“മോൻ പറഞ്ഞ ബിസ്ക്കറ്റ് ആ കടയിൽ ഇല്ലാഞ്ഞിട്ടല്ലേ അമ്മ വാങ്ങാതിരുന്നേ അതിന് ടൗണിലെ വല്ല്യ കടയിൽ പോണം
അച്ഛൻ വരുമ്പോൾ മോന് ക്രീം ബിസ്ക്കറ്റും ചോക്ളേറ്റും ഒക്കെ കൊണ്ടരുല്ലോ ”
ഇപ്പോ അമ്മേടെ പൊന്നു ഇത് കഴിക്ക് അടുത്ത മാസം അച്ഛന്റെ കാശ് വരുമ്പോൾ നമ്മുക്ക് ടൗണിൽ പോവാട്ടോ മോന് ഇഷ്ടള്ളത് വാങ്ങി തരാം ”
” സത്യായിട്ടും ” അവന്റെ കുഞ്ഞി കണ്ണുകൾ വിടർന്നു … ഓടി ചെന്ന് ബിസ്ക്കറ്റെടുത്ത് പൊട്ടിച്ചു താ അമ്മേ എന്നും പറഞ്ഞ് വന്നപ്പോൾ അവനെ ചേർത്തു നിർത്തി ആ നെറ്റിയിൽ ഒന്നു ചുംബിച്ചു …..
ചേട്ടനും കൊടുക്കണം ട്ടാ എന്നും പറഞ്ഞ് ബിസ്ക്കറ്റ് പൊട്ടിച്ചവന് കൊടുത്തപ്പോൾ മനസു വിങ്ങി …
സഞ്ചിയിൽ നിന്നും സാധനങ്ങൾ എടുത്തപ്പോൾ ആണ് ഓർത്തത് മൂത്തോന് നോട്ട് ബുക്ക് വാങ്ങില്ലല്ലോ എന്നോർത്തത് …
ലിസ്റ്റിൽ എഴുതിയ പലതും പൈസയുടെ കാര്യമോർത്തപ്പോൾ വാങ്ങാതെ വിട്ട കൂട്ടത്തിൽ അതും വിട്ടിരിക്കുന്നു .അല്ല മറന്നിരിക്കുന്നു ….
അവനെ എന്തു പറഞ്ഞ് സമാധാനിപ്പിക്കും അവളുടെ ഉള്ളം നീറി….
ബാക്കി വന്ന തുക അവൾ എണ്ണി നോക്കി. കറന്റ് ബിൽ അടയ്ക്കാൻ തികയില്ല … ആവശ്യങ്ങൾ ഇനിയും ഉണ്ട് ചരടിൽ കോർത്ത താലിയിലേക്കവൾ നോക്കി ….
കഴുത്തിൽ കിടക്കുന്നതിനേക്കാൾ ഉറപ്പുണ്ട് സഹകരണ ബാങ്കിലെ ലോക്കറിന് …. വൈകിക്കൂട അതും ഊരിയവൾ വീണ്ടും ഇറങ്ങി ……
പേരിന് പ്രവാസിയാണെങ്കിലും ഒന്നും നേടാനാകാതെ ജീവിതത്തെ വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തിൽ തോറ്റു പോകുന്നവർ ഇന്നും ഒരുപാട് പേർ നമ്മുടെ ചുറ്റിലും ഉണ്ട് ….