കുറച്ചായി തനിക്കെന്നോട് എന്തോ ഒരകൽച്ച ഉള്ളതുപോൽ എനിക്ക് ഫീൽ ചെയ്യുന്നു..

പ്രണയകാലം
(രചന: Anandhu Raghavan)

” എടോ.. ലച്ചൂ…. ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ.. “??

“ഇതിപ്പോ ആദ്ധ്യായിട്ടാണോ നീ എന്നോടൊരു കാര്യം ചോദിക്കണേ , നീ എന്താന്ന് വെച്ചാ ചോദിക്ക് സഞ്ജൂ..”??

ഭംഗിയിൽ അവന് നേർക്ക് ചിരിച്ചുകൊണ്ട് സഞ്ജയ് ഇരുന്ന ആമ്പൽ കുളത്തിന്റെ കൽപ്പടവിൽ അവനെതിരായി ലക്ഷ്മിയും ഇരുന്നു…

“എടൊ ഇതങ്ങനല്ല… ”

സഞ്ജയ്‌യുടെ വാക്കുകളിലും മുഖ ഭാവത്തിലും ഗൗരവകരമായ ഒരു മാറ്റം ലക്ഷ്മി ശ്രദ്ധിച്ചു…

“ലക്ഷ്മീ നിനക്കെന്നെ ശരിക്കും ഇഷ്ടമാണോ.. ?? ”

പെട്ടെന്നുള്ള ചോദ്യത്തിൽ ലക്ഷ്മി ഒന്നമ്പരന്നു…

” എന്താ സഞ്ജൂ.. നിനക്കെന്താ പറ്റിയെ , പെട്ടെന്നിങ്ങനെ ചോദിക്കാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചത്..? ”

“എന്റെ വെറും തോന്നാലാണോ എന്നെനിക്കറിയില്ല , കുറച്ചായി തനിക്കെന്നോട് എന്തോ ഒരകൽച്ച ഉള്ളതുപോൽ എനിക്ക് ഫീൽ ചെയ്യുന്നു… ”

“പ്ലസ് ടു -വിന് പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുമ്പോഴും സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും ഒരുപാട് പ്രേമബന്ധങ്ങൾ കണ്ടിട്ടുണ്ട് ഞാൻ. ,

പക്ഷെ അതിനൊന്നും ഒരായുസ്സ് ഉണ്ടായിരുന്നില്ല… അതിൽ വിജയിച്ചതും ഇന്നും നില നിൽക്കുന്നതും വളരെ കുറച്ച് മാത്രമേ ഉള്ളു…

അതുകൊണ്ട് തന്നെ പ്രേമിക്കാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു…

പക്ഷെ തന്നെ കണ്ടപ്പോൾ , തന്നോട് മിണ്ടിയപ്പോൾ , താനുമായി കൂടുതൽ അടുത്തപ്പോൾ.. അറിയില്ല , അങ്ങനെ എപ്പോഴൊക്കെയോ നമ്മളിരുവരും പ്രണയത്തിലായി…

ഒരുപാട് സ്നേഹിച്ച ഒരാളെ മറക്കാൻ അത്ര എളുപ്പം കഴിഞ്ഞെന്ന് വരില്ല, എത്രത്തോളം സ്നേഹിച്ചുവോ അതിലേറെ വേദന അറിയും മറന്നു തുടങ്ങുമ്പോൾ…

തനിക്ക് എന്നെ ഇഷ്ടമല്ലെന്ന്‌ തോന്നിയാൽ , എപ്പോഴെങ്കിലും ഒഴിവാക്കണമെന്ന് തോന്നിയാൽ അതെങ്ങനെ വേണമെന്ന് ചിന്തിച്ച് സമയം കളയരുത് , ആ നിമിഷം എന്നോട് തുറന്ന് പറയണം അതാണ് എനിക്കിഷ്ടം…

ഒഴിവാക്കുവാനായി ഒരുപാട് കാരണങ്ങൾ മെനഞ്ഞെടുത്ത് കാണാതെ , പരസ്പരം മിണ്ടാതെ ഒടുവിൽ ഉപേക്ഷിക്കുന്നത് ഒരാളെ മാനസ്സികമായി വെട്ടി മുറിവേൽപ്പിച്ച് കൊല്ലുന്നതിന് തുല്യമാണ്…

ലക്ഷ്മീ തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ നമുക്കിടയിലൊരിക്കലും ഇത്തരമൊരു സാഹചര്യം ഉണ്ടാവരുതെന്ന ആഗ്രഹം കൊണ്ട് പറഞ്ഞതാ…”

” സഞ്ജു ആ കൈ ഒന്നു കാണിച്ചേ.. ”

സഞ്ജയ്യുടെ കൈ മെല്ലെയെടുത്ത് ലക്ഷ്മി തന്റെ നെഞ്ചോട് ചേർത്തു…

“സ്നേഹമാണ് ,പത്തരമാറ്റ് സ്നേഹം. ജീവിതാവസാനം വരെ അതീ നെഞ്ചിലുണ്ടാവും…”

ഇരു കൈകളാലും സഞ്ജയ് ലക്ഷ്മിയെ തന്റെ നെഞ്ചോട് ചേർത്ത്പിടിച്ച് അധരങ്ങളിൽ മൃദുവായ്‌ ചുംബിച്ചു…

മഞ്ഞ്‌ മൂടിയ സ്വപനങ്ങൾ പ്രണയ കാലത്തിൻ കുളിർ മഴയിൽ മെല്ലെ മിഴികൾ ഉയർത്തി തുടങ്ങിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *