ഈ ജന്മം മുഴുവൻ
(രചന: Aneesha Sudhish)
“ഒത്തിരി ഇഷ്ടമായിരുന്നിട്ടും എന്തിനാടാ ശ്രീ ,നീ അവളെ വിട്ടുകളഞ്ഞേ ”
“പ്രണയം അങ്ങനെയാണ് മനൂ , വിട്ടു കൊടുക്കലിലൂടെയാണ് അത് ജയിക്കുന്നത്….”
“കൊള്ളാം നിന്റെ ഫിലോസഫി പ്രണയിച്ച പെണ്ണിനെ മറ്റൊരാൾക്ക് വിട്ട് കൊടുത്തിട്ട് പ്രണയം ജയിച്ചു പോലും.. നീ തോൽവിയാണ് ഭൂലോക തോൽവി…”
“എടാ മനൂ നിനക്കറിയോ ? അന്ന് ഞാനെന്റെ ഇഷ്ടം മാളുനോട് തുറന്ന് പറയാൻ പോയപ്പോൾ അവൾ എന്നോട് ഒറ്റ കാര്യമേ പറഞ്ഞുള്ളൂ അവൾക്കൊരു പ്രണയമുണ്ടെന്നും വീട്ടുകാർ സമ്മതിക്കില്ല…
ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നത് നടത്തി തരണമെന്നും.. ആ അവളോട് എങ്ങനെയാടാ ഞാൻ വർഷങ്ങളായി മനസിൽ കൊണ്ടു നടന്നത് അവളെയാണെന്ന് പറയാ …..
അവളുടെ സന്തോഷമല്ലേ എനിക്ക് വലുത് അവളിഷ്ടപ്പെട്ട ആളെ തന്നെ അവളോട് ചേർത്തു വെച്ചു.. അതിലെന്താ തെറ്റ്…?”
“എന്നിട്ട് വർഷങ്ങളായ് നീ കൊണ്ടു നടന്ന പ്രണയത്തെ കൊന്ന് കുഴിച്ചു മൂടി അതിലൊരു പന്തലുമിട്ട് അവളുടെ കെട്ടും നടത്തി ആ സദ്യയും കഴിച്ച് ഈ നിലാവത്ത് വെള്ളമടിച്ചിരിക്കുന്നു.. ബെസ്റ് ….”
“ആത്മാർത്ഥ പ്രണയം ചിലപ്പോഴൊക്കെ ഒരുമിക്കാതെയും പോകും നീ കണ്ടിട്ടില്ലേ കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം…. ഒരുമിക്കാതെ ….. മഹത്തരമായായ പ്രണയം…”
“നിനക്ക് വട്ടാണ് മുഴുത്ത വട്ട്. അവർ പരസ്പരം പ്രണയിച്ചവർ നീയോ….? മാളു അറിയാതെ എട്ടു പത്ത് വർഷം പ്രണയിച്ച് അവളുടെ കെട്ടും നടത്തിയവൻ….”
“നീ എന്തൊക്കെ പറഞ്ഞാലും മനൂ , അവളുടെ സന്തോഷമാണ് എനിക്ക് വലുത് ലോകം നാളെ ഈ പ്രണയവും വാഴ്ത്തും..”
“കോപ്പ്, വാഴ്ത്താൻ നീ മജ്നു അല്ലേ… ഒന്നു പോയേടാ… നീ വരുന്നുണ്ടോ നേരം ഒരു പാടായി…”
“നീ പൊയ്ക്കോ…. ഈ പുഴയരുകിൽ തണുത്ത കാറ്റേറ്റ് നിലാവ് നോക്കി കിടക്കാൻ നല്ല രസാണ്…. അവളെയും കെട്ടി ഇവിടെയിങ്ങനെ നിലാവു കണ്ട് ആ മടിയിൽ തലയും വെച്ച് കിടക്കണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു… ആ… ഇനിയത് നടക്കില്ല….”
“ഹാ… എത്ര മനോഹരമായ നടക്കാത്ത സ്വപ്നം … ഇപ്പ അവളുടെ കെട്ട്യോൻ ആ മടിയിൽ കിടപ്പുണ്ടാകും.. അവളവനെ താലോലിക്കുന്നുണ്ടാകും … നീ വരുന്നുണ്ടോ അതോ ഞാൻ വലിച്ചോണ്ട് പോകണോ ? ”
“കുറച്ച് നേരം ഞാനിങ്ങനെ ഇവിടെയിരിക്കട്ടെ… അവളുടെ ഓർമ്മകളും എന്റെ പ്രണയും ഈ ഓളപരപ്പിലൂടെ ഒഴുക്കി വിടണം…
അതങ്ങനെ ഒഴുകിയൊഴുകി അങ്ങു ദൂരെ കടലിലേക്ക് പതിക്കണം… തിരമാലകൾക്കൊപ്പം ഓരോ തവണയും തീരം തൊട്ട് കടലിന്റെ അനന്തതയിലേക്ക് പതിക്കണം…”
“ദേ ശ്രീ , നീ വല്ല കടും കൈ ചെയ്യാനാണ് തീരുമാനമെങ്കിൽ നിന്റെ കൂടെ നിന്റെ പ്രണയിനിയെ കൂടെ ഞാനങ്ങ് വിടും… നിന്റെ അമ്മയ്ക്കും പെങ്ങൾക്കും നീ മാത്രമേയുള്ളൂ ….”
“അവർക്ക് നീ ഇല്ലെടാ… എന്നെക്കാളേറെ നീ അവരെ നോക്കുമെന്ന് എനിക്കറിയാം…”
“നല്ല പുളിച്ച തെറിയാ എന്റെ നാവിൽ വരുന്നത് അത് കേട്ടാൽ പിന്നെ ഏഴ് ജന്മം നിനക്ക് കുളിക്കേണ്ടി വരില്ല അതുകൊണ്ട് നിന്റെ നഷ്ട പ്രണയം ഈ പെഗ്ഗോ ട് കൂടി അവസാനിപ്പിച്ച് എന്റെ പൊന്നു മോൻ എഴുന്നേറ് വന്നേ”
“നീയെന്നെ ചാവാനും സമ്മതിക്കില്ലല്ലേ നീയാണെടാ യഥാർത്ഥ കൂട്ടുകാരൻ നി ഇങ്ങോട്ട് വന്നേ ഞാനൊന്ന് കെട്ടിപിടിക്കട്ടെ ”
“കെട്ടിപിടിക്കുന്നതൊക്കെ കൊള്ളാം ഉമ്മ വെച്ച് ചളമാക്കരുത് പ്ലീസ്….”
“നീ പോടാ ….. അല്ലെങ്കിൽ വേണ്ട ”
“നീ പറ അളിയാ…. നിന്റേന്ന് തെറി കേട്ടില്ലെങ്കിൽ പിന്നെ ഇന്നെനിക്ക് ഉറങ്ങാൻ പറ്റില്ല….”
അത് വിട് അളിയാ കൂട്ടുകാരന്റെ പെങ്ങളെ സ്വന്തം പെങ്ങളായി കാണാൻ ഭഗവാൻ കൃഷ്ണൻ രാമായണത്തിൽ പറഞ്ഞതല്ലേ എന്നിട്ട് നീ അങ്ങനെയാണോ കണ്ടേ …
“കൃഷ്ണനോ …. അതാരാ…. അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ …?”
“അപ്പ നിനക്ക് കൃഷ്ണന്നെ അറിയില്ല എന്റെ പെങ്ങൾ ശ്രീനിമയെയും അറിയില്ല…”
“അത് പിന്നെ ശ്രീ…. ഞാൻ നിമ വലതും പറഞ്ഞോ….. ?”
“അവളൊന്നും പറഞ്ഞില്ല… പക്ഷേ നീ എന്റെ ചങ്കാണ് ഈ കണ്ണൊന്ന് ചിമ്മിയാൽ ഞാനറിയും… നീ വിഷമിക്കണ്ട അമ്മയ്ക്ക് എന്നെക്കാളേറെ നിന്നെ ഇഷ്ടമാണ്… നീ വീട്ടുകാരെ കൂട്ടി എന്നാണെന്ന് വെച്ചാ വാ …. തൊട്ടടുത്ത മുഹൂർത്തത്തിൽ നമുക്കത് നടത്താം…”
“ശ്രീ ….ഞാൻ ….. നിന്നോട് പറയണമെന്ന് വിചാരിച്ചതാ പക്ഷേ… എനിക്ക് … ”
“നീ ഇനി ഒന്നും പറഞ്ഞ് ചളമാക്കണ്ട… സ്ത്രീധനമായിട്ട് അധികമൊന്നും പ്രതീക്ഷിക്കണ്ട… അതു വിചാരിച്ച് ഒന്നും ഇല്ലാതെ ഞാനവളെ തരില്ലാട്ടോ ….. പിന്നെ വിലമതിക്കാനാവാത്ത എന്നെ വേണമെങ്കിൽ തരാം….”
“ശ്രീ എനിക്കൊന്നും വേണ്ടടാ അവളെ മാത്രം മതി. നിന്നോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല…”
“നിന്നോട് ഞാനല്ലേ പറയേണ്ടത്…. മാളു അവളെന്റെ ജീവനായിരുന്നു അവളെ നഷ്ടപ്പെട്ടപ്പോൾ മരിക്കാൻ തന്നെ കരുതിയതാ … പക്ഷേ നീ എന്നെ മരിക്കാനും അനുവദിച്ചില്ല….”
“നീ മാത്രം മതിയെടാ എനിക്ക് , എന്നും എപ്പോഴും ഒരു നല്ല സുഹൃത്തായി കൂടെപിറപ്പായി ഞാനെന്നും നിന്റെ കൂടെ ഉണ്ടാകും ഈ ജന്മം മുഴുവൻ ….”
“എന്നാ വാ പോകാം…. ഇനിയും വൈകിയാൽ നിന്റെ പെങ്ങളുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടിവരും… ചേട്ടനെ കുടിപ്പിച്ച് കിടത്തിയെന്നും പറഞ്ഞ്….”
“അവൾ പാവം ആണ് മനൂ സ്നേഹിക്കാൻ മാത്രമേ അറിയൂ …. നീ അവളെ പൊന്നുപോലെ നോക്കുമെന്നറിയാം എന്നാലും…”
“ദേ ശ്രീ ഇനിയും സെന്റി അടിക്കാനാണ് ഭാവമെങ്കിൽ രണ്ട് തന്നിട്ടാണെങ്കിലും നിന്നെ വീട്ടിലെത്തിക്കാൻ എനിക്കറിയാം…”
“ഇല്ലളിയാ നിർത്തി… ഇനി മിണ്ടുന്നില്ല ……”
“ആ അങ്ങനെ വഴിക്ക് വാ ….എന്നാ പോവല്ലേ ?”
“പിന്നെ എപ്പ പോയന്ന് ചോദിച്ചാൽ മതി..”
” ഞാനൊരു കാര്യം പറയട്ടെ ശ്രീ , നഷ്ടപെട്ടതിനെ കുറിച്ച് ചിന്തിക്കാതെ വരാൻ പോകുന്ന ശുഭ കാര്യത്തെ കുറിച്ച് ചിന്തിക്ക് ”
“നഷ്ടപ്പെട്ടത് വിലമതിക്കാനാകാത്തത് ആണ് മനു ”
“പക്ഷേ ആ നഷ്ടം വലിയൊരു നേട്ടത്തിന് ആണെങ്കിലോ…. അതല്ലേ നല്ലത് ….”
“ആണോ ”
“ആണ് ”
“എന്നാ ഓകെ ”
അവരുടെ സൗഹൃദം ഇനിയും ഈ ജന്മം മുഴുവൻ തുടരട്ടെ ….
അതെ നഷ്ടപ്പെട്ടത് വലിയൊരു നേട്ടത്തിന് ആണെങ്കിൽ അതാണ് നല്ലത് …..