പറയാതെ പോയ പ്രണയം
(രചന: Aneesha Sudhish)
“ഞാൻ നിന്നെ വിവാഹം കഴിക്കട്ടെ ആനീ” ആ ചോദ്യം കേട്ട് അവൾ ഞെട്ടി.
ഒരിക്കൽ കേൾക്കാൻ ഏറെ ആഗ്രഹിച്ച ചോദ്യം പക്ഷേ ഇന്ന് ….
“സാറെന്തൊക്കെയാ പറയുന്നേ? വിവാഹം? അതും ഈ വൈകിയ വേളയിൽ.? നാളെ എന്റെ മനസമ്മത കല്യാണമാണ്.
അത് ക്ഷണിക്കാൻ കൂടിയാണ് ഞാനിന്ന് വന്നത്. അവൾ അയ്യാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“അറിയാം ആനി, ഈ ചോദ്യം ഞാൻ നേരത്തേ ചോദിക്കേണ്ടതായിരുന്നു. നിന്റെ പ്രതികരണം എന്താകുമെന്ന് പേടിച്ചാ ഞാൻ ഇതുവരെ ……”
അയ്യാൾ ഒന്നു നിർത്തി
“ഞാൻ തനിക്കൊരിക്കലും ചേരില്ല പ്രായം മതം മാത്രമല്ല ഒരു കുഞ്ഞിന്റെ അച്ഛൻ അതെല്ലാം എന്റെ കുറവുകളാണ്,
മേഴ്സി മരിച്ചപ്പോൾ അന്ന മോളുടെ ഭാവിയോർത്ത് ഒരു വിവാഹത്തിന് ഒരു പാട് പേർ നിർബന്ധിച്ചതാ പക്ഷേ
അന്നൊന്നും മേഴ്സിക്ക് പകരം ആരെയും എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല.
എന്നാൽ അന്ന മോളോടുള്ള നിന്റെ സ്നേഹം കണ്ടപ്പോൾ നീ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് തോന്നി. ”
സാറിന്റെ കുറവുകൾ ഒരിക്കലും എനിക്ക് പ്രശ്നമല്ലായിരുന്നു.
അന്ന മോളെ ഞാനെന്റെ മകളായി തന്നെയാണ് കണ്ടത് വെറുമൊരു ആയ എന്നതിനപ്പുറം ഞങ്ങൾ അമ്മയും മകളും തന്നെയായിരുന്നു.”
” അന്ന മോളെ നീ മകളായി കണ്ടിട്ടുണ്ടെങ്കിൽ ഇനിയങ്ങോട്ട് ആ പദവി കൊണ്ടു പൊയ് കൂടെ അവളെ പോലെ തന്നെ ഞാനും ഇപ്പോൾ നിന്നെ ആഗ്രഹിക്കുന്നുണ്ട്.
ഇനിയും വൈകിയിട്ടില്ല വന്നൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക്?”
“ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ സാറിതുവരെ എന്നെ തെറ്റായ രീതിയിൽ കണ്ടിട്ടില്ല. അതു കൊണ്ട് തന്നെ എനിക്ക് സാറിനോട് ബഹുമാനമായിരുന്നു.
ഇഷ്ടമായിരുന്നു. ആ ബഹുമാനം ഉള്ളതുകൊണ്ട് പറയാ എന്നെ വിവാഹം കഴിക്കാൻ സിബിച്ചൻ കാത്തിരിക്കുന്നുണ്ട്.
ഈ രാവ് കഴിഞ്ഞാൽ ഞങ്ങളുടെ മനസമ്മതമാണ്. അറിഞ്ഞു കൊണ്ട് ഒരു മനുഷ്യനെ ചതിക്കാൻ എനിക്കാവില്ല.”
” തെറ്റ് എന്റെ ഭാഗത്താണ്. ഒരിക്കെലെങ്കിലും നിന്നോട് ഞാനിതുവരെ എന്റെ ഇഷ്ടത്തെ കുറിച്ച് സൂചിപ്പിച്ചില്ല.
ആനി പൊയ്ക്കോളൂ ഞാനിങ്ങനെ ഒരിക്കലും ചോദിക്കാൻ പാടില്ലായിരുന്നു.”
“സാറ് ചോദിച്ചത് ഒരിക്കലും ഒരു തെറ്റല്ല. ഒരാണിന് ഒരു പെണ്ണിനോട് സ്നേഹം തോന്നാം തിരിച്ചങ്ങോട്ടും.
അത് സ്വാഭാവികമാണ്. പക്ഷേ ഇതിത്തിരി മുമ്പേ ചോദിച്ചിരുന്നെങ്കിൽ……
പ്രണയമെന്നത് ഒരിക്കലും മനസ്സിൽ ഒളിപ്പിക്കേണ്ട കാര്യമല്ല അത് പറയേണ്ട സമയത്ത് തന്നെ പറയണം അല്ലെങ്കിൽ നഷ്ടപ്പെടുന്നത് സുന്ദരമായ ഒരു ജീവിതമായിരിക്കും.”
ഹൃദയം പൊട്ടുന്ന വേദന കടിച്ചമർത്തി അവളത് പറഞ്ഞ് തിരിഞ്ഞു നടന്നപ്പോൾ നഷ്ടമായ ഒരു ജീവിതത്തെ ഓർത്ത് ദുഃഖിക്കാനേ അയ്യാൾക്കായുള്ളൂ…