ആദ്യ രാത്രിയിൽ തനിക്ക് പിരീഡ്സായി എന്നും പറഞ്ഞ് മാറിക്കിടക്കുമ്പോൾ ഒരിക്കലും ഒരു..

ഹൃദയരാഗം
(രചന: Aneesha Sudhish)

“ദേവീ ഈ ആലോചനയെങ്കിലും ഒന്ന് നടത്തി തരണേ ” ദേവിക്കു മുന്നിൽ കണ്ണുകൾ അടച്ച് അവൾ പ്രാത്ഥിച്ചു.

തിരുമേനിയിൽ നിന്നും പ്രസാദം വാങ്ങി തട്ടിലേക്ക് കാണിക്ക ഇടുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു.

“കണ്ണുനിറഞ്ഞിരിക്കുന്നല്ലോ കുട്ടി . ചേച്ചിയെ കാണാൻ ഇന്ന് വരുന്നുണ്ടല്ലേ എല്ലാം ശരിയാകും. ദേവിയെ മനസ്സറിഞ്ഞ് വിളിച്ചോളൂ ”

തിരുമേനിയത് പറഞ്ഞപ്പോൾ മുഖത്തൊരു ചിരി വരുത്തി..

ദേവിയെ വിളിക്കാത്ത ദിവസങ്ങളില്ല. ചേച്ചിക്ക് വേണ്ടി നടത്താത്ത വഴിപാടുകളുമില്ല..എന്റെ പ്രാർത്ഥന മാത്രം ദേവി കേൾക്കുന്നില്ല.

എത്രയോ ആലോചനകള് ചേച്ചിക്ക് വന്നു ഒന്നും ശരിയാകുന്നില്ല. ഒരു കാലില്ലാത്ത ചേച്ചിയെ കെട്ടാൻ ആർക്കും താൽപ്പര്യമില്ല..

തന്നേക്കാൾ ഏഴു വയസ്സിനു മൂത്തതാണ് ചേച്ചി.. ഇപ്പോൾ മുപ്പത് കഴിഞ്ഞു..

പത്തിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ കാലു പോയതാണ് .. കൃതൃമ കാലു കൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം .

തളർന്നു പോവേണ്ടിയിരുന്ന ചേച്ചിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ വീട്ടുകാർ ഒരുപാട് കഷ്ടപ്പെട്ടു.

അന്ന് നിർത്തിയതാണ് പഠിപ്പ്. ഇന്നും വരുന്നുണ്ട് ഒരു കൂട്ടർ ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു..

ഒപ്പമുണ്ടായിരുന്നവരുടെ വിവാഹം കഴിഞ്ഞ് രണ്ടും മൂന്നും കുട്ടികളായി. അത് കാണുമ്പോൾ ചേച്ചിയുടെ മനസ്സ് വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .

എന്നെപോലെ വേറെയാരും എന്റെ ചേച്ചിയെ മനസ്സിലാക്കിയിട്ടില്ല. ഒരു
അമ്മയുടെ സ്ഥാനമാണ് ഞാൻ ചേച്ചിക്ക് നൽകിയിട്ടുള്ളത്.

ഓരോന്ന് ആലോചിച്ചിട്ട് വീട്ടിലെത്തിയത് അറിഞ്ഞില്ല. വീടിനടുത്ത് ഒരു വണ്ടി വന്നു കിടപ്പുണ്ടായിരുന്നു .
അവർ എത്തിയെന്ന് തോന്നുന്നു.

ചെറുക്കൻ രാവിലെ തന്നെ വരുമെന്ന് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചിയെ കണ്ടിട്ട് വേണം ജോലിക്കു പോകാൻ …

ഉമ്മറത്ത് കുറച്ച്പേർ ഇരിക്കുന്നുണ്ടായിരുന്നു. ചെറുക്കനും കൂട്ടുകാരും ആണെന്നു തോന്നുന്നു.. ഞാൻ വീടിന്റെ പിൻവശത്തുകൂടി അകത്തേയ്ക്ക് പോയി..

ചേച്ചിയുടെ മുഖത്ത് ദുഃഖഭാവം നിഴലിച്ചിട്ടുണ്ടായിരുന്നു..

“ഇതെന്തായാലും നടക്കും ചേച്ചി എന്റെ മനസ്സ് പറയുന്നുണ്ട്” കൈയിലെ പ്രസാദം ചേച്ചിയുടെ നെറ്റിയിൽ തൊട്ടു കൊണ്ട് പറഞ്ഞു.

“ഇതു തന്നെയല്ലേ ശ്രീക്കുട്ടി നീ കഴിഞ്ഞ തവണയും പറഞ്ഞത്. എന്നിട്ടെന്തായി കാലില്ലാത്തവളെ കെട്ടാൻ അവർക്ക് താൽപര്യമില്ലെന്ന് പറഞ്ഞില്ലേ ഇതും അങ്ങനെയൊക്കെയാണ് സംഭവിക്കുക.”

ചേച്ചിയത് പറഞ്ഞപ്പോൾ അങ്ങനെയൊന്നും സംഭവിക്കല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു…

ചേച്ചിക്കൊപ്പം ചായയുമായി ഉമ്മറത്തേക്ക് വന്നു. ചായ കൊടുത്ത് തിരികെ പോരാൻ തുടങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത് എല്ലാവരും ദൃഷ്ടികൾ തന്റെ നേർക്കാണ് എന്ന് മനസ്സിലായത് .

ചേച്ചിയും അത് കണ്ടെന്ന് തോന്നിയപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ .

പെണ്ണിനെ അല്ല പെണ്ണിന്റെ അനിയത്തിയാണ് അവർക്കിഷ്ടപ്പെട്ടത് എന്ന് പറഞ്ഞപ്പോൾ ചേച്ചിക്ക് മുന്നിൽ തല കുനിച്ചു നില്ക്കാനേ തനിക്കായുള്ളൂ.

“സ്ത്രീധനമായി ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതിയെന്ന് ” ബ്രോക്കർ വന്നു പറഞ്ഞപ്പോൾ അച്ഛൻ നിസ്സഹായതയോടെ ചേച്ചിയെ നോക്കി.

“ഇക്കാലത്ത് ഒരു ഗവൺമെന്റ് ജോലിക്കാരനെ കിട്ടാ എന്നതിൽ കവിഞ്ഞ ഭാഗ്യമുണ്ടോ എല്ലാം നിങ്ങടെ തീരുമാനം പോലെയിരിക്കും ദേവൂന് വേറേ നോക്കാലോ ” ബ്രോക്കർ വീണ്ടും പറഞ്ഞു.

“എനിക്കുവേണ്ടി അവളുടെ ജീവിതം കൂടി കളയേണ്ട അച്ഛാ “എന്നും പറഞ്ഞു ചേച്ചി പോയപ്പോൾ കണ്ണുനീർ ഒരു തുലാവർഷമായി എന്നിലൂടെ പെയ്തിറങ്ങുകയായിരുന്നു..

ഒരാളുടെ ജീവിതമെങ്കിലും രക്ഷപ്പെടെട്ടെ എന്നു കരുതിയായിരിക്കാം അച്ഛനും അമ്മയും തന്നോട് പോലും സമ്മതം പോലും ചോദിക്കാതെ വിവാഹത്തിന് സമ്മതിച്ചത്..

അച്ഛനെ ധിക്കരിച്ചാൽ തന്റെ ശവം കാണേണ്ടി വരുമെന്ന് ചേച്ചി പറഞ്ഞപ്പോൾ ഒന്നിനും പറ്റാതെ മൗനമായിരിക്കാനേ തനിക്ക് സാധിച്ചുള്ളൂ …

ഒരിക്കലും അച്ഛനേയോ ചേച്ചിയേയോ താൻ വേദനിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾ മറികടക്കാൻ തനിക്കായില്ല.

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ വിവാഹം നടന്നു. ഹരിയേട്ടനും അതു തന്നെയാണ് ആഗ്രഹിച്ചത് ..

ഹരിയേട്ടന്റെ കയ്യും പിടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചേച്ചിയെ നോക്കി മുഖത്ത് ഒരുപാട് സന്തോഷം നിറച്ച് ഉമ്മറപ്പടിയിൽ ചേച്ചിയും നില്ക്കുന്നുണ്ടായിരുന്നു.

ആർക്കും മനസ്സിലായില്ലെങ്കിലും എനിക്കറിയാം ചേച്ചിയുടെ മനസ്സിൽ ദു:ഖത്തിന്റെ ഒരു കടലിരുമ്പുന്നുണ്ടെന്ന് .

ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു കരയുമ്പോൾ ചേച്ചിയിൽ നിന്നും ഒരു സങ്കടക്കടൽ പെയ്തിറങ്ങുകയായിരുന്നു.

“സമയം തെറ്റണ്ട കുട്ടീ ഇനിയും വൈകിയാൽ ചെന്നു കേറേണ്ട സമയം വൈകുമെന്ന് ആരോ പറഞ്ഞപ്പോൾ ചേച്ചി തന്നെ അടർത്തിമാറ്റി .

“ന്റെ ശ്രീക്കുട്ടി സുഖമായി ജീവിക്കുന്നത് കണ്ടാൽ മാത്രം മതി ഈ ചേച്ചിക്ക് ജീവിതകാലം മുഴുവൻ ഞാനിങ്ങനെ കഴിഞ്ഞോളാം എന്നെയോർത്ത് മോൾ വിഷമിക്കണ്ട..”

ഒരു പൊട്ടിക്കരച്ചിലൂടെ ചേച്ചി അതും പറഞ്ഞു അകത്തേക്കോടി..

ആദ്യ രാത്രിയിൽ തനിക്ക് പിരീഡ്സായി എന്നും പറഞ്ഞ് മാറിക്കിടക്കുമ്പോൾ ഒരിക്കലും ഒരു കുറ്റബോധവും തോന്നിയില്ല..

തന്റെ ചേച്ചിക്ക് കിട്ടാത്ത ജീവിതം തനിക്കും വേണ്ട എന്ന നിലപാടായിരുന്നു എന്റേത്.. ഓരോ ദിവസവും ഹരിയേട്ടനിൽ നിന്നും അകന്നു മാറുവാനാണ് ശ്രമിച്ചത്…

പലപ്പോഴും അദ്ദേഹത്തെ അവഗണിച്ചു.. തനിച്ചുള്ള സമയങ്ങളിൽ വെറുപ്പോടെ മാത്രമേ കണ്ടുള്ളൂ..

ഒരാഴ്ചയ്ക്ക് ശേഷമുള്ള രാത്രിയിൽ
തന്റെ വയറിലൂടെ ഇഴഞ്ഞു വന്ന ആ കൈകൾ തട്ടി മാറ്റി “തൊട്ടു പോകരുതെന്നെ” എന്ന് അലറുമ്പോൾ
എന്റെ ഉളളിലെ അഗ്നി ആളി കത്തുകയായിരുന്നു.

“എന്താ ശ്രീക്കുട്ടി വിവാഹ ജീവിതത്തിൽ ഇതൊക്കെ പതിവുള്ളതാണ്.. നിനക്കിതൊന്നും ആരും പറഞ്ഞു തന്നിട്ടില്ലേ? മനസ്സും ശരീരവും ഒന്നായാൽ മാത്രമേ നമ്മുടെ ജീവിതം പൂർണ്ണമാകൂ.

ഒരാഴ്ചയായി നീയെന്നിൽ നിന്നും അകന്നു മാറുന്നു. അതും ഒരു കള്ളം കൂട്ടുപിടിച്ച്. വീട്ടുകാരെ പിരിഞ്ഞ വിഷമം കൊണ്ടാണ് നീയെന്നെ അവഗണിക്കുന്നതെന്ന് കരുതിയാണ് ഞാൻ ക്ഷമിച്ചത്. ഇനിയും വയ്യ”

അവനവളെ നെഞ്ചോട് ചേർത്തുപിടിച്ചു. സർവ്വ ശക്തിയാൽ അവനെ തട്ടി മാറ്റി ശ്രീക്കുട്ടി പറഞ്ഞു

“നിങ്ങൾ കാരണം എന്റെ ചേച്ചി എത്ര വേദനിച്ചുവെന്ന് അറിയോ ? ചേച്ചിയെ ഇഷ്ടപെട്ടില്ലെങ്കിൽ സാരമില്ല എന്തിന് എന്റെ ജീവിതം കൂടി ഇങ്ങനെ തീരാ കയത്തിലേക്ക് തള്ളിയിട്ടു…

” ഞാനെന്തു ചെയ്തെന്നാ ശ്രീക്കുട്ടി പറയുന്നേ?”

“എല്ലാം പറഞ്ഞതല്ലേ നിങ്ങളോട് ഒരു കാലില്ലാന്നറിഞ്ഞിട്ട് തന്നെയല്ലേ പെണ്ണുകാണാൻ വന്നത് എന്നിട്ടും എന്തിനാ ഒരു കോമാളിയെ പോലെ എന്റെ ചേച്ചിയെ വേഷം കെട്ടിച്ചത് ?”

എനിക്കൊന്നും അറിയില്ലായിരുന്നു..
അവിടെ വന്നപ്പോഴാണ് ചേച്ചിക്ക് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്നറിഞ്ഞത്.

പിന്നെ ഞാൻ കാണാൻ വന്നത് തന്റെ ചേച്ചിയെ അല്ല തന്നെ കാണാനാ ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ നീ നേരിട്ട് അയ്യാളോട് ചോദിക്ക് ”

ബ്രോക്കറെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്.

തന്റെ അച്ഛനും കൂടി ഇതിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി.

ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് അച്ഛനും കരുതിയിട്ടുണ്ടാകും.

ആരെ കുറ്റപ്പെടുത്തണം അച്ഛനേയോ അതോ ഒന്നും അറിയാത്ത ഹരിയേട്ടനേയോ ?

ഭൂമിപിളർന്ന് താഴോട്ട് പോയെങ്കിൽ എന്ന് ആശിച്ചു പോയി…

“താൻ വിഷമിക്കണ്ട തന്റെ ചേച്ചിക്കൊരു നല്ല ജീവിതം കിട്ടിയിട്ടു മതി നമ്മുക്കൊരു ജീവിതം. അതുവരെ തന്നെ ഞാൻ ഒന്നു തൊടുക പോലുമില്ല. ”

അതും പറഞ്ഞ് കട്ടിലിന്റെ വശത്തേക്ക് ഹരിയേട്ടൻ നീങ്ങിക്കിടന്നപ്പോൾ ഒന്നും അറിയാത്ത ആ മനുഷ്യനെ തെറ്റിദ്ധരിച്ചതിൽ മനസു നീറി..

പിന്നീടുള്ള ദിവസങ്ങളിൽ ചേച്ചിയ്ക്കായി ഒരാളെ കണ്ടെത്താനുള്ള നെട്ടോട്ടമായിരുന്നു ഹരിയേട്ടൻ ഇതിനിടയിൽ തന്റെ ആവശ്യങ്ങളും പറയാതെ തന്നെ നടത്തി തന്നു.

ശരിക്കും ഒരു അത്ഭുതം തന്നെയായിരുന്നു ഹരിയേട്ടൻ . എന്റെ ചേച്ചിയെ പോലെ തന്നെ സ്നേഹത്തിന്റെ നിറകുടം.

പലപ്പോഴും ആ നെഞ്ചിൽ ചാഞ്ഞ് ആ കരവലയത്തിൽ ഒതുങ്ങാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരു കൈ അകലം ഹരിയേട്ടൻ എപ്പോഴും പാലിച്ചിരുന്നു.

ചേച്ചിയുടെ വിവാഹം ഓരോ തവണയും മുടങ്ങുമ്പോഴും ആ മുഖത്തെ നിരാശ മറച്ചു പിടിച്ച് തന്നെ ആശ്വസിപ്പിക്കുമായിരുന്നു…

പ്രതീക്ഷകൾ അസ്തമിച്ചു എന്നു തീരുമാനിച്ചായിരുന്നു ചേച്ചിയും .

അവസാനം ചേച്ചിക്കായി ഒരു രണ്ടാം ക്കെട്ടുകാരന്റെ ആലോചന കൊണ്ടുവന്നപ്പോൾ ഹരിയേട്ടൻ മനസ്സുകൊണ്ട് തന്നോട് മാപ്പു പറയുകയായിരുന്നു എന്ന് ആ കണ്ണുകൾ കണ്ടപ്പോൾ മനസ്സിലായി..

“വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാ അച്ഛാ എന്നു പറഞ്ഞപ്പോൾ എന്റെ മോൾക്ക് അതാണ് വിധിയെങ്കിൽ അതു തന്നെ നടക്കും മോൻ വിഷമിക്കണ്ട എന്നും പറഞ്ഞ് ഹരിയേട്ടനെ ചേർത്തുപിടിച്ചു അച്ഛൻ .

“എനിക്ക് രണ്ടല്ല മൂന്നാണ് മക്കൾ അല്ലേ സുധേ എന്ന് അഭിമാനത്തോടെ അച്ഛൻ അമ്മയോട് പറയുന്നുണ്ടായിരുന്നു..

” വന്ന ആൾക്ക് ചേച്ചിയെയും ചേച്ചിക്ക് തിരിച്ചും ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ വീണ്ടും ഞങ്ങൾക്കിടയിൽ സന്തോഷം തിരികെ വന്നു..

ഒട്ടും കുറയ്ക്കാതെ നല്ല ആർഭാടത്തോടെ തന്നെയാണ് ഞങ്ങളാ വിവാഹം നടത്തിയത്.

എന്തിനും ഏതിനും അച്ഛനു ഒരു പടി മുന്നിൽ തന്നെ ഹരിയേട്ടനും ഉണ്ടായിരുന്നു..

വിവാഹ ശേഷം പടിയിറങ്ങി പോകുന്ന ചേച്ചിയെ കെട്ടിപിടിച്ച് ഞാൻ കരഞ്ഞത് സന്തോഷത്തോടെയായിരുന്നു..

ഹരിയേട്ടനെ പോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാണ്..

ഇത്രയും സ്നേഹവും കരുതലുമുള്ള ഹരിയേട്ടനെ വേദനിപ്പിച്ചതിന് സ്നേഹം കൊണ്ട് പൊതിയണം. എത്ര കൊടുത്താലും തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ നൂറിലൊരംശം പോലും ആവില്ലെന്നറിയാം..

തിരക്കുകൾ കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ തേടിയത് ഹരിയേട്ടനെ ആയിരുന്നു. മനസ്സ് വെമ്പുകയായിരുന്നു അരികിലേക്ക് ഓടി ചെല്ലാൻ ..

കലവറയിൽ പായസ പാത്രം കഴുകുന്ന ഹരിയേട്ടനെ കണ്ടപ്പോൾ ഹൃദയം നുറുങ്ങി.

ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ആ മുഖത്ത് ചുംബിക്കുമ്പോൾ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു ഇന്നിവിടെ ഒരു മണിയറ കൂടി ഒരുക്കേണ്ടിവരുമെന്ന് .

ആ കൈകളാൽ തന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് ഹരിയേട്ടൻ പറഞ്ഞു ” പെണ്ണേ ആളുകൾ ശ്രദ്ധിക്കുന്നു രാത്രിയാവട്ടെ നിന്റെ പരിഭവം മുഴുവൻ ഞാൻ തീർത്തു തരുന്നുണ്ട്. ”

നാണത്തോടെ കുനിഞ്ഞ തലയുമായി അവിടെ നിന്നും പോരുമ്പോൾ ഹരിയേട്ടൻ അടുത്ത പാത്രം കഴുകാനെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *