നിള
(രചന: Anandhu Raghavan)
നിനക്ക് മനസ്സമാധാനം ഇല്ലെങ്കിൽ ഇറങ്ങിപ്പോടാ ഇവിടുന്ന്… പതിവ് പോലെ ആ ശബ്ദം അന്നും ഉയർന്നു…
ജനിച്ചു വളർന്ന വീട്ടിൽനിന്നും ഒരിക്കൽ കൂടി പടിയിറങ്ങാൻ പറഞ്ഞാൽ പിന്നെ ഒരു നിമിഷം അവിടെ നിൽക്കില്ല എന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നു…
ഞാൻ പോകുകയാണ്.. ഇനി എന്നു വരുമെന്നോ തമ്മിൽ കാണുമോന്നോ അറിയില്ല..
നിന്നു ചിലക്കാതെ ഇറങ്ങിപ്പോടാ…
അമ്മയിൽ നിന്നും വന്ന ആ വാക്കുകൾ നെഞ്ചിലേറെ നീറ്റൽ പടർത്തിയിരുന്നു…
പാക്ക് ചെയ്തുവച്ചിരുന്ന ഒരു ബാഗ് ആയാസപ്പെട്ട് തോളിലേക്കിടുമ്പോൾ നീറുന്ന മിഴികളുമായി നിള ഓടി അരുകിലേക്കെത്തി…
ഏട്ടൻ ഇതെവിടെപ്പോവ്വാ… ഏട്ടൻ ഇല്ലാത്ത ഈ വീട്ടിൽ എനിക്ക് വയ്യ , ഞാനും വരുന്നു…
പെങ്ങളൂട്ടിയുടെ സ്‌നേഹത്തിന് മുന്നിൽ നീരജിന്റെ കണ്ണൊന്ന് നനഞ്ഞു… ഈ ഒരു സ്നേഹം പോലും തന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാതെ പോയല്ലോ…
ഓർമവച്ച് തുടങ്ങിയനാൾ മുതൽ പരസ്പരം കലഹിക്കുന്ന അച്ഛനെയും അമ്മയേയും ആണ് കണ്ടു വളർന്നത്..
ഞാൻ വലുതായിക്കഴിയുമ്പോഴേക്കും എല്ലാം മറന്നവർ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒരു ജീവിതം കെട്ടിപ്പടുക്കുമെന്നാശിച്ചെങ്കിലും
ആശ മാത്രം ബാക്കിവച്ചുകൊണ്ട് പരസ്പര വാശികളുടെ വിജയങ്ങൾ കുറിച്ചുകൊണ്ട് ഓരോ ദിനങ്ങളും കടന്നു പോയി…
അനിയത്തിക്കുട്ടിക്കും ഓർത്തുവെക്കുവാനായി ചില പൊട്ടിത്തെറികളുടെ നിഗൂഢതകൾ മാത്രം ബാക്കിയായ്…
ഒരച്ഛന്റെ സ്നേഹം ഒരമ്മയുടെ വാത്സല്യം ഒന്നും എനിക്കോ പെങ്ങളൂട്ടിക്കോ കിട്ടിയിരുന്നില്ല… പക്ഷെ ഒരേട്ടന്റെ സ്നേഹവും വാത്സല്യവും ആവോളം എന്റെ പെങ്ങളൂട്ടിക്ക് ഞാൻ പകർന്നു നൽകിയിരുന്നു…
ഒഴിവു ദിവസം നോക്കി നിളയേം കൊണ്ട് ഒരു ഡ്രസ്സ് എടുക്കാനോ മറ്റോ പുറത്തേക്ക് പോയാൽ കുടുംബമായി വരുന്നവരുടെ സ്നേഹവാത്സല്യങ്ങൾ നോക്കി നിൽക്കുമായിരുന്നു അവൾ…
കുട്ടികൾക്ക് ഡ്രസ്സ് എടുത്തുകൊടുത്ത് അവരുമായി സന്തോഷത്തോടെ സംസാരിച്ചു നിൽക്കുന്ന ഓരോ അച്ഛനമ്മമാരെയും കാണുമ്പോൾ നിറമിഴികളുയർത്തി നിള എന്നോട് ചോദിക്കും ഇതുപോലൊരു കാലം നമുക്കും ഉണ്ടാവ്വോ ഏട്ടാ…
ആ ചോദ്യത്തിന് മുൻപിൽ മിഴികൾ ഇറുകെയടച്ചിരിക്കാനെ എനിക്ക് എന്നും കഴിഞ്ഞിരുന്നുള്ളൂ…
പ്ലസ് ടു വച്ച് പഠിപ്പ് നിർത്തേണ്ടി വന്നപ്പോൾ അയൽക്കാരൻ രമേശേട്ടനാണ് അടുത്തുള്ളൊരു കമ്പനിയിൽ ജോലി വാങ്ങി തന്നത്…
ഡിഗ്രിക്കാരോടൊപ്പം പ്ലസ് ടു- കാരൻ ജോലിക്ക് കയറിയപ്പോൾ ഉള്ള പരിഹാസങ്ങളും കുത്തലുകളും സഹിച്ചും ക്ഷമിച്ചും നിന്നത് വർഷങ്ങളോളമാണ്…
അന്ന് മനസ്സിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു , തന്റെ പെങ്ങളൂട്ടി ഒരിക്കലും തന്നെപ്പോലെ ആവരുത്.. അവൾ ആഗ്രഹിക്കുന്നതുപോലെ അവൾ സ്വപ്നം കാണുന്നതുപോലെ ഉയരങ്ങളിൽ എത്തണം…
തന്റെ അറിവ് വച്ച് പലപ്പോഴും അച്ഛനെയും അമ്മയെയും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട് , കണ്ണു നിറഞ്ഞ് അപേക്ഷിച്ചിട്ടുണ്ട് സ്നേഹത്തോടെ പോകാമെന്ന്…
അന്നെല്ലാം മറുപടി നിനക്ക് മനസ്സമാധാനമില്ലെങ്കിൽ ഇറങ്ങിപ്പോയ്ക്കോളൂ എന്നായിരുന്നു…
മനസ്സ് നൊന്ത് ഒരുപാട് വട്ടം ചിന്തിച്ചിട്ടുണ്ട് പരസ്പരം ഇഷ്ടമല്ലെങ്കിൽ എന്തിനാണ് ഒരുമിച്ചു താമസിക്കുന്നത് ഡിവോഴ്സ് ആയിക്കൂടെ ഇരുവർക്കും…
അതിന് ഇരുവർക്കും സമ്മതമല്ല , മനസ്സിലുള്ള ഇഷ്ടം കൊണ്ടാണോ അതോ എല്ലാം നഷ്ടപ്പെടുമെന്നുള്ള ഭയം കൊണ്ടോ…??
ബാഗിൽ കരുതിയിരുന്ന ഒരു പൊതിയെടുത്ത് നിളയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു , മോൾക്ക് വേണ്ടി ഏട്ടൻ കരുതിയ സമ്പാദ്യം ആണ്.. മോളുടെ ലക്ഷ്യം എന്താണോ അതാവണം മനസ്സിലും ഹൃദയത്തിലും…
ഇന്നു തന്നെ ഹോസ്റ്റലിലേക്ക് തിരിച്ചു പൊയ്ക്കോ… ഇത് ഏട്ടന്റെ ഫോൺ ആണ് ഇതിനി മോൾ വച്ചോ… ഏട്ടൻ തിരികെ വരും.. വാക്കാണ്..
ഏങ്ങലടിച്ചു കരയുന്ന നിളയെ പിന്നിലാക്കിക്കൊണ്ട് നീരജ് നടന്നു നീങ്ങി….
ഏഴ് വർഷങ്ങൾക്ക് ശേഷം…
ഓർമയിൽ നിന്നും ആ നമ്പർ തിരഞ്ഞെടുത്ത് വിളിക്കുമ്പോൾ നീരജിന് നേരിയ കുറ്റബോധം ഉണ്ടായിരുന്നു…
ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും താൻ അന്വേഷിച്ചിട്ടില്ല , വിളിച്ചിട്ടില്ല.. മനപ്പൂർവമാണ് , ആട്ടിയകറ്റിയതിന്റെ വേദന ഒന്നറിയണം.. തിരികെയെത്തുമ്പോൾ നഷ്ടപ്പെട്ടയാ സ്നേഹവും വാത്സല്യവും തിരികെ കിട്ടണം…
റിങ് ചെയ്തു തീരാറയപ്പോഴാണ് മറു തലക്കൽ നിന്നും ഫോൺ എടുത്ത് ഒരു പുരുഷ ശബ്ദം ഉയർന്നത്…
ഹലോ ആരാണ്…
കാലം കുറെ ആയില്ലെ നമ്പർ മാറിയതാവാം… ഒന്നു സംശയിച്ച ശേഷം ഞാൻ പറഞ്ഞു , സോറി നമ്പർ മാറിയതാണ്…
ഏതോ ഞരമ്പ് രോഗിയാണ് പെണ്ണല്ല എന്നു മനസ്സിലായപ്പോൾ നമ്പർ മാറിയതാണെന്ന് , ഫോണിൽക്കൂടി അയാൾ മറ്റാരോടോ പറയുന്നത് നീരജ് വ്യക്തമായി കേട്ടു…
ഇരമ്പിയെത്തിയ ദേഷ്യത്തിൽ നീരജ് അയാളോട് പറഞ്ഞു.. ആ കണ്ണിൽ എന്നെ കാണരുത്.. ഇന്നെവിടെയാണെന്നറിയില്ലെങ്കിലും എനിക്കും ഉണ്ട് ഒരു പെങ്ങൾ…
കാൾ കട്ട് ചെയ്തിട്ട് ലക്ഷ്യബോധമില്ലാതെ നീരജ് നടുന്നുകൊണ്ടിരുന്നു…
പാവമാണെന്ന് തോന്നണു അല്ലെ ശ്രീയേട്ടാ…
ഉം.. ഞാനും വല്ലാതായിപ്പോയി…
ഏട്ടൻ ആ നമ്പർ ഒന്ന് ട്രൂ കോളറിൽ സെർച്ച് ചെയ്യ്. ആരാണെന്ന് അറിയാവല്ലോ…
പറച്ചിൽ കേട്ടാൽ ലോകത്തിലുള്ള എല്ലാവരെയും തനിക്ക് പരിചയമുണ്ടെന്ന് തോന്നുമല്ലോ…
പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നാൽ അതിൽ അവൾ തിരയുന്നത് എന്താണെന്ന് ശ്രീകുമാറിനറിയാം…
സെർച്ച് ചെയ്തപ്പോ കണ്ട പേരിലേക്ക് വിശ്വാസം വരാതെ ശ്രീകുമാർ വീണ്ടും വീണ്ടും നോക്കി…
ആരാണ് ശ്രീയേട്ടാ…
നീരജ്.. നീരജ് വിശ്വം…
ആനന്ദത്താൽ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു… ഏട്ടൻ..
തിരിച്ച് ആ നമ്പറിലേക്ക് കാൾ അയക്കുമ്പോൾ കഴിഞ്ഞു പോയ കാലങ്ങൾ ആയിരുന്നു മനസ്സ് നിറയെ…
കാൾ എടുത്ത് ദേഷ്യത്തോടെ നീരജ് പറഞ്ഞു.. ഹേയ് മിസ്റ്റർ നമ്പർ മാറിയതാണെന്ന് പറഞ്ഞില്ലേ..
ഏട്ടാ… ഫോണിലൂടെ കേട്ട ആ ശബ്ദത്തിൽ ഒരു നിമിഷം സർവതും മറന്ന് നിന്നുപോയി നീരജ്…
നിള…
ഏട്ടൻ എവിടാരുന്നു…ഏട്ടന്റെ ഒരു വിളിക്കായി എത്രനാളായി കാത്തിരിക്കുന്നു ഞാൻ…
ഏട്ടൻ ഇപ്പൊ എവിടാ…
ഞാൻ.. ഞാൻ നമ്മുടെ പഴയ വീട്ടിൽ.. ഇവിടെ ആരെയും കാണുന്നില്ല.. അച്ഛൻ.. അമ്മ..
ഞാൻ ഇപ്പൊ ശ്രീയേട്ടനെ അങ്ങോട് വിടാം.. ഏട്ടൻ അവിടെ നിക്ക്..
ശ്രീയേട്ടൻ…??
എന്റെ ഭർത്താവ്…നിളയിൽ നിന്നും അത് കേട്ടപ്പോൾ നീരജിന്റെ മനസ്സൊന്നു നൊന്തു..
തന്റെ കൈ പിടിച്ചു നടന്നിരുന്ന കുഞ്ഞനിയത്തിയിൽ നിന്നും ഭാര്യ എന്നൊരു സ്ഥാനത്തെത്തിയിരിക്കുന്നു അവൾ.. ആ മംഗല്യം കാണുവാനുള്ള ഭാഗ്യം പോലും തനിക്കുണ്ടായില്ലല്ലൊ ദൈവമേ…
ശ്രീകുമാറിന്റെ കാറിൽ വീട്ടിലേക്കുള്ള യാത്രാ മധ്യേ നിളക്ക് ഒരു സ്കൂളിൽ ജോലി കിട്ടിയതും അതേ സ്കൂളിൽ ജോലി നോക്കിയിരുന്ന ശ്രീകുമാറിന് നിളയെ ഇഷ്ടമായതും തുടർന്നുള്ള വിവാഹവും അങ്ങനെ എല്ലാ കാര്യങ്ങളും ശ്രീകുമാർ നീരജിനോട് പറഞ്ഞു…
അച്ഛനും അമ്മയും.. അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ല… ??
ശ്രീകുമാർ ഒന്നു മൗനമായി.. പിന്നെ പറഞ്ഞു വീട്ടിൽ എത്തട്ടെ..
മനോഹരമായ ഒരു വീടിന്റെ ഗേറ്റും കടന്ന് പോർച്ചിലേക്ക് ശ്രീകുമാർ വണ്ടി കയറ്റി…
ഇറങ്ങിക്കോ. ഇതാണ് വീട്…
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരൻ അപരിചിതനായ നീരജിനെ ഒന്നു നോക്കിയ ശേഷം അച്ഛാ എന്നു വിളിച്ചുകൊണ്ടു ശ്രീകുമാറിനരുകിലെത്തി… അവനെ എടുത്തുകൊണ്ട് ശ്രീകുമാർ പറഞ്ഞു ഞങ്ങടെ മോൻ ആണ്…
ശ്രീകുമാറിന്റെ കയ്യിൽ നിന്നും മോനെ വാങ്ങി നീരജ് ആ കവിളിൽ മൃദുവായി ഒന്ന് ഉമ്മ വെച്ചു… പിന്നെ പറഞ്ഞു മോന്റെ മാമൻ ആണ്.. മാമൻ…
അവന് ഒന്നും മനസ്സിലായില്ലെങ്കിലും അവ്യക്തമായി പറഞ്ഞുകൊണ്ടിരുന്നു മാമ.. മാമ…
കുഞ്ഞിനെ ശ്രീകുമാറിന്റെ കയ്യിൽ കൊടുത്ത് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് നിള ഓടിയെത്തിയത്…
പഴയ ആ കുഞ്ഞനിയത്തിയെപ്പോൽ അവളെന്റെ നെഞ്ചോട് ചേർന്നപ്പോൾ ഏഴ് വർഷക്കാലത്തെ സങ്കടം ആ നെഞ്ചിൽ അലതല്ലുന്നത് ഞാൻ അറിഞ്ഞിരുന്നു…
എന്റെ കയ്യും പിടിച്ച് നിള പോയത് അകത്തെ ഒരു മുറിയിലേക്കാണ്…
അവിടുത്തെ ആ കാഴ്ച എന്റെ കണ്ണുകളെ ഈറനണിയിച്ചിരുന്നു… തളർന്ന് കിടക്കുന്ന അച്ഛന് ചോറ് വാരിക്കൊടുക്കുന്ന ‘അമ്മ…
എന്നെക്കണ്ടതും മോനെ എന്നു വിളിച്ചുകൊണ്ട് അമ്മ വന്ന് കെട്ടിപ്പിടിച്ചു…
ഓർമ വെച്ച നാളുകളിൽ ആദ്യമായാണ് മോനെ എന്ന് സ്നേഹത്തോടെയൊരു വിളി കേൾക്കുന്നത്…
സ്നേഹത്തോടെയുള്ള ആ വിളിക്ക് മുൻപിൽ പണ്ട് മനസ്സിൽ ഉണ്ടായിരുന്ന അമർഷമെല്ലാം അലിഞ്ഞില്ലാതായിരുന്നു…
മെല്ലെ ഞാൻ അച്ഛൻ കിടക്കുന്ന ബെഡ്ഡിനരുകിലിരുന്ന് ആ കൈ പിടിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു…ആ ചുണ്ടുകൾ വിറച്ചിരുന്നു…
ഒരു തോർത്തിൻ തുമ്പാൽ അച്ഛന്റെ കണ്ണുനീർ തുടച്ചുമാറ്റി വീൽ ചെയറിലിരുത്തി ഹാളിലേക്ക് വരുമ്പോൾ ഞാൻ മനസ്സിൽ നിശ്ചയിച്ചിരുന്നു
എവിടെയൊക്കെ കൊണ്ടു പോകേണ്ടി വന്നാലും എത്ര ചിലവാക്കേണ്ടി വന്നാലും എഴുന്നേറ്റ് നടക്കാൻ സാധിക്കുമെങ്കിൽ അത് താൻ നേടിയെടുക്കുമെന്ന്…
ഇനിയാണ് ജീവിക്കേണ്ടത് സ്നേഹവും വാത്സല്യവും ആവോളം ആസ്വദിച്ച്.. അച്ഛനും അമ്മയ്ക്കും ഒരു മകന്റെ സ്നേഹം കൊടുത്ത് നിളയുടെ പൊന്നുണ്ണിക്ക് ഒരു മാമന്റെ സ്നേഹവും സാമീപ്യവും കൊടുത്ത് ഇനിയൊന്ന് ജീവിക്കണം…..
ഇതിനിടയിൽ ജീവിച്ചു തീർത്ത ഏഴു വർഷക്കാലം ഒരു പഴങ്കതപോൽ അങ്ങുമിങ്ങും ഓർത്ത് ഓർത്ത് പറയാം….