ചേച്ചിക്ക് നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടാന്ന്, നീരജ് മാത്രമല്ല ടി വി കണ്ടുകൊണ്ടിരുന്ന..

മനസ്സറിഞ്ഞ മംഗല്യം
(രചന: Anandhu Raghavan)

ഏട്ടാ… എട്ടോ….

എന്താ ‘നിവ്യാ..’ പതുക്കെ വിളിച്ചാലും ഏട്ടന്റെ ചെവി കേൾക്കാം.. പിന്നെന്തിനാ ഈ കാറിക്കൂവുന്നെ…

നിവ്യ ഏട്ടനായ നീരജിന്റെ അടുത്തെത്തി, പിന്നെ ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് പറഞ്ഞു ചേച്ചിക്ക് നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടാന്ന്…

നീരജ് മാത്രമല്ല, ടി വി കണ്ടുകൊണ്ടിരുന്ന അച്ഛനും അടുക്കളയിലായിരുന്ന അമ്മയും വരെ ഒരുപോലെ ഞെട്ടിത്തരിച്ചു പോയി…

വേണ്ടാന്ന് വെക്കാൻ മാത്രം ഇപ്പോൾ ഒന്നും സംഭവിച്ചില്ലല്ലോ… എന്താ മോളെ നിധി നിന്നോട് പറഞ്ഞത്…

ചേച്ചി എന്നോട് ഒന്നും പറയണില്ലച്ഛാ.. കട്ടിലിൽ കേറി കമിഴ്ന്നു കിടപ്പുണ്ട്…

നീരജെ മോൻ പോയി എന്താണെന്ന് ചോദിക്ക്… അവളുടെ ഇഷ്ടത്തിനപ്പുറം ഒന്നും നമുക്കില്ല.. അവൾക്ക് ഇഷ്ടമല്ലെങ്കിൽ ഈ ബന്ധം നമുക്ക് വേണ്ടാന്ന് വെക്കാം…

നീരജ് നിധിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കിടക്കുകയായിരുന്നു… ഏട്ടനെ കണ്ട് പെട്ടന്നവൾ എഴുന്നേറ്റിരുന്നു…

മോൾക്ക് എന്തു പറ്റി..? എന്തിനാ ഇങ്ങനെ സങ്കടപ്പെട്ട് കിടക്കുന്നത്…??

എനിക്ക് ഒന്നും ഇല്ല ഏട്ടാ.. ഞാൻ വെറുതെ കിടന്നതാ…

അപ്പൊ നിവ്യ ഏട്ടന്റെ അടുത്ത് വന്ന് പറഞ്ഞത് വെറുതെ ആണോ..??

അത്.. ഗോപേട്ടൻ എന്നെ പെണ്ണുകാണാൻ വന്നതെ എനിക്ക് ഇഷ്ടമായതാണ്…

പക്ഷെ പൊന്നും പണവും മാത്രം സ്നേഹിക്കുന്ന ആ കുടുംബത്തിലേക്ക് ഒരു മകളായി കടന്നു ചെല്ലുവാൻ എനിക്കാവില്ല ഏട്ടാ…

ഞാൻ കണ്ടു, വീണ്ടും വീണ്ടും അവർ ഏട്ടനെ വിളിച്ച് സ്ത്രീധനത്തുക ഉറപ്പു വരുത്തുന്നത്…

അങ്ങനെ ഒരു വീട്ടിലേക്ക് ഞാൻ കടന്നു ചെന്നാൽ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം എനിക്ക് കിട്ടുമോ ഏട്ടാ…??

എനിക്കും നിവ്യക്കും വേണ്ടി ഒരു വിവാഹജീവിതം പോലും ഇപ്പോൾ വേണ്ടാന്ന് വച്ച് രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഏട്ടനോട്

കണക്കു പറഞ്ഞ് സ്ത്രീധനം മേടിക്കുന്ന ആ വീട്ടിലേക്ക് എനിക്ക് പോകണ്ട ഏട്ടാ…

മോൾക്കൂടി വേണ്ടി അല്ലെ ഏട്ടൻ കഷ്ടപ്പെടുന്നതും സമ്പാദിക്കുന്നതും ഒക്കെ…

സ്ത്രീധനം ഒക്കെ തന്ന് മോളെ ഒരു നല്ല കുടുംബത്തിലേക്ക് കെട്ടിച്ചയക്കേണ്ടത് ഒരു അച്ഛന്റെയും ഏട്ടന്റെയും കടമ അല്ലെ…??

ഏട്ടന്റെ അനിയത്തിക്കുട്ടി ഇവിടെ വിവാഹ പ്രായം കഴിഞ്ഞു നിക്കുവൊന്നും അല്ലല്ലോ…

ഏട്ടനെപ്പോലെ കരുതലും സ്നേഹവും ഒക്കെയുള്ള ഒരാൾ എന്റെ ജീവിതത്തിൽ വരുമ്പോൾ സന്തോഷ പൂർവം താലികെട്ടുവാൻ ഈ കഴുത്ത് ഞാൻ നീട്ടിക്കൊടുക്കും…

മോളെ നിനക്ക് നല്ലതേ വരൂ… സ്നേഹിക്കുന്നവരുടെ മനസ്സറിഞ്ഞവളാ നീ.. ബന്ധങ്ങളുടെ വില അറിയുന്നവളാ.. ഒരു ബന്ധം താലിച്ചരടിൽ കൂട്ടി യോജിപ്പിക്കുവാൻ എളുപ്പമാണ്…

പക്ഷെ ആ ബന്ധം അറ്റുപോകാതെ സന്തോഷ പൂർവം ജീവിക്കണമെങ്കിൽ മനസ്സിൽ സ്നേഹവും നന്മയും ഉണ്ടാവണം… പരസ്പരം മനസ്സിലാക്കിയിരിക്കണം…,

മോൾ പറഞ്ഞതാ ശരി.. ,ഏട്ടൻ അവരോട് സംസാരിക്കാം മോൾക്ക് ഇഷ്ടമല്ലാത്തതൊന്നും ആരും നിർബന്ധിക്കില്ല…

ഏട്ടാ.. ഏട്ടൻ ആണ് എന്റെ ഹീറോ… ‘ലൗ യൂ ഏട്ടാ…’

അവൾ എന്റെ കവിളിൽ നുള്ളിയപ്പോൾ ഞാൻ അല്പം വേദനയാൽ ആ കൈ തട്ടി മാറ്റി പിന്നെ അവളെയും തള്ളിക്കൊണ്ട് ഹാളിലേക്ക് ചെന്നു…

ചിരിച്ചു കൊണ്ടാണ് അവൾ ഹാളിലേക്ക് നടന്നതെങ്കിലും അപ്പോഴും ആ കണ്ണുകളിലെ സങ്കടം എനിക്ക് കാണാമായിരുന്നു…

നിറയുന്ന കണ്ണുകളിൽ നിന്നും മിഴിനീർ തുള്ളികൾ ഇറ്റുവീഴാതിരിക്കാൻ പാടുപെടുന്ന അനിയത്തിക്കുട്ടിയെ നോക്കിയപ്പോൾ ഏട്ടനായ എന്റെ നെഞ്ചിലും നീറ്റൽ ഒരു നീർക്കുമിള പോൽ പൊട്ടിത്തുടങ്ങിയിരുന്നു…

ചിരിച്ചു കൊണ്ട് നിധി ഹാളിലേക്ക് വന്നപ്പോൾ ജിജ്ഞാസയോടെ നിന്നിരുന്ന മുഖങ്ങളിലെല്ലാം ഒരാശ്വാസം പടർന്നിരുന്നു…

നിധിക്കും നിവ്യക്കും എന്തു പ്രശനം ഉണ്ടേലും അത് നയത്തിൽ നുള്ളിയെടുക്കാൻ എനിക്ക് കഴിയുമെന്ന് അച്ഛനും അമ്മയ്ക്കും അറിയാം…

അതുകൊണ്ട് തന്നെ ആ കാര്യത്തിൽ പിന്നെ ഒരു ചർച്ച ഉണ്ടായില്ല….

ദിവസങ്ങൾ അങ്ങനെ കടന്നു പൊയ്ക്കൊണ്ടിരുന്നു… ഇതിനിടക്ക് നീരജ് ഗോപന്റെ വീട്ടിൽ പോയി കാര്യങ്ങൾ ധരിപ്പിച്ചിരുന്നു…

ഒരു ദിവസം അപ്രതീക്ഷിതമായി ഗോപൻ വീട്ടിലേക്ക് വരുന്നത് ആദ്യം കണ്ടത് നിവ്യ ആണ്…

ഗോപൻ വീട്ടിലേക്കുള്ള കൽപ്പടവുകൾ കയറി വരുന്നത് കണ്ടപ്പോഴേ നിവ്യ വിളിച്ചു പറഞ്ഞു ചേച്ചിയെ പെണ്ണു കാണാൻ വന്ന ചേട്ടൻ വീണ്ടും വരുന്നുണ്ട്…

നിധിയിൽ അല്പം ഒരു ആകാംക്ഷയും അതോടൊപ്പം ഒരു ഞെട്ടലും ഉണ്ടായി.. എന്തിനാവും വരുന്നത്..?? വാതിലിന്റെ പുറകിൽ വന്നു നിന്ന് അവൾ പുറത്തെ സംസാരം കേട്ടു നിന്നു..

അച്ഛനും ഏട്ടനും ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു.., ആരിത് ഗോപനൊ.. കയറി ഇരിക്കൂ… ഒരു കസേര ഇട്ടു കൊടുത്തുകൊണ്ട് നീരജ് പറഞ്ഞു…

വർത്തമാനങ്ങൾക്കിടയിൽ ഗോപൻ പറഞ്ഞു തുടങ്ങി… അച്ഛന്റെ മരണശേഷം കുടുംബത്തിലെ പ്രാരാബ്ധം മുഴുവൻ എന്നിലായി…

അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഉള്ള കടം.., പെങ്ങളെ കെട്ടിച്ചു വിട്ടപ്പോൾ ഉണ്ടായ കടം…

എല്ലാം കണ്ടെത്തുവാനും വീട്ടുവാനും ഉത്തരവാദിത്തപ്പെട്ട ആളല്ലേ ഞാൻ… അതാണ് സ്ത്രീധനത്തിന്റെ കാര്യത്തിൽ അമ്മാവന്മാർ ഉറച്ചു നിന്നത്…

പക്ഷെ എനിക്ക് മനസ്സിലായി തെറ്റിനെ തെറ്റുകൊണ്ടല്ല നേരിടേണ്ടത്.. തെറ്റിനെ ശരികൊണ്ട് നേരിടുമ്പോൾ ആണ് ജീവിതത്തിൽ വിജയിക്കുവാനും മുന്നേറുവാനും സാധിക്കുന്നത്…

എനിക്ക് ഇഷ്ടമാണ് നിധിയെ.. അത് പൊന്നും പണവും ഒന്നും കണ്ടല്ല.. ആ സ്നേഹം മാത്രം മതി…

ഞാൻ നിധിയോട് ഒന്നു സംസാരിച്ചോട്ടെ..?? നീരജിനോടും അച്ഛനോടുമായി ഗോപൻ ചോദിച്ചു…

അവളാ വാതിലിന് പിന്നിൽ നിൽപ്പുണ്ട് ഗോപാ… ചിരിയോടെ അച്ഛൻ പറഞ്ഞപ്പോൾ നീരജും ചിരിച്ചു…

സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന നിധിയോട് ഗോപൻ പറഞ്ഞു… എനിക്ക് ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വല്യ നിധി തന്നെയാണ് എന്റെ ഈ നിധി…

സ്നേഹവും നന്മയുമുള്ള ഈ നിധിയെ ജീവിതത്തിലേക്ക് എനിക്ക് കിട്ടിയത് പുണ്യമാണ്.. ഇഷ്ടമല്ല എന്നു മാത്രം പറയരുത്…

നീലമിഴികളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹവുമായി പുഞ്ചിരിയോടെ അവൾ സമ്മതം മൂളിയപ്പോൾ നിലാമഴയിൽ നനഞ്ഞ കാമുകനെപ്പോൽ അവൻ അവളുടെ സ്നേഹം കവർന്നെടുത്തിരുന്നു…

സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നത് പണവും പ്രശസ്തിയും സൗന്ദര്യവും കണ്ടാവരുത്…,

മനസ്സിലെ നന്മയും സ്നേഹവും പകർന്ന് സ്നേഹിച്ചാൽ ആ ബന്ധത്തിന് പത്തരമാറ്റ് ശുദ്ധി ഉണ്ടായിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *