അമ്മ
(രചന: Ammu Santhosh)
“നിന്റെ അമ്മ ആരുടെ കൂടെയാടാ പോയത്?” ആ ചോദ്യം ചോദിച്ചതിനാണ് ഞാൻ ആദ്യം എന്റെ കൂട്ടുകാരനെ തല്ലിയത്.
അവൻ ചോദിച്ചത് ഒരു സത്യം ആയിരുന്നു എങ്കിലും അവന്റെ വഷളൻ ചിരി കാരണം ആണ് തല്ലിപ്പോയത്. അന്നെന്നെ സ്കൂളിൽ നിന്നു പുറത്താക്കി…
അച്ഛൻ എന്നെ വഴക്കൊന്നും പറഞ്ഞില്ല. എന്റെ ടിസി യും വാങ്ങി പാവം എന്നെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ അമ്മയെന്ന സ്ത്രീയെ എന്നെങ്കിലും കണ്ടാൽ കൊല്ലാൻ ഒരു കത്തി ഞാൻ ആദ്യമായി മനസ്സിൽ സൂക്ഷിച്ചു. എന്റെ അച്ഛൻ ഒരു പാവമായിരുന്നു.
ഭാര്യമാർ മറ്റൊരാളിന്റെ ഒപ്പം പോകുന്ന ഭർത്താക്കന്മാരുടെ ജീവിതം ഉണ്ടല്ലോ. ചിന്തിക്കാൻ പോലുമാവാത്ത വിധം ഭയാനകമാണ്. ആക്ഷേപങ്ങൾ, കളിയാക്കലുകൾ..
അവന്റെ ആണത്തം പോലും ചോദ്യം ചെയ്യപ്പെടും പലപ്പോഴും. അവർക്ക് ഒരു കല്യാണത്തിനോ ആൾക്കാർ കൂടുന്ന ഒരു ഇടങ്ങളിലൊ പോകാൻ ആവില്ല.
അവിടെ ഒക്കെ അവരെ കാത്ത് ഒരു പരിഹാസച്ചിരി ഉണ്ടാകും. അടക്കിപ്പിടിച്ച സംസാരം ഉണ്ടാകും. കുത്തി നോവിക്കാൻ നൂറു പേര് ഉണ്ടാകും.
അച്ഛൻ എന്നെ ചേർത്ത് പിടിച്ചു നടക്കും എപ്പോഴും. അച്ഛന് ഞാൻ ഉള്ളതായിരുന്നു എന്നും ആശ്വാസം. എന്തിനാ അമ്മയെന്ന സ്ത്രീ പോയതെന്ന് ഞാൻ അച്ഛനോട് ചോദിച്ചില്ല
“അവൾക്ക് മുൻപേ അയാളുമായി ബന്ധം ഉണ്ടായിരുന്നുന്നെ.. അന്നവൻ ഗൾഫിലാ നാട്ടില് വന്നപ്പോൾ വീണ്ടും തുടങ്ങി. അവസാനം കൊച്ചിനെ കളഞ്ഞേച്ച വന്റെ കൂടെ പോയി ” ഒരിക്കൽ അച്ഛമ്മ ആരോടോ പറഞ്ഞത് എന്റെ കാതിൽ വീണു.
അമ്മയെന്ന പിശാചിനെ ശപിക്കാത്ത ഒറ്റ ദിവസം പോലുമുണ്ടായിട്ടില്ല എന്റെ ജീവിതത്തിൽ. സാഹിത്യകാരന്മാരും കലാകാരന്മാരും അമ്മയുടെ മഹത്വം വർണിക്കുമ്പോൾ കാർക്കിച്ചു തുപ്പാനാ തോന്നുക.. അമ്മ പോലും അമ്മ.
പതിയെ പെണ്ണ് എന്ന വർഗ്ഗത്തോട് തന്നെ വെറുപ്പായി. ജീവിതത്തിൽ ഒരിക്കലും ഒരിക്കലും ഒരു സ്ത്രീയെയും വിശ്വസിക്കരുത് എന്ന ഒരു പാഠം ഞാൻ പഠിച്ചു.
എന്ന് വെച്ചു ഞാൻ തളർന്നു പോയില്ല കേട്ടോ. ചീത്ത കൂട്ടുകെട്ടിൽ പെട്ട് പോയതുമില്ല. ഞാൻ പഠിച്ചു നന്നായി തന്നെ. എന്റെ അച്ഛനെ നോക്കണം.. അച്ഛനെ സന്തോഷിപ്പിക്കാൻ എന്ത് ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു.
എന്റെ അച്ഛന് ബന്ധുക്കൾ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ അച്ഛൻ എന്നെ വീണ്ടും ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. എനിക്ക് എന്റെ മോൻ മതി എന്ന് കണ്ണീരോടെ പറഞ്ഞു… ഞാൻ ഭാഗ്യവാനാ അല്ലെ?
അച്ഛന് ചെറിയ ഒരു പനി വന്നപ്പോൾ ഞാൻ ആകെ പേടിച്ചു. അന്ന് ഞാൻ സ്കൂളിൽ പോയില്ല അച്ഛനൊപ്പം ഞാൻ ആശുപത്രിയിൽ പോയി.
എനിക്കൊന്നുമില്ല മോനെ എന്ന് അച്ഛൻ എത്ര പറഞ്ഞിട്ടും ഞാൻ അനുസരിച്ചില്ല. എന്റെ നിധി എന്റെ ജീവൻ അതാണ് അച്ഛൻ..
“കുട്ടിയെ എന്തിനാ പ്രദീപ് ഹോസ്പിറ്റലിൽ കൊണ്ട് വന്നത്.. മോനെന്താ സ്കൂളിൽ പോവാഞ്ഞേ?”
ഡോക്ടർ ഒരു സ്ത്രീ ആയിരുന്നു. അത് കൊണ്ട് തന്നെ അവരുടെ ചോദ്യങ്ങളോട് ഞാൻ മുഖം തിരിച്ചു പിടിച്ചു. കാണുന്ന സ്ത്രീകളിലെല്ലാം ഞാൻ അമ്മയെ കണ്ടു.
ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ഒരു സ്ത്രീ ഓടി വന്നെന്റെ അച്ഛന്റെ മുന്നിൽ കൈ കൂപ്പി കരഞ്ഞു.
“എന്റെ മോൾക്ക് ഒരു ഓപ്പറേഷൻ വേണമെന്ന് പറയുന്നു സാറെ.. അവൾക്ക് കരളിന് ആണ് കുഴപ്പം. ഞാൻ കൊടുക്കാം എന്ന് പറഞ്ഞു സാറെ പക്ഷെ കാശ് തികയില്ല സഹായിക്കണേ “
അച്ഛൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. പിന്നെ അവരെ കൂട്ടി ഡോക്ടറെ കണ്ടു…
“ലക്ഷങ്ങൾ വേണ്ടി വരും.. ഞാൻ വളരെ കുറച്ചു കൊടുത്തിട്ടുമുണ്ട്. പക്ഷെ അറിയാമല്ലോ കുറച്ചു പൈസ ഇവര് അടച്ചേ പറ്റു..”
“എന്റെ കിഡ്നി എടുത്തോ ഡോക്ടറെ.. ആർക്കെങ്കിലും വേണമെങ്കിൽ കൊടുത്തോ.. ആ പൈസ കൊണ്ട് എന്റെ മോളുടെ ഓപ്പറേഷൻ നടത്താമോ?” ഡോക്ടറുടെ കണ്ണ് നിറയുന്നത് കണ്ടു..
“എനിക്ക് ഉള്ളതെല്ലാം ഞാൻ വിൽക്കാം ഡോക്ടറെ.. എന്റെ എല്ലാം… എന്റെ മോളെ എനിക്ക് തന്ന മതി ” അച്ഛൻ എന്നെ ഒന്നുടെ നെഞ്ചിൽ അടക്കി പിടിച്ചു.
“ഓപ്പറേഷൻ ചിലവ് ഞാൻ തരാം.. അത് നടക്കട്ടെ ”
അച്ഛൻ അത് പറയണം എന്ന് ഞാൻ അപ്പൊ ആഗ്രഹിച്ചു പോയിരുന്നു.. അവർ പെട്ടെന്ന് അച്ഛന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു..
“എന്റെ ഭർത്താവ് മരിച്ചു പോയതാ സാറെ.എനിക്ക് എന്റെ മോൾ മാത്രം ഉള്ളു. അവൾക്ക് എന്തെങ്കിലും വന്നാ ഞാൻ…… “അവർ പൊട്ടിക്കരഞ്ഞു
“വിഷമിക്കണ്ട.. മോൾക്ക് ഒന്നും വരില്ല പൊയ്ക്കോളൂ “അച്ഛൻ മെല്ലെ പറഞ്ഞു . അവർ വാർഡിലേക്ക് പോയപ്പോൾ ഡോക്ടർ അച്ഛന്റെ തോളിൽ പിടിച്ചു
“എത്ര രൂപ ആകുമെന്ന് അറിയാമോ?”
“50ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ മാത്രം എനിക്ക് കുറച്ചു സമയം തരണം..”
ഡോക്ടർ അമ്പരന്നു പോയി…
“എനിക്ക് ദേ ഇവൻ മാത്രം ഉള്ളു. ഈ ലോകത്തിലെ സകലതും ഉണ്ടെങ്കിലും എന്റെ മോൻ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും ഡോക്ടറെ… അത് പോലെ അല്ലെ അവരും.. പാവം.. അവർ ഒരമ്മയല്ലേ ഡോക്ടറെ.. അച്ഛനെക്കാൾ നോവുണ്ടാവില്ലേ ഡോക്ടറെ അമ്മയ്ക്ക്?”
ഞാൻ കണ്ണീരോടെ അച്ഛനെ നോക്കി.. അച്ഛന് ആരോടും വെറുപ്പില്ല പകയില്ല. സ്നേഹം മാത്രം..
അമ്മ എന്നത് മക്കൾക്ക് വേണ്ടി ആരുടെ കാലിൽ വീണു കെഞ്ചാനും മടിയില്ലാത്ത ദേവത ആണെന്ന് അന്നെനിക്ക് മനസിലായി.
അമ്മ എന്നത് സ്വന്തം പ്രാണൻ കൊടുത്തിട്ടാണെങ്കിലും മക്കളുടെ ആയുസ്സ് നീട്ടുന്ന ദൈവം ആണെന്ന് കൂടി ഞാൻ തിരിച്ചറിഞ്ഞു.
അവരെ കാണാൻ പിന്നീട് പലതവണ ഞാൻ അച്ഛനൊപ്പം പോയി. അവർ മകളെ ഊട്ടുന്നത്, ലാളിക്കുന്നത്, കൊഞ്ചിക്കുന്നത് ഒക്കെ ഞാൻ കണ്ടു നിന്നു. അവരെന്നെ ചേർത്ത് പിടിക്കുമ്പോൾ ഞാൻ ആദ്യമൊക്കെ മടി കാണിച്ചിരുന്നു. പിന്നെ പിന്നെ മോനെ എന്ന വിളിയിൽ ഞാൻ വെണ്ണ പോലെ അലിഞ്ഞു
അവൾക്ക് കൊടുക്കുമ്പോൾ ഒരു ഉരുള ചോറ് അവർ എനിക്കും നീട്ടിയപ്പോ വീണ്ടും എന്റെ കണ്ണ് നിറഞ്ഞു. എന്റെ നിറുകയിൽ അവർ ഉമ്മ തരുമ്പോൾ അമ്മയുടെ മണം എന്താണെന്നു ഞാൻ അറിഞ്ഞു..
സർജറി കഴിഞ്ഞു ആശുപത്രിയിൽ നിന്നു പോയി കുറച്ചു നാൾ കഴിഞ്ഞു അവർ ഞങ്ങളെ തേടി വന്നു. അവരുടെ വീടിന്റ ആധാരം അച്ഛന്റെ കയ്യിൽ കൊടുത്തു വീണ്ടും കാലിൽ വീണു..
അച്ഛൻ അവരെ പിടിച്ചു എഴുനേൽപ്പിച്ചു.. അത് തിരിച്ചു കൊടുത്തു.. ഞാൻ അവളോടൊപ്പം ഊഞ്ഞാൽ ആടുമ്പോൾ അച്ഛനും അവരും ഉമ്മറത്തിരുന്നു സംസാരിക്കുന്നത് ഞാൻ കണ്ടു..
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ.. വീണ്ടും ഒരു മഴക്കാലം കഴിഞ്ഞു.
അമ്മയാകുക നിസാരമല്ല കേട്ടോ… പ്രത്യേകിച്ച് എന്നെ പോലെ ഒരു വികൃതിയുടെ അമ്മയാകുക…
അവളെയും അമ്മയെയും ഞങ്ങൾ ഞങ്ങളുടെ ലോകത്തേക്ക് കൂട്ടി.. അമ്മയ്ക്ക് എന്നെ എന്തിഷ്ടമാണെന്നോ… ഇപ്പൊ എനിക്ക് അമ്മയെയും…..