പ്രാണന്റെ വില
(രചന: Ammu Santhosh)
“സ്വർണം കാലിൽ ഇടാൻ പാടില്ല എന്ന് നിനക്ക് അറിഞ്ഞൂടെ പാറുക്കുട്ടി?”
“അയ്യടാ പണയം വെയ്ക്കാൻ വേണമായിരിക്കും “
നവീനിന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നു
“തന്നാൽ വാങ്ങും അഞ്ചു പവൻ ഉണ്ടോടി?”
“ഇല്ല മൂന്ന് പവനേയുള്ളു. തരാൻ ഉദ്ദേശിക്കുന്നുമില്ല.പണയം വെയ്ക്കാൻ അല്ലെ? “
“പണയം വെച്ചാൽ എടുത്തു തരും കൊച്ചേ.ഇത് വരെ എല്ലാം തന്നിട്ടില്ലേ ഇതും തരും.എന്റെ ബിസിനസ് ഒന്ന് പച്ചപിടിച്ചോട്ടെ “
“അപ്പോഴേക്കും നല്ല ഒരുത്തൻ വന്നു എന്നെ കെട്ടിക്കൊണ്ട് പോകും..”
“അയ്യോ അതെന്ന?”
“അപ്പോഴേക്കും എന്റെ മൂക്കിൽ പല്ല് കിളിർക്കുമല്ലോ?”
“അതൊരു പഴയ ഫ്രേസ് അല്ലെ മോളെ.. ലോകത്തിലാർക്കെങ്കിലും മൂക്കിൽ പല്ല് വന്നിട്ടുണ്ടോ. എന്റെ നല്ല കാലത്ത് നീ ഉണ്ടാകും എന്റെ കൂടെ.. ഇപ്പൊ ഉള്ള പോലെ തന്നെ.”
അവൻ എഴുന്നേറ്റു
“അവൾ കൊലുസ് ഊരി ആ കയ്യിൽ വെച്ചു കൊടുത്തു.
“ദേ വിൽക്കരുത് ട്ടോ.. എന്റെ അച്ഛൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയതാ.”
“വിൽക്കില്ല തിരിച്ചു തരും. ഒരു നല്ല ഡീൽ ഉണ്ട്.. നീ കേട്ടിട്ടുണ്ടോ അ ഭിരാ മി കൺസ്ട്രക്ഷൻ.. അവരുടെ ഒരു കോൺട്രാക്ട് കിട്ടിയാൽ ഞാൻ രക്ഷപെട്ടു.. കിട്ടും ബോണി പോയിട്ടുണ്ട്.. സംസാരിക്കാൻ എന്നേക്കാൾ മിടുക്കൻ അവനാ “
അവൻ പോകുന്നത് അവൾ ഒരു നേർത്ത ചിരിയോടെ നോക്കിനിന്നു.
അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമില്ലാത്ത ഒരാൾ. ആ ജീവിതത്തിൽ ആകെ താൻ മാത്രമേയുള്ളു. സന്തോഷം വന്നാലും സങ്കടം വന്നാലും ഓടി വരിക തന്റെ അടുത്തേക്കാണ്. അച്ഛനുമമ്മയ്ക്കും അറിയാം. എതിരൊന്നും പറഞ്ഞിട്ടില്ലിതു വരെ.
അ ഭി രാമി കൺസ്ട്രക്ഷന്റെ എം ഡിയെ നേരിട്ട് കാണുമ്പോഴും പ്രൊജക്റ്റ് ഡീറ്റൈൽ ചെയ്യുമ്പോഴും ഇത് തങ്ങൾക്ക് കിട്ടുമെന്ന് നവീനിനും ബോണിക്കും വിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ ഒരു അത്ഭുതം പോലെ അതവർക്ക് കിട്ടി.അഭിരാമി എന്നാണ് അവരുടെ പേര്. അതീവ സുന്ദരിയും മിടുക്കിയുമായിരുന്നു അവർ.
പിന്നീട് ഇടയ്ക്കിടെ ബോണി വേണ്ട നിവിൻ ഒറ്റയ്ക്ക് വന്നാൽ മതി എന്ന് അഭിരാമി പറയുമ്പോൾ നിവിന് അത് ഒരു അസ്വസ്ഥത ആയി.
“ഡാ ഡിവോഴ്സി ആണ് കേട്ടോ.. പക്ഷെ അവരെ കുറിച്ച് ആരുമിത് വരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. നിന്നേ വലിയ ഇഷ്ടം ആണെന്ന് എനിക്ക് തോന്നിട്ടുണ്ട്. നിന്റെ ഭാഗ്യം ആണ് അത് സത്യം ആണെങ്കിൽ..” നിവിൻ അമ്പരപ്പോടെ അവനെ നോക്കി..
“പാർവതിക്കു മനസിലാകില്ലേ നിന്നേ? ഒരു ഭാഗ്യം വരുമ്പോൾ അവൾക്ക് സന്തോഷം അല്ലെ തോന്നുവുള്ളു?”
നിവിൻ പെട്ടെന്ന് എഴുനേറ്റു പുറത്തേക്ക് പോയി..
പാറുക്കുട്ടിക്ക് പകരമാവുമോ ഈ ലോകത്തിലെന്തും?
അവളുടെ പ്രണയത്തോളം മധുരം ഉണ്ടാകുമോ എന്തിനെങ്കിലും?
തളർന്നു പോയപ്പോൾ ചുമൽ തന്നവൾ… നെഞ്ചിടറിയപ്പോ കണ്ണ് തുടച്ചവൾ… വിശന്നപ്പോ അന്നമൂട്ടിയവൾ …
അവളുടെ മൂല്യത്തോളം വരുമോ ആർക്കെങ്കിലും?
കുന്നോളം പണം തന്നിട്ട് അവളെ മറക്കാൻ പറഞ്ഞാൽ അതിൽ ഭേദം മരണമല്ലേ?
അവളില്ലാത്ത ഒരു ജീവിതം തന്നെ മരണമല്ലേ?
അവൻ പോക്കറ്റിൽ കിടന്ന അവളുടെ കൊലുസുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു.
ഫോൺ റിങ് ചെയ്തപ്പോൾ അവൻ എടുത്തു
“അഭിരാമി ആണ്. നിവിൻ ഫ്രീ ആണെങ്കിൽ ഒന്ന് ഫ്ലാറ്റ് വരെ വരാമോ?”
അവൻ ഒന്ന് മൂളി
“എനിക്ക് നിവിനെ കുറിച്ച് ഒരു വിധം എല്ലാം അറിയാം. അന്വേഷിച്ചു അറിഞ്ഞു എന്ന് തന്നെ കൂട്ടിക്കോള്ളു.. എനിക്ക് ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങി ഇപ്പൊ. നിവിൻ മിടുക്കൻ ആണ്.
എന്റെ കമ്പനി നോക്കി നടത്താനുള്ള കഴിവ് ഉണ്ട്.. ഞാൻ മുഴുവൻ നിവിനെ ഏൽപ്പിക്കുകയാണ്.. എന്താ അഭിപ്രായം?”
നിവിൻ ഒന്ന് പുഞ്ചിരിച്ചു.
“അന്വേഷിച്ചപ്പോൾ മാഡം എന്റെ പാറുവിനെ കുറിച്ച് അറിഞ്ഞില്ലേ? അതോ മനഃപൂർവം ഒഴിവാക്കിയതോ?”
അഭിരാമിയുടെ മുഖം ഒന്ന് വിളറി. അവന്റെ പ്രണയം അവർ അറിഞ്ഞിരുന്നു.പക്ഷെ അവന്റെ മുന്നിലിട്ട് കൊടുത്ത ഓഫർ അവളെ മറക്കാൻ അവന് വളരെ ഈസി ആണെന്ന് അവർക്ക് തോന്നിയിരുന്നു.
“അഭിരാമി കൺസ്ട്രക്ഷന്റെ മുഴുവൻ ആസ്തി ഇട്ടു തൂക്കിയാലും എന്റെ പെണ്ണിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും മാഡം .. ഈ കാണുന്ന സ്വത്തിന്റെയും സമ്പത്തിന്റെയും നിറവിൽ ഞാൻ എന്റെ പെണ്ണിനെ മറന്നാൽ ഞാൻ പിന്നെ ആണെന്ന് പറഞ്ഞു ജീവിച്ചിരിക്കുന്നതെന്തിനാ?”
അവന്റെ ശബ്ദം ഒന്ന് ഇടറി.
“അവളാണ് എന്റെ എല്ലാം..ഒന്നുമില്ലാതിരുന്ന കാലത്ത് ഒപ്പം ഉണ്ടായിരുന്നവൾ. തളർന്നു പോയപ്പോഴൊക്കെ കൈത്താങ്ങായവൾ.. അവന്റെ കണ്ണ് നിറഞ്ഞു.
“ഒരു പക്ഷെ നിങ്ങളുടെ കമ്പനിയുടെ ഓർഡർസ് ഇതോടെ നിന്നു പോയേക്കും.. ഞാൻ വീണ്ടും പഴയ പോലെ ആയേക്കും.. എന്നാലും അവളുടെ സ്വന്തം ചെക്കനായിട്ട് ദരിദ്രനായി അങ്ങനെ ജീവിച്ചാൽ പോലും അപ്പൊ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. അത് മതി നിവിന് എന്നും… പോട്ടെ”പോകാൻ തുടങ്ങിയിട്ട് ഒരു നിമിഷം അവനൊന്നു നിന്നു
“എന്നെ പോലുള്ളവരോട് പ്രണയത്തിനു വില പറയരുത് മാഡം.. പ്രാണനാണ് അതിന്റ വില.. മാഡത്തിന് അത് അറിയാഞ്ഞിട്ടാണ് “
അവൻ തലയാട്ടി യാത്ര പറഞ്ഞു പുറത്തിറങ്ങി.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു
പാർവതി ഉറങ്ങിയിട്ടില്ലായിരുന്നു.
ജനാലയ്ക്കൽ അവന്റെ മുഖം
“അയ്യോ ഇതെന്താ രാത്രി?”
“പുറത്ത് വാ “
അവൾ മെല്ലെ വാതിൽ തുറന്നു പുറത്ത് വന്നു.
“ആകെ നനഞ്ഞുല്ലോ ” തോർത്ത് കൊണ്ട് മുഖവും തലയുമൊക്കെ തുടച്ചുകൊടുത്തു അവൾ.
നവീൻ അവളെ ഇറുക്കി കെട്ടിപിടിച്ചു.. സ്നേഹചുംബനങ്ങളുടെ പെരുമഴ.. അവൾക്ക് ശ്വാസംമുട്ടുന്നത് പോലെ അവനവളെ ഭ്രാന്തമായി തന്നിലേക്ക് അമർത്തിപ്പിടിച്ചു.
“കൊലുസ് വേണ്ടേ?”അവൻ ആ കാതിൽ മെല്ലെ ചോദിച്ചു
അവൾ ചിരിച്ചു…
അവൻ നിലത്തിരുന്നു കൊലുസ് കാലിൽ ഇട്ടു കൊടുത്തു.പിന്നേ ആ കാലിൽ അമർത്തി ഉമ്മ വെച്ചു..
“എന്റെ ചെക്കനിന്നു നല്ല റൊമാന്റിക് മൂഡിൽ ആണല്ലോ ” അവൾ ആ മുഖം കൈകളിൽ എടുത്തു…
“നമുക്ക് കല്യാണം കഴിക്കാം.. അച്ഛനോട് ഞാൻ വന്നു പറയാം “അവനവളോട് പെട്ടെന്ന് പറഞ്ഞു.
അവളുടെ കണ്ണ് നിറഞ്ഞു.
“എന്താ പെട്ടെന്ന്?”
“ഒറ്റയ്ക്ക് മടുത്തു…ഇനി വയ്യ.. നീ വേണം പാറു കൂട്ടിന്.. സങ്കടം ആണേലും സന്തോഷം ആണേലും..” അവന്റെ ശബ്ദം ഇടറിപ്പോയി. പാർവതി അവന്റെ നെഞ്ചിലേക്ക് മുഖം അണച്ചു അനങ്ങാതെ നിന്നു.. അവന്റെ ഹൃദയമിടിപ്പിന്റെ താളം കെട്ടു കൊണ്ട്.
മഴ അവരെ പൊതിഞ്ഞു പെയ്തു കൊണ്ടിരുന്നു.. പ്രണയത്തിന്റെ പൂമഴ