ഒറ്റയ്ക്കാവരുത്
(രചന: Ammu Santhosh)
“അമ്മയ്ക്ക് ഒന്നും തോന്നരുത് എന്റെ ഫ്യൂച്ചർ എനിക്ക് വലുതാണ്. അത് എനിക്ക് നോക്കിയേ പറ്റു. അച്ഛനൊപ്പം നിൽക്കാനാണ് എനിക്കിഷ്ടം എന്ന് ഞാൻ കോടതിയിൽ പറയും.
അമ്മയ്‌ക്കൊപ്പം നിന്നാൽ… അമ്മയ്ക്ക് അറിയാല്ലോ എന്താവുക എന്ന്.. അമ്മക്ക് ജോലി പോലുമില്ല.അമ്മയ്‌ക്കൊപ്പമാണെങ്കിൽ നല്ല ഒരു വിവാഹം പോലുമെനിക്ക് കിട്ടില്ല.
മാളു ആന്റി വക്കീൽ ആണ്. എന്നെ വലിയ ഇഷ്ടം ആണ് താനും.. അച്ഛന് അതാണ് ഇഷ്ടം എങ്കിൽ അമ്മക്ക് ഒഴിഞ്ഞു കൊടുത്തു കൂടെ? “
ആതിര നിശ്ചലയായി മകളെ നോക്കി നിന്ന് ഏറെ നേരം. പതിനാല് വയസ്സേയുള്ളു അവൾക്ക്. ഇതൊക്കെ ആരാണ് പറഞ്ഞു പഠിപ്പിച്ചത്? ജീവനെ പോലെ സ്നേഹിച്ച ഭർത്താവിന് മറ്റൊരു സ്ത്രീ ഉണ്ടെന്നറിഞ്ഞിട്ടും പിടിച്ചു നിന്നു. മോൾ ഉണ്ടല്ലോ..എന്ന് ആശ്വസിച്ചു ആ ഒറ്റ പിടിവള്ളി. അതും പോയി.
അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
അമ്മേ ഈ പ്രൊജക്റ്റ് എങ്ങനെയാ ചെയ്യുക?
അമ്മേ എന്റെ മുടി ഒന്ന് കെട്ടിത്തന്നെ
അമ്മേടെ കേക്ക്.. ഹൂ കൂട്ടുകാർക്ക് എന്തിഷ്ട്ടം ആണെന്നോ
അമ്മേ എന്റെ ബ്ലു ടോപ് കണ്ടോ…
അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാൻ മറന്നു നടന്നു കൊണ്ടേയിരുന്നു.
ജീവിതം അങ്ങനെയാണ് ഒറ്റ അടി ആണ് ചിലപ്പോൾ. തീരെ പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ കാതടച്ചു ഒരു അടി. വിറച്ചു പോകും.
മുന്നിൽ വഴികൾ ഒന്നും കാണാതെ ഒട്ടും വെളിച്ചമില്ലാത്ത പകലുകൾക്കൊടുവിൽ ഒരു മുഴം കയറോ ഒരു കുപ്പി വിഷമോ.. പലരും അടിപതറി പോകും.
വീട് തുറന്നു അകത്തു കയറി. അച്ഛനും മകളും ഫ്ലാറ്റിലേക്ക് പോയി കഴിഞ്ഞു. താൻ ഒറ്റയ്ക്കാണ്. ഈ വീടെന്തെല്ലാം കണ്ടതാണ്? തന്റെയും രവിയേട്ടന്റെയും സ്നേഹം..
തങ്ങളുടെ മകളുടെ ജനനം.. അവളുടെ കിളിക്കൊഞ്ചലുകൾ. സ്വന്തം ആയി ഒരു നിർബന്ധവും ഇല്ലായിരുന്നു തനിക്. ഒന്നും വേണം എന്ന് തോന്നിട്ടില്ല. എല്ലാം രവിയേട്ടനും മോൾക്കും. ഒരു കറി വെച്ചാൽ കൂടി അവരുടെ ഇഷ്ടം.. അതേ ഇതുമവരുടെ ഇഷ്ടം ആണ്.
എങ്ങനെ ആണ് സ്വന്തം ജീവനെ പോലെ സ്നേഹിച്ച ഒരാളെ അവഗണിച്ചു കളയാൻ തോന്നുക?
എങ്ങനെ ആണ് സ്വന്തം അമ്മയെ ഉപേക്ഷിച്ചു കളയാൻ തോന്നുക?
ഫ്യൂച്ചർ… അവൾക്ക് അതിന് ബെറ്റർ ചോയ്സ് അച്ഛൻ ആണ്. കുട്ടികൾ വളരെ പ്രാക്ടിക്കൽ ആയി കഴിഞ്ഞു..
അവൾ ഒരു പകലും രാത്രി യും ചിന്തിച്ചു. തോറ്റു കൊടുക്കാൻ മനസ്സില്ല. വാശി സിരകളിൽ കയറിയപ്പോൾ അലമാര തുറന്നു സർട്ടിഫിക്കറ്റ് അടങ്ങിയ ഫയൽ എടുത്തു നോക്കി. പഠിച്ച എല്ലാ കോഴ്സ്കളിലും ഫസ്റ്റ് ക്ലാസ്സിൽ വിജയിച്ചതിന്റ രേഖകൾ.
“ആർക്കെങ്കിലും ഒരാൾക്ക് ജോലി മതി ആതിരേ. മോളെ ആരാ നോക്കുക..? ” രവിയേട്ടൻ പറഞ്ഞപ്പോൾ സമ്മതിച്ചു. ഇന്ന് അതേ കാര്യം പറഞ്ഞാണ് മകൾ കുത്തിയതും. അമ്മയുടെ കൂടെ നിന്നാൽ നല്ല വിവാഹം പോലുമെനിക്ക് കിട്ടില്ല എന്ന്.
കോടതിയിൽ വെച്ചു എല്ലാം അവസാനിച്ചപ്പോ ഒരു മരവിപ്പ് മാത്രേ ശേഷിച്ചിരുന്നുള്ളു. ഒരു മാറ്റം വേണം എന്നുള്ള തോന്നൽ ശക്തമായപ്പോ ആണ് ക്രൈസ്റ്റ് ഹോസ്പിറ്റലിൽ ഫ്രണ്ട് ഓഫീസിലേക്ക് ഒരു സ്റ്റാഫിനെ വേണമെന്ന് സുഹൃത്ത് മീര പറഞ്ഞത്.
ഒന്നും ആലോചിച്ചില്ല. പോയി. ചിലപ്പോൾ രാത്രി ഷിഫ്റ്റ് ഉണ്ടാകും സാരമില്ല. പകലും രാത്രിയും ജോലി ചെയ്യാം എല്ലാം മറക്കാൻ അതേ ഉള്ളു വഴി.
എമർജൻസി സർജറിക്കായി ഒരു രോഗിക്ക് ഒ നെഗറ്റീവ് ബ്ലഡ് ആവശ്യമുണ്ട് എന്ന് സിസ്റ്റർ എലീന പറഞ്ഞു. ഒ നെഗറ്റീവ് ഗ്രൂപ്പ് ആണ് തന്റേതും. കൊടുക്കുന്നതിനു ഒരു മടിയും തോന്നിയില്ല.
“ആതിര അതല്ലേ പേര്? “ക്യാന്റീനിൽ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു തീരെ പരിചയം ഇല്ലാത്ത ഒരു മുഖം.
“ഞാൻ ജോഷി. എന്റെ അമ്മച്ചിക്കാണ് രണ്ടു ദിവസം മുന്നേ ബ്ലഡ് കൊടുത്തത് “
അവൾ ഒന്ന് പുഞ്ചിരിച്ചു..
“ഇവിടെ നേഴ്സ് ആണോ? “
“അല്ല ഞാൻ ഫ്രണ്ട് ഓഫീസിൽ ആണ് “
“അമ്മച്ചിക്ക് ഇപ്പൊ ഓക്കേ ആയി കേട്ടോ വലിയ ഉപകാരം ” അവൾ തലയാട്ടി.
പിന്നെയും ഇടക്കൊക്കെ അയാളെ കണ്ടു.. അത് മനഃപൂർവം അയാൾ ഉണ്ടാക്കുന്ന കൂടിക്കാഴ്ച്ച ആണെന്ന് തോന്നിയപ്പോൾ ഒഴിവാക്കി തുടങ്ങി.
ഹോസ്റ്റലിലേക്ക് താമസം മാറ്റിയത് മനഃപൂർവം ആയിരുന്നു. വീട് ഒരു വേദന ആണ്. വയ്യ
ആതിരക്ക് ഒരു വിസിറ്റർ ഉണ്ട് എന്ന് കേട്ടപ്പോൾ അമ്പരപ്പ് തോന്നി. നന്നേ പ്രായമുള്ള ഒരു സ്ത്രീ.
“എന്റെ പേര് ആലീസ്. മോൾ എനിക്കാണ് അന്ന് ഓപ്പറേഷൻ സമയത്ത് ബ്ലഡ് തന്നത് ”
അവൾ ചിരിച്ചതേയുള്ളു
“ഇവിടെ അടുത്താ വീട്. ഒരു ദിവസം വരണം “
അവൾ തലയാട്ടി.
ചില ബന്ധങ്ങൾ മുജ്ജന്മത്തിലെവിടയോ നമ്മളിൽ ചേർന്നു പോയവരാണ്. അവരെ ഈ ജന്മത്തിൽ കാണുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു അടുപ്പം തോന്നും.
അലിഞ്ഞു ചേരാൻ തോന്നുന്ന ഒരടുപ്പം. അങ്ങനെ ആയിരുന്നു ആ അമ്മയോടുള്ള അടുപ്പം. . ഭാര്യ മരിച്ചു പോയ മകനും ഒറ്റയ്ക്കായി പോയ ഒരു പാവം അമ്മയും.
അതൊരു തണലായിരുന്നു ഇടക്കൊക്കെ വീണു പോകും എന്ന് തോന്നുമ്പോൾ ഒരു വിരൽത്തുമ്പ് വന്നു തൊടും പോലെ. ഞങ്ങൾ ഉണ്ട് എന്ന് പറയാതെ പറയുന്ന ഒരു കൂട്ട്.
തന്നെ കുറിച്ച് എല്ലാം അവർക്ക് അറിയാം എന്ന് തോന്നി അവൾക്ക്. പക്ഷെ അവരൊന്നും ചോദിച്ചില്ല അവൾ പറഞ്ഞതുമില്ല.
ഒരു ദിവസം മോളുടെ ഫോൺ…
“അമ്മയ്ക്ക് ഇപ്പൊ പുതിയ റിലേഷൻ ആയി എന്ന് അച്ഛൻ പറഞ്ഞല്ലോ.. നാണമില്ലേ അമ്മയ്ക്ക്? “
അവളുടെ ദേഹത്ത് ഒരു തീ പടർന്നു കയറി. അവൾ കണ്ണടച്ച് മനസിനെ ഒന്ന് ശാന്തമാക്കി.
“പത്തു നാല്പത് വയസ്സായില്ലേ അമ്മേ… ആണുങ്ങളെ പോലെ ആണോ പെണ്ണുങ്ങൾ?അമ്മയ്ക്ക് തറവാട്ടിൽ പോയി ജീവിച്ചു കൂടെ? ”
തത്ത പറയും പോലെ അവളുടെ അച്ഛൻ ചൊല്ലിക്കൊടുത്തത് ഏറ്റു പറയുകയാണ്.
“നീ ഏതാ? ” പരുക്കൻ ശബ്ദത്തിൽ ആതിര ചോദിച്ചു…
മറുപടി ഇല്ല…
“നീ ഏതാടി? ” അവളെ കിതച്ചു
“എന്റെ ജീവിതത്തിലെ ന്യായ ന്യായങ്ങളെ കുറിച്ച് പറയാൻ നീ ആരാണെന്ന് ?രണ്ടു വർഷം ആയില്ലേ പോയിട്ട്? എത്ര തവണ വിളിച്ചു ഞാൻ…കാൾ എടുത്തിട്ടില്ല നീ.
ഒറ്റത്തവണ നീ ഇങ്ങോട്ട് സുഖമാണോ അമ്മേ എന്ന് അന്വേഷിച്ചിട്ടുണ്ടോ ? അമ്മ ചത്തോ ഇല്ലയോ എന്ന് ഓർക്കാത്തവൾ വിളിക്കുന്നു.
എനിക്ക് ഇങ്ങനെ രണ്ടു പേരെ അറിയില്ല… മേലിൽ വിളിച്ചേക്കരുത്.അയാളോടും പറഞ്ഞേക്ക് ഞാൻ വിവാഹിത ആകാൻ പോവുകയാണ് മേലിൽ രണ്ടു പേരും എന്നെ വിളിച്ചേക്കരുത്. “
അവൾ ഫോൺ കട്ട് ചെയ്തു തളർന്നു ഇരുന്നു. ഒരാവേശത്തിനു പറഞ്ഞതാണ് മനസ്സിൽ പോലുമില്ല അങ്ങനെ ഒന്നും. ജോഷി പല തവണ സൂചിപ്പിച്ചു എങ്കിലും ഒരിക്കൽ പോലുമയാൾക്ക് ഒരു ആശ കൊടുത്തിട്ടില്ല. വേണം എന്ന് തോന്നിട്ടില്ല. ഇപ്പൊ അവൾക്ക് തോന്നി.
ആ അമ്മയ്ക്കും മകനും ഒപ്പം ജീവിക്കണം.
തനിക്കും ജീവിക്കണം.. അതേ തനിക്കും ജീവിക്കണം..
ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും താൻ ഉപേക്ഷിക്കാതിരുന്ന നെറ്റിയിലെ കുങ്കുമം അവൾ കഴുകി കളഞ്ഞു.. കഴുത്തിലെ മാലയിലെ കൊരുത്തിട്ട താലി ഊരി വെച്ചു. ആർക്ക് വേണ്ടി ഇതൊക്കെ?
ഇനിയൊരിക്കലും ഒരാക്ഷേപമുനകൾക്കും നിന്നു കൊടുക്കാൻ വയ്യ..
ആരെ ഓർത്തു ഒറ്റയ്ക്ക് ജീവിക്കണം?
ഒറ്റയ്ക്കാവരുത്… ഒരിക്കലും ആർക്കു വേണ്ടിയും ഒറ്റയ്ക്കാവരുത്..