വിസ്മയം
(രചന: Ammu Santhosh)
ചിത്രപ്രദർശനഹാളിൽ ചിത്രങ്ങൾ കണ്ടു ചുറ്റിത്തിരിയവേ പെട്ടെന്ന് മുന്നിൽ കണ്ട രൂപത്തെ നല്ല പരിചയം തോന്നി പ്രിയയ്ക്ക്
“മീനാക്ഷി…? “
“Yes.. “മീനാക്ഷി പുഞ്ചിരിച്ചു
“My god!കണ്ടിട്ട് എനിക്ക് പോലും മനസ്സിലായില്ലാട്ടോ.. നീ ഇവിടെ? “
“ബിനാലെ കാണാൻ, അല്ലാതെ എന്തിനാ ആൾക്കാർ ഇവിടെ വരുന്നേ? “
പ്രിയയ്ക്ക് വീണ്ടും അതിശയം വിട്ടു മാറുന്നില്ല. അഞ്ചു വർഷം മുന്നേ കണ്ട മീനാക്ഷിയിൽ നിന്നു അവൾ ഒരു പാട് മാറിയിരുന്നു..
അന്ന് അവസാനം കാണുമ്പോൾ തകർന്നു പോയ വിവാഹ ജീവിതത്തിന്റെ ശേഷിപ്പുകൾ ആയി മെലിഞ്ഞു വിളർത്ത ഉടലും കണ്ണീരുണങ്ങിയ കവിൾത്തടങ്ങളുമായ് നിന്ന രൂപം.. ട്രാൻസ്ഫർ ആയി പോകുമ്പോൾ, പിന്നെ ഇത് വരെയും ആ രൂപം തന്നെ ചില്ലറ അല്ല വേദനിപ്പിച്ചത്
“നീ നമ്പർ മാറ്റി അല്ലെ? “
“ഉം “
“ജോലിയും രാജി വെച്ചു? “
“Yes ” മീനാക്ഷി യുടെ മുടിയിഴകൾ കാറ്റിൽ പറക്കുന്നത് തെല്ല് നോക്കി നിന്നു പ്രിയ.
“എന്നിട്ട് ഇപ്പൊ എന്താ ചെയ്യുന്നേ? “
“ഡാൻസ് സ്കൂൾ നടത്തുന്നു “
“What? “
“അതെന്ന്.. നൃത്തം.. എഴുത്ത്, പാട്ട് “
“Are you mad? “പ്രിയ തെല്ലുറക്കെ ചോദിച്ചു
മീനാക്ഷി പൊട്ടിച്ചിരിച്ചു
“നമുക്ക് വല്ലോം കഴിച്ചാലോ പ്രിയ.. ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട് “മീനാക്ഷി പറഞ്ഞു
ഇന്ത്യൻ കോഫീ ഹൗസ്..
“ഈ ഇഷ്ടം കളഞ്ഞിട്ടില്ല ല്ലേ? “പ്രിയ ചിരിയോടെ ചോദിച്ചു
“ഒരു ഇഷ്ടവും കളഞ്ഞിട്ടില്ല “
“എന്നിട്ടാണോ സബ് കളക്ടർ ജോലി കളഞ്ഞത്? “
“അത് ഇഷ്ടം ആയിരുന്നു എന്ന് ആര് പറഞ്ഞു? അച്ഛൻ കൊച്ചിലെ മുതൽ ഇങ്ങനെ ഫീഡ് ചെയ്തു കൊണ്ടേയിരുന്നു.. ഐ എ എസ്.. ഐ എ എസ്.. ഐ എ എസ്…. അങ്ങനെ അതിൽ പെട്ടു.. ജോലി ടെൻഷൻ.. അതിനിടയിൽ അഖിലുമായുള്ള കല്യാണം അതിന്റ പൊരുത്തക്കേടുകൾ വേദന, “
‘അഖിൽ? “
“ഉം.. അച്ഛനും അമ്മയും തിരഞ്ഞെടുത്ത ആളായിരുന്നു.നീ കണ്ടിട്ടില്ലല്ലോ അഖിയെ. രണ്ടു പേർക്കും തമ്മിൽ കാണാനുള്ള സമയം പോലുമില്ലാത്ത തിരക്ക് .. എന്നും വഴക്ക്.. കുട്ടികളും ഇല്ല.. മടുത്തു തുടങ്ങിയിരുന്നു ..
“എന്നാലും നീ ജോലി രാജി വെച്ച്? “
“ഇഷ്ടങ്ങൾ ഒക്കെ മാറ്റി വെച്ച് എത്ര നാൾ ആണ് വേറെ ഒരാളായി ജീവിക്കുക? ഒരു ജീവിതം അല്ലേയുള്ളു? ഇപ്പൊ കുട്ടികൾ, ക്ലാസ്സ് ഞാൻ ഹാപ്പി ആണ് പ്രിയ.. സത്യം “
“അച്ഛൻ, അമ്മ? “
“അവരൊക്കെ കുറെ നാൾ പിണങ്ങിയിരുന്നു.. ആൾക്കാർ അവരോടല്ലേ ചോദ്യം ചോദിക്കുക? ആൾക്കാർക്ക് പുതിയ വിഷയം കിട്ടിയപ്പോ എന്നെ മറന്നു. അപ്പൊ അച്ഛനും അമ്മയും സ്വയം ചിന്തിച്ചു തുടങ്ങി.
ഒറ്റ മകളോട് ചെയ്തത് ശരിയായിരുന്നു വോ? ബോർഡിങ് സ്കൂളിലെ ബാല്യം, ഹോസ്റ്റലുകളിലെ കൗമാരം,അവരുടെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത ഒരു വിവാഹം.
നിറയെ ടെൻഷൻ നിറഞ്ഞ തീരെ ഇഷ്ടപ്പെടാതെ ഉള്ള ജോലി. ചിന്ത കൾക്കൊടുവിൽ ഇപ്പൊ അവർ ഒപ്പം ഉണ്ട് “
“എന്നാൽ പോലും എനിക്ക് എന്തോ..എത്ര മിടുക്കി ആയിരുന്നു നീ? സത്യത്തിൽ നമ്മുടെ നാടിനു നഷ്ടം ആയതു നല്ലൊരു കളക്റ്ററിനെ ആണ് “
“നീ കരുതും പോലെ അല്ല. നമുക്ക് പൂർണമായും നമ്മുടെ ഇഷ്ടത്തിന് ജോലി ചെയ്യാൻ ആവില്ല.
നമ്മുടെ ആദർശങ്ങൾ ഒക്കെ മാറ്റി വെച്ച് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും.. എനിക്ക് മടുത്തിരുന്നു “
പ്രിയയുടെ മുഖം ചുവന്നു തുടുത്തിരുന്നു. കറുപ്പിൽ സ്വർണനൂലുകൾ പാകിയ സാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു. ഒരു ഇരുപത് വയസ്സുകാരി പെൺകുട്ടിയെ പോലെ തോന്നിച്ചു അപ്പൊ അവൾ.
“ചേട്ടാ ഒരു മസാലദോശ, ഒരു കട്ലറ്റ്, ഒരു ഉഴുന്ന് വട പിന്നെ.. കാപ്പി നിനക്കോ? “
പ്രിയ കണ്ണുമിഴിച്ചു “എനിക്ക് ഇത്രയും ഒന്നും വേണ്ട ഒരു കോഫി മാത്രം മതി.അല്ലെങ്കിൽ തന്നെ തടി കൂടുതൽ ആണ് dieting ആണ് മീനാക്ഷി ഇപ്പൊ ഞാൻ “
“ഞാൻ നല്ലോണം കഴിക്കും പണ്ടൊക്കെ എനിക്കും ഉണ്ടായിരുന്നു ഈ അസുഖം. തടി കൂടുമോ? വെയിൽ കൊണ്ടാൽ നിറം പോകുമൊ? മുടി പൊഴിയുമോ? അങ്ങനെ.. ഇപ്പൊ അങ്ങനെ ഒന്നുമില്ല.
വിശന്നാൽ കഴിക്കും.. വെയിൽ, മഴ എല്ലാം കൊള്ളും.. life എത്ര സുന്ദരമാണ്? ”
പ്രിയ തെല്ലു അസൂയയോടെ അവളെ നോക്കി.. എത്ര ഹാപ്പി ആണ് അവൾ..
“അഖിൽ? “പ്രിയ ചോദിച്ചു.. അത് മനുഷ്യസഹസജ്ജമായ ചോദ്യം ആണ്. ഒത്തിരി സന്തോഷം ആയി ഇരിക്കുമ്പോൾ മുള്ള് കൊണ്ട് കുത്തും പോലെ ചിലർ ചിലത് ചോദിക്കും.അത് ചിലപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാർ പോലും ചോദിക്കും.
മീനാക്ഷിക്ക് ആ നേരം ഒരു ഫോൺ കാൾ വന്നപ്പോൾ അവൾ കയ്യുയർത്തി ചിരിച്ചിട്ട് കാൾ എടുത്തു
“കോഫി ഹൌസിൽ.. “
“ഇല്ല.. ഇപ്പൊ ഇറങ്ങും. “
“കാറിൽ അല്ല . വേണ്ട വിളിക്കാൻ വരണ്ട “
“ഇപ്പൊ പറ്റില്ല.. ഇല്ലാന്ന്.. പ്രിയ ഉണ്ട് കൂടെ.. ഞാൻ വിളിക്കാം വിളിക്കാം “
ഫോൺ കട്ട് ചെയ്യുമ്പോൾ അവൾ നാണം പൂത്ത മുഖം ഒന്ന് താഴ്ത്തി.. ആരാണ് എന്ന് പ്രിയ ചോദിച്ചില്ല. അങ്ങനെ ഒരു പെണ്ണ് സംസാരിക്കുന്നുണ്ടെങ്കിൽ ആരോടാണ് എന്ന് മറ്റൊരു പെണ്ണിനല്ലാതെ ആർക്കാണ് മനസിലാക്കുക? മസാലദോശ വന്നു.. കോഫിയും
“ങാ നീ നേരെത്തെ എന്താ ചോദിച്ചേ? ആ അഖിൽ.
അഖിൽ സന്തോഷം ആയി ഇരിക്കുന്നു “
“വേറെ കല്യാണം? “
“ഊഹും ഇല്ല ” ചോദ്യങ്ങൾ വേഗം അവസാനിച്ചു ഭക്ഷണം കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരു കാർ വന്നു നിന്നു..
സുന്ദരനായ ഒരു ചെറുപ്പക്കാരൻ
“വിളിക്കാൻ വരണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു ട്ടോ “മീനാക്ഷി അയാളോട് പറഞ്ഞു
“ഹായ് പ്രിയ.. നമ്മൾ കണ്ടിട്ടില്ല.. എന്നെ പക്ഷെ അറിയാം.. ഞാൻ അഖിൽ.. ”
പ്രിയ അമ്പരന്നു പോയി
“അഖിക്ക് വിശക്കുന്നോ? കഴിച്ചോ വല്ലതും? “മീനാക്ഷി അവന്റെ മുടിയിൽ പറ്റിയിരിക്കുന്ന ഒരു പൊടി എടുത്തു മാറ്റി..
“ചായ കുടിച്ചു.. .. വാ പോകാം “
പിൻസീറ്റിൽ പ്രിയക്ക് ഒപ്പം ഇരിക്കുമ്പോൾ ആ കയ്യിൽ പിടിച്ചു പ്രിയ മുഖത്തേക്ക് നോക്കി
“നീ ഇപ്പൊ ആലോചിക്കുന്നത് എന്താ എന്നറിയാം.. ഉത്തരം ഇതാണ്. പഴയ എന്നെ ഞാൻ ഉപേക്ഷിച്ചിട്ടും ഈ ഇഷ്ടം ഉപേക്ഷിക്കാൻ എനിക്ക് പറ്റിയില്ല. അഖിലിനും പറ്റിയില്ല.. ഇപ്പൊ വഴക്കില്ല
. ദേഷ്യം ഇല്ല.
പൊരുത്തക്കേടുകൾ ഇല്ല.. കാത്തിരിക്കാൻ മടി ഇല്ല.. മുഷിച്ചിലും ഇല്ല.. ഇഷ്ടം മാത്രം.. എനിക്ക് സമയം ഉണ്ട് ഇപ്പൊ ഇഷ്ടം പോലെ… പക്ഷെ അഖിൽ പറഞ്ഞിട്ടല്ല ഞാൻ ജോലി രാജി വെച്ചത്. ഞാൻ അതിന് ഞാൻ യോജിക്കില്ലായിരുന്നു
”
പിന്നെ ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.
“Now We are in love “അവൾ കണ്ണിറുക്കി
“ഇവിടെ നിർത്തിയാൽ മതി”പ്രിയ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ…
“ട്രെയിൻ കുറച്ചു ലേറ്റ് ആയിരുന്നു അപ്പൊ സമയം പോകാൻ കേറിയതാ.. അത് ഭാഗ്യം ആയി.. കാണാൻ കഴിഞ്ഞു ല്ലോ.. ” മീനാക്ഷി അവളെ ചേർത്ത് പിടിച്ചു…
“സന്തോഷം ആയി ഇരിക്ക് എപ്പോഴും.. ” അവൾ തലയാട്ടി പിന്നെ കാറിന്റെ ഡോർ തുറന്നു അഖിലിന്റെ അരികിൽ ഇരുന്നു..
അത് ഒരു നല്ല കാഴ്ച്ച ആയിരുന്നു.. ചില കാഴ്ചകൾ അങ്ങനെ ആണ്… ഉള്ളു നിറയ്ക്കുന്നവ…