പപ്പാ ഇഷ്ടം ആണെങ്കിൽ അത് ആ ആന്റിയോട് പറയ്, അത് കഴിഞ്ഞു പോരെ എന്നോട്..

എന്റെ ചിത്രശലഭം
(രചന: Ammu Santhosh)

“അങ്ങനെ ആരെയും പ്രേമിച്ചിട്ടില്ല എന്നൊന്നും പറയാൻ പറ്റില്ല ട്ടോ.. ഒരു.. ഒന്ന്.. രണ്ട്.. മൂന്ന്.. മൂന്ന് പേരെ പ്രേമിച്ചിട്ടിണ്ട്..

പക്ഷെ  ഒന്നും വർക്ക്‌ ആയില്ല.. ആദ്യത്തെ ആൾക്ക് എന്റെ ഇഷ്ടം അറിയില്ലായിരുന്നു. സ്കൂൾ ടൈം ആയിരുന്നു ട്ടോ രണ്ടാമത്തെ ആൾക്ക് ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു.

അതോടെ ഞാൻ സലാം പറഞ്ഞു .  മൂന്നാമത്തെ ഒരു വിധമൊക്ക ok ആയതായിരുന്നു ജാതകം ഒക്കെ നോക്കിയപ്പോഴല്ലേ ദേ കിടക്കുന്നു ചൊവ്വ..

ഈ ചൊവ്വാ ദോഷത്തേ കുറിച്ച് കേട്ടിട്ടില്ലേ? ലവൻ തന്നെ.   അയാളുടെ അമ്മയോ  ഒടുക്കത്തെ അന്ധവിശ്വാസിയും. അയാൾ പോയ വഴി കണ്ടില്ല..

പിന്നെ ഒരു ഭാഗ്യപരീക്ഷണം നടത്തിയില്ല.. ദേ ഇപ്പൊ എന്താ സമാധാനം..എനിക്ക്  മുപ്പത്തിയഞ്ചു  വയസ്സായി. പക്ഷെ ഹാപ്പി ആണ് സത്യം..ഇനി ഗോപുവിനെ കുറിച്ച് പറ  “

ശരിക്കും നന്ദിതക്ക് അത്രയും പ്രായം തോന്നില്ലായിരുന്നു. അവൾക്ക് വേണമെങ്കിൽ മുപ്പത് പറഞ്ഞാൽ മതിയാരുന്നു സാധാരണ ചില സ്ത്രീകൾ പ്രായം കുറച്ചു പറയുക പതിവാണ്.. അവൾ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു എല്ലാം.

ഞാൻ ഈ  ഓഫീസിൽ പുതുതായി ചാർജ് എടുക്കുമ്പോൾ എനിക്ക് ആ നഗരം പുതുതായിരുന്നു. മോൾ ഹോസ്റ്റലിൽ നിന്ന് മാസത്തിൽ ഒരിക്കൽ ആണ് വരിക..നന്ദിത ആയിരുന്നു ഏക ആശ്വാസം..

“ഞാൻ.. എന്നെക്കുറിച്ചു എന്താ പറയുക..  ഞാനും മോളും മാത്രം ഉള്ള ഒരു ലോകം ആണെന്റെ  . മോളുടെ അമ്മ ഞങ്ങളെ ഉപേക്ഷിച്ചു വളരെ നേരെത്തെ പോയി.മരിച്ചു പോയതല്ല ട്ടോ.

ഒരാൾക്കൊപ്പം പോയതാ.. പിന്നെ അതിന്റ ഒരു നാണക്കേട് ഒക്കെ മോളെ ബാധിക്കുന്നു എന്ന് തോന്നിയപ്പോൾ ആ സ്ഥലം വിട്ടു.. പിന്നെ സ്ഥിരമായി ഒരു കൂടില്ല.. “

“അയ്യേ അതിലെന്തു നാണക്കേട്.. അവർക്കതാവും സന്തോഷം.. നമ്മൾ വിചാരിക്കും. ഞാൻ എത്ര സ്നേഹിച്ചതാ എന്നെ എന്നിട്ടും വിട്ടു പോയില്ലേ എന്നൊക്കെ.. ചുമ്മാ.. അതേ.. സ്നേഹം എന്നൊക്കെ പറഞ്ഞാൽ ഒരു തരം അനുഭവിപ്പിക്കലാ..

ഇപ്പൊ ഗോപു സ്നേഹിച്ചത് അവർക്ക് അത്രയും ഫീൽ ആയി കാണില്ല. മറ്റെയാൾ ഒരു പക്ഷെ ഇതിലും ആഴത്തിൽ സ്നേഹിച്ചു കാണും.. അത് സാരോല്ല ന്ന് അവർക്കിഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ.. “

“അത്ര നിസാരമായി എനിക്ക് അത് എടുക്കാൻ പറ്റില്ല ഡോ “

“വെറുപ്പാണ്? “

“Yes “

“മോൾക്കും “

“Yes “

“അത് ഗോപുവിന്റ ഇൻജെക്ഷൻ ആവും “

“അല്ല ഇട്ടിട്ട് പോയതല്ലേ.. ഇപ്പൊ അവൾ വളർന്നില്ലേ.. കാര്യങ്ങൾ ഒക്കെ അറിയാം.. “

പിന്നെ നന്ദിത അതിനെകുറിച്ച് പറഞ്ഞില്ല.. അവൾ സിനിമകളെ കുറിച്ച്. പുസ്തകങ്ങളെകുറിച്ച് പാട്ടുകളെകുറിച്ച് ഒക്കെ പറയും..

ഓഫീസിൽ നിന്ന് വരും വഴി ഒന്നിച്ചു വരും.. പച്ചക്കറി, മത്സ്യം ഒക്കെ ഒന്നിച്ചു വാങ്ങും. അവൾക്ക് എല്ലാവരും ഫ്രണ്ട്സ് ആണ്.. എല്ലാവരോടും ഒരു പാട് സംസാരിച്ചു അങ്ങനെ.. ശരിക്കും ഒരു ചിത്രശലഭം പോലെ..

അവധി ദിവസങ്ങളിൽ വീട്ടിൽ വരും. അവൾക്ക് അങ്ങനെ പേടിയൊന്നുമില്ല.

‘ഹലോ.. ഒരു പുരുഷൻ ഒറ്റയ്ക്ക് താമസിക്കുന്നിടത്തു വരാൻ ഇങ്ങനെ പേടിയൊന്നുമില്ലേ മാഷേ? “ഒരു ദിവസം ഞാൻ ചോദിച്ചു… അവൾ പൊട്ടിച്ചിരിച്ചു…

“നോക്ക്‌ ഗോപു. ഞാനുണ്ടല്ലോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആണ്. എന്റെ ദേഹത്ത് തൊട്ടാൽ തൊടുന്നവന്റ മർമ്മം നോക്കി ഞാൻ ചവിട്ടും. അത് sure ആണ്..

പിന്നെ ഞാൻ എന്തിന് പേടിക്കണം നമ്മൾ ഫ്രണ്ട്സ് ആണ്.. കഷ്ടകാലത്തിനു ആണും പെണ്ണുമായി പോയി.. ” ഞാൻ ചിരിച്ചു പോയി.

മോൾ വന്നപ്പോൾ അവളെയും കൊണ്ട് ഞാൻ പുറത്തു പോയി. എല്ലാ വിശേഷങ്ങളും പറഞ്ഞെങ്കിലും നന്ദിതയെ കുറിച്ച് പറയാൻ എന്തോ ഒരു മടി പോലെ..

ഒന്നുമില്ല ഞങ്ങൾ തമ്മിൽ എന്നായിരുന്നു അത് വരെ ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്. പക്ഷെ എന്റെ ഉള്ളിൽ ഒരു കള്ളത്തരം ഉണ്ട് എന്നെനിക്ക് മനസിലായി.  അതാണ് ഞാൻ അത് ഒളിച്ചത് എന്ന് തോന്നുന്നു.

നന്ദിതയുടെ ഫോൺ നമ്പർ ഞാൻ ബ്ലോക്ക് ചെയ്തു വെച്ചു. മോളുടെ മുന്നിൽ വെച്ച് കാൾ വന്നാൽ എങ്ങനെ എന്ന് എനിക്ക് അറിഞ്ഞൂടായിരുന്നു.. അവൾ വീട്ടിലേക്ക് വരുമോ എന്ന ഒരു പേടിയുണ്ടായിരുന്നു. പക്ഷെ വന്നില്ല. തിങ്കളാഴ്ച മോൾ തിരിച്ചു പോയി.

ഓഫീസിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് നന്ദിത ഉണ്ടോന്നു നോക്കുകയായിരുന്നു അവൾ സീറ്റിലുണ്ട്.. ഞാൻ അങ്ങോട്ട് ചെന്നപ്പോൾ അവൾ പുഞ്ചിരിച്ചു

“മോൾ വന്നിട്ടുണ്ടായിരുന്നു അല്ലെ? ” ഞാൻ വിളറി പോയി

‘എങ്ങനെ? “

“എന്റെ നമ്പർ ബ്ലോക്ക് ചെയ്തില്ലേ ഞാൻ ഊഹിച്ചു.”

എന്റെ നാവിറങ്ങി പോയി. ഞാൻ ഒരു കടുകുമണിയോളം ചെറുതായ് ആ മുന്നിൽ..

“ഗോപു ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. എനിക്ക് സത്യമില്ലാത്തവരെ ഇഷ്ടമല്ല ഗോപു.. ഗോപുവിന് ഒരു കള്ളത്തരം ഉണ്ട്.. സോറി ഇനി എന്നോട് സംസാരിക്കരുത് “

ഞാൻ ഞെട്ടിപ്പോയി.. നന്ദിത പിന്നെ എന്നോട് സംസാരിച്ചില്ല. തെറ്റ് പൂർണമായും എന്റെ ഭാഗത്തായിരുന്നു.

ഞാൻ മാപ്പ് പറഞ്ഞു നോക്കി. എന്റെ വശം വിശദീകരിച്ചു നോക്കി. ഇനി മോളു വരുമ്പോൾ മുന്നിൽ കൊണ്ട് നിർത്തി തരാം എന്ന് വരെ പറഞ്ഞു നോക്കി. നന്ദിത ക്ഷമിച്ചില്ല.

ഹോസ്റ്റലിൽ പോയി ഞാൻ മോളെ കണ്ടു. എല്ലാം പറഞ്ഞു

“എന്റെ പപ്പാ.. പപ്പാ എന്തിനാ ഇത് ഒളിച്ചത്? പപ്പാ I am a grown up girl.. പപ്പാ ഇഷ്ടം ആണെങ്കിൽ അത് ആ ആന്റിയോട് പറയ്.. അത് കഴിഞ്ഞു പോരെ എന്നോട്? ” മോൾ അത് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നു പോയി.

“അല്ല ശരിക്കും മോൾക്കിഷ്ടമാണെങ്കിൽ മാത്രം മതി?”

“അത് വെറുതെ.. എനിക്കിഷ്ടമല്ലെങ്കിലും പപ്പാ ഈ അഫയർ ഉപേക്ഷിക്കുകയൊന്നുമില്ല..പപ്പാ ക്ക് വലിയ ഇഷ്ടമാണ് ആന്റിയെ.. ശരിയല്ലേ “?

ഞാൻ മിണ്ടിയില്ല.

“പപ്പാ ചെല്ല്. ഇഷ്ടമാണെന്ന് പറ.. മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറഞ്ഞത് പോലെ നമ്മൾ ക്രിസ്ത്യാനികൾക്ക് ചൊവ്വാ ദോഷമൊന്നുമില്ല എന്ന് പറ.. അല്ലെങ്കിൽ വേണ്ട ആ നമ്പർ ഇങ് താ ഞാൻ സംസാരിക്കാം.. പപ്പയെ കൊണ്ട് അതിനൊന്നും കൊള്ളൂല്ല “

ഞാൻ എന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചു ആ നിറുകയിൽ ചുണ്ടമർത്തി.. എന്റെ കണ്ണ് നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു..

“എനിക്ക് അറിയാം എന്റെ പപ്പാ എത്ര ഒറ്റയ്ക്കാണെന്നു. എന്നാണെങ്കിലും ഞാൻ കല്യാണം കഴിഞ്ഞു പോവും പപ്പാ ഒറ്റയ്ക്കാവും..കൂട്ട് നല്ലതല്ലേ പപ്പാ.. “

ഞാൻ തലയാട്ടി..

നല്ല പനി ഉള്ളത് കൊണ്ട് പിറ്റേന്ന് ഞാൻ ഓഫീസിൽ പോയില്ല..

“വല്ല കോറോണയും ആണോ മാഷേ? ” മയക്കത്തിൽ ആ ശബ്ദം ഞാൻ കേട്ടു
നന്ദിത

“ഇതെങ്ങനെ അകത്തു കേറി? “

“വാതിൽ ചാരിയിട്ടല്ലേ ഉള്ളു. ഒരു ബോധവുമില്ലാത്ത ഉറക്കം ആയിരുന്നു. ഞാൻ വന്നപ്പോൾ. ദേ കാപ്പി ” അവൾ തന്ന കാപ്പി ഊതിക്കുടിച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി.

“മോൾ വിളിച്ചോ? “ഞാൻ ചോദിച്ചു

“ഇല്ലല്ലോ എന്തെ? “

“പിണക്കം മാറിയത് എങ്ങനെ? “

“എനിക്ക് ഗോപുവിനോട് പ്രേമം ആണെന്നാ
തോന്നുന്നേ.. “അവൾ നഖം കടിച്ചു… എനിക്ക് ചിരി വന്നു..

“സത്യമാ.. എനിക്ക് ഗോപുവിനെ ഓർക്കുമ്പോൾ ഒരേസമയം ചിരിയും കണ്ണീരും വരികയാ . ഗോപുവിന്.. എന്നെ കല്യാണം കഴിച്ചാലെന്താ? നിങ്ങൾ ക്രിസ്ത്യാനികൾക്ക് ചൊവ്വയും വെള്ളിയും ഒന്നുമില്ലല്ലോ “

ഞാൻ പൊട്ടിച്ചിരിച്ചു പോയി

നന്ദിതയും എന്റെ മോളും ഒരേ പോലെയാണ് മിക്കവാറും എല്ലാ കാര്യങ്ങളിലും.. ഒരേ അഭിപ്രായം ഒരേ ഇഷ്ടങ്ങൾ.. കണ്ടാലും ഏകദേശം ഒരേ  പോലെ.. എന്റെ ജീവിതം വീണ്ടും ശബ്ദമയമായി.

ഞങ്ങൾ മൂന്ന് പേരും കൂടെ ഒരിക്കൽ എന്റെ പഴയ ഭാര്യയെ കാണാൻ പോയി. അവൾക്ക് രണ്ടാണ്മക്കൾ ആണ്. സന്തോഷമായി ജീവിക്കുന്നു..

അവളുടെ ഭർത്താവ് എന്റെ നല്ല സുഹൃത്തായി.. മാറ്റങ്ങൾ എത്ര പെട്ടെന്ന്.. എനിക്ക്, എന്റെ മോൾക്ക് ഒക്കെ അവളോട് ക്ഷമിക്കാൻ പറ്റിയെങ്കിൽ, സ്നേഹിക്കാൻ പറ്റിയെങ്കിൽ അതിന്റ കാരണം നന്ദിത ആണ്.

നിറച്ചും പോസിറ്റീവ് എനർജി  ഉള്ള എന്റെ മാത്രം ചിത്രശലഭം…

Leave a Reply

Your email address will not be published. Required fields are marked *