ഭാര്യ എന്ന നിലയിൽ അന്ന് ഞാൻ തോറ്റു, വീട്ടുകാർ നടത്തി തന്ന വിവാഹം ആയതു കൊണ്ട്..

മുറിവേറ്റവർ
(രചന: Ammu Santhosh)

അമ്മയുടെ മകന്റെ ഭാര്യയാണെന്ന് സ്വയം പരിചയപ്പെടുത്തി ലക്ഷ്മി  ഒരു ഉച്ചക്ക് കയറിവന്നപ്പോൾ ഞാൻ ഓർത്തത് എന്നെ തന്നെയാണ്. കുറച്ചു വ്യത്യാസം മാത്രം.

വർഷങ്ങൾക്കു മുൻപ് വരുണിനെ വയറ്റിൽ ചുമന്നു കൊണ്ട് മറ്റൊരു സ്ത്രീ യുടെ മുന്നിൽ പോയി പറയേണ്ടി വന്നു.

ഇത് എന്റെ ഭർത്താവാണെന്ന്. പക്ഷെ അയാൾ നിഷ്കരുണം എന്നെ തള്ളിക്കളഞ്ഞു.

ഭാര്യ എന്ന നിലയിൽ അന്ന് ഞാൻ തോറ്റു.
വീട്ടുകാർ നടത്തി തന്ന വിവാഹം ആയതു കൊണ്ട് തന്നെ രണ്ടു കുടുംബവും ഒപ്പം നിന്നു.  ഞാൻ തകർച്ചയിൽ നിന്ന് മെല്ലെ കരകയറി.

മോന്റെ മുഖം. അവന്റെ ചിരി. അവന്റെ കൊഞ്ചിയുള്ള വിളിയൊച്ചകൾ. അയാളെ മറന്ന് തുടങ്ങി അല്ലെങ്കിൽ അങ്ങനെ ശീലിച്ചു. വരുണിനും എല്ലാം അറിയാമായിരുന്നു…

അച്ചനെ കാണണം എന്ന് അവൻ ഒരിക്കലും ആവശ്യപ്പെട്ടില്ല. അമ്മ മതി എല്ലാത്തിനും. അമ്മയായിരുന്നു ബെസ്റ്റ് ഫ്രണ്ട്. ജോലി കിട്ടി ഡൽഹിയിൽ പോകുന്ന വരെ.

മാറ്റങ്ങൾ ഉണ്ടാകുന്നതു കണ്ടപ്പോൾ ഓർത്തു അവൻ വളർന്നു. പഴയ പോലെ കൊഞ്ചിച്ചിരിക്കാൻ കുഞ്ഞല്ലല്ലോ. പക്ഷെ ഇത്രയും മാറിപ്പോയി എന്ന് അറിഞ്ഞില്ല.

ലക്ഷ്മി  ഗർഭിണി അല്ല. . നിയമപരമായി വരുൺ അവളെ വിവാഹം കഴിച്ചില്ല. പക്ഷെ മൂന്നു വർഷത്തെ പ്രണയം.

ക്ഷേത്രത്തിൽ വെച്ചു കെട്ടിയ താലി. ഒക്കെ മതി. കഴിഞ്ഞ അവധിക്ക് വന്നപ്പോൾ  കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി യെ കുറിച്ച് പറഞ്ഞു അവൻ.

നല്ലതാണെങ്കിൽ ആലോചിക്കാം എന്ന് ഞാനും. ഞാൻ അറിഞ്ഞില്ല ഇത്. അവൻ മൂന്നു വർഷം എന്നോട് ഒളിച്ചു എന്നത് വിശ്വസിക്കാനായില്ല.

ഫോട്ടോകൾ കണ്ടു.അവന്റെ  കൂട്ടുകാരോട് ചോദിച്ചു. സത്യം ആണ്.. എന്നിട്ടും വിശ്വാസം വരാതെ ക്ഷേത്രത്തിൽ പോയി അന്വേഷിച്ചു. സത്യം തന്നെ.

ലക്ഷ്മിക്ക് ആരുമില്ല. ഉണ്ടായിരുന്നത് വകയിൽ ഒരു അമ്മായി ആണ്. അവരുടെ രീതി ഒക്കെ മാറി തുടങ്ങിയപ്പോ ഹോസ്റ്റലിലേക്ക് മാറി.

ജോലിയുണ്ട് ബാങ്കിൽ. അവൾക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു. ഞാൻ അവളെ എന്റെ വീട്ടിൽ താമസിപ്പിച്ചു. വരുണിനോട്  ഫോൺ ചെയ്ത് നാട്ടിലെത്താൻ മാത്രം പറഞ്ഞു.

“അമ്മക്കിതെന്താ? ഇവളെ ഇറക്കി വിട്.. എവിടുന്നോ ഒരു താലിമാല ഇട്ടോണ്ട് വന്നേക്കുവാ.. എനിക്ക് ഇവളുമായ് ഒരു ബന്ധോമില്ല ” ഞാൻ അവന്റെ മുഖത്തൊന്നു കൊടുത്തു.

“ഈ ഫോട്ടോ ഒക്കെ കള്ളം പറയുമോടാ? ” മൊബൈലിലെ കല്യാണ ഫോട്ടോക്ക് മുന്നിൽ അവൻ ഒട്ടും പതറാഞ്ഞത് എന്നെ അതിശയിപ്പിച്ചു.

“ഇതൊക്കെ വല്ല ഫോട്ടോ ഷോപ്പ് ആയിരിക്കും അമ്മേ.. ഇങ്ങനെ എത്ര പേർക്കൊപ്പം പോയവളായിരിക്കും. അമ്മക്ക് എന്നെ വിശ്വാസം ഇല്ലെ? “

“നിനക്കിവളെ പരിചയമേയില്ല? “

“ഉണ്ടെങ്കിൽ..? കല്യാണം ഒന്നും പറ്റുകേല അമ്മേ എന്റെ ലൈഫ് ആണ്. തമാശക്ക് എന്തോ പറഞ്ഞുന്നു വെച്ച്.. ഒരു അനാഥപെണ്ണിനെ ഒന്നും കെട്ടാൻ എനിക്ക് പറ്റുകേല “

അവനല്ല ഇത് പറയുന്നത്. അവന്റെ രക്തം അതാണ്.അവന്റെ അച്ഛൻ   അന്ന് കാമുകിയുടെ മുന്നിൽ വെച്ചു പറഞ്ഞത് ഞാൻ ഓർത്തു

“ഇവൾ എന്റെ ഭാര്യയൊന്നുമല്ല. ആണുങ്ങളെ പറ്റിക്കാൻ ഓരോന്ന് ഇറങ്ങി കൊള്ളും നിനക്ക് എന്നെ വിശ്വാസം ഇല്ലെ? “

പാരമ്പര്യം എന്നൊന്നുണ്ട്. ജീനുകൾ. അവന്റേത്‌ അവന്റെ അച്ഛന്റെ ജീൻ ആണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.

ഒരു ജീവിതം കൊടുത്തു വളർത്തിയത് ഇവനെയായിരുന്നോ? പെണ്ണിനെ ബഹുമാനിക്കണം,  സ്നേഹിക്കണം, എന്റെ മോൻ കാരണം ഒരു പെണ്ണും കരയരുത് എന്ന് പറഞ്ഞു പഠിപ്പിച്ചിട്ട്…

അമ്മയെന്ന നിലയിലും ഞാൻ തോറ്റു പോയല്ലോ ദൈവമേ.  ഹൃദയം പൊടിയുന്ന വേദന..

ലക്ഷ്മി എന്റെ കയ്യിൽ പിടിച്ചു…

“സാരോല്ല അമ്മേ. എന്റെ തെറ്റാണ്. കുഞ്ഞിലേ മുതൽ സ്നേഹം അറിഞ്ഞിട്ടില്ല. ആരും സ്നേഹിച്ചില്ല. അപ്പൊ കുറച്ചു സ്നേഹം കിട്ടിയപ്പോ..

വിശ്വസിച്ചു പോയി. ആരുമില്ലാത്തവളല്ലേ ചതിക്കില്ലായിരിക്കും എന്നോർത്ത് പോയി. ഇത് എനിക്ക് ശീലം ആണ്. തനിച്ചാകുക. ഞാൻ പോട്ടെ “

ഞാൻ വരുണിനെ നോക്കി ഭാവഭേദമൊന്നുമില്ല. എന്നെപ്പോലെ മറ്റൊരു പെണ്ണ്.

ചരിത്രം ആവർത്തിക്കപ്പെടുകയാണ്. പക്ഷെ ഇവന്റെ മുന്നില്, മകന്റെ മുന്നിൽ തോറ്റിട്ടു ജീവിക്കുന്നത് എന്തിന്?

“ലക്ഷ്മി എങ്ങും പോകണ്ട “പെട്ടെന്ന് ഞാൻ പറഞ്ഞു.

“അമ്മ എന്താ ഈ പറയുന്നത്? “വരുൺ അമ്പരപ്പോടെ എന്നെ നോക്കി.

“ഇത് എന്റെ വീടാണ് വരുൺ. ഞാൻ അധ്വാനിച്ചു സമ്പാദിച്ച എന്റെ വീട്. ഇവിടെ ആരൊക്കെ താമസിക്കണം വേണ്ട എന്ന് ഞാൻ തീരുമാനിക്കും.”

“എങ്കിൽ ഞാൻ പോകാം “അവൻ വാശിയോടെ പറഞ്ഞു

“അതേ നീ പോകണം.. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് നീ എന്റെ മകനായി ഇവിടെ ജീവിക്കണ്ട. ”
വരുൺ പോയി. അത് ഞാൻ പറയുമ്പോഴെങ്കിലും അവൻ

“ഇല്ലമ്മേ ക്ഷമിക്കണം. ലക്ഷ്മി യെ ഞാൻ കല്യാണം കഴിച്ചതാ.. അവൾക്കൊപ്പം ജീവിക്കാം” എന്ന് പറയുമെന്ന് കരുതി.

പറഞ്ഞില്ല. പറയില്ല. സ്വന്തം മകനെ ജീവിതത്തിൽ ഒരിക്കലും കാണണം എന്ന് പോലും തോന്നാത്ത ഒരു അച്ഛന്റെ മകൻ ആണ്. അവന് തോന്നില്ല അത്.

പിന്നെ എന്റയും ലക്ഷ്മിയുടെയും കുഞ്ഞു ലോകം. കൊച്ചു കൊച്ചു  സന്തോഷങ്ങൾ .

ഇന്ന് എന്റെ ലക്ഷ്മിയുടെ  വിവാഹം ആണ്. ഞാൻ തന്നെ കണ്ടു പിടിച്ചതാണ്. വിവാഹശേഷം അവർ എനിക്കൊപ്പം തന്നെ ഉണ്ടാകും എന്നവർ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.

ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല ആരിൽ നിന്നും. ഉണ്ടെങ്കിൽ സന്തോഷം അത്ര തന്നെ.

ജനിപ്പിച്ചത് കൊണ്ട്, വളർത്തിയത് കൊണ്ട് ഒന്നും മക്കൾ നമ്മെ സ്നേഹിക്കണമെന്നില്ല. അവരുടെ രക്തത്തിൽ സ്നേഹം ഉണ്ടാകണം. അങ്ങനെ ഉണ്ടാകണമെങ്കിൽ സ്നേഹത്തോടെ ഭാര്യയും ഭർത്താവും ഇണ ചേരണം..അല്ലാത്തപ്പോഴാണ്

ക്രൂരത നിറയുന്ന മനസ്സുള്ള മക്കൾ ജനിക്കുന്നത്.. വരുൺ എന്നെ തേടി വന്നില്ല. പിന്നെ പിന്നെ എനിക്ക് അതൊരു ദുഃഖമല്ലാതെയായി. അല്ലെങ്കിൽ ഞാൻ എന്നെ അങ്ങനെ പരിശീലിപ്പിച്ചെടുത്തു.

മക്കൾ ആയതു കൊണ്ട് മാത്രം ഈ ലോകത്തിലാരെയും സ്നേഹിക്കുകയും സഹിക്കുകയും ചെയ്യേണ്ട കാര്യമില്ല. ഒരു പ്രയോജനവുമില്ല. എന്റെ അനുഭവം പഠിപ്പിച്ചതാണത്.

Leave a Reply

Your email address will not be published. Required fields are marked *