ആൾ തിരക്കുള്ള ബസിൽ ഇങ്ങനെ തട്ടിയെന്നും മുട്ടിയെന്നും ഇരിക്കും, ഇതൊക്കെ പ്രശ്നം ഉള്ളവർ..

(രചന: ഞാൻ ആമി)

“ഇങ്ങനെ മുട്ടി ഉരുമി നിൽക്കാൻ നിനക്ക് നല്ല സുഖമാണെൽ നീ നിന്റെ വീട്ടിലുള്ളവരൊപ്പം നിൽക്കട നായെ “

എന്ന് ഞാൻ ബസിലെ ആൾത്തിരക്കിനിടയിൽ പറഞ്ഞപ്പോൾ മോളെന്റെ കൈയിൽ പിടിച്ചു. ചുറ്റും ഒന്ന് നോക്കി.

“അമ്മേ… മിണ്ടാതെ ഇരിക്ക്.. ആളുകൾ നോക്കുന്നു ‘”എന്ന് പറഞ്ഞ് മോൾ എന്നെ നോക്കി.

ആൾത്തിരക്ക് ഉള്ള ബസിൽ ഇതുപോലെ ഒരണ്ണം എങ്കിലും കാണും ആൺ വർഗത്തിന് മാനക്കേടായി. എന്റെ ശബ്ദം ഉയർന്നതും അയാൾ പറഞ്ഞു.

“ആൾ തിരക്കുള്ള ബസിൽ ഇങ്ങനെ തട്ടിയെന്നും മുട്ടിയെന്നും ഇരിക്കും… ഇതൊക്കെ പ്രശ്നം ഉള്ളവർ സ്വന്തം വാഹനത്തിൽ പോകണം “

എന്ന് പറഞ്ഞ് അയാൾ ചുറ്റും നോക്കി. ആരും ഒന്നും മിണ്ടാതെ എന്നെയും അയാളെയും നോക്കി. ഒരു സീറ്റ് കിട്ടിയപ്പോൾ ഞാൻ മോളെ കൂട്ടി ആ സീറ്റിൽ ഇരുന്നു.

എന്നോട് മിണ്ടാതെ അവൾ ദേഷ്യത്തോടെ പുറത്തേക്കു നോക്കി ഇരുന്നു. സ്റ്റോപ്പിൽ ഇറങ്ങിയതും ഒന്നും മിണ്ടാതെ അവൾ മുന്നെ നടന്നു വീട്ടിൽ ചെന്നു.

“ആഹാ… മോളെന്താ മുഖം വീർപ്പിച്ചു വന്നത്? എന്താ ആമി പറ്റിയത് “

എന്ന് കണ്ണേട്ടൻ ചോദിച്ചപ്പോൾ ഞാൻ മിണ്ടാതെ അകത്തേക്ക് കയറി പോയി. ഉമ്മറത്തു ഇരുന്ന് അവൾ പറഞ്ഞു.

“ഈ അമ്മ ബസിൽ ബഹളം വെച്ചു അച്ഛാ… ഒരാളോട് ദേഷ്യപ്പെട്ടു പറഞ്ഞു മുട്ടാതെ മാറി നിൽക്ക്…

എല്ലാവരും അമ്മയെ നോക്കി ആയാലും അമ്മയെ എന്തോ പറഞ്ഞു… എന്തൊരു നാണക്കേട് ആയി പോയാന്നോ ഈ അമ്മ കാരണം “

എന്ന് മോൾ പറഞ്ഞതും ഞാൻ ഉമ്മറത്തേക്ക് ചെന്നു കണ്ണേട്ടനെ ഒന്ന് നോക്കി. എന്നെ നോക്കി ചിരിച്ചു കൊണ്ടു കണ്ണേട്ടൻ മോളോട് പറഞ്ഞു.

‘”ദേവു…. അമ്മ പറഞ്ഞതാണ് ശരി… പെണ്ണിന്റെ ശരീരത്തിൽ അനാവശ്യമായി ഒരാൺ തട്ടിയാൽ മുട്ടിയാൽ അത് തിരിച്ചറിയാനും പ്രതികരിക്കാനും പഠിക്കണം മോളെ….

ആരേലും അറിഞ്ഞാൽ നാണക്കേട് ആണെന്ന് കരുതി മിണ്ടാതിരുന്നാൽ അവർ വീണ്ടും ശല്യം തുടരും…

പ്രതികരിക്കേണ്ട സമയം പ്രതികരിക്കണം… “എന്ന് കണ്ണേട്ടൻ പറഞ്ഞതും മോൾ എന്നെ നോക്കി. ഒന്നും മിണ്ടാതെ അവൾ എന്റെ അടുത്തു വന്നു.

“അമ്മ സോറി “

മോളത് പറഞ്ഞതും ഞാൻ കണ്ണേട്ടനെ നോക്കി. മക്കൾക്ക് തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള പാഠം ആദ്യം പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *