ജീവിതം
(രചന: Ammu Santhosh)
“അമ്മയ്ക്ക് ജോഷിയങ്കിളിനെ ഇപ്പൊ കാണുമ്പോൾ വല്ലോം തോന്നാറുണ്ടോ? ” ജാനകിക്ക് മകൾ അല്ലിയുടെ ചോദ്യം കേട്ട് ചിരി വന്നു.
“എന്ത് തോന്നാൻ? “
“അല്ലമ്മേ നിങ്ങൾ മൂന്നാല് വർഷം പ്രണയിച്ചതല്ലേ? അതിനിടയിൽ എന്റെ അച്ഛൻ കയറി വന്നു.. അമ്മ കല്യാണത്തിന് സമ്മതിക്കുകയും ചെയ്തു. സത്യത്തിൽ അതെന്താ സമ്മതിച്ചേ? “
“ഹോ എന്റെ അല്ലി.. അത് വലിയ കഥയാണ് ഇപ്പൊ സമയം ഇല്ല. “
“എന്നാ ഞാൻ അച്ഛനോട് ചോദിക്കാം “
“ആ പോയി ചോദിക്ക്. എനിക്ക് ഓഫീസിൽ പോകാൻ നേരം ആയി “ജാനകി ടിഫിൻ ബോക്സ് ബാഗിൽ വെച്ചിട്ട് സാരീ ഉടുക്കാൻ ആരംഭിച്ചു.
അമ്മ പോയിക്കഴിഞ്ഞു. അല്ലി അച്ഛൻ ശ്രീഹരിയുട അരികിൽ ചെന്നു
“ഇന്ന് കോളേജ് അവധിയാണോ കുട്ടി? “
“അല്ല.. ഞാൻ പോണില്ല.. .. അതേ അച്ഛാ ഒരു
ഡൌട്ട് ” അലിയുടെ ആ ഡൌട്ട് കേട്ട് ശ്രീഹരി പൊട്ടിച്ചിരിച്ചു
“അച്ഛൻ വില്ലൻ ആണ് അല്ലെ? “അവൾ ചുണ്ട് കൂർപ്പിച്ചു
“പോടീ ഞാൻ നായകനാണ് ” ശ്രീ പറഞ്ഞു.
“അത് ഞാൻ തീരുമാനിക്കാം. കഥ പറ “അവൾ അച്ഛന്റെ അരികിൽ ഇരുന്ന് ആ കവിളിൽ നുള്ളി.
ശ്രീഹരി ജാനകിയെ ആദ്യമായി കണ്ടതോർത്തു. അയാൾ പറഞ്ഞു തുടങ്ങി. ക്ഷേത്രത്തിൽ ഉത്സവത്തിന് താലപ്പൊലിയുടെ അന്നാണ് ആദ്യമായി കാണുന്നത്.
കുറച്ചു നാൾ കഴിഞ്ഞു. ചില സ്ഥലങ്ങളിൽ ഒക്കെ വെച്ചു വീണ്ടും കണ്ടു. ഒരു ദിവസം രണ്ടും കല്പിച്ചു ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ കക്ഷി തുറന്നു പറഞ്ഞു വേറെ ഒരാളുമായി ഇഷ്ടത്തിലാണ് സോറിഎന്ന്.
ഒരു വിഷമം വന്നു. അവളെക്കുറിച്ചു ഞാൻ ആദ്യമേ അമ്മയോട് പറഞ്ഞു പോയിരുന്നു. പിന്നെ ഇത് പറഞ്ഞിട്ടും ആലോചന അമ്മ മുന്നോട്ട് കൊണ്ട് പോയി എന്നതാണ് ശരി.
എനിക്ക് ഹൃദയത്തിനു ചെറിയ തകരാർ ഉണ്ടായിരുന്നു. ഒരു ചെറിയ വിഷമം പോലും എന്നെ വല്ലാതെ ബാധിക്കും എന്ന് അമ്മ ഭയന്നു.
അമ്മ പറഞ്ഞില്ലെങ്കിലും ഞാനവളോട് പറഞ്ഞു ഒരു ഹൃദ്രോഗിയാണന്ന്.
പിന്നെ കല്യാണത്തിന് അവൾ സമ്മതിച്ചു എന്ന് കേട്ടപ്പോൾ അതിശയം തോന്നി. കാരണം ഞാൻ ചോദിച്ചിട്ടില്ല. അവൾ പറഞ്ഞിട്ടുമില്ല.
അല്ലി അതിശയത്തോടെ അത് കേട്ടിരുന്നു. വൈകുന്നേരം ജാനകിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അല്ലി വീണ്ടും പഴയ ചോദ്യം ചോദിച്ചു. ജാനകി ചിരിച്ചു
“ചിലരുടെ മുഖമൂടികൾ പെട്ടെന്ന് അഴിഞ്ഞു വീഴുന്നതെപ്പോഴാന്നറിയുമോ? ജീവിതത്തിൽ ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ.
ഞാൻ ജോഷിയോട് ഈ ആലോചനയെ കുറിച്ച് പറഞ്ഞു. അപ്പൊ ജോഷി പറഞ്ഞതെന്ത് എന്നറിയുമോ.
നീ സമ്മതിച്ചോളു അയാൾ ഒരു ഹൃദ്‌രോഗിയല്ലേ അയാളുടെ കാര്യം വേഗം കഴിയും, പിന്നെ അയാളുടെ സ്വത്തൊക്കെ നിനക്കല്ലേ. പിന്നെ നമുക്ക് സുഖം ആയി ജീവിക്കാമെന്ന്.. “ജാനകിയുടെ മുഖം ചുവന്നു.
“ആ മുഖത്തു കാർക്കിച്ചു തുപ്പാനാണ് തോന്നിയത്. ഇങ്ങനെ ഒരുത്തനെ ആയിരുന്നോ ഇത് വരെ സ്നേഹിച്ചത് എന്ന് തോന്നിപ്പോയി ” അല്ലി സ്തംഭിച്ചു പോയി.
“അമ്മ പിന്നെ എന്തിനാ അച്ചനെ കല്യാണം കഴിച്ചത്? അച്ഛന് അങ്ങനെ ഒരു അസുഖം ഉണ്ടെന്നറിഞ്ഞിട്ടും.. ഒരു ഗ്യാരന്റി
ഇല്ലാതെ.. ? ” അവൾ പാതിയിൽ നിർത്തി.
“ശ്രീ എന്നെ സ്നേഹിച്ചു.. എന്നെ മാത്രം സ്നേഹിച്ചു.. ഒന്നും മറച്ചു വെയ്ക്കാതെ.. എല്ലാം പറഞ്ഞു.
അല്ലെങ്കിലും ഏത് ജീവിതത്തിനാണ് ഗ്യാരന്റി ഉള്ളത്? ഒരു ദിവസം മാത്രം ഒന്നിച്ചു ജീവിച്ചാലും അത് സത്യമുള്ള, സ്നേഹമുള്ള ഒരുവന്റെ ഒപ്പം ജീവിക്കുന്നതാണ് പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം.. ഞാൻ ഭാഗ്യവതിയാണ്. “ജാനകി പറഞ്ഞു നിർത്തി. അല്ലിയുടെ കണ്ണുകൾ നിറഞ്ഞു
“അച്ഛനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..? ”
ജാനകി ചിരിച്ചു
“ശ്രീ എനിക്ക് തന്ന സ്നേഹം മാത്രം മതി ഒരായുസ്സ് മുഴുവൻ ഒറ്റക്ക് ജീവിക്കാൻ..
ജോഷിയെ ഇപ്പൊ കാണുമ്പോൾ എന്ത് തോന്നും എന്ന് ചോദിച്ചില്ലേ നന്ദി പറയാൻ തോന്നും വേറെ ഒന്നും തോന്നില്ല. ഒന്നും “ജാനകി പറഞ്ഞു നിർത്തി.
അല്ലി മിണ്ടാതെ മുറിയിലേക്ക് പോയി. പിറ്റേ ദിവസം കോളേജിൽ ചെല്ലുമ്പോൾ ക്ലാസിനു മുന്നിൽ ആദർശ് കാത്തു നില്കുന്നത് കണ്ടു അല്ലി അരികിൽ ചെന്നു.
“ഇന്നലെ കണ്ടില്ലല്ലോ കോളേജില്.. ഞാൻ പറഞ്ഞത് ഒരു ഇഷ്ടം മാത്രം ആണ് ട്ടോ.. പറയുമ്പോൾ എല്ലാം പറയണമല്ലോ. അതാണ് കുഞ്ഞിലേ ക്യാൻസർ വന്ന കാര്യം പറഞ്ഞത്.
ചിലപ്പോൾ വീണ്ടും വന്നേയ്ക്കാം.. ചിലപ്പോൾ വന്നില്ല എന്നും വരാം.. എനിക്ക് ഭയങ്കര ഇഷ്ടമാണ് അല്ലിയെ. എന്നെ ഇഷ്ടം അല്ലെങ്കിലും അത് മാറില്ല.
ഉള്ളിലുണ്ടാകും. പിന്നെ ഞാൻ ഇത് ഫൈനൽ ഇയർ അല്ലെ? ക്ലാസ്സ് ഒക്കെ തീരാറായി. ഇപ്പൊ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല അതാണ്. “അവൻ പുഞ്ചിരിയോടെ പറഞ്ഞു.
“പേരെന്റ്സിനോട് പറഞ്ഞിട്ട് ഒരു പ്രൊപോസൽ ആയിട്ട് വീട്ടിൽ വന്നാലോചിക്കാമോ? .. ഒന്ന് പറഞ്ഞു വെച്ചിരുന്നാൽ മതി.. സ്റ്റഡീസ് കഴിഞ്ഞു
മതി “അല്ലി മെല്ലെ ചോദിച്ചു.
“സീരിയസ് ആയി പറഞ്ഞതാണോ? “അവൻ അമ്പരപ്പോടെ ചോദിച്ചു.
“അതേ.. എനിക്ക് പഠിച്ചു ഒരു ജോലി വാങ്ങണം. എന്നിട്ട് മാത്രം കല്യാണം.. ok ആണോ? “അവൾ കുസൃതിയിൽ ചിരിച്ചു.
ആദർശ് നിറകണ്ണുകളോടെ അവളെ നോക്കിനിന്നു. അവൾ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെയും.
അവൾ ജാനകിയുടെ മകളായിരുന്നു. സ്നേഹം മാത്രം കൈമുതലായുള്ള ജാനകിയുടെയും ശ്രീഹരിയുടെയും മകൾ.