അപ്പോഴും എനിക്ക് രണ്ടാം സ്ഥാനം അമ്മയ്ക്ക് ഒന്നാം സ്ഥാനം അല്ലേ? തർക്കം വിടാൻ ഭാവമില്ലാതെ അവൾ തുടർന്നു..

(രചന: അംബികാ ശിവശങ്കരൻ)

ഹോസ്പിറ്റൽ ബെഡിന് അരികിലായി തന്റെ അമ്മയുടെ ചാരെ അമ്മയ്ക്ക് ബോധം വരുന്നതും കാത്ത് അസ്വസ്ഥനായി ഇരിക്കുമ്പോഴാണ് രാഹുലിന്റെ ഫോൺ നിർത്താതെ റിങ്ങ് ചെയ്തുകൊണ്ടിരുന്നത്.

‘ സ്നേഹ.’

അമ്മയുടെ കിടപ്പ് കണ്ടു മനസ്സ് വിറങ്ങലിച്ചു നിൽക്കുമ്പോൾ ഫോണിൽ ആ പേര് കണ്ടതും അവന് എന്തെന്നില്ലാത്ത ദേഷ്യം അരിച്ചുകയറി. അമ്മ ഒന്ന് കണ്ണ് തുറക്കാൻ കുറച്ചു മണിക്കൂറുകൾ ആയി സകല ദൈവങ്ങളെയും വിളിച്ച് മനം ഉരുകി പ്രാർത്ഥിക്കുകയാണ്.ഈ സമയം അമ്മയെക്കുറിച്ച് അല്ലാതെ മറ്റാരെ കുറിച്ചും ചിന്തിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.

മരിയ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തന്റെ അമ്മയ്ക്കൊപ്പം കൂട്ടിയിരിക്കുമ്പോൾ അമ്മയെ കുറിച്ച് ഓർത്ത് അവന്റെ മനസ്സ് വിങ്ങിക്കൊണ്ടിരുന്നു.

എന്നും പതിവുപോലെ ജോലി കഴിഞ്ഞാണ് വീട് എത്തിയത് സന്ധ്യാസമയം ആയിരുന്നിട്ടും ഉമ്മറത്ത് വിളക്ക് ഇല്ലാതിരുന്നതും, അകത്തെങ്ങും ലൈറ്റ് തെളിയാതിരുന്നതും മനസ്സിൽ കൂടുതൽ പരിഭ്രാന്തി നിറച്ചു.

ഓടിച്ചെന്ന് അമ്മയെ തിരഞ്ഞപ്പോൾ നിലത്ത് ബോധമില്ലാതെ കിടക്കുന്ന അമ്മയെയാണ് കണ്ടത്.ഒരു നിമിഷം തന്റെ ശ്വാസം നിലച്ചത് പോലെ തോന്നിയെങ്കിലും ആ നിമിഷം തന്നെ അമ്മയെയും വാരിയെടുത്ത് ഇങ്ങോട്ടേക്ക് പോന്നതാണ്.

തനിക്ക് ആറു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരണപ്പെടുന്നത് പിന്നീട് അങ്ങോട്ട് അച്ഛനും അമ്മയും അമ്മ മാത്രമായിരുന്നു..എല്ലാവരും നിർബന്ധിച്ചു എങ്കിലും അമ്മ മറ്റൊരു വിവാഹത്തിന് മുതിരാതിരുന്നത് തന്നെ ഓർത്തു മാത്രമാണ്. ആ അമ്മയ്ക്ക് ഒരു പോറൽ ഏറ്റു എന്ന് അറിഞ്ഞാൽ പോലും എങ്ങനെയാണ് തനിക്ക് താങ്ങാൻ ആകുക?

ചിന്തകൾ അവനെ ഭ്രാന്ത് പിടിപ്പിക്കുന്ന നേരത്താണ് അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ അങ്ങോട്ടേക്ക് വന്നത്.

“ദേവകിയമ്മ ഇനിയും കണ്ണു തുറന്നില്ലേ?” നിറഞ്ഞ punchiriyode🙏🏻അദ്ദേഹം ചോദിച്ചു.

” ഇല്ല ഡോക്ടർ.. നല്ല മയക്കത്തിലാണ്. ” കൺകോണിൽ പടർന്നു പിടിച്ച നനവ് കാണാതിരിക്കാൻ ഡോക്ടറുടെ മുഖത്തു നോക്കാതെയാണ് അവൻ മറുപടി പറഞ്ഞത്.

“ദേവകിയമ്മ.. കണ്ണ് തുറന്നേ.. ദേവകിയമ്മ..”

രണ്ടുമൂന്നു വട്ടം കവിളിൽ തട്ടികൊണ്ട് ഡോക്ടർ ആ വിളി ആവർത്തിച്ചതും അവർ മെല്ലെ കണ്ണ് തുറന്നു. അപ്പോഴാണ് അവന് തെല്ലൊരു ആശ്വാസമായത്.

“ഇപ്പോൾ എന്തു തോന്നുന്നു കുഴപ്പമൊന്നുമില്ലല്ലോ..”
ഡോക്ടറുടെ ചോദ്യത്തിന് അവർ ഇല്ലെന്ന് തലയാട്ടി. അപ്പോഴും കണ്ണുകൾ രാഹുലിന്റെ മുഖത്ത് ആയിരുന്നു അവർക്കറിയാമായിരുന്നു അവൻ നന്നേ ഭയപ്പെട്ടിട്ടുണ്ട് എന്ന്.

” എന്താ ഡോക്ടർ.. അമ്മയ്ക്ക് എന്താണ് പറ്റിയത്? ” അവന്റെ പരിഭ്രമത്തോടെയുള്ള ചോദ്യം കേട്ടതും ഡോക്ടർ അവനെ സമാധാനിപ്പിച്ചു.

“താൻ ഇങ്ങനെ ഭയപ്പെടാൻ ഒന്നുമില്ല. പ്രായമായി വരുന്നതിന്റെ ചില ആരോഗ്യപ്രശ്നങ്ങൾ അത്രമാത്രം. ഇന്നൊരു ദിവസം ഇവിടെ കിടക്കട്ടെ നാളെ വീട്ടിലേക്ക് പോകാം. മരുന്നൊക്കെ ഞാൻ എഴുതിത്തരാം അത് മുടങ്ങാതെ കഴിക്കണം. പിന്നെ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കണം.”

ഡോക്ടറുടെ നിർദ്ദേശങ്ങൾ എല്ലാം ശരി വെയ്ക്കും തരത്തിൽ അവൻ തലയാട്ടി. ഡോക്ടർ പോയതും അവൻ തന്റെ അമ്മയുടെ ചാരയായി ചെന്നിരുന്ന് അവരുടെ കൈ മുറുകെ പിടിച്ചു.

“എന്റെ മോൻ ഒരുപാട് പേടിച്ചല്ലേ?” അവന്റെ കവിളിൽ തലോടി കൊണ്ട് അവരത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“മോൻ വിഷമിക്കേണ്ട അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. മോനെ തനിച്ചാക്കി അമ്മ ഒരിടത്തും പോകില്ല.”

“നിർത്തമ്മേ..എനിക്ക് കേൾക്കണ്ട ഇങ്ങനത്തെ സംസാരം ഒന്നും. അമ്മയ്ക്ക് ഇപ്പോൾ വിശ്രമമാണ് ആവശ്യം. അമ്മ കുറച്ചു സമയം സ്വസ്ഥമായി ഉറങ്ങു.. ഞാൻ അപ്പോഴേക്കും കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം.”

അവൻ അവിടെ നിന്നിറങ്ങുമ്പോഴും അവരുടെ കണ്ണുകൾ അവനിൽ തന്നെ പതിഞ്ഞിരുന്നു.അമ്മയ്ക്ക് വേണ്ടി ആഹാരം പറഞ്ഞു അത് വാങ്ങാനായി കാത്തു നിൽക്കുമ്പോഴാണ് ഫോണിൽ സ്നേഹയുടെ കോൾ വീണ്ടും വന്നത് അന്നേരം അവൻ ഫോണെടുത്ത് ചെവിയിലേക്ക് വെച്ചു.

“നിനക്കിപ്പോൾ എന്നെ വേണ്ടാതായല്ലേ രാഹുൽ..എത്ര നേരമായി ഞാൻ വിളിക്കുന്നു.എന്താ എനിക്ക് പകരം മറ്റാരെങ്കിലും കണ്ടെത്തിയോ?” അവളുടെ ചോദ്യം കേട്ടതും അവനു ദേഷ്യം അരിച്ചു കയറി എങ്കിലും അവൻ അത് പ്രകടമാക്കിയില്ല.

” ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞതല്ലേ സ്നേഹ.. അമ്മ ഇപ്പോഴാണ് എന്നോട് ഒന്ന് സംസാരിച്ചത് സ്നേഹ വിളിച്ചപ്പോൾ സംസാരിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ”

” നിർത്ത് രാഹുൽ..എനിക്കൊരു എക്സ്പ്ലനേഷനും കേൾക്കേണ്ട നിനക്കറിയാലോ എന്റെ അച്ഛന്റെ സ്റ്റാറ്റസ് അനുസരിച്ച് നിന്നെക്കാൾ നല്ല ബന്ധം എനിക്ക് കിട്ടുമെന്ന്. എന്നിട്ടും മൂന്നു വർഷമായി ഞാൻ നിന്നെ ആത്മാർത്ഥമായി പ്രണയിക്കുന്നു അപ്പോൾ എനിക്ക് ആ ഇംപോർട്ടൻസ് തരേണ്ടത് നീയാണ്… ”

“അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ഇങ്ങനെയൊക്കെ സംസാരിക്കാൻ മാത്രം ഇപ്പോൾ എന്താണ് ഉണ്ടായത്? അമ്മ ഹോസ്പിറ്റലിൽ ആയതുകൊണ്ടല്ലേ അല്ലാതെ ഞാൻ നിന്നോട് സംസാരിക്കാതിരുന്നിട്ടുണ്ടോ എപ്പോഴെങ്കിലും? അതെങ്കിലും ഒന്ന് മനസ്സിലാക്ക് സ്നേഹ..”

“എനിക്ക് ഒന്നും മനസ്സിലാക്കേണ്ട കാര്യമില്ല.നാളത്തെ ദിവസം നിനക്ക് ഓർമ്മയുണ്ടോ? അതൊ അമ്മയെ പരിചരിക്കുന്നതിനിടയ്ക്ക് അതും മറന്നുപോയോ? എങ്കിൽ ഞാൻ ഒന്നുകൂടെ പറയാം നാളെ എന്റെ ബർത്ത് ഡേ ആണ്.

രാവിലെ കൃത്യം പത്ത് മണിക്ക് ഞാൻ ഹോട്ടൽ അവന്യു പാർക്കിനു മുന്നിൽ വെയിറ്റ് ചെയ്യും നീ വന്നിട്ട് അവിടെ നമുക്ക് ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യാം. ഞാൻ എന്റെ ഫ്രണ്ട്സിനോടും വരാൻ പറഞ്ഞിട്ടുണ്ട് എന്തായാലും നീ വരണം. “അവൻ എന്തെങ്കിലും മറുത്ത് പറയും മുന്നേ തന്നെ അവൾ ഫോൺ കട്ട് ചെയ്തിരുന്നു.

അവളുടെ പെരുമാറ്റത്തിൽ അവന് വല്ലാത്ത നിരാശ തോന്നി. തന്റെ സാഹചര്യങ്ങളെ മനസ്സിലാക്കാത്ത ഒരു പെൺകുട്ടിയോടൊപ്പം എങ്ങനെയാണ് ഒരായുസ് മുഴുവനും ജീവിക്കേണ്ടത്?അപ്പോഴേക്കും അവൻ പറഞ്ഞ ആഹാരപ്പൊതിയുമായി ഒരാൾ അരികിലേക്ക് വന്നു അവൻ അതുമായി അമ്മയെ ലക്ഷ്യമാക്കി നടന്നു.

പിറ്റേന്ന് രാവിലെ ഡോക്ടറെത്തി മരുന്നെല്ലാം കുറച്ചു തന്ന് ബില്ലെല്ലാം സെറ്റിൽ ചെയ്തു ഇറങ്ങുമ്പോൾ തന്നെ ഒൻപതര കഴിഞ്ഞിരുന്നു. അരമണിക്കൂർ വീട്ടിലേക്കുള്ള യാത്ര കൂടിയായപ്പോൾ പത്ത് മണി കഴിഞ്ഞു. വീടിന്റെ മുൻപിൽ വണ്ടി നിർത്തിയതും അവൻ ശ്രദ്ധാപൂർവ്വം തന്റെ അമ്മയെ പിടിച്ചിറക്കി.

“എന്തിനാ നീ ഇങ്ങനെ പേടിക്കുന്നത് മോനെ.. അമ്മയ്ക്ക് ഇപ്പൊ ഒന്നുമില്ല നീ ഇങ്ങനെ കൊച്ചുകുട്ടിയെ നോക്കുന്ന പോലെ എന്നെ നോക്കിക്കൊണ്ടിരിക്കേണ്ട.. ഞാൻ നടന്നോളാം ഇങ്ങനെ പിടിച്ചു നടക്കുന്നതിലും ഭേദം എന്നെ എടുത്തുകൊണ്ടു പോകുന്നതായിരുന്നു.”

ആദ്യമായി നടക്കാൻ ശ്രമിക്കുന്ന കുട്ടികളെ നടക്കാൻ പഠിപ്പിക്കുന്നത് പോലെ തന്നെ നടത്തിക്കുന്ന അവനെ നോക്കി അവർ കളിയാക്കി.

“അമ്മ കളിയാക്കേണ്ട.. പ്രായമാകുംതോറും ആളുകൾ കുട്ടികളെ പോലെയാകും എന്ന പറയാറ്. അമ്മ അപ്പോൾ എനിക്ക് കുട്ടി തന്നെയാണ്.”

അതും പറഞ്ഞ് അവരെ റൂമിൽ കൊണ്ടിരുത്തിയതും അവർക്ക് വേണ്ടി ഭക്ഷണമുണ്ടാക്കിയതും വസ്ത്രങ്ങളെല്ലാം കഴുകിയിട്ടതും വീട് വൃത്തിയാക്കിയതും എല്ലാം അവൻ തന്നെയായിരുന്നു. അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയാണ് സ്നേഹയുടെ കാര്യം പിന്നെയും ഓർത്തത് അവളുടെ ബർത്ത്ഡേക്ക് പങ്കെടുക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ എങ്ങനെയാണ് ഈ അവസ്ഥയിൽ അമ്മയെ തനിച്ചാക്കി പോകുന്നത്? നേരിൽ കണ്ട് അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കാം. അവൻ മനസിലുറപ്പിച്ചു.

അമ്മയ്ക്ക് ഭക്ഷണം കൊടുത്തശേഷം അവൻ ധൃതിയിൽ മുറിയിലേക്ക് നടന്നു പുറപ്പെടാൻ ഒരുങ്ങി.

” എങ്ങോട്ടാ മോനെ നീ ഭക്ഷണം പോലും കഴിക്കാതെ ആണോ പോകുന്നത്? ”

” ഞാനിപ്പോൾ തന്നെ വരും അമ്മേ.. പിന്നെ ഞാൻ പോകുന്ന തക്കം നോക്കി അതും ഇതും ചെയ്യാൻ നിൽക്കേണ്ട കേട്ടോ..”അതും പറഞ്ഞ് അവരുടെ കവിളിൽ ഒരു മുത്തവും നൽകി അവൻ പുറത്തേക്ക് പോയി.

അവൾ പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ സമയം പന്ത്രണ്ട് മണി ആയിരുന്നു അവനെ കണ്ടതും സ്നേഹ സുഹൃത്തുക്കളുടെ ഇടയിൽ നിന്നും അവന്റെ അടുത്തേക്ക് വന്നു അവളുടെ കേറ്റിപ്പിടിച്ച മുഖഭാവം കണ്ടപ്പോൾ തന്നെ അവൻ വല്ലാതായി.

“സോറി സ്നേഹ.. അമ്മയെ ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിയപ്പോൾ തന്നെ പത്തുമണിയായി. പിന്നെ വീട്ടിൽ വന്ന ഉടനെ അമ്മയെ തനിച്ചാക്കി വരുന്നത് എങ്ങനെയാണ്? അതാണ് വൈകിയത്. ഞാൻ നിന്നെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു.”

“എനിക്കറിയാം നീ ഓരോ മുട്ടു ന്യായങ്ങൾ പറഞ്ഞു വിളിക്കുമെന്ന് അതുകൊണ്ടാണ് ഞാൻ മനപ്പൂർവം ഫോൺ ഓഫ് ചെയ്തു വച്ചത്.എത്ര നേരമായി ഞാൻ ഇവിടെ വെയിറ്റ് ചെയ്യുന്നു. ഏത് സമയം നോക്കിയാലും അമ്മ.. അമ്മ.. അമ്മ. അമ്മ..’ അവൾ പൊട്ടിത്തെറിച്ചു.

അവന്റെ സകല നിയന്ത്രണങ്ങളും തെറ്റിയെങ്കിലും അവനത് കടിച്ചമർത്തി.

“അമ്മയ്ക്ക് ഞാൻ അല്ലാതെ മറ്റാരാണ് ഉള്ളത് സ്നേഹ.. അപ്പോൾ പിന്നെ ഞാൻ എങ്ങനെയാണ് അമ്മയെ തനിച്ചാക്കുന്നത്?”

“എന്നെ വിവാഹം കഴിക്കാൻ പോകുന്നയാൾക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ഞാൻ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ കഴിഞ്ഞെ അമ്മ പോലും ഉണ്ടാകാൻ പാടുള്ളൂ..” അവൾ നിർബന്ധം പിടിക്കും പറഞ്ഞു.

“സ്നേഹ നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ തന്നെ..അമ്മ കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും അധികം ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ്.”

“അപ്പോഴും എനിക്ക് രണ്ടാം സ്ഥാനം അമ്മയ്ക്ക് ഒന്നാം സ്ഥാനം അല്ലേ?” തർക്കം വിടാൻ ഭാവമില്ലാതെ അവൾ തുടർന്നു.

“അതെ സ്നേഹ.. എല്ലാ മക്കളെയും പോലെ തന്നെ എനിക്കും ജന്മം നൽകിയവർ തന്നെയാണ് വലുത്.”

“അത് പറ്റില്ല രാഹുലിന്റെ ലൈഫിൽ എനിക്ക് ആയിരിക്കണം ഒന്നാം സ്ഥാനം. അതെനിക്ക് നിർബന്ധമാണ്. രാഹുലിന്റെ കൂടെ ഇനിയുള്ള കാലം ജീവിക്കേണ്ടത് ഞാനാണ് അമ്മയല്ല. അവർ ഇന്നോ നാളെയോ അങ്ങ് പോകും പിന്നെ ഞാനേ കാണൂ..”

“നിർത്തടി നിന്റെ സംസാരം.”

അത്രനേരം അടക്കിവെച്ച സകല ദേഷ്യവും പുറത്തേക്ക് പൊട്ടിപ്പുറപ്പെട്ടത് ഒറ്റ നിമിഷത്തിൽ ആയിരുന്നു. നിയന്ത്രണം വിട്ട് അവന്റെ കൈ പതിച്ചത് അവളുടെ കവിളിൽ ആയിരുന്നു ജീവിതത്തിൽ ആദ്യമായാണ് ഒരാളെ അടിക്കുന്നത്. അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി.

“നീയെന്താ കരുതിയത് നിന്റെ തന്തയുടെ പണം കണ്ടിട്ടാണ് ഞാൻ നിന്നെ സ്നേഹിച്ചതെന്നോ?അത്രയ്ക്ക് പൊങ്ങനാണ് ഞാൻ എന്ന് നീ കരുതിയോ? ഇത്രനാളും ഞാനെല്ലാം ക്ഷമിച്ചത് നീ ഒരു പെണ്ണല്ലേ എന്ന് കരുതിയാണ് എന്നെങ്കിലും നീ മാറുമെന്ന് കരുതിയാണ് പക്ഷേ എനിക്ക് തെറ്റി.”

“രാഹുൽ ഞാൻ…”
ഇത്രയും നാളും കണ്ടിട്ടില്ലാത്ത അവന്റെ രൗദ്രഭാവം കണ്ടു അമ്പരന്ന് അവൾ വിളിച്ചു.

“മിണ്ടിപ്പോകരുത്.. ഇനിയൊരു അക്ഷരം എന്റെ അമ്മയെ പറ്റി മിണ്ടിയാൽ ഇതല്ല ഇതിനപ്പുറം നീ കാണേണ്ടിവരും. നീ എന്നല്ല സാക്ഷാൽ ദൈവം വന്നു മുന്നിൽ നിന്നാലും എനിക്ക് എന്റെ അമ്മ തന്നെയാണ് വലുത് ഇത്രയും നാൾ ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചു നിന്നതാണ്.

ആദ്യമേ എല്ലാം വേണ്ടെന്ന് പറഞ്ഞിട്ട് പോകാൻ എനിക്കറിയാഞ്ഞിട്ടല്ല ഞാൻ കാരണം ഒരു പെണ്ണിന്റെ മനസ്സ് വേദനിക്കേണ്ട എന്ന് കരുതിയാണ്. അല്ലെങ്കിലും നിനക്ക് വേണ്ടത് സ്നേഹിക്കാൻ ഒരു ഭർത്താവിനെയല്ല നിന്റെ പുറകെ വാലാട്ടി നടക്കാൻ ഒരു കോന്തനെയാണ് എന്നെ അതിന് കിട്ടുമെന്ന് നീ കരുതേണ്ട…” അവളുടെ മുഖത്ത് നോക്കി അവൻ അലറി.

“ഈ പറഞ്ഞതിനൊക്കെ നീ ഖേദിക്കും നോക്കിക്കോ..” അവനെ വെല്ലുവിളിക്കും മട്ടിൽ അവൾ പറഞ്ഞു.

“എന്റെ അമ്മയ്ക്ക് യാതൊരു മൂല്യവും കൊടുക്കാത്ത ഒരുത്തിയോട് ഇങ്ങനെയൊക്കെ പറഞ്ഞതിൽ എനിക്ക് അഭിമാനമേയുള്ളൂ.. എന്റെ അമ്മയെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെണ്ണിനെ എന്നെയും സ്നേഹിക്കാൻ പറ്റൂ.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത് ആ ഒരു സങ്കടം മാത്രമേ ഉള്ളൂ.. ആദ്യം നീ അമ്മ എന്ന വാക്കിന്റെ അർത്ഥം പഠിക്ക് എന്നിട്ട് ഒരുത്തനെ സ്നേഹിക്…”

അതും പറഞ്ഞ് അവൻ ബൈക്കിൽ കയറി യാത്രയാകുമ്പോൾ ഇത്രയും വലിയൊരു പിറന്നാൾ സമ്മാനം കിട്ടിയതിന്‍റെ ഷോക്കിൽ അവൾ അന്തം വിട്ടുനിന്നു.