ആദ്യരാത്രി ആയാൽ തന്നെ ചുംബിക്കുമ്പോൾ ഹരിയുടെ സാമിപ്യം അവൾ കൊതിച്ചു. അയാൾ തന്നെ വാരിപ്പുണർന്നപ്പോൾ ഹരിയുടെ..

(രചന: അംബിക ശിവശങ്കരൻ)

“വിട് ഏട്ടാ എന്നെ… എനിക്ക് ഹരിയുടെ കൂടെ പോണം.”

തന്റെ സഹോദരങ്ങളുടെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞുകൊണ്ട് ദിവ്യ യാചിക്കുമ്പോൾ വീട്ടുമുറ്റത്ത് ഹരി നിസ്സഹായനായി നിൽപ്പുണ്ടായിരുന്നു.

“ആ ഭ്രാന്തന്റെ കൂടെ തന്നെ നിനക്ക് ഇറങ്ങി പോണം അല്ലേടി നായിന്റെ മോളെ…ഇതിനാണോ പഠിത്തം എന്ന് പറഞ്ഞ് നീ ഇവിടെ നിന്ന് ഉടുത്തൊരുങ്ങി പോകാറുള്ളത്?”

“ഹരിക്ക് ഒരു കുഴപ്പവുമില്ല ഏട്ടാ…അമ്മ മരിച്ചപ്പോൾ ഉണ്ടായ ചെറിയൊരു ഷോക്ക് ആയിരുന്നു അതും കുറേ വർഷങ്ങൾക്കു മുൻപ്.എനിക്ക് ഹരിയെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാൻ കഴിയില്ല ഏട്ടാ…ഞാൻ പൊയ്ക്കോട്ടെ പ്ലീസ്.”

“ഛീ അടങ്ങിയിരിക്കെടീ… അച്ഛൻ ഇല്ലാത്ത ഒരു കുറവും അറിയിക്കാതെ നിന്നെ വളർത്തി വലുതാക്കിയിട്ടുണ്ടെങ്കിൽ നീ ആരുടെ കൂടെ ജീവിക്കണം എന്നും ഞങ്ങൾ തീരുമാനിക്കും.”

അവളുടെ മുടിക്കുത്ത് പിടിച്ച് അകത്തേക്ക് തള്ളിയിട്ടു കൊണ്ട് മൂത്ത സഹോദരനായ രതീഷ് അവന്റെ നേരെ പാഞ്ഞു.

” മോനേ അവനോട് അതിനെ ഒന്നും ചെയ്യേണ്ട എന്ന് പറ. ”

അവളെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഇളയ സഹോദരനായ അനീഷിനോട് അമ്മ വേവലാതിപ്പെടുമ്പോൾ അവരോട് മിണ്ടാതിരിക്കാൻ അവൻ ആവശ്യപ്പെട്ടു.

“ഡാ കഴുവേറി നിനക്ക് ഞങ്ങളുടെ പെങ്ങളെ തന്നെ വേണമല്ലേ കൂടെ പൊറുപ്പിക്കാൻ? നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാണ് നായെ അവളെ വിളിച്ച് ഇറക്കാൻ നീ ഈ മുറ്റത്ത് വന്നുനിന്നത്?? നിന്നെപ്പോലൊരു മാനസികരോഗിയെ കൊന്ന് ജയിലിൽ പോകാൻ എനിക്ക് താല്പര്യമില്ലാഞ്ഞിട്ടാണ്.. അല്ലെങ്കിൽ ഈ നിമിഷം നിന്നെ ഇവിടെയിട്ട് ഞാൻ തീർത്തേനെ…”

അതും പറഞ്ഞുകൊണ്ട് ആ ബലിഷ്ടമായ കൈകൾ അവന് നേരെ ഉയർന്നതും അവൾ അലറി വിളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടാൻ ഒരു ശ്രമം നടത്തി.പക്ഷെ അനീഷ് അവളെ തടഞ്ഞു നിർത്തി.

“അയ്യോ ആ പാവത്തിനെ ഒന്നും ചെയ്യരുത്… ഈ ദുഷ്ടന്മാർക്കിടയിൽ നിന്നും എങ്ങോട്ടെങ്കിലും പൊയ്ക്കോ ഇല്ലെങ്കിൽ ഹരിയെ ഇവിടെയിട്ട് ഇവർ തല്ലിചതക്കും. എന്നെ ഓർക്കേണ്ട ഹരി… പോയി രക്ഷപ്പെട്ടോളൂ…. ഇനി എന്നെ കാണാൻ ഇങ്ങോട്ട് വരരുത് പ്ലീസ്.”

അവൾ കരഞ്ഞുകൊണ്ട് അതു പറയുമ്പോൾ അവൻ ദയനീയമായി അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു.

“കേട്ടല്ലോ അവൾ പറഞ്ഞത്. ഇനി അവളെ കാണാൻ ഇങ്ങോട്ട് വരരുതെന്ന്… ഇനി മേലാൽ നീ ഈ പടി ചവിട്ടിയാൽ ഈ പടിക്കൽ ഇട്ട് നിന്നെ ഞാൻ തീർക്കും. ഇവിടെ നിന്നെ തല്ലിക്കൊന്നാൽ പോലും ഒരു മനുഷ്യൻ അറിയില്ല ഇറങ്ങിപ്പോടാ എന്റെ വീട്ടിൽനിന്നും..”

കൈത്തരിപ്പ് മാറാതെ അവന്റെ കരണം നോക്കി രണ്ടെണ്ണം കൊടുത്താണ് അയാൾ അവന്റെ ഷർട്ടിൽ പിടിച്ച് ഗേറ്റിനു പുറത്തേക്ക് തള്ളിയത്. അടി കൊള്ളുമ്പോൾ അവൻ തടുത്തില്ല പകരം അവസാന പ്രതീക്ഷ എന്നോണം അവളെ ഒന്നുകൂടി നോക്കി.ശേഷം ചുക്കി ചുളുങ്ങിയ ഷർട്ട് നേരെ ഇട്ടു കൊണ്ട് തിരികെ നടന്നു.

“”ഇനി നീ പഠിത്തം എന്ന് പറഞ്ഞ് ഈ വീടുവിട്ട് പുറത്തിറങ്ങുന്നത് ഞങ്ങൾക്കൊന്ന് കാണണം… ഞങ്ങൾക്ക് ബോധിച്ച ഒരുത്തനെ ഞങ്ങൾ മുന്നിൽ കൊണ്ടു നിർത്തി തരും അനുസരിച്ചോണം..”

ഭീഷണി പിന്നീട് താക്കീതായി മാറി.

മുറിക്കുള്ളിൽ ഇരുട്ടിനെ കൂട്ടുപിടിച്ച് അവൾ ഹരിയുടെ ഓർമ്മകളിൽ ഓരോ നിമിഷവും തള്ളിനീക്കി. ഇല്ല… ഹരിയില്ലാതെ തനിക്ക് ഒരു ജീവിതം ഇല്ല. തന്റെ അവസ്ഥ മനസ്സിലാക്കി ഹരി തനിക്ക് വേണ്ടി കാത്തിരിക്കും എത്രനാൾ വേണമെങ്കിലും… താൻ ഒരു പുരുഷന്റെ സ്വന്തമാകുന്നുവെങ്കിൽ അത് ഹരിയുടെ മാത്രം ആകും…അവൾ മനസ്സിൽ ഉറപ്പിച്ചു.

ദിവസങ്ങൾ കടന്നുപോയി.

കായലിൽ ഒരു ശവം അടിഞ്ഞിട്ടുണ്ടത്രേ!…

നാടുമുഴുവൻ ആ വാർത്ത പരന്നപ്പോൾ അതാരാണെന്ന ചോദ്യങ്ങളായി പിന്നീട്… പറഞ്ഞു പറഞ്ഞു തങ്ങൾ അന്ന് ആട്ടി ഇറക്കി വിട്ട ആ ചെറുപ്പക്കാരൻ ആണ് അത് എന്ന സത്യം അനീഷിന്റെയും രതീഷിന്റെയും മനസ്സാക്ഷിയെ തെല്ലൊന്നു ഉലച്ചു. തന്റെ പെങ്ങളുടെ നല്ല ഭാവിക്കുവേണ്ടി ചെയ്തതാണ് പക്ഷേ അത് ഒരിക്കലും അവനെ മരണത്തിലേക്ക് തള്ളി വിടുമെന്ന് കരുതിയില്ല.

അവർ വേഗം ബൈക്കുമെടുത്ത് സംഭവസ്ഥലത്തേക്ക് ചെന്നു. പോലീസും ആൾക്കൂട്ടവുമായി അവിടെ ആകെ ബഹളമായിരുന്നു.

വീടിന്റെ മുറ്റത്ത് വന്നു നിന്നപ്പോൾ ഉണ്ടായിരുന്ന മെലിഞ്ഞുണങ്ങിയ ശരീരമല്ല ഇപ്പോൾ, വെള്ളം കുടിച്ചു കുടിച്ച് നല്ലപോലെ ജീർണിച്ചിരുന്നു.ആ മുഖത്തേക്ക് നോക്കിയപ്പോൾ അവർക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി.

പോലീസുകാരുടെ തിരച്ചിലിനൊടുവിൽ ഒരു എഴുത്ത് പാന്റിന്റെ ഇടയിൽ നിന്നും അവർ കണ്ടെടുത്തു. നനയാതിരിക്കാൻ ആയി പ്ലാസ്റ്റിക് കവറിൽ ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്നു. അതിൽ കുറിച്ചിരുന്ന വാക്കുകൾ ഇപ്രകാരമായിരുന്നു.

“ഞാൻ പോകുന്നു. എന്റെ അമ്മയുടെ അടുത്തേക്ക്… ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ എന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…അമ്മ എന്നെ തനിച്ചാക്കി പോയ നിമിഷം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അമ്മ നഷ്ടമാകുമ്പോഴേ അതിന്റെ വേദന മനസ്സിലാകുകയുള്ളൂ…

ആ വേദനയിൽ എനിക്ക് എന്റെ മാനസിക നിയന്ത്രണം പോലും കൈവിട്ടു പോയിരുന്നു. അതിൽ നിന്നെല്ലാം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അവളായിരുന്നു. ഇന്നിപ്പോൾ അവളെയും എനിക്ക് നഷ്ടമായിരിക്കുന്നു.

എന്നെ ഭ്രാന്തനായി മുദ്രകുത്തുന്ന ഈ ലോകത്ത് ഞാനിനി ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത്? എന്റെ അമ്മയുടെ അടുത്തേക്ക് ഞാൻ പോവുകയാണ്. അവിടെ ഞാൻ സന്തോഷവാനായിരിക്കും. സുരക്ഷിതൻ ആയിരിക്കും. ആരോടും പരിഭവമില്ല. എല്ലാവരോടും വിട..”

അത്രമേൽ ആഴത്തിൽ സ്പർശിച്ച വാക്കുകൾ അവിടെ കൂടി നിന്ന് ഓരോരുത്തരുടെയും മനസ്സിനെ നോവിച്ചു.

അന്നേരമാണെ രതീഷിന്റെ ഫോൺ റിങ്ങ് ചെയ്തത്. അമ്മയാണ്!.

“മോനെ ഒന്നിങ്ങോട്ട് വേഗം വാ.… നിങ്ങൾ രണ്ടാളും പുറത്തുപോയ നേരം നോക്കി അവൾ എന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു. ഞാൻ ഒന്ന് കുളിക്കാൻ പോയതായിരുന്നു. ഫോൺ മാറ്റിവെക്കാനും ഞാൻ മറന്നു പോയി. അപ്പോൾ മുതൽ മോള് വാവിട്ടു കരയുന്നതാണ്. സ്വയം തലയ്ക്ക് അടിച്ചു നിലവിളിക്കുകയാണ്. ഒന്ന് വേഗം വാ മക്കളെ എനിക്ക് പേടിയാകുന്നു…”

രതീഷ് വേഗം ഫോൺ കട്ടാക്കി അനീഷിനെയും കൂട്ടി വീട്ടിലേക്ക് പാഞ്ഞു. അവൾ എല്ലാ സത്യങ്ങളും മനസ്സിലാക്കിയിരിക്കുന്നു!.

വീടിന്റെ പടിക്കൽ ബൈക്കിന്റെ ശബ്ദം കേട്ടതും അവളുടെ കരച്ചിലിന്റെ തീവ്രത വർദ്ധിച്ചു.

” മഹാപാപികളെ…. കൊന്നു കളഞ്ഞില്ലേ നിങ്ങൾ ആ പാവത്തിനെ? നിങ്ങൾക്കിപ്പോൾ സന്തോഷമായില്ലേ.. ഇങ്ങനെ ചെയ്യാൻ മാത്രം എന്ത് തെറ്റാണ് ആ പാവം നിങ്ങളോട് ചെയ്തത്?ഇനി എന്നെ കൂടി അങ്ങ് കൊന്നുകള..അപ്പോൾ നിങ്ങൾക്ക് തൃപ്തിയാകും. അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ അങ്ങ് ചത്തു തരാം.”

അതും പറഞ്ഞ് അവൾ വാതിൽ കൊട്ടിയടച്ചപ്പോൾ അമ്മ നിലവിളിച്ച് കരയാൻ തുടങ്ങി.

“എന്റെ മോൾ എന്തെങ്കിലും ചെയ്യും മക്കളെ.. വേഗം എന്തെങ്കിലും ചെയ്യ് ”

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നെങ്കിലും ഡോറിൽ രണ്ടുപേരുംകൂടി പലവട്ടം ആഞ്ഞടിച്ചു.നാലാമത്തെ അടിയിലാണ് വാതിൽ തകർത്തു അകത്തു കടക്കാൻ കഴിഞ്ഞത്.

അപ്പോഴേക്കും അവൾ ഫാനിൽ കുരുക്കിട്ട് അത് തന്റെ കഴുത്തിലേക്ക് ഇട്ട് കഴിഞ്ഞിരുന്നു. അനീഷ് ഓടിച്ചെന്ന് അവളെ പൊക്കി പിടിക്കുമ്പോൾ രതീഷ് ആണ് കഴുത്തിൽ നിന്ന് കുരുക്ക് അഴിച്ചെടുത്തത്. രണ്ടുപേരുടെയും കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവൾക്ക് ബോധം നഷ്ടമായിരുന്നു.

മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും അവൾ ആരോടും ഒന്നും മിണ്ടിയില്ല.എപ്പോഴും ഇരുട്ടിൽ തന്നെ മറിഞ്ഞിരുന്നു. വെളിച്ചം കാണുന്നതും തന്റെ സഹോദരങ്ങളുടെ മുഖം കാണുന്നതും അവൾക്ക് വെറുപ്പായി തുടങ്ങി. ഹരി എന്ന് മാത്രം ഇടയ്ക്കിടെ ഉച്ചരിക്കുന്നത് കേൾക്കാം അവൾക്ക് മാത്രം കേൾക്കാനുള്ള സ്വരത്തിൽ., ഏട്ടന്മാരെ കാണുമ്പോഴൊക്കെ എന്റെ ഹരിയെ കൊന്നു കളഞ്ഞില്ലേ എന്ന് പറഞ്ഞ് അവൾ കരഞ്ഞു കൊണ്ടിരുന്നു.

തങ്ങൾ ചെയ്ത തെറ്റിന് ഇതിലും വലുതായി ഇനി എന്ത് ശിക്ഷയാണ് ലഭിക്കാനുള്ളത്?

ഒരുപാട് കാലം വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ അവളെ ചികിത്സിച്ചു. വഴിപാടും നേർച്ചകളും ആയി അമ്മയും ദിവസങ്ങൾ തള്ളി നീക്കി. അങ്ങനെ പതിയെ പതിയെ അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നു. എങ്കിലും ഹരിയുടെ ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു.

“ഒരു കല്യാണം ഒക്കെ കഴിച്ചാൽ എല്ലാം ശരിയാകും എന്നേ…”

ആരൊക്കെയോ നിർദ്ദേശങ്ങൾ നൽകിയതിനനുസരിച്ച് വിവാഹാലോചനകൾ ഓരോന്നായി വന്നു തുടങ്ങി.

അവൾ എതിരഭിപ്രായം ഒന്നും പറഞ്ഞില്ല. തന്നെ മനസ്സിലാക്കാത്തവർക്ക് മുന്നിൽ ഇനി എങ്ങനെയാണ് മനസ്സുതുറക്കേണ്ടത്? എന്താണ് പറയേണ്ടത്? താൻ ഇപ്പോഴും ഹരിയുടെ ഓർമ്മകളിൽ ജീവിക്കുകയാണെന്നോ..? അതോ ഹരിക്കുവേണ്ടി കാത്തിരിക്കുകയാണെന്നോ? അതിന് കാത്തിരിക്കാൻ ഹരി ജീവനോടെ ഇല്ലല്ലോ….

അവളുടെ കവിൾ തടങ്ങൾ കണ്ണീർ വീണു കുതിർന്നു.

അങ്ങനെ അവർ കണ്ടെത്തിയ ഏതോ ഒരാൾക്കു മുന്നിൽ അവൾ തന്റെ കഴുത്തു നീട്ടി. അപ്പോഴും ഹരി തന്റെ കഴുത്തിൽ താലികെട്ടുന്ന ദൃശ്യമായിരുന്നു മനസ്സിൽ.നടക്കാതെ പോയ, അല്ല ഇനി ഒരിക്കലും നടക്കാത്ത സ്വപ്നം.

ആദ്യരാത്രി ആയാൽ തന്നെ ചുംബിക്കുമ്പോൾ ഹരിയുടെ സാമിപ്യം അവൾ കൊതിച്ചു. അയാൾ തന്നെ വാരിപ്പുണർന്നപ്പോൾ ഹരിയുടെ സ്പർശനം അവൾ അറിഞ്ഞു. ഇല്ല… ഹരി ഇനി ഒരിക്കലുമില്ല. താൻ മറ്റൊരാളുടെ സ്വന്തമായിരിക്കുന്നു. അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. തനിക്ക് വേണ്ടി ജീവൻ വെടിഞ്ഞവനെ മറന്നു താനിന്ന് മറ്റൊരുവന്റെ ഭാര്യയായിരിക്കുന്നു. അപമാനം കൊണ്ട് അവൾ പുളഞ്ഞു

പിറ്റേന്ന് രാവിലെ ഉണർന്നതും തനിക്ക് അരികിൽ തന്റെ ഭാര്യയെ അയാൾ കണ്ടില്ല. പകരം ബാത്റൂമിൽ കൈ ഞരമ്പുകൾ അറ്റ് ജീവൻ വെടിഞ്ഞ നിലയിൽ അവളെ കണ്ടതും അയാൾ അടിമുടി വിറച്ചു.

വിവരമറിഞ്ഞ് ഓടിവന്ന് അവളെ വാരിയെടുക്കുമ്പോൾ സഹോദരങ്ങൾ സ്ഥലകാലബോധം മറന്ന് നിലവിളിച്ചു കരഞ്ഞു.

അപ്പോഴും അവളുടെ മുഖത്ത് അവസാനമായി വിജയിച്ചതിന്റെ പുഞ്ചിരി മായാതെ കിടപ്പുണ്ടായിരുന്നു. ഒപ്പം ബാക്കിവെച്ച ഒരു ചോദ്യവും.

“ദുരഭിമാനത്തിന്റെ പേരിൽ എന്തിനാണ് ഞങ്ങളെ വേർപ്പെടുത്തിയത്… സന്തോഷമായി ജീവിക്കേണ്ട രണ്ട് ജീവനുകൾ ഇല്ലാതാക്കിയപ്പോൾ നിങ്ങൾ എന്താണ് നേടിയത്…? ”

അവരുടെ മറുപടി കാത്തുനിൽക്കാതെ അവൾ അവന്റെ ലോകത്തേക്ക് ചേക്കേറി.