ഒരുപാട് കൊതിച്ചിട്ടും കിട്ടാതെ പോയ അച്ഛന്റെ നഷ്ട പ്രണയത്തിലെ നായകയായിരുന്നു അപ്പോ അത്…. യെസ് വലിയവീട്ടിൽ..

(രചന: അംബിക ശിവശങ്കരൻ)

“വിനു എനിക്കൊന്നു തന്നെ കാണണമായിരുന്നു ഒന്ന് ഇവിടെ വരെ വരാമോ?”

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരമാണ് തന്റെ പ്രണയിനിയായ ലേഖ വിനോദിനെ വിളിച്ചത്.

അവൻ നേരെ വാച്ചിലേക്ക് നോക്കി സമയം അഞ്ചേകാൽ ഇവിടെ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട്ലേഖ താമസിക്കുന്ന ഹോസ്റ്റലിലേക്ക്.ഡ്യൂട്ടി കഴിഞ്ഞതിന്റെ നല്ല ക്ഷീണമുണ്ട് എങ്കിലും എങ്ങനെയാണ് രേഖയോട് വരില്ല എന്ന് പറയുന്നത്?

“ഓക്കേ ലേഖ ഞാൻ വരാം.. ഒരു വൺ അവർ സമയമെടുക്കും കുഴപ്പമില്ലല്ലോ?”

“ഇല്ല ഞാൻ ജയന്തി മാഡത്തിനോട് പറഞ്ഞോളാം വിനു വേഗം വരൂ ഐ ഹാവ് എ സർപ്രൈസ് ഫോർ യു.”

അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തതും എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി വെച്ചുള്ള വിളി ആയിരിക്കുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ഇതൊരു പതിവാണ് എവിടെ പോയാലും തനിക്ക് ഏറെ ഇഷ്ടമുള്ളത് എന്തെങ്കിലും കണ്ണിൽപെട്ടാൽ അത് ഉടനെ വാങ്ങി തനിക്ക് സമ്മാനമായി തരിക എന്നത് അവൾക്ക് ഒരു ഹരമാണ്.

വണ്ടിയുമെടുത്ത് നേരെ ഹോസ്റ്റലിലേക്ക് പുറപ്പെടുമ്പോഴാണ് അച്ഛന്റെ കോൾ വന്നത്.

“എടാ മോനെ നാളെ അമ്മയുടെ പിറന്നാൾ ആണ് വരുമ്പോൾ ഒരു കേക്ക് വാങ്ങിയിട്ട് വരുമോ? നമുക്ക് ഒരു സർപ്രൈസ് കൊടുക്കാം അവൾക്കതൊരു സന്തോഷമാകുമല്ലോ?”

വിളിക്കുന്നവർ വിളിക്കുന്നവർ സർപ്രൈസിനെ പറ്റി ആണല്ലോ ഈശ്വരാ സംസാരിക്കുന്നത്?

” ശരി അച്ഛാ ഞാൻ വാങ്ങിയിട്ട് വരാം മറക്കില്ല. ”

അതും പറഞ്ഞ് കോൾ കട്ടാക്കി ഫോൺ പോക്കറ്റിലേക്ക് വെച്ചുകൊണ്ട് അവൻ യാത്ര തുടർന്നു ഹോസ്റ്റലിൽ ചെന്നിറങ്ങിയപ്പോഴേക്കും ലേഖ താഴെ വന്ന് നിൽപ്പുണ്ടായിരുന്നു.

” ബുദ്ധിമുട്ടായോ വിനു? ”

അവൾ അവന്റെ അരികിലേക്ക് ആയി വന്നു.

“എന്തു ബുദ്ധിമുട്ട്?”

“നമുക്കിടയിൽ എന്തിനാ ലേഖ ഇത്തരം ഫോർമൽ ടോക്സ്?”

” എന്നാൽ ഒന്ന് കണ്ണടച്ചേ.. ഞാൻ പറഞ്ഞില്ലേ വിനുവിന് ഒരു സർപ്രൈസ് ഉണ്ടെന്ന്. ”

പുറകിൽ എന്തോ മറച്ചുപിടിച്ചുകൊണ്ട് അവൾ കണ്ണടയ്ക്കാൻ ആവശ്യപ്പെട്ടു.

“ഇനി തുറന്നോ”

കണ്ണുകൾ അടച്ചു നിന്ന അവന്റെ മുന്നിലേക്ക് ആ പൊതി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“എന്താടോ ഇത്?”

അവൻ ആകാംക്ഷയോടെ ചോദിച്ചു.

“തുറന്ന് നോക്ക് വിനു”

ഒട്ടും സമയം കളയാതെ അവൻ മനോഹരമായ ആ പൊതി അഴിച്ചു ഉള്ളിൽ മനോഹരമായ ഒരു പെയിന്റിങ് അവന്റെ കണ്ണിനു കുളിർമയേകി.

ഒരു കടൽത്തീരത്ത് തന്റെ പ്രിയതമനോടൊപ്പം അവന്റെ തോളിൽ തല ചായ്ച്ചു വെച്ചുകൊണ്ട് പരസ്പരം കൈകോർത്തു പിടിച്ചു സൂര്യൻ യാത്ര പറയുന്നത് നോക്കിയിരിക്കുന്ന പ്രണയ ജോഡികളുടെചിത്രം.

“ഓഹ് സോ ബ്യൂട്ടിഫുൾ…”

അവൻ അറിയാതെ പറഞ്ഞു പോയി.

“അങ്ങനെ ഒറ്റവാക്കിൽ പറഞ്ഞു തീർക്കേണ്ട വിനു.. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോ ഒരമ്മ ഇത് വിൽക്കുന്നത് കണ്ട് വാങ്ങിയതാണ്. രണ്ടുമൂന്നു ദിവസമായി ഞാൻ അവരെ കാണുന്നു. പക്ഷേ ഇന്നാണ് ഈ ചിത്രം എന്റെ ശ്രദ്ധയിൽ പതിഞ്ഞത് ഈ ചിത്രത്തിലെ പുരുഷ രൂപത്തെ ഒന്ന് ശ്രദ്ധിച്ച് നോക്കിയേ… എവിടെയൊക്കെയോ വിനുവിന്റെ മുഖച്ഛായ തോന്നുന്നില്ലേ?അതാണ് ഈ പെയിന്റിംങ്ങിലേക്ക് എന്നെ ഏറെ ആകർഷിച്ചത്.”

അവൾ പറഞ്ഞപ്പോഴാണ് അവൻ ആ മുഖത്തേക്ക് ശ്രദ്ധിച്ചൊന്നു നോക്കിയത്.

” ലേഖ പറഞ്ഞത് ശരിയാണ്. നല്ല മുഖസാമ്യമുണ്ട് പക്ഷേ ആ സാമ്യത തന്റെ മുഖത്തേക്കാൾ ഏറെ തന്റെ അച്ഛന്റെ മുഖത്തോടാണ് അവന് ആ കാര്യം വളരെ കൗതുകമായി തോന്നി.

“ശരിയാണ് രേഖ പറഞ്ഞത്”

അവൻ ശരിവെച്ചു.

“താങ്ക്യൂ സോ മച്ച് ലേഖ ഇത് എനിക്ക് അത്രയേറെ ഇഷ്ടമായി”

അവനത് തന്റെ നെഞ്ചോട് ചേർത്തു.

“എനിക്കറിയാമായിരുന്നു വിനുവിനു ഇതെന്തായാലും ഇഷ്ടമാകുമെന്ന്.”

അവൾക്ക് വലിയ ആത്മസംതൃപ്തി തോന്നി.

” എവിടെനിന്നാണ് ലേഖ നീ ഈ പെയിന്റിങ് വാങ്ങിയത്? ”

“എന്റെ ഓഫീസിന്റെ തൊട്ടടുത്ത് വിനു ഒരു അമ്പലം കണ്ടിട്ടില്ലേ അവിടെ ഒരു ആൽമരത്തിന് താഴെ ഇരുന്നാണ് അവരിത് വിൽക്കുന്നത് കണ്ടത്. ആ അമ്മ എപ്പോഴും വരയ്ക്കുന്നത് കാണാം കസ്റ്റമേഴ്സ് വരുമ്പോൾ മാത്രമാണ് അതിൽ നിന്നും അവർ കണ്ണെടുക്കുന്നത് ഞാൻ കണ്ടിട്ടുള്ളൂ.”

“ഹ്മ്മ് ശരി ലേഖ…ഇനിയും സംസാരിച്ചു നിന്നാൽ മാഡത്തിന് ഇഷ്ടമായി എന്ന് വരില്ല. താൻ പൊയ്ക്കോളൂ ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം താങ്ക്യൂ സോ മച്ച് ആൻഡ് ലവ് യു.”

” ലവ് യു വിനു”

അവളോട് യാത്ര പറഞ്ഞുകൊണ്ട് നേരെ അവൻ വണ്ടിയെടുത്ത് പോയത് അവൾ പറഞ്ഞ അമ്പല പരിസരത്തേക്കാണ് വണ്ടി നിർത്തിയിട്ട് ആൽമരത്തിന്റെ ചുവട്ടിൽ ആകെ കണ്ണുകൾ പരതി നടന്നു.

” യെസ് താൻ തിരഞ്ഞുകൊണ്ടിരുന്ന വ്യക്തി അവിടെയിരുന്ന് തന്റെ ജോലി ചെയ്യുന്നുണ്ട്.നേരം ഇരുട്ടി തുടങ്ങിയതിനാൽ അമ്പലത്തിന് പരിസരത്തുള്ള ലൈറ്റുകളുടെ വെളിച്ചത്തിന്റെ സഹായത്തോടെയാണ് ചിത്രം വര. അവനവിടെ ചെന്ന് നിന്നതും മുഖമുയർത്തി അവരവനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.

‘നല്ല തേജസ് ഉള്ള മുഖം.’

അവിടെ വരച്ചു വെച്ചിരുന്ന ഓരോ പെയിന്റിങ് ലേക്കും അവൻ കണ്ണുകൾ ഓടിച്ചു.

എല്ലാ ചിത്രങ്ങളുടെയും പശ്ചാത്തലം മാത്രം മാറിയിട്ടുള്ളൂ അതിലെ നായകനെല്ലാം ഒരേ മുഖമാണ് തന്റെ അച്ഛന്റെ മുഖം!

പക്ഷേ എല്ലാ ചിത്രങ്ങളിലും ഒരു സാമ്യത കൂടിയുണ്ട്.. നായികയുടെ മുഖം വ്യക്തമല്ല എന്നത്. ഉടലിനു മാത്രം വ്യക്തത നൽകി മുഖം പാതിമറഞ്ഞതോ അപൂർണമായതോ ആക്കി എന്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും അവന് മനസ്സിലായില്ല.

എന്നാലും എല്ലാ ചിത്രങ്ങൾക്കും എങ്ങനെ തന്റെ അച്ഛന്റെ മുഖം വന്നു…?!

“എന്തെങ്കിലും എടുക്കുന്നുണ്ടോ മോനെ?”

കുറച്ചുസമയം ആലോചിച്ചു നിന്നപ്പോഴാണ് ആ സൗമ്യമായ ശബ്ദം അവനെ ഉണർത്തിയത്.

ഒന്നിക്കാൻ ആവാതെ തന്നിൽ നിന്ന് വേർപെട്ടുപോകുന്ന പ്രണയിനിയെ നോക്കിനിൽക്കുന്ന ഒരു പുരുഷന്റെ ചിത്രം അവൻ തെരഞ്ഞെടുത്തു എവിടെയോ ആ ചിത്രം അവനെ സ്പർശിച്ചു.

അവർക്ക് പണവും നൽകി കേക്കും വാങ്ങി വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു വണ്ടിയുടെ ശബ്ദം കേട്ടതും അച്ഛൻ അടുത്തേക്ക് ഓടി വന്നു.

“ഹാവൂ നീ ഇപ്പോൾ വന്നത് നന്നായി ഓമന കുളിക്കാൻ കയറിയേക്കുവാ കേക്ക് അവൾ കാണാതെ ഫ്രിഡ്ജിൽ കൊണ്ടു വയ്ക്കാം ഇന്നിനി അവളെ അടുക്കളയിൽ കയറ്റാതെ ഞാൻ നോക്കിക്കോളാം.”

അമ്മയെ സന്തോഷിപ്പിക്കാൻ ഉള്ള അയാളുടെ ഉത്സാഹം കണ്ടപ്പോൾ അച്ഛൻ ഒന്നുകൂടി ചെറുപ്പം ആയി എന്ന് അവനു തോന്നിപ്പോയി.

മുറിയിൽ ചെന്ന് ഫ്രഷായി ബാഗ് എല്ലാം ഒതുക്കി വയ്ക്കുമ്പോഴാണ് അവൻ ആ ചിത്രങ്ങളിലേക്ക് വീണ്ടും ശ്രദ്ധിച്ചത്. ഇന്നത്തെ അച്ഛന്റെ മുഖത്തോട് അല്പം വ്യത്യാസമുണ്ടെങ്കിലും ഒരു പത്തിരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപുള്ള അച്ഛന്റെ അതേ മുഖം. അച്ഛന്റെയും അമ്മയുടെയും മുറിയിൽ ഫ്രെയിം ചെയ്തുവച്ച ആ പഴയ ഫോട്ടോയുടെ അതേ ഛായ!.

അച്ഛനും അമ്മയും ടിവി കണ്ടുകൊണ്ടിരുന്ന നേരമാണ് അവൻ അവരുടെ മുറിയിലേക്ക് ചെന്നത് ചുമരിൽ ഫ്രെയിം ചെയ്തുവച്ച ആ ഫോട്ടോയിലേക്ക് ഒന്ന് സസൂക്ഷ്മം നോക്കി അതും ഒരു പെയിന്റിങ് തന്നെയാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്ത് സമ്മാനിച്ചതാണ് അതെന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്.

നിരീക്ഷണത്തിനോടുവിൽ താഴെ ചെറുതായി കുറിച്ചിട്ട അക്ഷരങ്ങളിൽ അവന്റെ കണ്ണുകൾ ഉടക്കി വി. പി.എസ്. അത് കണ്ടതും അവൻ നേരെ തന്റെ മുറിയിലേക്ക് ഓടി. ടേബിളിൽ വെച്ചിരുന്ന ചിത്രമെടുത്തു നോക്കിയപ്പോഴാണ് അതിലും വി പി എസ് എന്ന എഴുത്ത് കണ്ടത്.

അപ്പോൾ വർഷങ്ങൾക്കു മുൻപ് ഉള്ള ആ ചിത്രത്തിനും വർഷങ്ങൾക്കിപ്പുറമുള്ള ഈ ചിത്രത്തിനും ജന്മം നൽകിയത് ഒരാളായിരുന്നു.

വി പി എസ്. എവിടെയോ പരിചയമുള്ള വാക്കുകളാണത്.!

അവൻ കുറച്ചു സമയം ചിന്തകളിൽ മുഴുകി.

“ഓഹ് ഗോഡ് ഒരുപാട് കൊതിച്ചിട്ടും കിട്ടാതെ പോയ അച്ഛന്റെ നഷ്ട പ്രണയത്തിലെ നായകയായിരുന്നു അപ്പോ അത്…. യെസ് വലിയവീട്ടിൽ പത്മനാഭൻ മകൾ സുലോചന….

സുലു എന്ന സുന്ദരിക്കുട്ടിയെ പറ്റി അച്ഛൻ പലവട്ടം പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ഉന്നതരായിരുന്ന പത്മനാഭൻ എന്ന ജന്മി മകൾക്ക് വേണ്ടി തന്നോട് ഒഴിഞ്ഞുപോകാൻ ആജ്ഞാപിക്കുകയും, ഇല്ലെങ്കിൽ നാണക്കേട് ഉണ്ടാകുന്നതിലും നല്ലത് സ്വന്തം മകളെ കൊന്നു കുഴിച്ചുമൂടുന്നതാണ് നല്ലതെന്നുമുള്ള ഭീഷണി കൂടിയായപ്പോൾ അച്ഛനു ആ പ്രണയബന്ധത്തിൽ നിന്നും പിന്തിരിയേണ്ടി വന്നു.

നാടുവിട്ടുപോയ അച്ഛൻ പിന്നീട് രണ്ടുവർഷം കഴിഞ്ഞാണ് തിരിച്ചുവന്നത് അപ്പോഴേക്കും തന്റെ മകളുടെ വിവാഹം കഴിഞ്ഞെന്ന് അയാൾ അച്ഛനെ പറഞ്ഞു പറ്റിച്ചു. എന്നാൽ അതു വെറും കള്ളം ആയിരുന്നു എന്നും താൻ ഉപേക്ഷിച്ചുപോയ നാൾ അവളും വീടുവിട്ടിറങ്ങിയതാണെന്നും അച്ഛന് പിന്നീടാണ് അറിയാൻ കഴിഞ്ഞത്.പിന്നീട് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും അച്ഛൻ പറഞ്ഞത് ഓർക്കുന്നു.

“പാവം ആ അമ്മ.”

അവനു ആ മുഖം ഓർത്തപ്പോൾ സങ്കടം തോന്നി.

പിറ്റേന്ന് പിറന്നാൾ ആഘോഷം എല്ലാം കഴിഞ്ഞ് വിശ്രമിച്ചിരിക്കുമ്പോൾ ആണ് അവൻ തന്റെ അച്ഛന്റെ അടുത്തേക്ക് ചെന്നത്.

“അച്ഛാ വേഗം റെഡിയാക് നമുക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാം”

“എവിടേക്കാണ് ആണ് മോനെ?”

“”അതൊക്കെ പറയാം അച്ഛൻ റെഡിയായി വാ”

അവന്റെ നിർദ്ദേശപ്രകാരം അയാൾ വേഗം തന്നെ റെഡിയായി വന്നു.

“എങ്ങോട്ടാടാ നമ്മൾ പോകുന്നത്?”

! നമുക്ക് ഒന്ന് അമ്പലം വരെ പോയിട്ട് വരാം”

“അമ്പലത്തിൽ പോകാൻ ആയിരുന്നെങ്കിൽ അമ്മയെയും കൂട്ടാമായിരുന്നു അവളുടെയല്ലേ പിറന്നാൾ”

” ഇവിടെ അമ്മ വന്നാൽ ശരിയാകില്ല”

“അതെന്താ?”

“അതൊക്കെ ഇപ്പോ പറയുന്നില്ല നേരിട്ട് കാണുമ്പോൾ അറിഞ്ഞാൽ മതി”

മകൻ പറയുന്നതൊന്നും മനസ്സിലാകാതെ അയാൾ അന്തം വിട്ടിരുന്നു. കുറച്ചു ദൂരത്തെ യാത്രയ്ക്ക് ശേഷമാണ് വണ്ടി അമ്പലത്തിന് മുന്നിൽ എത്തിയത് ഇന്നലത്തെ പോലെ തന്നെ കഥ നായിക അവിടെ തന്നെയുണ്ടായിരുന്നു.

“അച്ഛൻ ഇവിടെ നിൽക്ക് എന്ന് പറഞ്ഞ് അവൻ നേരെ അവരുടെ അടുത്തേക്ക് പോയി. പതിവുപോലെ അവരവന് പുഞ്ചിരി സമ്മാനിച്ചു.

“എന്തെങ്കിലും വേണോ മോനേ?”

പതിവുപോലെ സൗമ്യമായി അവർ ചോദിച്ചു.

“വേണ്ടമ്മേ…ഈ ചിത്രങ്ങൾ വാങ്ങാൻ അല്ല ഇതിലെ കഥാനായകനെ ഒന്ന് നേരിൽ അമ്മയുടെ മുന്നിലെത്തിക്കാനാണ് ഞാൻ വീണ്ടും വന്നത്.”

ഒരു നിമിഷം കയ്യിലെ ചിത്രം താഴെ വെച്ചവർ അമ്പരന്നു നിന്നു. അന്നേരം തന്റെ അച്ഛന്റെ കൈപിടിച്ച് അവൻ അവരുടെ മുന്നിൽ കൊണ്ടു നിർത്തിയ ശേഷം അവിടെ നിന്ന് കുറച്ച് മാറി നിന്നു.

രണ്ടുപേരും കുറച്ച് സമയത്തേക്ക് എന്ത് പറയണം എന്ന് അറിയാതെ പകച്ചുനിന്നു. അപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. പരസ്പരം എന്തൊക്കെയോ വിശേഷങ്ങൾ പങ്കുവെക്കുന്നത് അവൻ മാറിനിന്ന് നോക്കി നിന്നു.

അൽപ സമയത്തിന് ശേഷം ദൂരെ മാറിനിന്ന തന്നെ കൈനീട്ടി വിളിക്കുന്നത് കണ്ടാണ് അവൻ അരികിലേക്ക് ചെന്നത്.

“എന്റെ മകനാണ്.”

“ഉവ്വ് മാഷിനെ പറിച്ചു നട്ടത് പോലെ തന്നെയുണ്ട്.”

അവർ അവന്റെ മുടിയിഴകളിൽ വാത്സല്യപൂർവ്വം തലോടി.

“ഇത് മാഷ് ഭാര്യയ്ക്ക് കൊടുക്കണം. എന്നെക്കുറിച്ച് അറിയാമെങ്കിൽ എന്റെ അന്വേഷണവും പറയണം.”

മനോഹരമായ ഒരു വൃദ്ധസമ്പതികളുടെ ചിത്രം അവർ അയാൾക്ക് നേരെ നീട്ടി.

“അവൾക്ക് എല്ലാം അറിയാം ഞാൻ പറഞ്ഞിട്ടുണ്ട് അയാളത് സന്തോഷപൂർവ്വം വാങ്ങിക്കൊണ്ട് പറഞ്ഞു”

എല്ലാം പറഞ്ഞു തീർത്തു അവരോട് യാത്ര പറഞ്ഞ് തിരികെ വന്നു വണ്ടിയിൽ കയറുമ്പോൾ അയാളുടെ കൺകോണിൽ ഒരു നനവ് അവൻ ശ്രദ്ധിച്ചിരുന്നു.

തിരികെ ഉള്ള യാത്രയ്ക്കിടയിൽ മൗനം തളം കെട്ടി നിന്നെങ്കിലും രണ്ട് പേരുടെയും മനസ് നിറഞ്ഞിരുന്നു.ഇടക്കെപ്പോഴോ പുറകിൽ നിന്ന് തന്റെ മകനെ അയാൾ മുറുകെ പിടിച്ചു.

” ഈ കണ്ടുമുട്ടൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഒരിക്കൽ കൂടി കണ്ട് എല്ലാം തുറന്ന് സംസാരിക്കണം എന്ന് ഒരുപാട് കൊതിച്ചിരുന്നു. അതിന്ന് എന്റെ മകൻ സാധിച്ചു തന്നു. ”

അയാളുടെ ശബ്ദം ഇടറിയപ്പോൾ അവൻ തന്റെ അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു. കണ്ണാടിയിലൂടെ തന്റെ അച്ഛനെ നോക്കി മനസ്സ് നിറഞ്ഞ ഒരു പഞ്ചിരി സമ്മാനിച്ചു.