മരുമകൾ വന്നു കയറുന്നതിനു മുന്നേ മകന്റെ എല്ലാ കാര്യവും നോക്കുന്നത് അമ്മയല്ലേ പെട്ടെന്നൊരു ദിവസം..

അമ്മായിഅമ്മ
(രചന:അച്ചു വിപിൻ)

സിരിയലുകളിലും, സിനിമകളിലും ട്രോളുകളിലൊമൊക്കെ ദുഷ്ട കഥാപാത്രമായിട്ടാണ് അമ്മായിഅമ്മയെ ചിത്രീകരിക്കുന്നത്.

അമ്മായിഅമ്മ മരുമകൾ  കുറ്റങ്ങൾ പറയാൻ എല്ലാർക്കും നൂറു നാവാണ് അല്ലാതെ അവരുടെ സ്നേഹ ബന്ധത്തെ കുറിച്ച്  ആരും എഴുതാറുമില്ല പറയാറുമില്ല.

കുടുംബത്തിലേക്കു വന്നു കയറുന്ന പെണ്ണിനെ സ്വന്തം മകളായി അംഗീകരിക്കാൻ ചില അമ്മമാർക്ക് മടി കാണും അതിനു അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല…അവർ മാറിയില്ലെങ്കിൽ നമ്മൾ മാറുക എന്നിട്ടവരെ  മാറ്റിയെടുക്കുക അത് നമ്മളെ കൊണ്ട്  എളുപ്പം കഴിയും കേട്ടോ …

അമ്മായമ്മമാർ മരുമക്കളോടു അകലം കാണിക്കുന്നതിന് പല കാരണങ്ങൾ കാണും എനിക്ക് തോന്നിയത് ഞാൻ പറയട്ടെ അതിനുള്ള പരിഹാരവും പറയാം…

1.വന്നു കയറുന്ന പെണ്ണ് ഒരു സുപ്രഭാതത്തിൽ  അടുക്കള കയ്യേറുന്നത്..

ചില അമ്മമാർക്ക് അത് സഹിക്കില്ല ജോലിയും കൂലിയും ഇല്ലാത്ത അവരുടെ ലോകം തന്നെ ആ അടുക്കളയാകാം വന്നു കയറിയ മകൾ അത് പെട്ടെന്ന് കയ്യേറുന്നത് അവർക്കിഷ്ടപെടില്ല..

പാചകം ചെയ്യാൻ വിദഗ്ധയായ അമ്മയാണെങ്കിൽ നമ്മൾ ഇടിച്ചു കയറാൻ നിക്കണ്ട അവർക്ക്‌ ഇഷ്ടമുള്ളത് ചെയ്‌തോട്ടെ എന്ന് കരുതി ഉള്ളി ഒക്കെ അരിഞ്ഞു കൊടുത്ത ശേഷം മാറി നിക്കുക..

2.മകന്റെ കാര്യത്തിൽ അവകാശം പോകുന്നത്…

മരുമകൾ വന്നു കയറുന്നതിനു മുന്നേ മകന്റെ എല്ലാ കാര്യവും നോക്കുന്നത് അമ്മയല്ലേ പെട്ടെന്നൊരു ദിവസം നമ്മൾ അത് പിടിച്ചെടുത്താൽ അവർക്കത് സഹിക്കില്ല..

നമ്മൾ വരുന്നതിനു മുന്നേ അവരുടെ മകന് അവരാണ് വെച്ചുണ്ടാക്കി കൊടുക്കുന്നത് പെട്ടെന്ന് ഒരു ദിവസം അത് നമ്മൾ ഏറ്റെടുത്താൽ

അവർക്കു വിഷമം ആകും മകനുള്ള ചായ ഒക്കെ അമ്മായിഅമ്മ കൊടുത്തോട്ടെന്നെ ആര് കൊടുത്താലെന്ന നമ്മടെ ഭർത്താവിന് ചായ കിട്ടിയാൽ  പോരെ…

അമ്മായിഅമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ട് കുറ്റം പറയാതെ സൂപ്പർ  അമ്മേ അമ്മേടെ കൂട്ടാനൊക്കെ ഉഗ്രൻ എന്ന് രണ്ടു നല്ല വാക്ക് പറയുക. അതോടെ അമ്മ ഹാപ്പി..പ്രായമായവരോട് നമ്മൾ ഒന്നും പറയാൻ പോണ്ടന്നെ…

പിന്നെ നമ്മടെ ഭർത്താവിന് നമ്മടെ കൈ കൊണ്ട് വെച്ചുണ്ടാക്കി കൊടുക്കണം എന്നൊക്കെ നമുക്ക് ആഗ്രഹം തോന്നാം അതിനു  പോലും സമ്മതിക്കാത്ത അമ്മായിഅമ്മ ആണെങ്കിൽ നിങ്ങൾ ഭർത്താവുമായി നിങ്ങടെ വീട്ടിൽ പോകുമ്പോ വെച്ചുണ്ടാക്കി കൊടുക്ക്‌ അപ്പൊ ആ പ്രശ്നോം തീർന്നു…

3.മകനുമായി മരുമകൾ സിനിമക്ക് പോകുന്നത്.

നമ്മൾ പുറത്തു പോകുമ്പോൾ അവരെ കൂടി വിളിക്കുക.പൊക്കോട്ടെ അമ്മേ എന്ന് സ്നേഹത്തോടെ ചോദിക്കുക..

ഡ്രസ്സ്‌ മാറി പോകാൻ ഒരുങ്ങി വന്നു ഞങ്ങൾ ഒരു സെക്കന്റ്‌ ഷോ  സിനിമക്ക്  പോയിട്ട് വരാം എന്നൊക്കെ പറഞ്ഞാൽ അവർക്കു ചിലപ്പോ ഇഷ്ടപ്പെടില്ല കേട്ടോ….അത് കൊണ്ട് ഒക്കെ ഒന്ന് മുൻകൂട്ടി പറഞ്ഞോളൂ…

4.മരുമകളോടുള്ള മകന്റെ അമിത സ്നേഹ പ്രകടനം..

മകൻ ഭാര്യയോട് അവരുടെ മുന്നിൽ വെച്ച് കാട്ടുന്ന ഓവർ സ്നേഹം ചില അമ്മായി അമ്മമാർക്ക് ഇഷ്ടപ്പെടില്ല പ്രത്യേകിച്ചും ഭർത്താവ് നേരത്തെ മരിച്ച അമ്മ ആണെങ്കിൽ അവരെ നമ്മൾ  കൂടുതൽ കെയർ ചെയ്യണം.

നിങ്ങടെ ഭർത്താവിനെ ഒറ്റയ്ക്ക് വളർത്താൻ അവർ അനുഭവിച്ച കഷ്ടപ്പാട് നിങ്ങൾ അല്ലാതെ ആരാണ് മനസ്സിലാക്കുക..അവർ ദേഷ്യത്തോടെ പെരുമാറിയാലും നമ്മൾ സ്നേഹത്തോടെ തന്നെ നിൽക്കുക…

ചെറുപ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടത് കൊണ്ട് അവർക്കു ഒരു പരുക്കൻ സ്വഭാവം ആകാം അത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ്… അവർ പുറത്ത് വല്യ ദേഷ്യം കാട്ടുമെങ്കിലും ഉള്ളു കൊണ്ട് നമ്മളോട് സ്നേഹം കാണുമെന്നെ…

5.അമ്മായമ്മയുടെ മോളോടുള്ള മരുമകളുടെ പെരുമാറ്റം…

ഓ…..ഞാൻ ഇവിടെ കിടന്നു പണിയെടുത്തു ചത്തു മരിക്കുവാ…ആ നാത്തൂൻ പിശാശ്  ഇങ്ങട് വന്നാൽ അവൾക്ക് പോണ വരെ പരമ സുഖം…

ഈ അമ്മ ഒരു പണിയും സ്വന്തം മോളെ കൊണ്ട് എടുപ്പിക്കില്ല…പണ്ടാരം ഒന്ന് പോയി കിട്ടിയ മതി എന്നൊക്കെ അമ്മായിഅമ്മ കേൾക്കെ വിളിച്ചു കൂവരുത്..

നമ്മൾ ഇങ്ങനെ പറയുമ്പോൾ ഒന്നോർക്കുക നമ്മൾ സ്വന്തം വീട്ടിൽ ഇടയ്ക്കു പോയി നിന്നാലും ഇതൊക്കെ തന്നെ അല്ലെ ചെയ്യുന്നത് വെറുതെ തിന്നിരിക്കും കമന്നു കിടക്കുന്ന ഒരു പ്ലാവില പോലും വെറുതെ ഒന്ന് മലർത്തി ഇടൂല്ല..

ഒന്നോർത്തെ ഈ  നാത്തൂനും നാത്തൂന്റെ ഭർത്താവിന്റെ വീട്ടിൽ കിടന്നു കഷ്ടപ്പെട്ട് അല്പം വിശ്രമിക്കാൻ അല്ലെ നമ്മടെ വീട്ടിൽ വന്നു നിക്കുന്നത് അപ്പൊ നമ്മൾ അവരെ കൊണ്ട് പണിയെടുപ്പിക്കുന്നത് ശരിയാണോ?

കുറച്ചു ദിവസല്ലേ അവർ  നിക്കുന്നുള്ളു അപ്പൊ ആ ദിവസം ഒക്കെ നമ്മൾ അവർക്കിഷ്ട്ടോള്ളതൊക്കെ വെച്ചുണ്ടാക്കി കൊടുക്കെന്നെ അതവർക്കും അമ്മായമ്മക്കും  ഒരു സന്തോഷാണ് മാത്രല്ല അവർക്കു നമ്മളോട് ബഹുമാനവും സ്നേഹവും ഒക്കെ ഉണ്ടാകും..

നാത്തൂൻ പോകാൻ നേരം പറമ്പിൽ ഒക്കെ നിക്കണ ചക്ക,മാങ്ങാ,തേങ്ങ,കാച്ചിൽ,ചേമ്പ്,കപ്പ ഒക്കെ പൊതിഞ്ഞു കൊടുത്തു വിട്ടോന്നെ..അവിടെ ചെല്ലുമ്പോ നാത്തൂന്റെ അമ്മായമ്മയുടേം മുഖവും  തെളിയുമല്ലോ…ഒരിക്കലും മനസ്സ് വേദനിപ്പിച്ചു അവരെ പറഞ്ഞു വിടരുത്…

ഇനി പൊതുവായ ചില കാര്യങ്ങൾ

ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അമ്മായിഅമ്മ ആണെങ്കിൽ വഴക്കിനു പോകാതെ കഴിവതും നമ്മടെ മക്കളെ ഒക്കെ അവരുടെ കൂടെ ഇരുത്തുക..

ഇടയ്ക്കു നല്ല സാരി ഒക്കെ മേടിച്ചു കൊടുക്കുക പുറത്തൊക്കെ കൊണ്ടുപോകുക. ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം എന്നൊക്കെ അമ്മ കേൾക്കെ ഭർത്താവിനോട് പറയുക..

ഉള്ളു കൊണ്ട് ഒരിക്കലും  അവരെ പരിഹസിക്കരുത്,വെറുക്കരുത്,സ്നേഹം അഭിനയിക്കുകയുമരുത് അവർ എങ്ങനെയും ആയിക്കൊള്ളട്ടെ ഒരിക്കലും മറ്റുള്ളവരോട് അവർ കേൾക്കെ അവരുടെ കുറ്റം പറഞ്ഞു നടക്കരുത്…

നമ്മടെ ഭർത്താവിനെ നമുക്ക് തന്നത് അവരാണെന്നു കരുതി സ്നേഹിക്കുക….

എന്റെ ഭർത്താവിന്റെ മുഴുവൻ സ്നേഹവും എനിക്ക് മാത്രോള്ളതാ എന്ന് നമ്മൾ വാശി പിടിക്കരുത് അതിനു വേറെയും അവകാശികൾ ഉണ്ടെന്നു മനസ്സിലാകുക..

പെറ്റമ്മയെ സ്നേഹിക്കുന്ന ഭാര്യയെ മകൻ പൊന്നുപോലെ നോക്കും എന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ അല്ലെ…

ഇനി ഇത്രയൊക്കെ നമ്മൾ സ്നേഹത്തോടെ ചെയ്തിട്ടും ഒരു നടക്കു പോകാത്ത അമ്മായിഅമ്മ ആണേൽ വഴക്കിന്  പോകാതെ നമ്മൾ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വെച്ച് മിണ്ടാതെ ഇരിക്കുക അല്ല പിന്നെ …

Leave a Reply

Your email address will not be published. Required fields are marked *