അമ്മയും ഞാനും തമ്മിൽ
(രചന: അച്ചു വിപിൻ)
അമ്മയും ഞാനും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെയാണ്. എന്തിനും ഏതിനും അമ്മയുടെ കയ്യിൽ നിന്നുമെനിക്കെന്നും കുറ്റപ്പെടുത്തലുകൾ മാത്രമേ കിട്ടിയിട്ടുള്ളു.
അമ്മ എന്നെയെങ്ങാനും തവിട് കൊടുത്തു മേടിച്ചതാണോ എന്ന് വരെ ഞാൻ പല വട്ടം ചിന്തിച്ചിട്ടുണ്ട്.
ഞാനൊന്നൽപനേരം കിടന്നുറങ്ങിയാൽ,ദേ പത്തു മണിയായാലും പോത്തുപോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ എണീറ്റു പോയി ആ മുറ്റമെങ്കിലും ഒന്നടിക്കടി പെണ്ണെ, അതെങ്ങനാ കമിഴ്ന്നു കിടക്കുന്ന ഒരു പ്ലാവില വെറുതെ പോലും മലത്തി ഇടാത്തവളാ മുറ്റമടിക്കാൻ പോകുന്നത്.
എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ ഇങ്ങോട്ടെണീറ്റു വാടി ഇല്ലെങ്കി തല വഴി വെള്ളം കോരി ഒഴിക്കും ഞാനെന്ന് എളിക്ക് കയ്യും കൊടുത്തു നിന്നെന്നോട് പറയാറുണ്ടമ്മ.
അമ്മ പറഞ്ഞാൽ പറഞ്ഞതാണ് അതുകൊണ്ടുറക്കം മതിയായില്ലെങ്കിലും കിടന്നിടത്തു നിന്നും മനസ്സില്ല മനസ്സോടെ ഞാൻ എണീക്കും…
അവസാനം ആടിത്തൂങ്ങി പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു അടുക്കളയിൽ പോയമ്മയെ എന്തെങ്കിലും സഹായിക്കാം അല്ലെങ്കിൽ സിങ്കിൽ കിടക്കുന്ന രണ്ടു പാത്രമെങ്കിലും കഴുകാമെന്നു വിചാരിച്ചു ചെന്നാലോ അപ്പൊ പറയും,
ആ അത് നീ കഴുകണ്ട നീ കഴുകിയാലതിലെ എണ്ണമെഴുക്കൊന്നും പോകില്ല അതുകൊണ്ടു ഞാൻ തന്നെ കഴുകിക്കോളാം നീ പോയിരുന്നു
നാലക്ഷരം പഠിക്കാൻ നോക്ക് എന്നിട്ട് വല്ല ജോലിയ്ക്കും പോ ഇല്ലെങ്കിൽ എന്നെ പോലെ വല്ലവന്റെയും അടുക്കളയിൽ കയറിക്കിടന്നു ജീവിതം തീർക്കേണ്ടി വരുമെന്നു പറഞ്ഞെന്നെ അവിടെ നിന്നും ഓടിക്കാറുണ്ടമ്മ.
എന്നാ പിന്നെ അല്പം പഠിക്കാം എന്ന് കരുതി ഞാൻ റൂമിലേക്ക് പോകും.
അവസാനം പഠിത്തമൊക്കെ കഴിഞ്ഞു വല്ലോം തിന്നാൻ വേണ്ടി അടുക്കളയിലേക്ക് കയറി ചെന്നാലോ അപ്പൊ തുടങ്ങും,ഓ തിന്നാൻ നേരം കൃത്യമായി കയ്യും കഴുകി വന്നിരുന്നോളും,
എന്നാ ഈ തള്ള ഒറ്റയ്ക്ക് കിടന്നിവിടെ കഷ്ടപ്പെടുവാണ് കറിക്കുള്ള രണ്ടു തേങ്ങ എങ്കിലും ചിരണ്ടി തന്നേക്കാമെന്നു വിചാരിച്ചോ അസത്തെ നീയ്?
വെച്ചു വിളമ്പി തരാൻ ഞാൻ ഇവിടെ ഉള്ള കൊണ്ടാ നീയൊക്കെ അനങ്ങാപ്പാറ പോലെ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്.
ഞാനങ്ങു പോയാ കാണാം നിന്റെയൊക്കെ കളി മാറുന്നതെന്നു പറഞ്ഞെന്നോട് മിക്കപ്പോഴും ദേഷ്യപ്പെടാറുണ്ടമ്മ.
എന്നാ എനിക്ക് ചോറ് വേണ്ടാ എന്നു പറഞ്ഞവിടെ നിന്നു ഞാൻ പോയാലോ, ആ നിനക്ക് വേണ്ടെങ്കി നേരത്തെ പറയണമായിരുന്നെടി,
ഇതിപ്പോ ഒക്കെ ഉണ്ടാക്കി വെച്ചിട്ട് വേണ്ടാന്നു പറഞ്ഞു പോകാൻ നിനക്കൊക്കെ എളുപ്പാണല്ലോ വാശി കാണിച്ചു പോകാതെ മര്യാദക്ക് വന്നിരുന്നു ചോറ് വിളമ്പി കഴിച്ചോ ഇല്ലെങ്കി വായിലേക്ക് കുത്തിയിറക്കും ഞാൻ എന്ന് പറഞ്ഞെന്റെ നേരെ നോക്കി വെളിച്ചപ്പാട് കണക്കെ ഉറഞ്ഞു തുള്ളാറുണ്ടമ്മ.
എത്രയൊക്കെ ദേഷ്യപ്പെട്ടാലും രാത്രി ഞാൻ ഉറങ്ങി കഴിയുമ്പോൾ എന്റെ അടുത്ത് വന്നു മിണ്ടാതെയിരുന്ന ശേഷം പണിയെടുത്തു തഴമ്പിച്ചയാ കൈകൾ കൊണ്ടെന്റെ നെറുകയിൽ സ്നേഹത്തോടെ തലോടാറുണ്ടമ്മ.
ആ തലോടൽ ഉറങ്ങാതെ ഉറക്കം നടിച്ചു കിടന്നനുഭവിച്ചറിയും ഞാൻ, അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.
ആ സുഖത്തിന്റെ വില ഞാൻ തിരിച്ചറിഞ്ഞത് വിവാഹത്തിനു ശേഷമായിരുന്നു, കാരണo അമ്മായി അമ്മയിൽ നിന്നും എനിക്കെന്റെ അമ്മയിൽ നിന്നും ലഭിച്ച പോലുള്ള സ്നേഹമോ, കരുതൽ കൊണ്ടുള്ള ശാസനകളോ,
നിർബന്ധിച്ചുള്ള ഭക്ഷണം കഴിപ്പിക്കലോ ഒന്നും കിട്ടിയില്ല എന്നതാണ് സത്യം.
എന്റെ അമ്മക്കെന്നോടുണ്ടായിരുന്ന അളവറ്റ സ്നേഹത്തെ കുറിച്ചോർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുകയും ആ നിമിഷം തന്നെ അമ്മക്കരികിലേക്കോടിയെത്തി…
ആ മടിയിലൊന്നു തല ചായ്ച്ചു കിടക്കാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്തെന്റെ മനസ്സ് നൂറുവട്ടം കൊതിക്കുകയും ചെയ്യും പക്ഷെ ഞാനാഗ്രഹിക്കുന്ന പോലെ ഇനിയൊരിക്കലുമെന്നെ തലോടാനാകാത്ത വിധം വീട്ടുമുറ്റത്തെ മൂവാണ്ടൻമാവിന്റെ ചോട്ടിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നമ്മ.
NB:അമ്മ എത്ര ചീത്ത പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ മക്കളോട് സ്നേഹം ഉണ്ടാകും.. അമ്മ ഉള്ളപ്പോൾ നല്ലോണം തന്നെയവരെ സ്നേഹിച്ചോളൂ കാരണം നഷ്ടപ്പെടുമ്പഴേ ആ സ്നേഹത്തിന്റെ വിലയറിയൂ. ” അമ്മക്ക് തുല്യം അമ്മ മാത്രം”.