(രചന: അച്ചു വിപിൻ)
കവലയിൽ ചുമടെടുക്കുന്ന ജോലിയാണെനിക്ക്. അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞാൻ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും മക്കളെ പഠിപ്പിക്കുന്നതും.
എന്റെ ആകെയുള്ള സമ്പാദ്യം എന്നു പറയുന്നത് പുറമ്പോക്ക് ഭൂമിയിൽ ആസ്ബറ്റോസും, ഹോളോ ബ്രിക്സ് കട്ടകളും കൊണ്ടു കെട്ടിപ്പൊക്കിയൊരു കൊച്ചു വീടാണ്.
അടുത്തുള്ള സർക്കാർ സ്കൂളിൽ പഠിക്കുന്ന മക്കൾ എന്നോടൊന്നും തന്നെ ആവശ്യപ്പെടാറില്ലായിരുന്നു,എന്ത് കാര്യമുണ്ടെങ്കിലും അതെല്ലാം അവരുടെ അമ്മയോടാണ് പറയാറ്.
അമ്മേ എനിക്കു ഫീസ് അടക്കാൻ ഒരു നൂറു രൂപ വേണം അച്ഛനോട് ചോദിച്ചു മേടിച്ചു തരുമോ?
അമ്മേ സ്കൂളിൽ നിന്നും ടൂർ പോകുന്നുണ്ട് അച്ഛനോട് ചോദിച്ചു പോകാൻ ഉള്ള അനുവാദം വാങ്ങി തരാമോ?
അമ്മേ സ്കൂളിൽ നാളെ മീറ്റിംഗ് ഉണ്ട് അച്ഛനോടൊന്നു വരാൻ പറയുമോ?
അമ്മേ സ്കൂളിൽ ഓണപ്പരിപാടി ഉണ്ട് അച്ഛനോട് പറഞ്ഞൊരുടുപ്പ് വാങ്ങി തരാൻ പറയുമോ?എന്നൊക്കെ മക്കൾ അവരുടെ അമ്മയോട് സ്വകാര്യത്തിൽ പറയുന്നത് ഞാനിടയ്ക്കു കേട്ടിട്ടിട്ടുണ്ട്.
ഇവർക്കിതെന്നോട് നേരിട്ട് പറഞ്ഞാൽ പോരെ എന്തുകൊണ്ടിതൊക്കെയവരുടെ അമ്മയോട് പോയി പറയുന്നു എന്നു ഞാൻ പലപ്പഴും ചിന്തിച്ചിട്ടുണ്ട്.
മക്കളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അവർ അമ്മയോടാണ് പറയാറ്.അച്ഛനായ എനിക്ക് മക്കൾ യാതൊരു വിലയും തരുന്നില്ലല്ലോ എന്നോർത്ത് ഞാൻ പലപ്പഴും വേദനിച്ചിട്ടുണ്ട്.
ചിലപ്പോൾ ഞാൻ ആലോചിക്കും എന്റെ മക്കൾക്ക് എന്നേക്കാൾ കൂടുതൽ സ്നേഹം അവരുടെ അമ്മയോടാണെന്ന് .
എന്നേക്കാളേറെ മക്കളെ ശാസിക്കുന്നതും, തല്ലുന്നതും അവരുടെ അമ്മയായിരുന്നു എന്നിട്ടും അവർക്കു പ്രിയം അമ്മയോടായിരുന്നു എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം.
ഒരിക്കൽ സ്കൂളിൽ നിന്നും NSS ക്യാമ്പിനു പോയ മൂത്ത മകന്റെ റൂം വൃത്തിയാക്കുന്നതിനിടെ അവന്റെ ഒരു ഡയറി ഞാൻ കാണാനിടയായി. ഒരാളുടെ ഡയറി വായിക്കുന്നത് മോശമാണെന്നറിഞ്ഞിട്ട് കൂടി ഞാനത് തുറന്നു വായിച്ചു.
എന്റെ മകൻ അതിൽ അവന്റെ ഭാവി സ്വപ്നങ്ങളെ കുറിച്ചെഴുതിയിരുന്നു.
എനിക്ക് പഠിച്ചു വല്യ ആളാവണം.നല്ല ജോലി മേടിക്കണം. അമ്മയുടെ വരവിന്റെ മാല മാറ്റി ഒരു സ്വർണമാലയും കയ്യിലിടാൻ രണ്ടു സ്വർണ വളയും മേടിച്ചു കൊടുക്കണം. ടീവിയും ഫ്രിഡ്ജും ഒക്കെയുള്ള നല്ലൊരു വീട് വെക്കണം.
അച്ഛനെ സഹായിക്കണം കവലയിൽ നിന്നും ചുമടെടുത്തു ക്ഷീണിച്ചു വരുന്ന അച്ഛനെയല്ലാതെ ഒരു ദിവസമെങ്കിലും ഞങ്ങളോടൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന അച്ഛനെ കാണണം.
അച്ഛന് ചുമടെടുക്കുന്ന നീല ഷർട്ട് അല്ലാതെ വേറെ നിറങ്ങളിൽ ഉള്ള ഷർട്ട് മേടിച്ചു കൊടുക്കണം. അച്ഛന്റെ പൊട്ടാറായ ചെരിപ്പിനു പകരം നല്ല ചെരുപ്പുകൾ വാങ്ങി കൊടുക്കണം. അച്ഛനെ ഓർത്തു സങ്കടപ്പെടാത്ത അമ്മയെ ഒരു ദിവസമെങ്കിലും ഞങ്ങൾക്ക് കാണണം.
അച്ഛനെയും അമ്മയെയും ഞാൻ മേടിക്കുന്ന കാറിൽ കയറ്റി ഒരു സിനിമക്ക് കൊണ്ടുപോകണം. കഞ്ഞിയും പയറുമല്ലാതെ “ബിരിയാണി” പോലുള്ള വിലകൂടിയ ഭക്ഷണങ്ങൾ അച്ഛനും അമ്മയോടുമൊപ്പം ഹോട്ടലിൽ പോയിരുന്നു കഴിക്കണം.
കൂടുതൽ വായിക്കാൻ എനിക്ക് കഴിഞ്ഞില്ല കാരണം കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചിരുന്നു.
അത് വായിച്ചു കഴിഞ്ഞപ്പോൾ എന്ത് കൊണ്ടാണെന്റെ മക്കൾ എന്നോടൊന്നും ചോദിക്കാതെ അവരുടെ ഓരോ ആവശ്യങ്ങളും അമ്മയോട് പോയി പറഞതെന്നെനിക്ക് വ്യക്തമായി മനസ്സിലായി.
എന്റെ ബുദ്ധിമുട്ടുകൾ എന്റെ മക്കൾ നന്നായി തിരിച്ചറിഞ്ഞിരുന്നു അല്ലെങ്കിൽ അവരുടെ അമ്മ അതവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.
മക്കളുടെ ആവശ്യങ്ങൾ അവരെന്നോട് നേരിട്ട് വന്നു പറയാഞ്ഞത് അവരുടെ സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് ഞാനിപ്പോ മനസ്സിലാക്കുന്നു.
അവരെന്തെങ്കിലും ആവശ്യപ്പെട്ടാൽ അതെനിക്ക് ചെയ്തു കൊടുക്കാൻ സാധിച്ചില്ലെങ്കിൽ എനിക്കത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നെന്റെ മക്കളോടവരുടെ അമ്മ പറഞ്ഞു മനസ്സിലാക്കിയിരുന്നിരിക്കണം.
എന്റെ തുച്ഛമായ വരുമാനം കൊണ്ടു മക്കൾക്ക് ചെയ്തു കൊടുക്കാനെനിക്ക് സാധിക്കുമെന്നുറപ്പുള്ള കാര്യങ്ങൾ മാത്രമേ ഭാര്യ എന്നോട് വന്നു പറഞ്ഞിരുന്നുള്ളു.
ഞാൻ കൊണ്ടുവരുന്നത് കൊണ്ടു സന്തോഷമായി ജീവിക്കാനാണെന്റെ മക്കളും ഭാര്യയും ഇത്ര നാൾ ശ്രമിച്ചത്.
അച്ഛനെ ബഹുമാനിക്കാനും അച്ഛന്റെ കഷ്ടപാടുകൾ അറിഞ്ഞു പെരുമാറാനും മക്കളെ പഠിപ്പിച്ച എന്റെ ഭാര്യയോടെനിക്കന്നാദ്യമായി ബഹുമാനം തോന്നി മറിച്ചു മക്കളുടെ സ്നേഹം തിരിച്ചറിയാതെ പോയ എന്നെയോർത്തെനിക്കു സഹതാപവും.
“ഒരിക്കലും ഒരു പുസ്തകം തുറന്നു വായിക്കാതെ അതിനുള്ളിൽ ഉള്ള കാര്യങ്ങൾ വിലയിരുത്തരുതെന്ന പാഠം ഞാനന്നു പഠിച്ചു.”
മൂത്ത മകൻ NSS ക്യാമ്പിന് പോയി മടങ്ങി വന്നതിന്റെ പിറ്റേ ദിവസം ഞാൻ രാമേട്ടന്റെ കടയിൽ നിന്നും നാലു പൊതി ബിരിയാണി കടം പറഞ്ഞു മേടിച്ചു കൊണ്ടു വന്നു.
ഭാര്യയെയെയും മക്കളെയും അടുത്ത് വിളിച്ചിരുത്തി ബിരിയാണിയുടെ പൊതി തുറന്നു,അന്നാദ്യമായി ഇറച്ചിയുടെയും ബസുമതി അരിയുടെയും സുഗന്ധം ആസ്ബറ്റോസിന്റെ ഷീറ്റു കൊണ്ടു മറച്ചയാ വീടിനുള്ളിൽ പരന്നു.
ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന മക്കളെയും അവരെ നിറകണ്ണുകളോടെ നോക്കിയിരിക്കുന്ന ഭാര്യയെയും കണ്ടപ്പോൾ,
ഭർത്താവിനെ മനസ്സിലാക്കി ജീവിക്കുന്ന ഭാര്യയും അച്ഛന്റെ കഷ്ടപ്പാടിനെ വിലമതിക്കുന്ന മക്കളും ഉൾപ്പെടുന്ന സന്തോഷകരമായ കുടുംബ ജീവിതo കിട്ടുന്നതാണ് ഒരാൾക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വല്യ സ്വത്തെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു.