(രചന: അച്ചു വിപിൻ)
എന്റെ മകൾ ജനിച്ചു രണ്ടാം ദിവസമാണവളുടെ അമ്മ മരിക്കുന്നത്. ചോരമണം മാറാത്ത മകളെയും കൈയിലെടുത്തുകൊണ്ടവളുടെ അമ്മയുടെ ചിത കത്തിക്കുമ്പോളെന്റെ കൈകൾ വിറച്ചിരുന്നു, കണ്ണുകൾ മുൻപെങ്ങുമില്ലാത്ത വിധം ചുമന്നു കലങ്ങിയിരുന്നു.
അവളുടെ മരണം എന്നിൽ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഞാൻ മുക്തി നേടിയതിനുള്ള പ്രധാനകാരണം എന്റെ മകളായിരുന്നു.
രാത്രിയിലവൾ മുലപ്പാലിനു വേണ്ടി കരയുമായിരുന്നു. പൊടിപ്പാൽ കലക്കി കൊടുത്തത് ദേഷ്യത്തിൽ തുപ്പിക്കളഞ്ഞ ശേഷം അച്ഛമ്മയുടെ കൈയിൽ കിടന്നു നിർത്താതെ കരയുന്നയവളെ ഞാൻ പോയി എടുക്കേണ്ട താമസം അവൾ കരച്ചിൽ നിർത്തുമായിരുന്നു.
എന്റെ നെഞ്ചിലെ കനൽ തിരിച്ചറിഞ്ഞത് കൊണ്ടാകുമോ അവൾ കരച്ചിൽ നിർത്തിയത് ?അതൊ ഞാനവളുടെ അച്ഛനാണെന്നവൾ തിരിച്ചറിഞ്ഞിട്ടോ?
എലിക്കുഞ്ഞിനെ പോലെയിരിക്കുന്നയവളെ ശ്രദ്ധാപൂർവം കൈയിൽചേർത്തുപിടിച്ചുറക്കാനായി ഞാൻ നടന്നപ്പോൾ ഉറങ്ങാതെ കണ്ണുമിഴിച്ചവളെന്റെ നേരെ നോക്കിക്കിടന്നതെന്തിനായിരുന്നു?
അറിയുന്ന പാട്ടുകളെല്ലാം താരാട്ടാക്കി ഞാൻ പാടുമ്പോൾ അത് കേട്ടവൾക്കുറങ്ങാനായിരുന്നോ?
അവളുടെ ഓരോ ചിരിയും എനിക്ക് മുൻപോട്ടു ജീവിക്കാൻ ഉള്ള പ്രചോദനമായിരുന്നില്ലേ?
വീണ്ടുമൊരു വിവാഹം കഴിക്കാൻ പലരും പറഞ്ഞെങ്കിലും അതിനെല്ലാം ഞാൻ എതിര് പറഞ്ഞതെന്തിനായിരുന്നു? അവൾക്കായുള്ള സ്നേഹം പങ്കിട്ടു നൽകാനുള്ളയെന്റെ മടികൊണ്ടായിരുന്നില്ലേ?
അവൾ എത്ര പെട്ടന്നാണ് കമിഴ്ന്നു വീണതും മുട്ടിലിഴഞ്ഞു തുടങ്ങിയതും.കണ്ണിൽ കണ്ട സാധനങ്ങളെല്ലാം പെറുക്കിയവൾ വായിലിടുമ്പോൾ ഞാൻ പേടിച്ചതെന്തിനായിരുന്നു?
ആദ്യമായി വന്ന കുഞ്ഞിപ്പല്ലുകൾ വച്ചവളെന്റെ തോളിൽ മുറുക്കെ കടിച്ചപ്പോൾ വേദന കടിച്ചമർത്തി ഞാൻ മിണ്ടാതെയിരുന്നതെന്തിനാണ്?
ജോലി കഴിഞ്ഞു ഞാൻ വരുന്ന സമയം മുട്ടിലിഴഞ്ഞവൾ പാഞ്ഞുവരുമ്പോൾ
അവൾക്കരികിലേക്ക് ഞാൻ
വെപ്രാളപ്പെട്ടോടിയതെന്തിനാണ്?
ഒരു ദിവസം കുറുക്കു കൊടുക്കുന്നതിനിടയിൽ “ച്ചാ”..എന്നവളാദ്യമായി വിളിച്ചപ്പോളെന്തിനാണെന്റെ കണ്ണുകൾ നിറഞ്ഞത്?എന്തിനാണ് ഞാനവളെ വാരിയെടുത്തുമ്മ കൊടുത്തത്?
എന്റെ മടിയിലിരുന്നവൾ മൂത്രമൊഴിച്ചപ്പോഴും അപ്പിയിട്ടപ്പോഴും എന്താണെനിക്ക് അറപ്പു തോന്നാതിരുന്നത്?
എന്റെ ചെരിപ്പുമിട്ടവൾ മുറ്റത്തു കൂടി പിച്ച വച്ചു നടന്നപ്പോൾ എന്തിനാണ് ഞാൻ സന്തോഷിച്ചത്?
ആദ്യമായവളെ അങ്കനവാടിയിൽ കൊണ്ട് വിട്ട നേരം അച്ഛന്റെ കൂടെ പോകണമെന്ന് പറഞ്ഞവളുറക്കെ കരഞ്ഞപ്പോൾ എന്തിനാണ് ഞാനും അവളുടെ കൂടെ നിന്നു കരഞ്ഞത്?അത് കണ്ടെന്തിനാണെന്റെ ചുറ്റുമുള്ളവർ ചിരിച്ചത്?
പി. റ്റി. എ മീറ്റിങ്ങിനിടയിൽ ആരെ പോലെ ആകണമെന്ന് ടീച്ചർ ചോദിച്ചപ്പോൾ എനിക്കെന്റെ അച്ഛനെ പോലെയായാൽ മതിയെന്നവൾ പറഞ്ഞത് കേട്ടു ഞാനെന്തിനാണ് പുഞ്ചിരി തൂകിയത്?
അടുക്കളയിൽ പച്ചക്കറി അരിയുമ്പോൾ അച്ഛൻ മാറി നിൽക്കു ഇനിയൊക്കെ ഞാൻ ചെയ്‌തോളാമെന്നു പറഞ്ഞുകൊണ്ടവൾ അടുക്കള കയ്യേറിയപ്പോൾ എന്തിനാണ് ഞാൻ അന്താളിച്ചു നിന്നത്?
ഒൻപത്തിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ടു വന്ന ശേഷം അച്ഛാ ഞാൻ ആദ്യമായി പീരിഡ്‌സ് ആയെന്നവൾ നാണിച്ചു കൊണ്ട് പറഞ്ഞപ്പോൾ എന്തിനാണ് ഞാൻ പകച്ചു നിന്നത്?എന്തിനാണ് ഞാനവളെ ചേർത്ത് നിർത്തി ഉമ്മ കൊടുത്തത്?
ആദ്യമായവൾ സാരിയുടുത്തെന്റെയടുത്തു വന്നു നിന്നപ്പോൾ എന്തിനാണ് ഞാൻ അത്ഭുതപ്പെട്ടത്?
ഓരോ ക്ലാസ്സിലും ഫസ്റ്റ് വാങ്ങി ട്രോഫിയുമായവളോടിവരുമ്പോൾ എന്തിനാണ് ഞാൻ അഭിമാനിച്ചത്?
വിവാഹപ്രായമെത്തിയപ്പോൾ മാട്രിമോണിസൈറ്റിൽ അവളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം എന്റെ പേര് കൂടി രജിസ്റ്റർ ചെയ്യുന്നത് കണ്ടെന്തിനാണ് ഞാൻ ആശ്ചര്യപ്പെട്ടത്?
എന്റെ കല്യാണത്തിന്റെ ദിവസം തന്നെ അച്ഛന്റെ കല്യാണവും നടക്കണം എന്നവൾ വാശി പിടിക്കുന്നത് കണ്ടപ്പോൾ എന്തിനാണ് ഞാനവളെ വഴക്ക് പറഞ്ഞത്?
ഏറെ തർക്കത്തിനൊടുവിൽ തറവാട്ടമ്പലത്തിനു സമീപമുള്ള കല്യാണപന്തലിൽ നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ചവൾ സുമംഗലിയായതിനു ശേഷം
അതെ പന്തലിൽ വെച്ചെന്റെ കൈകളിലേക്ക് ആരോരുമില്ലാത്ത ഭവാനിയുടെ കൈകൾ ചേർത്തു നൽകിയപ്പോൾ എന്തിനാണെന്റെ കണ്ണുകൾ നിറഞ്ഞത്?
ഒടുക്കം എന്നോട് യാത്ര പറഞ്ഞു ഭവാനിയുടെ കയ്യിൽ ഒരു കുറിപ്പുമേൽപ്പിച്ചു നിറകണ്ണുളോടെ യാത്രയായെന്റെ മകളെ നോക്കിയെന്തിനാണ് ഞാൻ വിങ്ങിപ്പൊട്ടിയത്?
ഞാൻ കരയുന്നത് കണ്ടെന്റെ കയ്യിൽ മുറുകെ പിടിച്ച ഭവാനിയുടെ കയ്യിലെ കുറിപ്പിൽ “അച്ഛനെ നോക്കണം, സ്നേഹിക്കാൻ മാത്രമറിയാവുന്നൊരു പാവമാണച്ഛൻ,
അച്ഛന് കൊടുക്കാൻ ഉള്ള മരുന്നുകളുടെ വിവരം വാതിലിന്റെ പുറകിൽ ഞാൻ ഒട്ടിച്ചു വെച്ചിട്ടുണ്ട് എല്ലാം കണ്ടറിഞ്ഞു ചെയ്യണം.ഇനി അമ്മയാണ് ആ വീട്ടിലെ വിളക്ക്.. എന്നുമെന്റെ അച്ഛന് കൂട്ടായമ്മയുണ്ടാകണം.
പരസ്പരം സ്നേഹിച്ചു നിങ്ങൾ ഒരുപാടു നാൾ ജീവിക്കണം” എന്നെവളെഴുതിയിരിക്കുന്നത് കണ്ണീരോടെ വിക്കി വിക്കി വായിക്കുമ്പോൾ ഞാൻ തിരിച്ചറിയുകയിരുന്നു മോളെ നിനക്കച്ചനോടുള്ള സ്നേഹവും കരുതലും.
ഈ അച്ഛൻ ഭാഗ്യവാനാണ്,ദൈവം എനിക്കായി നൽകിയ വരദാനമാണ് നീ..
ഈറനണിഞ്ഞ കണ്ണുകളോടെ എന്റെ നേരെ നോക്കി മിണ്ടാനാകാതെ നിൽക്കുന്ന ഭവാനിയുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു എനിക്കറിയാം മോളെ നിന്റെ കരുതൽ. നീ പോയാൽ അച്ഛൻ തനിച്ചാകുമെന്ന് നിനക്കറിയാം.
ഞാൻ ഒരിക്കലും ഒറ്റക്കായി പോകരുതെന്ന് നീ ആഗ്രഹിച്ചിട്ടുണ്ടാകും പക്ഷെ ആരൊക്കെ എനിക്ക് തുണയായി വന്നാലും അതൊക്കെ നീയെന്ന പുണ്യത്തിനു പകരമാകുമോ മകളെ?
NB:മാതാപിതാക്കളെ തിരിച്ചറിയുന്ന മക്കളെ കിട്ടുന്നതും മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളെ കിട്ടുന്നതും ഒരു പുണ്യമാണ്.