(രചന: ഞാൻ ആമി)
“ഒരു വാക്ക് പോലും നേരെ ചൊവ്വെ സംസാരിക്കാൻ പോലും ഇതുവരെ കൂട്ടാക്കാത്ത ഹരി എന്റെ ശരീരത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ…
ഞാൻ മറ്റൊന്നും നോക്കിയില്ല ആമി… അയാളുടെ മുഖം നോക്കി ഞാൻ അടിച്ചു…
എന്റെ കൈക്ക് ഇത്ര കരുത്തുണ്ടന്ന് എനിക്ക് അറിയില്ലായിരുന്നു…എന്റെ മാനസികാവസ്ഥ ഹരി മനസ്സിലാക്കാൻ ശ്രമിച്ചില്ല ആമി… “
എന്ന് പറഞ്ഞു കൊണ്ടു ഹരിത മുഖം പൊത്തി കരഞ്ഞു. ഒരു വാക്ക് പോലും മിണ്ടാൻ കഴിയാതെ ഞാൻ അവളുടെ അടുത്തു ഇരുന്നു.
നാലാം വിരുന്നിനു അവളുടെ വീട്ടിലേക്കു അവൾ വന്നു എന്നറിഞ്ഞാണ് ഞാൻ അവിടേക്കു പോയത്.
“ഹരി… തിരികെ പോയോ ഹരിതേ “എന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ മൂളി.
മുറിവേറ്റ അവളുടെ ആ മനസ്സിന് എന്റെ വാക്കുകൾ കൊണ്ടു ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. തിരികെ വീട് എത്തുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു.
“എന്താ പെണ്ണേ നീ ഈ ലോകത്ത് ഒന്നും അല്ലേ “കണ്ണേട്ടൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ ഹരിതയോട് ഹരി കാണിച്ച പ്രവർത്തി പറഞ്ഞു.
എന്നെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം കണ്ണേട്ടൻ പറഞ്ഞു.
“ആമി… “
“ഓ…. “
“പെണ്ണിനെ തിരിച്ചറിയേണ്ടത് അവളുടെ പുറമെയുള്ള ശരിരസൗന്ദര്യം കണ്ടിട്ടല്ല… അവളുടെ മനസ്സ് അറിയാൻ ആദ്യം ശ്രമിക്കണം…
അതിന് കഴിയാത്തവൻ പെണ്ണിന്റ ശരീരത്തെ അവന്റെ താല്പര്യത്തിനുള്ള ഒരു വസ്തുവായി കാണും…”
കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഹരിതയെ ഓർത്തു പോയി. എത്ര നൊമ്പരപെട്ടു കാണും അവളുടെ മനസ്സും ശരീരവും.
ജീവിതത്തിൽ ചിലർക്കെ ചിലരെ മനസ്സിലാകു, മനസ്സിലാക്കാൻ ശ്രമിക്കൂ. അതൊരു ഭാഗ്യമാണ് പെണ്ണിനെ മനസ്സിലാക്കുന്നു ഒരുവൻ കൂടെ വന്നെത്തുന്നത്.