കിയാറാ
(രചന: Aadhi Nandan)
ബാല: “ഡാഡി വായോ ദാ ഇൻ്റർവ്യൂ തുടങ്ങാറായി . വേഗം വാ . ഇത് നല്ല രസമായിരിക്കും ഡാഡിയുടെ എക്സ് വൈഫിൻ്റെ ഇൻ്റർവ്യൂ അല്ലേ നടക്കാൻ പോകുന്നത്.”
വിവേക് ടിവി ഓൺ ചെയ്തു സോഫയിൽ സ്ഥാനം പിടിച്ചു ഒപ്പം തന്നെ അവൻ്റെ മകൾ പതിനാലുകാരി ബാല എന്ന് വിളിക്കുന്ന ശ്രീബാലയും.
ഇപ്പൊൾ നടക്കാൻ പോകുന്നത് തൻ്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയവളുടെ ഒരു പ്രഹസനം മാത്രം . വിവേകിൻ്റെ മനസ്സിൽ അവളോടുള്ള പുച്ഛം നിറഞ്ഞു നിന്നു.
എല്ലാവർക്കും T ടിവി യുടെ ഉയരത്തിൽ പറക്കാം എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലേക്ക് സുസ്വാഗതം. ഞാൻ നിങ്ങളുടെ സ്വന്തം അഞ്ജലി വിശ്വൻ .
കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഒരു പുതു മുഖം .
പരസ്യങ്ങളും ഫോട്ടോഷൂട്ടും ഒക്കെയായി നമ്മൾക്ക് സുപരിചിതയായി കഴിഞ്ഞ നമ്മുടെ സ്വന്തം താരം .
നിറഞ്ഞ കയ്യടിയോടെ നമ്മൾക്ക് വേദിയിലേക്ക് സ്വാഗതം ചെയ്യാം കിയാറാ.
കയ്യടിക്കുന്ന കാണികൾക്ക് ഇടയിലൂടെ ആ രൂപം സ്റ്റേജ് ലക്ഷ്യമാക്കി നടന്നു.
ഉഷിരും ആത്മവിശ്വാസവും നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും സൂര്യകാന്തിയുടെ പോലെ തിളങ്ങുന്ന ഒരു പുഞ്ചിരിയും കവജമായി അണിഞ്ഞവൾ.
അഞ്ജലി: “ഞങ്ങളുടെ ഈ ഷോയിലേക്ക് ഹൃദ്യം നിറഞ്ഞ സ്വാഗതം കിയാറാ.”
കിയറാ:” ഒത്തിരി സ്നേഹം സന്തോഷം അഞ്ജലി.”
അഞ്ജലി:” എന്താണ് ഈ കിയാറാ. വളരെ വ്യത്യസ്തമായ ഒരു നാമം.”
കിയറ:” എന്നെ തന്നെ സൂചിപ്പിക്കുന്ന ഒന്നാണ്. കിയാറാ എന്നാൽ കറുത്തവൾ
എന്നാണ് അർത്ഥം.”
അഞ്ജലി:” ഗൗരിയിൽ നിന്നും കിയാറയിലേക്കുള്ള യാത്ര ഒന്ന് നമ്മുടെ പ്രേക്ഷകരുമായി പങ്ക് വെക്കാമോ.”
കിയാറാ:” സമ്പന്ന കുടുംബത്തിൽ ഏറ്റവും ഇളയ പുത്രിയായിട്ടണ് ജനനം . പക്ഷേ സാധാരണ ഇളയ കുട്ടികളെ ലാളിക്കുന്ന പോലെയോ മറ്റു പരികണനകളോ ലഭിക്കാത്തവൾ.
ആൺകുട്ടി വേണം എന്ന് ഒത്തിരി ഏറെ ആഗ്രഹിച്ച അച്ഛൻ്റെ മുന്നാമത്തെ മകൾ . മറ്റു സഹോദരങ്ങൾ കളിയാക്കുകയും അകറ്റിനിർത്തുകയും ചെയ്തവൾ.
എല്ലാവർക്കും എൻ്റെ നിറം ആയിരുന്നു പ്രശ്നം. കറുത്തവൾ എന്നും ജനിച്ചയുടനെ അമ്മയുടെ ജീവൻ എടുത്തവൾ എന്നും ചുറ്റും ഉളളവർ മുദ്രണം ചാർത്തി തന്നവൾ ഗൗരി .
സ്കൂൾ ജീവിതത്തിലും നിറം ഒരു വില്ലൻ തന്നെയായിരുന്നു അവിടെയും അവഗണനയും കുത്ത് വാക്കുകളും പരിഹാസങ്ങളും നിറഞ്ഞു നിന്നു.
പിന്നെയും പിന്നെയും കാലം ഒഴുകികൊണ്ട് ഇരുന്നു .
എന്നിലും മാറ്റങ്ങൾ വന്നു .പിന്നെയും ചുറ്റുമുള്ളവർക്ക് ഭാരമായി ജീവിതം മുൻമ്പോട്ട് . മാറാത്തതായി ഒന്ന് മാത്രം എൻ്റെ ഈ കറുപ്പ് നിറം .
ഗൗരി എന്നതിൽ ഉപരി കറുമ്പി എന്ന നാമത്തിൽ അറിയപ്പെട്ടരുന്ന ഒരുവൾ . ഇടക്ക് താനും ഗൗരിയെ മറന്നു കറുമ്പിലേക്ക് ചേക്കേറി .
അങ്ങനെ അങ്ങനെ ഇരുപത് വർഷത്തെ ജീവിതം . ഒടുവിൽ ഇരുപതാം വയസ്സിൽ വിവേക് എന്ന സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ്റെ ജീവിതത്തിലേക്കും വീട്ടിലേക്കും ഒരു പറിച്ചു നടൽ .
അവിടെയും ഇത് തന്നെ ആവർത്തിച്ചു പോന്നു . സ്ത്രീധനം മാത്രം മുമ്പിൽ കണ്ട് തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ച ഒരുവൻ .
തൻ്റെ ആവശ്യങ്ങൾക്കും വീട്ടു ജോലികൾ ചെയ്യാനും ഉള്ള ഉപകരണം മാത്രമായിരുന്നു ഗൗരി അവിടെയും.
മരുഭൂമിയിലെ മഴ പോലെ ഗൗരിയുടെ ജീവിതത്തിലേക്ക് വസന്തം വിരിച്ചത് മാതൃത്വത്തിൻ്റെ നാളുകളായിരുന്നു.
പയ്യെ പയ്യെ സ്ഥിഗതികൾ മാറി .
ചൂഷണങ്ങൾ ഏറി വന്നു അങ്ങനെ മുമ്പോട്ട് ഉള്ള നിലനിൽപ്പ് തന്നെ അവതാളത്തിലായപ്പോൾ പതിനഞ്ച് വർഷത്തെ വിവാഹ ജീവിതം അവസാനിച്ചു ഒരു പേപ്പറിലെ രണ്ടു ഒപ്പുകൾ കൊണ്ട്……
അവിടെനിന്ന് ഇനി എന്ത് എന്ന് ചിന്തിക്കുന്നത് ഇടയിൽ ഒരു അച്ചറു കമ്പനിയിൽ ജോലിക്കു കേറി. പിന്നെയും സമയം ആർക്കും കാത്തു നിൽക്കാതെ ഓടിക്കൊണ്ടിരുന്നു .
അങ്ങനെ ഒരിക്കൽ ജോലി കഴിഞ്ഞു വരുന്ന വഴിക്ക് സ്കൂൾ ജീവിതത്തിൽ എവിടെയോ കണ്ട് മറന്ന ഒരു മുഖം കണ്ണിൽ പെട്ടു.
ഓടി മറയുന്നതിന് മുമ്പ് അവൾ തന്നെ പിടികൂടി . പിന്നീട് തൻ്റെ ജീവിതത്തിൽ നടന്നത് ഒക്കെ തന്നെ അവളുമായി പങ്കു വെച്ചു.
ഒന്നേ എന്നോട് അവള് ആവശ്യപ്പെട്ടോള്ളു അവളുടെ കാമറേക്ക് മുമ്പിൽ ഈ കറുത്തവൾ മോഡൽ ആകാമോ എന്ന്. എത്രയോ വേഷങ്ങൾ കെട്ടിയാടി എന്നാൽ പിന്നെ ഇത് കൂടെ എന്ന് കരുതി ചെയ്തു.
പക്ഷേ അവൾ പകർത്തിയ ചിത്രങ്ങൾ എൻ്റെ ജീവിതം മാറ്റി മറിച്ചു . ഇത്രയും പേരും പ്രശസ്തിയും നേടിതന്നു. അനാമികയുടെ ഫ്ലാഷ് ലൈറ്റിൽ നിന്നും പിറന്നവളാണ് കിയാറാ.”
അഞ്ജലി:” എന്താണ് ലൈഫിലെ ഏറ്റവും വലിയ പ്രചോദനം എന്ന് ചോദിച്ചാൽ എന്ത് പറയും.”
കിയാറാ:” അങ്ങനെ ചോദിച്ചാൽ ഇൻസൽട്ടാണ് ആണ് മുരളി ലൈഫിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെൻ്റ് എന്ന വെള്ളം സിനിമയിലെ ഡയലോഗ് തന്നെ പറയാം …”
അഞ്ജലി:” അവസാനമായി ഒരു ചോദ്യം കൂടെ . എങ്ങനെയാണ് തൻ്റെ മകൾ താങ്കൾക്ക് സപ്പോർട്ട് നൽകിയത്?.”
നിറഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു ആ ചോദ്യത്തിനുള്ള അവളുടെ മറുപടി .
ഇനിയും ആരും ആരെയും നിറത്തിൻ്റെ പേരിൽ തള്ളിക്കളയാൻ ഇടവരത്താതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാം പ്രയത്നിക്കാം .വീണ്ടും അടുത്ത ആഴ്ച്ച കാണുന്ന വരേക്കും നിങ്ങളുടെ സ്വന്തം അഞ്ജലി സൈനിങ് ഓഫ് .
ടിവി ഓഫ് ചെയ്തു ഡാഡിയുടെ നേരെ വന്നു ബാല പറഞ്ഞു…
ബാല:” ഡാഡി ഡാഡിക്ക് നാളെ എൻ്റെ വക ഒരു വലിയ സർപ്രൈസ് ഗിഫ്റ്റ് ഉണ്ട് . ലൗ യു ഡാഡി . സ്വീറ്റ് ഡ്രീംസ് ഗുഡ് നൈറ്റ് ഉമ്മാ …….”
ഇത്രെയും പറഞ്ഞു അവൾ അവളുടെ മുറിലേക്കും വിവേക് തൻ്റെ മുറിയിലേക്കും പോയി.
രാവിലെ ഗേറ്റ് കടന്നു വന്ന ഒരു വാഹനത്തിൻ്റെ ഹോർണാണ് വിവേകിനേ ഉറക്കത്തിൽ നിന്നും
ഉണർത്തിയത് .
താഴേക്ക് ഇറങ്ങി ചെല്ലവേ സർപ്രൈസ് എന്ന് വിളിച്ചു കൂവി കൊണ്ട് ഗൗരിയെയും കൂട്ടി തൻ്റെ അടുത്തേക്ക് ഓടി എത്തുന്ന ബാലയെയാണ് കണ്ടത്.
ബാല: ” ഡാഡി ഇനി മുതൽ ഈ ശ്രീബാല വിവേക് ശ്രീബാല ഗൗരിയാണ് മാത്രമല്ല ഞാനും ഇന്ന് അമ്മ തിരിച്ചു പോകുമ്പോൾ കൂടെ പോകും കേട്ടോ ഡാഡി . ഇനി അങ്ങോട്ട് ബാല അമ്മയുടെ കൂടെ ആണ് ജീവിക്കാൻ പോകുന്നത്.”
കിയാറാ(ഗൗരി): ” മോളെ പോയി ബാഗ് ഒക്കെ എടുത്തിട്ട് വായോ അമ്മ ഡാഡിയോട് കുറച്ച് കര്യങ്ങൾ പറയട്ടെ.”
ബാല:” ശരി അമ്മ ഞാൻ വേഗം വരാം”
കിയാറാ:” വിവേക് മോളെ ഞാൻ എൻ്റെ ഒപ്പം കൂട്ടുകയാണ് .
ഇനി ഇപ്പൊൾ വേണമെങ്കിൽ ചോദിക്കാം എന്ത് കൊണ്ട് കോടതി വിധി വന്നപ്പോൾ കൂടെ കൂട്ടാതെ ഇപ്പൊൾ എന്ന് . അതിനു കാരണം അവളു തന്നെയാണ് ബാല .
കുത്ത് വാക്കുകളും അക്രമവും സഹിച്ചു ജീവിക്കുന്ന എന്നോട് സഹനം മതിയാക്കാൻ ആവശ്യം ഉന്നയിച്ചവൾ അവൾക്ക് വേണ്ടി ഒരിക്കലും ഇവിടെ പിടിച്ചു തുങ്ങരുത് എന്നും പറഞ്ഞു മനസ്സിനെ തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിച്ചവൾ.
കോടതി വിധി വരുമ്പോൾ അവളെ ഒരിക്കലും ഒരു നിലയിൽ ആകുന്ന വരെയും കൂടെ കൂടെകുട്ടരുതെന്നും,
അവൾ കൂടെ ഉണ്ടെങ്കിൽ തനിക്ക് ഒരു ഭാരമാകുമെന്നും, സ്വയം പ്രാപ്തി നേടി തന്നെ കൂട്ടി കൊണ്ട് പോകാൻ വരണമെന്നും പറഞ്ഞവൾ .
പിന്നെയും മടിച്ചു നിന്ന എന്നെ അച്ചനും അമ്മക്കും മക്കളെ വളർത്തുന്നതിൽ തുല്യ പങ്കാളിത്തം ഉണ്ടെന്ന് പറഞ്ഞു എന്നെ ദൃഢമായ തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിച്ചവൾ .
കിയാറയിലേക്ക് ചേക്കേറിയത് അവൾക്ക് വേണ്ടി. എന്നിൽ കനലുകൾ നിറച്ച് നയിച്ചവൾക്ക് വേണ്ടി . എന്നിലൂടെ ജന്മം കൊണ്ട ബാലക്ക് വേണ്ടി. ”
ബാല:” പോകാം അമ്മ ഞാൻ റെഡി എൻ്റെ സാധങ്ങൾ എല്ലാം കാറിൽ വെച്ചിട്ടുണ്ട് .
ഹാ ഡാഡി പോട്ടെ . ഒരിക്കലും ഒരു മനുഷ്യനോട് എങ്ങനെ പെരുമാറരുത് എന്ന് എനിക്ക് പഠിപ്പിച്ചു തന്ന ഡാഡിക്ക് ഒത്തിരി നന്ദി .
പിന്നെ നിറവും പണവും വെച്ച് അമ്മക്ക് കുഞ്ഞിനോട് ഉള്ള സ്നേഹം അളക്കാൻ കഴിയില്ല . അത് പോലെ തന്നെ തൻ്റെ അമ്മയെ എന്നെ ബാല തിരിച്ചറിഞ്ഞതാണ്.
ഇനി ബാല എന്നും അവളുടെ അമ്മകിളിക്ക് ഒപ്പം പാറി പറന്ന് നടക്കും . വരട്ടെ എന്ന് പറയുന്നില്ല . ഇനി ഇങ്ങോട്ട് വരാനും മോഹം ഇല്ല . ശരി ഡാഡി റ്റാറ്റാ……”
ഇരുവരും കേറി കാർ റിവേഴ്സ് എടുത്ത് ദൂരേക്ക് അകന്നു കൊണ്ട് ഇരുന്നു .
കോടതി മുറ്റത്ത് വെച്ച് മകളെയും കൂട്ടി ഇറങ്ങുമ്പോൾ അഹങ്കാരമായിരുന്നു.
തൻ്റെ മകൾ എന്ന് .എന്ത് വില കൊടുത്തും ചേർത്ത് നിർത്തും എന്ന് .
എന്നാലോ ഒരിക്കൽ പോലും അവളെ തനിക്ക് സമ്മാനിച്ചവളുടെ കൈകൾ ചേർത്ത് പിടിച്ചിരുന്നില്ല.
ഇന്ന് എല്ലാ അർത്ഥത്തിലും താൻ തോറ്റ് പോയ ഒരു മനുഷ്യനാണ് . പുറത്തെ കറുപ്പിൽ ഉള്ളിലെ വെണ്മ അറിയാതെ പോയവൻ……
ഇനി അവരുടെ നാളുകൾ ആണ്
ബാലക്ക് അവളോടൊപ്പം ഉള്ള നാളുകൾ
കിയാറയുടെ സ്വാതന്ത്രത്തിൻ്റെ നാളുകൾ.
ഒരിക്കലും പുറം മോഡിയുടെ പേരിൽ ആളുകളെ അളക്കാത്തിരിക്കുക
പണവും നിറവും കൊണ്ട് വേർതിരികാതിരിക്കുക . ഈ ലോകം എല്ലാവരുടെയും അവകാശമാണ്. എല്ലാവർക്കും ചിറകുകൾ ഉയർത്തി പറക്കാൻ സാധിക്കട്ടെ …..