അമ്മയും മോളും
(രചന: Kannan Saju)
” ആർത്തവ രക്തം പുരണ്ട മകളുടെ വസ്ത്രം കൈയിലെടുത്തു നിഷ അതിശയത്തോടെ നിന്നു “
ഈശ്വരാ ഇവൾ ഇതും കൊണ്ടാണോ ബസ്സിൽ കയറി വന്നത്? പാഡ് കൊണ്ടു പോയില്ലേ? അതോ ഇത് പറ്റിയത് പോലും അവളറിഞ്ഞില്ലായിരിക്കുമോ?
അവളുടെ മുറിയുടെ വാതിക്കൽ വരെ വസ്ത്രവുമായി എത്തി… ചോദിക്കണോ? രണ്ട് തവണ മനസ്സിൽ ആലോചിച്ചു…
രണ്ടാനമ്മയാണ്… ചോദ്യം ഇഷ്ടമായില്ലെങ്കിലോ..? എന്ത് ചെയ്യും.. തന്നോട് അവൾ അധികം സംസാരിക്കാറില്ല.. ഈയിടെയായി തീരെ ഇല്ല…
അവൾ തുണി നിലത്തിട്ടു.. ശേഷം കതകിൽ മൂന്ന് മുട്ട് മുട്ടി… ” മോളേ.. ഞാൻ അകത്തേക്കു വന്നോട്ടെ? ” അവൾ മെല്ലെ ഒന്ന് തല ഉയർത്തി നോക്കി…
” ഞാൻ കിടക്കാണു ” നിഷ അകത്തേക്ക് കയറി…
ഒരു സമാധാനം കിട്ടുന്നില്ല… ഈയിടെയായി അവളിൽ എന്തോ മാറ്റം പോലെ…. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി… ഓരോ ചിന്തകളുമായി നിഷ അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു…
” വയ്യേ നിനക്ക് ? “
” ഒന്നുല്ല ” കിടന്ന കിടപ്പിൽ അവൾ പറഞ്ഞു…
” ഇതെന്ന ഈ കാണിച്ചു വെച്ചേക്കുന്നേ ? ” അവളുടെ തുടയിലെ പാടുകൾ കണ്ടു നിഷ അതിശയത്തോടെ ചോദിച്ചു… പെട്ടന്ന് ഞെട്ടലോടെ മോൾ ചാടി എണീറ്റു…
” നിങ്ങള് പൊക്കെ.. ഒരു സമാധാനോം തരൂലേ ? ” അവളുടെ സംസാരവും ഭാവവും മാറി…
” മോളേ അമ്മ…
” കൊറച്ചു സമാധാനം തരോ.. പ്ലീസ്… “
നിഷ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി… കുറച്ചു നേരം അങ്ങോടും ഇങ്ങോടും നടന്നു…
ഫോണെടുത്തു ഭർത്താവിനെ വിളിച്ചു.. എടുക്കുന്നില്ല.. വീണ്ടും വിളിച്ചു.. എടുക്കുന്നില്ല.. ഒടുവിൽ എടുത്തു…
” ഏട്ടാ എനിക്കൊരു അത്യാവശ്യ കാര്യം പറയാൻ ഉണ്ട്.. “
” നിഷ.. ഞാൻ തിരക്കിലാണ്.. പ്ലീസ് “
” ഏട്ടാ ഒരു അഞ്ചു മിനിറ്റ്… പ്ലീസ്.. മോളുടെ കാര്യമാണ്.. “
” അവൾക്കെന്താ ? ആവശ്യത്തിന് പൈസ ഓകെ കൊടുത്തിട്ടുണ്ടല്ലോ.. ഇ തിരക്കുള്ള സമയത്തു ബുദ്ധിമുട്ടിക്കല്ലേ നിഷ “
അയ്യാൾ ഫോൺ വെച്ചു..
എന്ത് തിരക്കാണ് മനുഷ്യ..? പൈസ കൊടുത്ത എല്ലാം ആയോ ? അവൾക്കു വേണ്ടി അല്ലേ നിങ്ങൾ സമ്പാദിക്കുന്നത്…? അവൾ തുടയിൽ ബ്ലേഡ് കൊണ്ടു വരഞ്ഞിരിക്കുന്നു… ഈശ്വരാ എന്റെ കുട്ടി…
മോളുടെ മുറിക്കു മുന്നിൽ ഉറങ്ങാതെ നിഷ ആ രാത്രി കഴിച്ചു കൂട്ടി… ഉള്ളിൽ അവൾക്കു ഭയമായിരുന്നു…. എത്രയോ പ്രശസ്തർ നിരാശ മൂലം ആത്മഹത്യ ചെയ്തിരിക്കുന്നു… ഒടുവിൽ ഒരു നടൻ വരെ.. അവളുടെ പ്രശ്നം എന്താവും…?
കുറെ നേരം ആലോചിച്ചിരുന്നു…
നേരം വെളുത്തു.. അവൾ കണ്ണ് തുറക്കുമ്പോൾ നിഷ മുന്നിൽ കസേരയിൽ ഇരിക്കുന്നു.. മോൾ ചാടി എണീറ്റു…
” എനിക്ക് മോളോട് കുറച്ചു നേരം സംസാരിക്കണം.. അമ്മ പറയുന്നത് കേട്ടിട്ടു മോൾ എന്ത് വേണേലും ചെയ്തോ “
അവൾ മൗനം പാലിച്ചു…. ” ഇന്നലെ സനുഷ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടിരുന്നോ? “
” ഇല്ല “
നിഷ ഫോൺ അവൾക്കു നേരെ നീട്ടി.. തന്റെ വിഷാദ രോഗത്തെ കുറിച്ചും താൻ അതിനെ നേരിട്ടതിനെ കുറിച്ചും അവൾ തുറന്നു പറയുന്ന വീഡിയോ അവൾ കണ്ടു…
” ഇത്രേ ഉളളൂ… ഒന്നെങ്കിൽ ഒരു കൗൺസിലിംഗ്.. അല്ലെങ്കിൽ ഒരു മനഃശാസ്ത്രജ്ഞൻ… അവരെ കാണുന്നവർ എല്ലാവരും പ്രാന്തന്മാർ അല്ല.. എന്നോട് നിനക്ക് പലതും പറയാൻ ബുദ്ധിമുട്ടു ഉണ്ടാവും..
പക്ഷെ ഒരു മുന്പരിചയവും ഇല്ലാത്ത അവരുടെ മുന്നിൽ നിനക്ക് ഒരു മടിയും കൂടാതെ മനസ്സ് തുറക്കാൻ സാധിക്കും… പുറമെ ചിരിച്ചു നടക്കുന്ന പലരുടെയും ആത്മഹത്യ വാർത്ത കേട്ടു ഞെട്ടുന്നവർ ആണ് നമ്മളിൽ പലരും..
അതിൽ സിബിഐ തുടങ്ങി സിനിമാക്കാർ മുതൽ സാധാരണക്കാർ വരെ എത്ര ഉന്നത ജോലി ഉണ്ടായാലും വിദ്യാഭ്യാസം ഉണ്ടയാലും പണം ഉണ്ടായാലും നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ തീർന്നു..
മറ്റൊരു കുഞ്ഞു വന്നാൽ അറിയാതെ പോലും നിന്നോടുള്ള സ്നേഹം കുറഞ്ഞു പോയാലോ എന്നോർത്താണ് അതുപോലും വേണ്ടെന്നു ഞാൻ വെച്ചത്…
നീ എന്നെ അമ്മ ആയി കാണുന്നോ ഇല്ലയോ, നീ എന്റെ മോളാണ്.. കുളിച്ചു ബ്രേക്ഫാസ്റ്റ് കഴിക്ക്.ശേഷം നമുക്ക് ഒരിടം വരെ പോണം”.
” ഇല്ല ഡോക്ടർ… അമ്മയെ വല്ലാതെ മിസ്സ് ചെയ്യും.. അച്ഛൻ ഇവരോട് സ്നേഹം കാണിക്കുന്ന കാണുമ്പോൾ എന്റമ്മയെ ഉപദ്രവിച്ചിരുന്ന അച്ഛനെ ഓർമ്മ വരും…
വല്ലാതെ ഒരു ഒറ്റപ്പെടൽ ആയിരുന്നു…. അങ്ങനെ ഇരിക്കുമ്പോ ആണ് ഹൈ സ്കൂളിൽ ബിൻസി മിസ്സ് മാത്സ് പഠിപ്പിക്കാൻ വരുന്നത്..
മിസ്സ് എന്നെ ഒരുപാട് കെയർ ചെയ്യുമായിരുന്നു.. വീട്ടിൽ കൊണ്ടു പോയി എല്ലാം പറഞ്ഞു പഠിപ്പിക്കും… പലപ്പോഴും ഞാൻ മിസ്സിന്റെ വീട്ടിൽ കിടക്കുവായിരുന്നു… മിസ്സ് എന്നിൽ പൂർണ്ണ സ്വാതന്ത്ര്യം എടുക്കാൻ തുടങ്ങി….
മിസ്സിന് മാത്രമേ എന്നോട് സ്നേഹമുള്ളൂ എന്നെനിക്കു തോന്നി.. മറ്റാരും സ്നേഹത്തോടെ എന്നെ അത്രയും സ്പർശിച്ചിട്ടില്ല.. തലോടിയിട്ടില്ല… ഒരു കാമുകൻ കാമുകിയോട് ചെയ്യുന്നതെല്ലാം മിസ്സ് എന്നെ ചെയ്തു പോന്നു…
ഇപ്പൊ മിസ്സിന്റെ വിവാഹം കഴിഞ്ഞപ്പോ എന്നെ വേണ്ട… ഞാൻ വിളിച്ചാൽ എടുക്കില്ല… എന്നെ കാണാൻ തയ്യാറല്ല.. എനിക്ക് എനിക്ക് ആരും ഇല്ല… എനിക്ക് സ്നേഹം കിട്ടുന്നില്ല ഡോക്ടർ.. “
അവൾ അദേഹത്തിന്റെ മുന്നിൽ എല്ലാം കരഞ്ഞു തീർത്തു……
” മോളേ… അതൊരു ആത്മാർത്ഥമായ സ്നേഹം ആയിരുന്നില്ല.. അവരുടെ വികാരങ്ങൾ തീർക്കാൻ നിന്റെ സാഹചര്യം അവര് ചൂഷണം ചെയ്യുക ആയിരുന്നു.. സത്യത്തിൽ അവർ ഒരിക്കലും മോളേ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല…
അല്ലെങ്കിൽ ഈ ചെറു പ്രായത്തിൽ ചേർത്തു പിടിച്ചു ലാളിക്കുന്നതിനു പകരം മോളേ മറ്റൊരു കാര്യത്തിനായി ഉപയോഗിക്കില്ലായിരുന്നു… മോൾക്ക് ആരും ഇല്ലെന്നു ആരാണ് പറഞ്ഞത്..?
മോളുടെ അമ്മക്ക് മോളോട് അത്രയും സ്നേഹം ഉള്ളത് കൊണ്ടല്ലേ മറ്റൊന്നും ആലോചിക്കാതെ മോളേ ഇങ്ങോട് കൊണ്ടു വന്നത്? ഒന്ന് ആലോചിച്ചു നോക്കു അവർക്കു വേറൊരു കുട്ടി പോലും ഇല്ല “
” അവർക്കു കുട്ടികൾ ഉണ്ടാവില്ലന്നാണല്ലോ അച്ഛൻ പറയുന്ന കേട്ടത്? “
” അങ്ങനൊന്നും ഇല്ല.. അവർക്കു ഒരു കുട്ടി ഉണ്ടായാൽ നിന്നോടുള്ള സ്നേഹം കുറഞ്ഞു പോവുമോ എന്നുള്ള ചിന്തയാണ് അവരെ കൊണ്ടു അങ്ങനെ പറയിച്ചതു.. അവർ മോളേ അത്രയും സ്നേഹിക്കുന്നു..
ആ സ്നേഹം കണ്ടില്ലെന്നു നടിക്കരുത്.. അച്ഛൻ മോളുടെ അമ്മയെ സ്നേഹിക്കാതിരുന്നത് തെറ്റാണ്.. പക്ഷെ അതിനിടയിൽ അവർക്കു അതിനു എന്തെങ്കിലും ഒരു കാരണം ഉണ്ടാവും.. അത് നമുക്കറിയില്ല..
അതിനി എന്ത് തന്നെ ആയാലും ശരി അതിൽ ഇപ്പോഴത്ത അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ? മോളേ മിസ് യൂസ് ചെയ്ത ടീച്ചർ നിയമപരമായും മാനസികമായും എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത് എന്നറിയുമോ? “
” ഞാനിപ്പോ എന്താന്ന് ഡോക്ടർ ചെയ്യണ്ടത്.. ? എനിക്ക് മിസ്സ് ഇല്ലാതെ ഇരിക്കുമ്പോൾ പറ്റുന്നില്ല ! “
” അതിനു സ്വയം മുറിവേൽപ്പിച്ചത് കൊണ്ടോ അല്ലെങ്കിൽ ചിന്തകൾ കാട് കയറിയതുകൊണ്ടോ കാര്യമില്ല മോളേ… സ്പർശനം.. അത് സ്നേഹത്തിന്റെ അടയാളമാണ്..
അതും സ്ത്രീകളിൽ പ്രത്യേകിച്ചും.. ഇഷ്ടപ്പെടുന്നവർ തൊടുന്നതും തലോടുന്നതും അവർ തങ്ങളോടുള്ള സ്നേഹത്തിന്റെ അടയാളമായി കാണും….
മോളു ശരിക്കും ടീച്ചറിൽ നിന്നും ആഗ്രഹിച്ചത് അതാണ്.. പകരം അവർ എടുത്തത് മറ്റൊന്നും.. മോൾക്ക് ഈ സ്നേഹം അമ്മയിൽ നിന്നും കിട്ടാവുന്നതേ ഉളളൂ.. “
” അവർക്കെങ്ങനെ അങ്ങനെ സ്നേഹിക്കാൻ കഴിയുമോ? “
” നിങ്ങൾ തമ്മിൽ ഉള്ള ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ആണ് പ്രശ്നം.. അമ്മ തരുന്ന സ്നേഹം സ്വീകരിക്കാൻ മോളും തയ്യാറായി നോക്കിയേ…. എന്ത് കാര്യവും ആര് തന്നാലും സ്വീകരിക്കാൻ ഉള്ള മനസ്സ് കാണിച്ചാലല്ലേ നമുക്കു അത് അനുഭവിക്കാൻ കഴിയു.. “
ആ സംസാരം അങ്ങനെ നീണ്ടു പോയി…. അവൾ ഇറങ്ങിയ ശേഷം നിശയോടും ഡോക്ടർ ഒറ്റക്കു സംസാരിച്ചു….
കാർ സിഗ്നലിൽ ബ്ലോക്കിൽ നിന്നു… നിഷ പുറത്തേക്കും നോക്കി ഇരുന്നു… അവൾ നിഷയെ ഒന്ന് നോക്കി.. ഒന്നും അറിയാത്ത പോലെ അവളുടെ താളുകളിൽ തല ചായ്ച്ചു.. ഒരത്ഭുതത്തോടെ നിഷ അവളെ നോക്കി.. ചേർത്തു പിടിച്ചു..
” അമ്മക്കെന്നോട് ദേഷ്യമാണോ? “
അമ്മ എന്ന് ആദ്യമായി അവൾ വിളിക്കുന്ന കേട്ടു നിഷയുടെ കണ്ണുകൾ നിറഞ്ഞു…
” എന്തിനാ കരായണേ ? “
” ഒന്നുല്ല ” അവൾ നിറ കണ്ണുകളോടെ മോളുടെ നെറ്റിയിൽ ചുംബിച്ചു…
അവൾ നിഷയെ വട്ടം പിടിച്ചു
” സോറി അമ്മാ “
നിഷ അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു…
” അമ്മ ഇണ്ട് മോൾടെ കൂടെ… കേട്ടോ.. ആവശ്യം ഇല്ലാത്ത ഒന്നും ഇനി ആലോചിക്കേണ്ട.. “
” ഇല്ല ” അവളുടെ തോളിൽ ചാരി കിടന്നു മോളു പറഞ്ഞു… ഭർത്താവിന്റെ കോൾ വന്നു
” നിഷ ഇന്നലെ എന്തോ പറയാൻ ഉണ്ടന്ന് പറഞ്ഞില്ലായിരുന്നോ? മോളുടെ കാര്യമോ മറ്റോ ? “
” ആ.. ഞാനും മോളും ഒരു ടൂർ പോവാ “
” ഏഹ്.. എങ്ങോട്ടു? “
” പോയിട്ട് വന്നിട്ട് സമയം ഉണ്ടേൽ പറയാം.. താനാ സൂപ്പർമാർക്കെറ്റും കെട്ടിപ്പിടിച്ചു അവിടെ ഇരി.. “
” ഏഹ്.. അല്ല.. അത്… “
നിഷ ഫോൺ വെച്ചു…
” നമുക്കു എങ്ങോടാ പോവണ്ടേ മോളേ ? “
” അമ്മക്ക് ഇഷ്ടം ഉള്ളിടത്തേക്കു.. ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
നിഷ ഹോൺ അടിച്ചു കൊണ്ടു ആക്സിലറേറ്ററിൽ കാൽ വെച്ചു…. ഒരമ്മയുടെയും മോളുടെയും സ്നേഹത്തിന്റെ യാത്ര അവിടെ ആരഭിക്കുക ആയിരുന്നു…