വിദ്യാധനം
(രചന: Kannan Saju)
” കണ്ണേട്ടാ എനിക്കൊരു ഇന്നർ വാങ്ങണം ” അവനെ പറ്റി കിടന്നു അവൾ പറഞ്ഞു…
” എന്റെ മിന്നു നിന്നോടു എത്ര തവണ പറഞ്ഞു ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ..
മാസ്സം ഞാൻ സലറീന്നു പൈസ നിന്റെലേക്കിടാം അപ്പൊ നിനക്ക് എന്നോട് ചോദിക്കാതെ എപ്പോ വേണേലും എന്ത് വേണേലും വാങ്ങാലോ? “
” നിക്കെന്തിനാ കണ്ണേട്ടാ ഇപ്പൊ ബാങ്ക് അക്കൗണ്ട് ?? അതൊന്നും വേണ്ട ഏട്ടന്റെന്നു ചോദിച്ചു വാങ്ങുമ്പോൾ ഒരു സുഖാ “
” കല്ല്യാണം കഴിഞ്ഞു പഠിക്കാൻ പറഞ്ഞു പഠിക്കില്ല.. എന്തേലും ജോലിക്കു പോവാൻ പറഞ്ഞു പോവില്ല… ഒരു അക്കൗണ്ട് പോലും സ്വന്തം തുടങ്ങില്ല.. നാളെ ഞാൻ ചത്തു പോയ നീ എന്തെയ്യും പെണ്ണെ? “
അവളുടെ മുഖം വാടി… കണ്ണ് നിറഞ്ഞു…
” ഹാ… അപ്പോഴേക്കും പിണങ്ങിയോ… ? “
അവൾ തിരിഞ്ഞു കിടന്നു… കണ്ണൻ അവളെ പിന്നിൽ നിന്നും ചേർന്ന് കിടന്നു കെട്ടിപ്പിടിച്ചു…
” വിഷമായോ? “
” ഉം “
” എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ അങ്ങനെ? “
അവൾ അവനു നേരെ മുഖം തിരിച്ചു..
” എന്തിനാ ഏട്ടാ ഇപ്പൊ അങ്ങനൊക്കെ ചിന്തിക്കുന്നേ? “
” വെറുതെ ഇരിക്കുമ്പോ ഒന്ന് ചിന്തിക്കണം…. ഞാനില്ലാത്ത ഒരു നാൾ വന്ന ഇപ്പൊ നമുക്കു ചുറ്റും ഉള്ളവരുടെ എല്ലാം സ്വഭാവം മാറും..
നീ ഇപ്പൊ കാണുന്ന ആരും ആയിരിക്കില്ല അപ്പൊ.. എനിക്കു പകരം നിനക്കൊരു ജോലി കിട്ടാൻ ഉള്ള ഒരു വകുപ്പും ഇല്ല.. എന്ത് ചെയ്യും നീ ? “
” അങ്ങനൊന്നും വരില്ല ഏട്ടാ “
” ഞാൻ പറയാൻ ഉള്ളത് പറഞ്ഞു…. ന്റെ അക്കൗണ്ട് നോമിനി വരെ അമ്മയാ.. മാറ്റാൻ നീ സമ്മതിക്കത്തും ഇല്ല… “
” എനിക്ക് എന്റെ കണ്ണേട്ടൻ മാത്രം മതി.. വേറൊന്നും വേണ്ട “
അവൾ അവനെ പറ്റി കിടന്നു…
” അതെ “
” ഉം “
” ഈ ഇന്നർ മേടിച്ചു തന്നാ മാത്രം മതിയോ അതോ ? “
” അയ്യടാ.. പൂതി നോക്ക് “
” നീയെന്താ വിളിച്ചേ? ” കണ്ണന്റെ ഫോട്ടോയിലേക്കും നോക്കി നിന്ന അവളോട് അനിയന്റെ ഭാര്യ ചോദിച്ചു
” മോനു യൂണിഫോം മേടിച്ചില്ല… പൈസ.. “
” ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ ചത്തു പോയ അവന്റെ തന്ത ഉണ്ടാക്കി വെച്ചിട്ടുണ്ടോ ക്യാഷ്? “
” എടി.. നീയെന്താ ഏട്ടത്തിയോട് ഇങ്ങനൊക്കെ പറയുന്നേ…? “
” ആ ഞാൻ പറയും… ഉളുപ്പില്ലാതെ എപ്പോഴും കൈ നീട്ടി വന്നോളും നാശങ്ങള് ” അവളുടെ കണ്ണ് നിറഞ്ഞു…..
” എടി നീ വെറുതെ ഇവിടെ ഇരിക്കല്ലേ..? കോളേജിൽ പോ.. പഠിത്തം പൂർത്തിയാക്കു.. അല്ലെങ്കിൽ എന്തേലും ജോലിക്കു കേറ്..
ഒരു തൊഴിൽ പഠിച്ചിരിക്കുന്ന നല്ലതല്ലേ? ഭർത്താവും ജോലിയും വിദ്യാഭ്യാസവും ഇല്ലാത്തവൾ എന്നും മറ്റുള്ളവർക്ക് ഒരു ഭാരമായിരിക്കും മോളേ…
വേണ്ട വിദ്യാഭ്യാസം ഉണ്ടങ്കിൽ നാളെ ആയാലും നിനക്കൊരു ജോലി കണ്ടെത്താം.. പടിക്കടി മിന്നൂ നീ”
നിറകണ്ണുകളോടെ മോനേ കെട്ടിപ്പിടിക്കുമ്പോൾ കണ്ണേട്ടൻ മരിക്കും മുന്നേ എപ്പോഴും പറയാറുള്ള വാക്കുകൾ അവൾ ഓർത്തു…..