(രചന: Dhanu Dhanu)
ചാർജ് ചെയ്യാൻ വെച്ച എന്റെ ഫോണെടുത്ത് അതിലെ മെസ്സേജ് കാണിച്ചിട്ട് പെങ്ങളെന്നോട് ചോദിച്ചു. ഇതാരാണെന്ന്..
ഞാനൊന്നും മിണ്ടാതെ അവളുടെ കൈയിന്ന് ആ ഫോൺ തട്ടിപ്പറിച്ച് വാങ്ങിയിട്ട്..
ഞാനവളോട് പറഞ്ഞു മേലാൽ എന്നോട് ചോദിക്കാതെ എന്റെ ഫോണെടുത്ത് കളിക്കരുത് എന്ന്…
അത് കേട്ടപ്പോ കട്ടകലിപ്പിൽ അവളെന്നോട് പറഞ്ഞു.. നിന്റെ വാട്സാപ്പ് ഞാൻ തുറന്നുനോക്കി…
അതിൽ അമ്മുവിന് നീ അയച്ച ഉമ്മയുടെ കണക്ക് ഞാനമ്മയോട് പറഞ്ഞുകൊടുക്കും..
ഇന്നത്തോടെ നിന്റെ ഫോൺ വിളിയും മെസ്സേജും ഞാൻ നിർത്തിതരാടാ കൊരങ്ങാ…. ഇതുകേട്ടത്തോടെ പണിപാളിയെന്നു എനിക്കുമനസ്സിലായി..
അമ്മയെങ്ങാനും അറിഞ്ഞാൽ ന്നെ തല്ലികൊല്ലും… ഇനി എന്തായാലും അവളെ സോപ്പിട്ടാലെ രക്ഷയുള്ളൂ അതുകൊണ്ടു ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു..
ചിന്നു നിനക്ക് ഏത് ഐസ്‌ക്രീമാ ഇഷ്‌ടം..അതുകേട്ട് അവള് കുറച്ച് ഗൗരവത്തോടെ പറഞ്ഞു..എനിക്ക് ഐസ്‌ക്രീമോന്നും വേണ്ടാ…
പിന്നെ…?
കുറച്ച് നോട്ട് എഴുതാനുണ്ട് നിയത് എഴുതിതന്നാൽ മതിയെന്ന്.. ഇതുകേട്ട് ദേഷ്യം വന്നെങ്കിലും വന്ന ദേഷ്യം കടച്ചമർത്തി ഞാനതിന് സമ്മതംമൂളി…
അല്ലാതെ വേറെ വഴിയില്ലലോ പെങ്ങളായിപോയി അല്ലെങ്കിൽ ചവിട്ടികൂട്ടി പൊട്ടക്കിണറ്റിൽ ഇട്ടേനെ.
അങ്ങനെ പെങ്ങളുടെ ഭീഷിണിക്കു വഴങ്ങി ഞാനവളുടെ നോട്ടൊക്കെ എഴുതികൊടുക്കാൻ തുടങ്ങി..
അവളാണെങ്കിൽ അത് ശരിക്കും മുതലെടുക്കുകയും ചെയ്തു.. രാത്രി ഞാനിരുന്നു നോട്ട് എഴുത്തുമ്പോ.. അവളെന്റെ അരികിലിരുന്നു കുറക്കംവലിച്ചുറങ്ങും….
അതുകാണുമ്പോൾ അവളെയെടുത്ത് ചന്ദ്രേട്ടന്റെ പറമ്പിൽ കൊണ്ടുവെച്ചാലോ എന്നുതോന്നും..
രണ്ടുദിവസം മുൻപ് ചന്ദ്രേട്ടൻ അമ്മയോട് പറയുന്നുണ്ടായിരുന്നു പറമ്പിൽ പന്നി ശല്യം കൂടിയെന്ന്..
അതുകേട്ടപ്പോ അമ്മയോട് പറയണമെന്നുണ്ടായിരുന്നു രാത്രി ചിന്നുവിനെ എടുത്ത് ചന്ദ്രേട്ടന്റെ പറമ്പിൽകൊണ്ട് വെച്ചാലോ എന്ന്…
അവളുടെ കൂർക്കംവലി കേട്ടാൽ പന്നിപോയിട്ടു ആ പരിസരത്തുള്ള ഒരാളും പുറത്തേക്ക് വരില്ല.. അതുപോലെയാണ് ന്റെ പുന്നാരപെങ്ങളുടെ കൂർക്കംവലി…
ഇതൊക്കെ സഹിച്ചുകൊണ്ടു അവളുടെ അടുത്തിരുന്ന് നോട്ട് എഴുതുന്ന എന്നെ സമ്മതിക്കണമല്ലേ.. അല്ല ന്റെ കഷ്ടകാലം അല്ലാതെ എന്തുപറയാൻ..
അങ്ങനെ അവളുടെ ഭീഷിണികളും നോട്ട് എഴുത്തുമായി ദിവസങ്ങൾ കടന്നുപോയി..
ഞാനാണെങ്കിൽ പെങ്ങളുടെ എട്ടിന്റെ പണിയിൽ നിന്ന് രക്ഷപെടാനുള്ള വഴി നോക്കിയിരുന്നു…
കുറച്ചു വൈകിയാണെങ്കിലും ദൈവം എനിക്കൊരു വഴി കാണിച്ചുതന്നു..
ന്റെ പെങ്ങൾക്കിട്ടൊരു പണികൊടുക്കാൻ..എനിക്ക് കിട്ടിയ അവസരങ്ങൾ ഞാൻ നല്ലപോലെ പ്രയോഗിച്ചു തുടങ്ങി..
അതെന്താണെന്ന് ചോദിച്ചാൽ… ചിന്നുപറയാതെ തന്നെ ഞാനവളുടെ നോട്ട് വാങ്ങി എഴുതാൻ തുടങ്ങി.. ഇനി എഴുതാൻ ഇല്ലെങ്കിലും ഞാനവളോട് എഴുതാണോ എന്നുചോദിക്കും..
അത് കേൾക്കുമ്പോ ഇവനെന്താ പ്രാന്തായോ എന്നമട്ടിൽ അവളെന്നെ നോക്കി പറയും… ഡാ ചെക്കാ ആ മുപ്പത്തിരണ്ട് ഉമ്മയുടെ കാര്യം അമ്മയോട് പറഞ്ഞിട്ടില്ലെന്ന്.. അത് കേൾക്കുമ്പോ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്..
അവളത് പറയുമ്പോൾ ഞാനവളുടെ മുഖത്തേക്ക് നോക്കിച്ചിരിക്കും ആ ചിരികണ്ടപാടെ അവളെന്നോട് പറയും..
നാളെ ഞാൻ അമ്മയോട് പറയുമെന്ന്.. ആ സമയത്ത് അവളെയങ്ങോട്ട് കൊന്നുകളഞ്ഞാലോ എന്നുവരെ ചിന്തിച്ചുപ്പോകും…
പക്ഷെ ആ മുപ്പത്തിരണ്ട് ഉമ്മയുടെ കാര്യം പുറത്തറിഞ്ഞാൽ നാണക്കേടല്ലേ..
അതുകൊണ്ടു എല്ലാം സഹിക്കുകയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു.. അങ്ങനെയിരിക്കെയാണ് അവളെന്നോട് ചോദിച്ചത്..
കുറച്ചുദിവസായി ഈ നോട്ടിന്റെ കനവും പേജും കുറഞ്ഞുവരുന്നപോലെ തോന്നുന്നുണ്ടല്ലോ..
അതിന് മറുപടിയായി. ഞാനവളെ നോക്കിച്ചിരിച്ചിട്ട് പറഞ്ഞു..വല്ലപ്പോഴും ഈ പുസ്തകമൊക്കെ എടുത്തുനോക്കണമെന്ന്…
അതുപറഞ്ഞപ്പോ അവളുടെ മുഖം ദേഷ്യംകൊണ്ട് വീർത്തുവരുന്നുണ്ടായിരുന്നു.. അതുകണ്ടപ്പോ ഞാനൊരു ചിരിയോടെ അവളോടുചോദിച്ചു ഇനി വല്ലതും എഴുതിതരാണോ ന്റെ മോൾക്ക്…
ന്റെ ഏട്ടൻ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടല്ലേ ആ സ്നേഹം ഞാൻ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല…
ആ ബാഗിൽ ഒരു സെമിനാർ എഴുതാനുണ്ട്.. അതൊന്നു കോപ്പി ചെയ്ത് തരണേ ന്റെ പുന്നാര ഏട്ടാ…
ഞാനൊരു ചിരിയോടെ ആ ബാഗ് വാങ്ങി എന്റെ റൂമിൽ കൊണ്ടുവച്ചു പിറ്റേ ദിവസം രാവിലെ അവൾ ക്ലാസ്സിലേക്ക് പോകുന്നതിനു മുൻപ്..
ആ സെമിനാർ അവളുടെ ബാഗിൽ കൊണ്ടുവയ്ക്കുകയും ചെയ്തു.. അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വന്നവളുടെ മുഖത്ത് ഒരു കൊലയാളിയുടെ ഭാവമാണ് ഞാൻ കണ്ടത്…
മിക്കവാറും എന്നെക്കൊള്ളാനുള്ള പരിപാടിയാണെന്നു മനസ്സിലാക്കിയ ഞാൻ വേഗം അവിടെന്ന് മുങ്ങാൻ ശ്രേമിച്ചെങ്കിലും..
അവളെന്നെ കൈയോടെ പിടികൂടി പിന്നെ പറയാണേണ്ടല്ലോ അടിയുടെ പെരുമഴയായിരുന്നു.. അതിന്റെ ഒച്ചയും ബഹളവും കേട്ട് അമ്മ അടുക്കളയിൽ നിന്ന് ഓടിവന്ന് നോക്കുമ്പോ..
അവളെന്നെ ഇടിക്കാൻ ഓടിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.. അമ്മയെ കണ്ടപാടെ കരഞ്ഞുകൊണ്ട് അവൾ അമ്മയോട് അടുത്തേക്ക് ഓടി..
എന്നിട്ടു പറഞ്ഞു… ഈ കൊരങ്ങൻ എന്നെ പറ്റിച്ചു എന്ന്.. എന്താ കാര്യമെന്ന് അമ്മ തിരക്കിയപ്പോ അമ്മയോട് പറയുന്നുണ്ടായിരുന്നു..
ഇന്നലെ സെമിനാറാണെന്നും പറഞ്ഞ് അവനെനിക്ക് എഴുതിതന്നത് ടീച്ചർക്കുള്ള ലവ് ലെറ്റർ ആയിരുന്നു.. എന്ന്…
അതുകണ്ട് ടീച്ചറെന്നെ നല്ലോണം ചീത്തപറഞ്ഞു ന്റെ മാർക്കുംപോയി.. അതുകേട്ടപ്പോ ഞാൻകുറച്ച് സേഫ് ആയി മാറിനിന്നിട്ടു അവളോട് ചോദിച്ചു..
ആ സെമിനാർ നീ ഗീതു ടീച്ചർക്കല്ലേ കൊടുത്തത് എന്ന്… ഞാനിത് ചോദിച്ചതും അവളുടെ തലയിൽ മിന്നിയെന്നു തോന്നുന്നു..
എടാ മരപട്ടി നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് അവളെന്നെ തല്ലാൻ ഓടിപ്പിക്കുന്നതിനിടയിൽ… കിതച്ചുകൊണ്ടു പറയുന്നുണ്ടായിരുന്നു…
എന്റെ നോട്ടിന്റെ കനം കുറഞ്ഞുവന്നതിന്റെ കാരണം ഇതായിരുന്നല്ലേ..
കൊരങ്ങാ നിനക്ക് പ്രേമിക്കാൻ എന്റെ നോട്ടെ കിട്ടിയുള്ളോ… നിന്റെ മുപ്പത്തിരണ്ട് ഉമ്മയുടെ കാര്യം ഞാനെല്ലാവരോടും പറയും.. ഇതുംപറഞ്ഞ് അവളെന്നെ തല്ലാൻ ഓടിപ്പിക്കുന്നതിനിടയിൽ ഞാനവളോട് പറഞ്ഞു…
ഞാൻ അയച്ച ആ മുപ്പത്തിരണ്ട് ഉമ്മയും നിന്റെ ഗീതു ടീച്ചർക്കായിരുന്നെന്ന്.. ഇതുകേട്ട് ഒരുനിമിഷം അവളാവിടെ സ്തംഭിച്ചു നിന്നുപോയി..
അപ്പോഴാണ് അവൾക്ക് മനസ്സിലായത് അമ്മുവും ഗീതു ടീച്ചറും ഒന്നാണെന്ന്.. അങ്ങനെ അടിയും ഇടിയുമൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടയിൽ…
ഞാനെന്റെ പുന്നാരപെങ്ങളോട് ചിരിച്ചുകൊണ്ട് ചോദിച്ചു..ഇനി വല്ല നോട്ടോ സെമിനാറോ എഴുതാനുണ്ടോ എന്ന്.. അതുകേട്ട് കട്ടകലിപ്പിൽ അവളെന്നോട് പറഞ്ഞു…
ഇനിയെങ്ങാനും ന്റെ നോട്ടിൽ കൈവെച്ചാൽ ആ കൈ ഞാൻ വെട്ടും.. അവളത് പറയുമ്പോൾ അവളുടെ മുഖം കാണാൻ നല്ല രസമായിരുന്നു..
അന്നതോടെ ഞാൻ രക്ഷപ്പെടുകയും ചെയ്തു… പിന്നെ സെമിനാർ മാറിപോയത് ന്റെ പെങ്ങളുടെ കഷ്ടകാലം അല്ലാതെന്തു പറയാൻ…