ഇതെന്റെ മോന്റെ വീടും അതെന്റെ മോന്റെ കുഞ്ഞും അല്ലേ മോളേ ഗായത്രി, അമ്മ ശബ്ദം..

(രചന: Kannan Saju)

ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതാണ്… ഇന്ന് ഉച്ചവരെ പൈപ്പിലേ വെള്ളം കുടിച്ചു വയറു നിറച്ചു…

ഇപ്പൊ ടാങ്കിലെ വെള്ളവും തീർന്നിരിക്കുന്നു.. കാലിയായ പൈപ്പിലൂടെ രാധാമണിയമ്മ മുകളിലേക്ക് നോക്കി നാവു നീട്ടി നിന്നു..

ആ അവസാന ഒരു തുള്ളിയും അവരുടെ നാവിൽ വീണു… അമ്മ അടുക്കള വാതിലിലേക്ക് നോക്കി… പൂട്ടി കിടക്കുന്ന ആ വാതിൽ അപ്പോഴും മൗനം പാലിച്ചു…

രാധാമണി അമ്മയുടെ മകൻ കണ്ണൻ വിദേശത്താണ്.. ഭാര്യ ഗായത്രിയും മകൾ നയനയും അമ്മിണി അമ്മയും മാത്രമാണ് നാട്ടിൽ ഉള്ളത്…

ഗായത്രിക്കു ഓരോ സമയങ്ങളിലും ഓരോ സ്വഭാവം ആണ്… എല്ലാ വാശിയും ദേഷ്യവും തീർക്കുന്നത് നയനയോടും..

ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മോളേ ഗായത്രി പൊതിരെ തല്ലുന്നതും അവൾ ഉച്ചത്തിൽ നിലവിളിക്കുന്നതും. അമ്മക്കതു സഹിച്ചില്ല.. അകത്തേക്ക് ചെന്നു അവളോട് പറഞ്ഞു

” നിനക്ക് ആരോടേലും ദേഷ്യം ഉണ്ടേൽ എന്തിനാ കുട്ട്യേ മോളേ ഇങ്ങനെ തല്ലുന്നത്.. കണ്ണൻ അറിഞ്ഞാൽ വെച്ചേക്കില്ല നിന്നെ “

ഗായത്രിക്ക് അത് പിടിച്ചില്ല…. അല്ലെങ്കിലേ അമ്മയെ ഗായത്രിക്കു ഇഷ്ടമല്ല…

പുറത്തെല്ലാം നടന്നു ചെളി ചവിട്ടി കയറ്റുമെന്നും ബാത്‌റൂം വൃത്തിയായി സൂക്ഷിക്കാൻ അറിയില്ലെന്നും ഒക്കെ പറഞ്ഞു വീടിനു പുറത്തെ പശു തൊഴുത്തു കാലിയാക്കിച്ചു അതിൽ കട്ടിലിട്ടു കൊടുത്തിരിക്കുകയായിരുന്നു….

ഭക്ഷണം ഉണ്ടാക്കുമ്പോൾ അങ്ങോടു കൊടുത്തോളാൻ ആണ് വേലക്കാരിക്ക് കല്പന…

കണ്ണൻ പോവുന്നതിനു മുന്നേ അത് ചെയ്തിരുന്നു….  അതിനു സമ്മതിച്ചില്ലെങ്കിൽ രാത്രി കിടക്കയിലും സമ്മതം മൂളില്ലെന്ന വ്യവസ്ഥ വെച്ചപ്പോൾ കണ്ണനും സമ്മതിച്ചു.

ഒന്നും പുറത്തറിയാതിരിക്കാൻ വലിയൊരു ചുറ്റു മതിലും കെട്ടിച്ചു പുറത്തു നിന്നും ഒരു വേലക്കാരിയെയും വെപ്പിച്ചു…

” നിങ്ങളോടു ഞാൻ പറഞ്ഞിട്ടില്ലേ തള്ളേ പിരക്കകത്തു കയറരുതെന്നു… പിന്നെ ആരുടേ എന്നാ ഒണ്ടാക്കാനാ ഇപ്പൊ ഇങ്ങോട് കെട്ടി എടുത്തത് ???  “

” ഇതെന്റെ മോന്റെ വീടും അതെന്റെ മോന്റെ കുഞ്ഞും അല്ലേ മോളേ ഗായത്രി ” അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു…

” ഓഹോ… തള്ള കണക്കും പറഞ്ഞു തുടങ്ങിയല്ലേ… അത്രക്കും മല്ലു മൂത്തോ.. കാണിച്ചു തരാം ഞാൻ “

ഗായത്രി രണ്ട് ദിവസത്തേക്ക് വേലക്കാരിയെയും വീട്ടിൽ പറഞ്ഞു വിട്ടു കുഞ്ഞിനേം കൊണ്ടു വീടും പൂട്ടി അവളുടെ വീട്ടിലേക്കു പോയി….

ഇനി എന്ത് ചെയ്യും എന്നറിയാതെ വെള്ളമില്ലാത്ത പൈപ്പിന് ചുവട്ടിൽ അമ്മ ഇരുന്നു….

ആമിനയോടു ഇച്ചിരി കഞ്ഞി ചോദിക്കാം… ഇല്ലേൽ പട്ടിണി കിടന്നു ചാവും…

ഗേറ്റു തുറന്നു പുറത്തേക്കിറങ്ങി… പതിയെ നടന്നു ആമിനയുടെ വീടിനു മുന്നിൽ എത്തി… അത് പൂട്ടി ഇട്ടിരിക്കുന്നു…

അമ്മയുടെ മുഖം നിരാശയിൽ നിറഞ്ഞു..
കുറച്ചു കൂടി നടന്നാൽ ആശയുടെ വീടുണ്ട്… അതിനപ്പുറം മൂന്ന് കിലോമീറ്റർ കഴിയണം അടുത്ത വീട്…

അമ്മ ആശയുടെ വീട്ടിൽ എത്തി… അവിടെ വിരുന്നുകാരുണ്ടായിരുന്നു…

അല്ലിതാര്…. രാധാമണി അമ്മ ഈ വഴിയൊന്നും മറന്നിട്ടില്ലല്ലേ…

ഇല്ല മോളേ….

എന്തെ വയ്യേ….

ഏയ്‌… വെയില് കൊണ്ടന്റയ…

ഗായത്രിയും മോളും ഒക്കെ ???

അവര് വീട്ടിൽ പോയേക്കുവാ…

ആഹാ.. അപ്പൊ ബോറടിച്ചിരുന്നപ്പോ ഇറങ്ങിയതാവും അല്ലേ… ഞങ്ങള് ചേട്ടന്റെ വീട്ടിലേക്കു പോവായിരുന്നു… മോൾടെ പിറന്നാളാ.. ഇന്നെല്ലാർക്കും ഭക്ഷണം അവിടാ..

നാളിതുവരെ ആർക്കു മുന്നിലും കൈ നീട്ടിയിട്ടില്ലാത്ത താൻ തെണ്ടി തിന്നാം എന്ന് വെച്ചാൽ അതിനും വിധിയില്ലെന്നു അമ്മ ചിന്തിച്ചു… അമ്മ നോക്കി നിക്കവേ അവർ രണ്ട് വണ്ടികളിലായി അമ്മയോട് യാത്ര പറഞ്ഞു മടങ്ങി…

അമ്മ തപ്പി തടഞ്ഞു തൊഴുത്തിൽ കട്ടിലിൽ വന്നു കിടന്നു… നേരം സന്ധ്യ മയങ്ങി… അമ്മക്ക് മനംപുരട്ടാൻ തുടങ്ങി.. ഓക്കാനിച്ചു… രാവിലെയും രാത്രിയും കുടിച്ച വെള്ളം മുഴുവൻ ഛർദ്ധിച്ചു പോയി.. മരുന്ന് ഇന്നലെ മുതൽ മുടങ്ങിയതാണ്…

ഭക്ഷണം കഴിക്കാതെ മരുന്ന് കഴിക്കാൻ വയ്യ… അടിവയറിൽ നിന്നും ആന്തൽ തുടങ്ങി…. നിലവിളിക്കാൻ പോലും കഴിയാതെ അമ്മ ഞെളിപിരി കൊണ്ടു… വിശപ്പ് സഹിക്കാൻ വയ്യാതായി…

തപ്പി തടഞ്ഞും വീണും ഗേറ്റിനും മുന്നിൽ പോയിരുന്നു… ഏതെങ്കിലും വണ്ടികൾ അതുവഴി പോയാൽ കൈ കാണിക്കാം… ഇന്ന് ഗായത്രി മോൾ വരുന്ന ലക്ഷണം ഇല്ലന്ന് മനസ്സിലായതോടെ അമ്മ മാനസികമായും തളർന്നു…

ഒരു വണ്ടിയും വന്നില്ല…  ഇന്ന് അന്നം കിട്ടാൻ തനിക്കു വിധിയില്ലെന്നു അമ്മക്ക് തോന്നി… അവർ ഇഴഞ്ഞും തുഴഞ്ഞും തൊഴുത്തിൽ വന്നു കിടന്നു….

പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കയോ നൊമ്പരങ്ങൾ അവരെ വേട്ടയാടി…. പിന്നാമ്പുറത്തു നിന്നിരുന്ന ചെടിയുടെ ഇലകൾ പറിച്ചു പച്ചക്ക് കടിച്ചു ചവച്ചു ഇറക്കും മുന്നേ അത് ഛർദ്ധിച്ചു കളഞ്ഞു…

മുൻപും താൻ പട്ടിണി കിടന്നിട്ടുണ്ട്… പക്ഷെ അന്ന് ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു.. കണ്ണനെ വിശപ്പറിയാതെ വളർത്തണം… ഇപ്പൊ അതുപോലെ പറ്റുന്നില്ല..

കാലം കടന്നു പോയി.. ആരോഗ്യവും….  പോയതിൽ പിന്നെ ഒരിക്കലും കണ്ണൻ മിണ്ടിയിട്ടില്ല.. അന്വേഷിക്കാത്തതാണോ അതോ അന്വേഷിച്ചിട്ടും മോൾ പറയാത്തതാണോ.. അറിയില്ല…

തന്റെ മോനേ ഒരു നോക്ക് കാണാതെ മരിക്കേണ്ടി വരുമോ.. അമ്മയുടെ കണ്ണുകൾ നിറഞ്ഞു…. നേരം വീണ്ടും കടന്നു.. അമ്മയുടെ ശരീരം തളർന്നു…. സ്വബോധം നഷ്ട്ടപെട്ടു.. പിച്ചും പേയും പറയാൻ തുടങ്ങി…

ഈ സമയം രണ്ട് ദിവസം ആയി വീട്ടിൽ ആളില്ലെന്നു മനസ്സിലാക്കി കാക്കാൻ പൂട്ട് പൊളിച്ച് അകത്തു കയറിയ ജാഫർ അമ്മയുടെ ഞെരുക്കം കേട്ടു…

പതിയെ പിന്നാലെ വന്നു തൊഴുത്തിൽ നോക്കിയ ജാഫര് മരണ വെപ്രാളത്തിൽ പിടയുന്ന അമ്മയെ കണ്ടു…. എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നെങ്കിലും അയ്യാൾ ഓടി അമ്മയുടെ അരികിലെക്ക് ചെന്നു…

എന്താ . എന്താ പട്ടിയെ അമ്മേ…

കാക്കാൻ കയറിയ വീടാണെന്ന് പോലും ഓർക്കാതെ ജാഫർ അറിയാതെ ചോദിച്ചു പോയി….

എന്നാൽ സ്ഥലകാല ബോധം നഷ്ട്ടപ്പെട്ട രാധാമമക്ക് അത് കണ്ണനായി തോന്നി…

കണ്ണാ…  വെള്ളം വെള്ളം…

അവർ പറഞ്ഞു കൊണ്ടിരുന്നു… ജാഫർ അടുക്കളയിലേക്കു ഓടി.. അവിടെ പാത്രത്തിൽ നിന്നും ഒരു കപ്പ് വെള്ളവുമായി ഓടി വന്നു.. അമ്മയുടെ തല എടുത്തു മടിയിലേക്കു വെച്ചു അയ്യാൾ വെള്ളം ഒഴിച്ച് കൊടുത്തു….

ഒരു കവിൾ വെള്ളം കുടിച്ചു ഒരു ചിരിയോടെ അവനെ നോക്കി അവന്റെ തലയിൽ അമ്മ കൈകൊണ്ടു തൊട്ടു

മോനേ കണ്ണാ…. അല്ലെന്നു പറയാൻ ജാഫറിന് തോന്നിയില്ല.. അയ്യാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

എന്തോ….

ജാഫർ വിളി കേട്ടു….

അതോടെ ആ ചിരി നിലച്ചു…

എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ജാഫർ ഇരുന്നു…  അവരുടെ കണ്ണുകൾ അടച്ചു ചുറ്റും മുളക് പൊടി വിതറി, അത് തൂത്തു കളഞ്ഞു അവരുടെ മുഖത്ത് വെള്ളവും ഒഴിച്ച് വീട്ടിൽ നിന്നും ഒന്നും എടുക്കാതെ അയ്യാൾ തിരിച്ചു പോയി…

സംശയത്താൽ പോലീസ് തന്നെ തേടി വരരുത്.. വന്നാൽ ഒരുപക്ഷെ അത് കൊലപാതകം ആവും…

ഒരു വര്ഷം കടന്നു പോയി…തന്റെ അമ്മയുടെ ഓർമ ദിവസം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക്‌ ഭാര്യയും മകളും ഒത്തു ഭക്ഷണം വിളമ്പുന്ന കണ്ണനെ ജാഫർ കാണാൻ ഇടയായി..

അയ്യാളുടെ പുണ്ണ്യ പ്രവർത്തി പ്രകീർത്തിച്ചും പൊക്കി പറഞ്ഞും ഗായത്രി ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. അന്ന് വീടിനുള്ളിലെ ഫോട്ടോയിൽ കണ്ട അതെ രൂപം തിരിച്ചറിയാൻ ജാഫറിന് അധികം പ്രയാസം വേണ്ടി വന്നില്ല…

ജാഫർ അയ്യാളുടെ അരികിലേക്ക് ചെന്നു…

സാറിന്റെ വലിയ മനസ്സാണ്…. ഇല്ലെങ്കിൽ ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ.. അത് കേട്ടു കണ്ണനും ഗായത്രിയും നയനയും ചിരിച്ചു… അഭിമാനം കൊണ്ടു

പക്ഷെ പെറ്റമ്മയെ പട്ടിണിക്കിട്ടു കൊന്നിട്ട് അവരുടെ പേരിൽ ആയിരം പേരെ ഊട്ടിയാലും ചെയ്ത പാപം ഇല്ലാതാവില്ല സർ…

കണ്ണനും ഗായത്രിയും ഞെട്ടി… ജീവിച്ചിരിക്കുമ്പോൾ സ്വന്തം അമ്മക്ക് ഒരുപിടി ഉരുള കൊടുക്കാത്തവൻ നാട്ടുകാരെ ഊട്ടാൻ ഇറങ്ങിയേക്കുന്നു….

കണ്ണൻ ഗായത്രിയെ നോക്കി നിശ്ശബ്ദനായി നിന്നു….

ഒരാത്മാവിനു മോചനം നല്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ജാഫർ തന്റെ ജോലി ചെയ്യുവാനായി വൃദ്ധസദനത്തിന്റെ അടുക്കളയിലേക്കു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *