(രചന: Dhanu Dhanu)
ഒരു ഞായറാഴ്ച്ച ദിവസം വീടിനടുത്തുള്ളൊരു അമ്പലത്തിലേക്ക് പോയപ്പോഴാണ് ഞാനവളെ ആദ്യമായി കാണുന്നത്…
ദാവണിയും നെറ്റിയിൽ ചന്ദനവും തുളസി കാതിരും അങ്ങനെ പറയാൻ മാത്രം ഒന്നും തന്നെയില്ല… ചുമ്മാ ഒരു സാധാരണ വേഷം സുന്ദരി ആണോ എന്നുചോദിച്ചാൽ അത്ര സുന്ദരി ഒന്നുമല്ല…
എന്നാലും കാണാൻ കൊള്ളാം… എനിക്ക് ഇഷ്ടമായി ..അതുകൊണ്ടാണ് ഞാനെന്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് അവളെ നോക്കിചിരിച്ചത്…
അതുകണ്ടപ്പോ അവളെന്നെനോക്കി കലിപ്പിൽ മുഖം തിരിച്ചു നടന്നു.. ആ കണ്ടു മുട്ടലിൽ തന്നെ അവളെന്റെ ആരൊക്കെയോ ആണെന്ന് തോന്നി തുടങ്ങി…
പിന്നീടുള്ള ദിവസങ്ങളൊക്കെ എങ്ങനെ കടന്നുപോയെന്നു എനിക്ക് തന്നെ അറിയില്ല.. ഞായറാഴ്ച്ച ആവാൻ ഞാൻ കാത്തിരുന്നു …
അങ്ങനെയാ ഞായാറാഴ്ച വന്നെത്തി ഞാനവളെ വീണ്ടും കണ്ടു… എന്നെ കണ്ടിട്ടാണെന്നറിയില്ല അവൾ പതിയെ കൂട്ടുകാരിടെ പിന്നിൽ നടന്നു…
ഇടയ്ക്ക് എന്നെ നോക്കി കലിപ്പിൽ ഒരു നോട്ടം എറിയുന്നുണ്ടായിരുന്നു… അതുകാണുമ്പോഴ്ഴൊക്കെ ഞാനവളെ നോക്കി ചിരിക്കും….
ആ ചിരി കാണുമ്പോൾ മുഖം വെട്ടിച്ചു അവൾ പോകുന്നത് കാണാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു…
അല്ലെങ്കിലും ചിലർക്ക് നമ്മുടെ ഹൃദയത്തിലേക്ക് കയറി പറ്റാൻ അധിക സമയമൊന്നും വേണ്ടിവരില്ലല്ലോ……..
അങ്ങനെ ദിവസങ്ങൾ കടന്നുപോയി ആ കണ്ടുമുട്ടലുകൾ അതുപോലെ തുടർന്നുകൊണ്ടിരുന്നു…
പലപ്പോഴും ഞാനറിയാതെ അവളുടെ കണ്ണുകൾ എന്നെ തിരയുന്നുണ്ടെന്ന് കൂട്ടുകാരൻ പറയുമ്പോൾ…
പറഞ്ഞറിയിക്കാൻ പറ്റത്തൊരു ഫീലിങ് ആയിരിക്കും…അവളെ നന്നായി മനസ്സിലാക്കണം അടുത്തറിയണം… അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയണം…
എന്നിട്ട് അവളുടെ കഴുത്തിൽ ഒരു താലി ചാർത്തണം എന്റേത് മാത്രമായി എന്റെ ജീവന്റെ പാതിയായി കൂടെകൂട്ടണം… അവളുടെ സ്വപ്നങ്ങളൊക്കെ സാധിച്ചു കൊടുക്കണം ….
എല്ലാം മനസ്സിലുറപ്പിച്ചാണ് ഞാനവളോട് സംസാരിക്കാൻ ആ ഞായറാഴ്ച്ച ദിവസം അമ്പലത്തേക്ക് ചെന്നത്…
ഒരുപാട് നേരം കാത്തു നിന്നിട്ടും അവൾ വന്നില്ല…വിഷമത്തോടെ ഞാനെന്റെ മനസ്സിനോട് പറഞ്ഞു…അവൾക്ക് എന്തെങ്കിലും തിരക്ക് കാണുമെന്ന്…
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി അവളെ കുറിച്ചു യാതൊരു വിവരവും ഉണ്ടായിരുന്നില്ല…
ഓരോ ഞായാറാഴ്ച്ചയും ഞാനവൾക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു… പക്ഷേ അവൾ വന്നില്ല…
എങ്കിലും എന്റെ മനസ്സ് അവളെ തിരഞ്ഞുകൊണ്ടിരുന്നു… ഓരോ നിമിഷവും ഞാനവൾക്കുവേണ്ടി കാത്തിരുന്നു….പ്രാർത്ഥിച്ചു….
ഒടുവിൽ എന്റെ പ്രാർത്ഥനയും കാത്തിരിപ്പും വെറുതെ ആയില്ല..
ആ അമ്പലനടയിൽ വെച്ചു ഞാനവളെ വീണ്ടും കണ്ടുമുട്ടി.. പക്ഷെ ആ കണ്ടുമുട്ടൽ എന്നെ സന്തോഷിപ്പിക്കുകയല്ല ചെയ്തത്… സങ്കടപ്പെടുത്തുകയാണ് ചെയ്തത്….
കാരണം ഇരു കാലുകളും നഷ്ടപ്പെട്ട് വീൽ ചെയറിൽ ഇരിക്കുന്ന അവളുടെ മുഖം കാണാൻ എനിക്ക് കഴിഞ്ഞില്ല…
ദൈവത്തെ ശപിച്ചുകൊണ്ടു ഞാനാ അമ്പലത്തിൽ നിന്നും പുറത്തേക്ക് നടന്നു…
എന്നും കാത്തുനിൽക്കാറുള്ള ആ ആൽത്തറയിൽ അവളുടെ വരവും കാത്ത് ഞാൻ നിന്നു… കുറച്ചുകഴിഞ്ഞു കൂട്ടുകാരിയുടെ സഹായത്തോടെ അവളാ വീൽചെയറിൽ പതിയെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു…
അതുകണ്ടപ്പോ ഞാനവളുടെ അടുത്തേക്ക് ഓടിചെന്നു.. അതുകണ്ടിട്ടാണ് അവളെന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞത്…തനിക്ക് ഇനി എന്റെ പുറകെ നടക്കേണ്ടി വരില്ലാട്ടോ…
ഇനി എന്നെ കാണാൻ അമ്പലത്തിലേക്കും വരേണ്ടി വരില്ല..എനിക്കുവേണ്ടി ആൽത്തറയിൽ കാത്തുനിൽക്കേണ്ടി വരില്ല… അതു പറയുമ്പോൾ അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു…
എല്ലാം കേട്ടുകൊണ്ട് ഞാനവളുടെ കൂട്ടുകാരിയുടെ മുഖത്തേക്ക് നോക്കി..
എല്ലാ ചോദ്യങ്ങളും ആ നോട്ടത്തിൽ ഉണ്ടെന്ന പോലെ ആ കൂട്ടുകാരി എന്നോട് പറഞ്ഞു.. ഒരു ആക്സിഡന്റിൽ .അതു..പറഞ്ഞു തുടങ്ങും മുമ്പേ ഞാനാ വാക്കുകൾ അവസാനിപ്പിക്കാൻ അവളോട് പറഞ്ഞു…
പതിയെ ഞാനാ വീൽചെയറിനരികിൽ ഇരുന്നുകൊണ്ട് ന്റെ ദേവുനോട് ചോദിച്ചു… നെഞ്ചോടു ചേർത്തുപിടിച്ചു നിന്നെ ഞാൻ സ്നേഹിച്ചോട്ടെ ജീവിതകാലം മുഴുവൻ…എന്റെ പെണ്ണായി…എന്റെ പ്രണനായി….
അതുകേട്ട് അവളുടെ ചുണ്ടുകൾ വിറച്ചു ഹൃദയമിടിപ്പിന്റെ വേഗത കൂടി…ആ കണ്ണുകൾ നിറഞ്ഞൊഴുകി…
ഒരു വിങ്ങലോടെ അവളെന്നോട് പറഞ്ഞു… സഹതാപം കൊണ്ടൊരു ജീവിതമെനിക്ക് വേണ്ടാ…
അതിനു മറുപടിയായി ഞാനൊന്നേ പറഞ്ഞുള്ളു… സഹതപമല്ല പെണ്ണേ സ്നേഹകൊണ്ടൊരു ജീവിതമാണ് ഞാൻ ചോദിച്ചത്…
അതിനുത്തരമായി അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നുകൊണ്ട്..പറഞ്ഞു.. കഴിഞ്ഞ പൂരത്തിന് ആരും കാണാതെ വാങ്ങിയ ആ കരിവളകൾ എനിക്ക് സ്വന്തമാണല്ലേ..എന്ന്…
അതുകേട്ട് ന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..നിന്റെ കരള് കട്ടെടുത്ത കാന്താരി ഇനി നിന്റെ ജീവിതവും കട്ടെടുക്കുമെന്നു….. അതുപിന്നെ അങ്ങനെയല്ലേ..
ഈ ആത്മാർത്ഥ സ്നേഹത്തിനുമുന്നിൽ കുറവുകൾക്കൊന്നും യാതൊരു സ്ഥാനവും ഇല്ലെന്നേ…..അല്ലപിന്നെ…