എനിക്ക് മൂത്ത ഒരാളുണ്ടായിരുന്നു, ഇപ്പൊ ഉണ്ടേൽ മോളുടെ പ്രായം കാണും എങ്ങോടോ..

(രചന: Kannan Saju)

അടിയേറ്റ പതിനാലു  വയസ്സുകാരൻ നിവിൻ അച്ഛന്റെ മുന്നിലേക്ക് വന്നു വീണു… ഗോവിന്ദ് വീണു കിടന്ന നിവിനെ വീണ്ടും എഴുന്നേൽപ്പിച്ചു കരണത്തടിച്ചു..

തന്നെ തല്ലുന്നത് കണ്ടിട്ടും ഒന്നും മിണ്ടാതെ നിക്കുന്ന അച്ഛനെയും അനിയനെയും അനിയത്തിയേയും കൂട്ടി വീട്ടിൽ കയറി വാതിലടക്കുന്ന അമ്മയെയും നിവിൻ മാറി മാറി നോക്കി…

ദേ ആണും പെണ്ണും കെട്ട ഇവനെ എന്റെ കൊച്ചിന്റെ അടുത്തെങ്ങാനും ഇനി കണ്ടാൽ താനായിരിക്കും തല്ല് വാങ്ങാൻ പോവുന്നത്…

ഗോവിന്ദ് നിവിന്റെ അച്ഛനെ നോക്കി ഭീഷണി മുഴക്കി…

എന്നതാ ഗോവിന്ദാ പ്രശ്നം ?

ബഹളം കണ്ടു കൂടിയ ആളുകളിൽ ഒരുത്തൻ ചോദിച്ചു…

എന്റെ പൊന്നു ചേട്ടാ ഒന്നെങ്കിൽ ആണുങ്ങളെ പോലെ നടക്കണം അല്ലെങ്കിൽ പെണ്ണായി നടക്കണം… ഇത് രണ്ടും അല്ലെന്നു വെച്ചാ…

ഹാ നീ ഇങ്ങനെ അവിടേം ഇവിടേം തൊടാതെ പറഞ്ഞാൽ എങ്ങനാ… ഒന്ന് തെളിച്ചു പറ ഗോവിന്ദാ

ചേട്ടാ ഇവൻ എന്റെ മോളുടെ മുറിയിൽ കയറി കണ്ണാടിയിൽ നോക്കി അവളുടെ പൊട്ട് കുത്തുന്നു കണ്ണെഴുതുന്നു.. എല്ലാം പോട്ടെ അവളുടെ വസ്ത്രങ്ങളും എടുത്തു ഇടുന്നു.. ഇത് മറ്റേതാന്നെ…

കൂടിയവർ അവനെ നോക്കി….. അതിൽ ബാബു അവനെ നോട്ടമിട്ടു….

ആളുകൾ ഒഴിഞ്ഞു…. അച്ഛൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു…

രാത്രി.

എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നു…. നിവിൻ അടുക്കളയിൽ എത്തി നോക്കി.. പാത്രങ്ങൾ എല്ലാം കഴുകി വെച്ചിരിക്കുന്നു.. തനിക്കൊന്നും ഇല്ലന്ന് മനസ്സിലാക്കിയ അവൻ മിണ്ടാതെ പുറത്തെ തിണ്ണയിൽ വന്നു വെറുതെ ഇരുന്നു…

അച്ഛന്റെയും അമ്മയുടേയും മുറിക്കു പുറമെ ഉള്ള ഭിത്തിയിൽ ആണ് നിവിൻ ചാരി ഇരിക്കുന്നത്… അകത്തു അവർ തമ്മിൽ സംസാരിക്കുന്നതു അവനു കേൾക്കാം…

” പുറത്തിറങ്ങി നടക്കാൻ പറ്റാതായി മനുഷ്യ… എന്തെങ്കിലും ഒന്ന് ചെയ്യ് ! “

” ഞാൻ എന്ത് ചെയ്യനാടി ?  “

” ഇപ്പൊ പതിനാലു വയസ്സായി…  അവന്റെ ശരീരത്തിലും മാറ്റങ്ങൾ ഉണ്ടാവുന്നത് നിങ്ങൾ കണ്ടില്ലേ? “

” ഞാൻ കണ്ടു “

” എന്ന പിന്നെ എന്തെ മിണ്ടാതിരുന്നേ?  ഒരു ബ്രെസർ അങ്ങ് വാങ്ങി കൊടുക്കായിരുന്നില്ലേ ?  “

” നീ എന്തൊക്കയാടി ഈ പറയുന്നേ?  “

” ഒന്നെങ്കിൽ വെല്ല ഹോസ്റ്റലിലും കൊണ്ടു ആക്ക്… അല്ലെങ്കിൽ “

” അല്ലെങ്കിൽ ?  “

” തീർത്തു കള മനുഷ്യാ “

” എടീ.. അത് നമുക്ക് ഉണ്ടായതല്ലേ ?  “

” ആർക്കുണ്ടായത് ആയാലും സമൂഹത്തിനു മുന്നിൽ നമുക്ക് നാണക്കേടാണെങ്കിൽ കൊന്നു കളയണം…. അത്രേ ഉളളൂ… “

നിവിന്റെ കണ്ണുകൾ നിറഞ്ഞു…..

അവൻ ഇറങ്ങി നടന്നു… ആ വീട്ടിൽ മാത്രമല്ല അച്ഛന്റേം അമ്മയുടേം മനസ്സിലും തനിക്ക് സ്ഥാനം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുവാണെന്നു അവനു മനസ്സിലായി…

എങ്ങോട് പോണമെന്നറിയാതെ അവൻ ബസ് സ്റ്റോപ്പിൽ ഇരുന്നു… കാറുമായി വന്ന ബാബു അവനെ കണ്ടു..

മോനെന്താ ഇവിടെ നിക്കുന്നെ?

അവനെ കാമ വെറിയോടെ അടിമുടി നോക്കി കൊണ്ടു ബാബു ചോദിച്ചു….

അവൻ ഒന്നും മിണ്ടിയില്ല…

അങ്കിളിന്റെ കൂടെ വരുന്നോ? വാ വണ്ടിയിൽ കയറ്…

സ്നേഹത്തോടെ ഉള്ള അവന്റെ സംസാരം കണ്ടു നിവിൻ വണ്ടിയിൽ കയറി….

ബാബു വണ്ടി ഒരു തോട്ടത്തിൽ നിർത്തി..

ഇവിടെ ആണോ അങ്കിളിന്റെ വീട്?

ഇവിടെ അല്ല.. നമുക്ക് ഇവിടെ കുറച്ചു നേരം ഇരുന്നിട്ട് പോവാം…

അവൻ നിവിന്റെ തുടയിലേക്കു നോക്കി…

എത്രെലാ മോൻ പഠിക്കുന്നെ?

അവൻ നിവിന്റെ തുടയിൽ തിരുമ്മിക്കൊണ്ട് ചോദിച്ചു…. അങ്കിൾ പ്ലീസ്…

പേടിയാവുന്നുണ്ടോ ?

അയ്യാൾ വേഗത്തിൽ ശ്വാസം എടുത്തു കൊണ്ടു ചോദിച്ചു…. അങ്കിൾ…. ഞാൻ പൊക്കോളാം… എനിക്കിതൊന്നും

ഇറങ്ങാൻ തുടങ്ങിയ അവന്റെ കൈകളിൽ അയ്യാൾ ബലമായി പിടിച്ചു… ആരോഗ്യത്തിൽ പിന്നിലായിരുന്നു അവൻ ഭയത്താൽ വിറച്ചു…

അവൻ പേടിക്കുന്നുണ്ടന്നു മനസ്സിലാക്കിയ അയ്യാൾ ഡാഷ് ബോർഡിൽ നിന്നും കത്തി എടുത്തു.. അതോടെ നിവിൻ പൂർണമായും പ്രതികരണം ഇല്ലാത്തവനായി…

അവനെ വലിച്ചിറക്കി പിൻ സീറ്റിലേക്ക് കയറ്റി ഇരുത്തിയ അയാളും അകത്തേക്ക് കയറി… നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ പോലീസുകാർ ഇരുവരെയും പിടികൂടി…

കസേരയിൽ കണ്ണുകൾ അടച്ചു ഭൂത കാലത്തെ കുറിച്ചുള്ള ആലോചനയിൽ ആയിരുന്ന നിവിതയുടെ അരികിലേക്ക് ജോലിക്കാരി വന്നു..

മാഡം… അച്ഛൻ കാണാൻ വന്നിട്ടുണ്ട്..

തന്റെ കണ്ണട നേരെ വെച്ചു സാരിയുടെ മടക്കു നിവർത്തി ഇട്ടു അവൾ വിസിറ്റിങ് റൂമിലേക്ക് ചെന്നു…

അവിടെ റിട്ടയേർഡ് പോലീസുകാരൻ ജോസഫ് അവളെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു…

അച്ഛൻ എന്താ പെട്ടന്ന്…

ഒന്നുല്ലടി മീനയ്ക്ക് ഒരു ആലോചന വന്നിട്ടുണ്ട്.. ചെക്കൻ ഷിപ്പിലാ… നല്ല കൂട്ടരാ… നമുക്കതങ് നടത്തിയാലൊന്നാ… എന്താ നിന്റെ അഭിപ്രായം ?

അന്നത്തെ രാത്രി തന്നെ കൂടെ കൂട്ടിയ പോലീസുകാരൻ ജോസഫ്… മൂത്ത മോളെപോലെ സ്വീകരിച്ചു നിനക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറഞ്ഞു, പഠിപ്പിച്ചു, സ്വന്തം കാലിൽ നിക്കാറാക്കി…

si യുടെ പിന്നിൽ ഇരുന്നു സ്കൂളിലും കോളേജിലും പോയിരുന്ന തനിക്കു ആരെയും പേടിക്കേണ്ടി വന്നിട്ടില്ല… ഇപ്പൊ സ്വന്തം മകളുടെ കല്യാണത്തിന് തന്നോട് അഭിപ്രായം ചോദിയ്ക്കാൻ വന്നിരിക്കുന്നു.. എത്ര സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…

നീ എന്താ മോളേ ഈ ആലോചിക്കുന്നേ?

ഏയ്‌.. ഒന്നുല്ലച്ഛാ…

കിഷോർ എന്ത്യേടി?

ഏട്ടൻ അമ്മമാർക്ക് മരുന്ന് കൊടുക്കാൻ പോയി….

ആ.. അവളേം കൂടി കെട്ടിച്ചു വിട്ടാൽ എനിക്കും ഇവിടെ നിന്റെ കൂടെ വന്നു നിക്കാലോ… ഇവിടവുമ്പോ എന്റെ പ്രായക്കാർ ഒരുപാട് പേരുണ്ടാവും…

അച്ഛന് എപ്പോ വേണേലും ഇങ്ങോട് വരാലോ..

ഉം.. ഇന്നാ.. ചെക്കന്റെ ഫോട്ടോയും ഡീറ്റൈൽസും ഒക്കെ ഇതിൽ ഉണ്ട്… ബ്രോക്കർ തന്നതാ..

അവൾ വാങ്ങി…

എന്നാ ഞാൻ ഇറങ്ങട്ടെ….

അവൾ തലയാട്ടി… അയ്യാൾ ഇറങ്ങിയതും മറ്റൊരു വണ്ടി വന്നു നിന്നു..

വണ്ടിയിൽ നിന്നും ഇറങ്ങിയ തന്റെ അമ്മയെ കണ്ടു അവൾ ഞെട്ടി.. പിന്നാലെ ഒരാണും രണ്ട് പെണ്ണുങ്ങളും ഉണ്ടായിരുന്നു…

ഒന്ന് അനിയന്റെ ഭാര്യ ആയിരിക്കണം… മറ്റൊന്ന് അനിയത്തിയും.. ആരായിരിക്കും അനിയത്തി… അവൾ ഇരുവരെയും മാറി മാറി നോക്കി… ഒരാൾ സിന്ദൂരം തൊട്ടിരുന്നു…. അത് ഭാര്യ ആവണം….

എക്സ്ക്യൂസ്‌മി മാഡം…. ഇവിടുത്തെ…?

അനിയൻ ഭവ്യതയോടെ ചോദിച്ചു…

അതെ ഞാനാണ്.. നിവിത… ഞാൻ നവീൻ, ഇത് ഭാര്യ സ്മിത, അത് പെങ്ങൾ വിനീത

ഉം..

ഞങ്ങൾ അമ്മയെ ഇവിടെ ആക്കാൻ… ഒന്നും മിണ്ടാത്തെ പുറത്തേക്കും നോക്കി നിക്കുന്ന അമ്മയെ നിവിത നോക്കി…

വരൂ… നിവിത പറഞ്ഞു…

അവർ അകത്തേക്കിരുന്നു… നിവിത അമ്മയെ സൂക്ഷിച്ചു നോക്കി… കഴുത്തിലും മുഖത്തും ഒക്കെ ചുവന്ന പാടുകൾ…

ഇതെന്താ ഈ പാടുകൾ ഇവരുടെ ദേഹത്ത്?

മൂവരും ഒന്ന് പരുങ്ങി…

അത്.. അത് പിന്നെ ചെറിയ വഴക്കിനിടക്ക് ഞാൻ.. അമ്മയും ഞങ്ങളും ഒത്തു പോവില്ല അതാ.. ഒരു പ്രശ്നാക്കരുത്… എന്നാന്നു വെച്ചാ ചെയ്യാം…

താനൊന്നു എന്റെ കൂടെ വന്നേ…

നിവിത അവനെ വിളിച്ചു അകത്തേക്കു കൊണ്ടു പോയി

എന്താ മാഡം…

ഒറ്റ അടി അവന്റെ മോന്തക്ക് കൊടുത്തു…

ഒന്നുല്ല… അവരുടെ മുന്നിൽ ഇട്ടു തരണ്ടല്ലോ എന്ന് കരുതി.. എല്ലാ പേപ്പറുകളും സൈൻ ചെയ്തു പൈസേം അടച്ചിട്ടു വിട്ടോളണം.. എന്റെ കണ്മുന്നിൽ കണ്ടേക്കരുത് നിന്നെ..

അവൾ പുറത്തേക്കിറങ്ങി… നവീൻ വാ പൊളിച്ച് കാരണം പൊത്തി നിന്നു…. അവർ യാത്രയായി…

വണ്ടി ദൂരെ മറയുന്നതും നോക്കി അമ്മ നിന്നു… നിവിത അരികിൽ എത്തി…

അമ്മയുടെ കൈകളിൽ പിടിച്ചു… നിവിതയുടെ ഉള്ളിൽ ആനന്ദ കണ്ണുനീർ ആയിരുന്നു….

അമ്മ അവളെ നോക്കി….

അമ്മ വിഷമിക്കണ്ട.. അമ്മക്ക് ഞാനില്ലേ ?

അമ്മ അവളെ അടിമുടി നോക്കി…

അമ്മ എന്താ നോക്കുന്നെ…

ഒന്നുല്ല മോളേ….

അമ്മ വല്ലതും കഴിച്ചായിരുന്നോ ?

വിശപ്പില്ല….

എന്തെ?

അറിയില്ല….

അതൊന്നും പറഞ്ഞ ഇവിടെ നടക്കത്തില്ല… വന്നേ…. അവൾ അമ്മയെ പിടിച്ചു വലിച്ചു കൊണ്ടു പോയി..

അടുക്കളയിൽ നിന്നും ഉപ്പുമാവ് എടുത്തു അമ്മയുടെ മുന്നിൽ വെച്ചു…. അമ്മ മിണ്ടാതെ അതും നോക്കി ഇരിക്കുന്നത് കണ്ടു അവൾ അടുത്തിരുന്നു…

പാത്രം എടുത്തു കയ്യിൽ വെച്ചു ഒരുപിടി എടുത്തു അമ്മക്ക് നേരെ നീട്ടി… അറിയാതെ കരഞ്ഞു പോകാതിരിക്കാൻ നിവിത മുൻകൂട്ടി മനസിനെ പാകപ്പെടുത്തി…

വാ തുറക്കമേ….. എനിക്ക് കഴിക്കാൻ തോന്നണില്ല…

എന്തെ??? അമ്മ അവളെ നോക്കി…

എനിക്ക് മൂത്ത ഒരാളുണ്ടായിരുന്നു… ഇപ്പൊ ഉണ്ടേൽ മോളുടെ പ്രായം കാണും… എങ്ങോടോ പോയി… പിന്നെ വന്നിട്ടില്ല… ഒന്നും കഴിക്കാതെ ആ പോയത്.. കഴിക്കാത്ത അല്ല.. ഒന്നും കൊടുത്തില്ല… കൊല്ലണം എന്ന് വരെ ചിന്തിച്ചു

അപ്പോഴേക്കും അമ്മ വിതുമ്പി കരയാൻ തുടങ്ങിയിരുന്നു… അതിന്റെ ശാപമാണ് ബാക്കി രണ്ടും എന്നെ തല്ലി കൊല്ലാറാക്കിയത്…. ജീവനോടെ ഉണ്ടോ.. ഇല്ലയോ.. എന്തെങ്കിലും കഴിച്ചു കാണുവോ.. അറിയില്ല…

തല്ക്കാലം ആ കുട്ടി ഞാനാണെന്ന് അമ്മ അങ്ങ് കരുതിയാ മതി… ഇതങ്ങു കഴിച്ചേ… ആ.. വാ തുറക്ക്..

അമ്മ വാ തുറന്നു… അവൾ ഉപ്പുമാവ് വായിലേക്ക് വെച്ചു കൊടുത്തു… അപ്പോഴും തൊട്ടടുത്തിരിക്കുമ്പോഴും സ്വന്തം ചോരയെ അറിയാൻ മാത്രം ആ അമ്മക്ക് കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *