മരണമില്ലാത്ത പ്രണയം
(രചന: രഞ്ജിത ലിജു)
“ഞാൻ മരിച്ചാൽ ശ്രീയേട്ടൻ വേറെ കല്യാണം കഴിക്കോ?” മടിയിൽ കിടക്കുന്ന ശ്രീയുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടു നന്ദ ചോദിച്ചു.
തെല്ലും ആലോചിക്കാതെ ശ്രീയുടെ മറുപടിയും വന്നു “പിന്നില്ലാതെ നീ പോയിട്ടു വേണം എനിക്കൊരു സുന്ദരിപ്പെണ്ണിനെ കല്യാണം കഴിച്ചു അടിച്ചു പൊളിച്ചു ജീവിക്കാൻ”.
“അയ്യടാ കൊല്ലും ഞാൻ രണ്ടിനെയും .. കല്യാണം കഴിക്കും പോലും”.
ഇതിവർക്കിടയിലെ സ്ഥിരം കലാപരിപാടിയാണ്. കല്യാണം കഴിഞ്ഞ ശേഷം ഒരു നൂറു തവണയെങ്കിലും നന്ദ ഈ ചോദ്യം അവനോടു ചോദിച്ചിട്ടുണ്ടാകും.
ശ്രീ സ്വിച്ചിട്ട പോലെ ഇതേ ഉത്തരം തന്നെ പറയുകയും ചെയ്യും. പക്ഷേ ശ്രീയുടെ ഉള്ളെന്താണെന്നു അവൾക്കു നന്നായി അറിയാം.
അവളെ ചൊടിപ്പിക്കാനാണ് അയാളിതൊക്കെ പറയുന്നതെന്നും നന്ദക്കു മനസിലാവാഞ്ഞിട്ടല്ല. എന്നാലും അവൾ ചോദിച്ചുകൊണ്ടേയിരിക്കും.
പക്ഷേ ഒരിക്കൽ പോലും ശ്രീ നന്ദയോടെ ഈ ചോദ്യം തിരിച്ചു ചോദിച്ചിട്ടില്ല.അതവൾ ഇടക്കിടക്ക് പറയാറുമുണ്ട് “അല്ലെങ്കിലും ഈ പുരുഷന്മാരൊക്കെ ഇങ്ങനെയാ.
സ്നേഹം പ്രകടിപ്പിക്കാൻ ഒട്ടും അറിയില്ല.
ഭാര്യമാരോട് ഇത്തിരിയൊക്കെ പൈങ്കിളിയാവാം”.
ഇതാണ് നന്ദയുടെ പക്ഷം. പക്ഷെ ശ്രീയുടെ ഉള്ളിൽ അവളോടുള്ള സ്നേഹമെത്രത്തോളമാണെന്നു നന്ദക്കു അറിയാം.തിരിച്ചും അങ്ങനെ തന്നെയാ.
കല്യാണം കഴിഞ്ഞിട്ടു കുറച്ചേ ആയിട്ടുള്ളുവെങ്കിലും ഇത്രത്തോളം മനസിലാക്കി ,പരസ്പര ബഹുമാനം കൊടുത്തു ജീവിക്കുന്ന ദമ്പതികൾ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയം തോന്നി പോകും അവരുടെ ജീവിതം കണ്ടാൽ.
‘Made for each other’ എന്നു പറയുന്നതു ഇവരെ കുറിച്ചാണോ എന്നു പലപ്പോഴും കളിയാക്കിയും തെല്ലസൂയയോടും സുഹൃത്തുക്കൾ പറയാറുണ്ട്.
ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും വഴക്കടിച്ചു ഡിവോഴ്സ് വാങ്ങി പോകുന്ന പുതു തലമുറ കണ്ടു പഠിക്കേണ്ട ദൃഢമായ ബന്ധമായിരുന്നു
അവർക്കിടയിൽ.
ശ്രീകുമാർ ഒരു സ്വകാര്യ ബാങ്കിലെ മാനേജർ ആണ്.നന്ദിത ഒരു സർക്കാർ ഉദ്യോഗസ്ഥയും. നന്ദക്കു ജോലി കിട്ടിയിട്ട് അധികമായില്ല.ഒരു സർക്കാർ ജോലി എന്നത് നന്ദയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
അതിനു വേണ്ടി കുട്ടികൾ എന്ന സ്വപ്നം പോലും അവർ മാറ്റിവച്ചിരുന്നു.ജോലിയുടെ ഭാഗമായി അവർ കുടുംബ വീട്ടിൽ നിന്ന് മാറി താമസിച്ചിട്ടു അധികമായില്ല.
നാട്ടുകാരോട് അവർ അങ്ങിനെയാണ് പറഞ്ഞിരിക്കുന്നതെങ്കിലും മറ്റൊരു കാരണം കൂടിയുണ്ട് ഈ മാറ്റത്തിന് പിന്നിൽ ‘ശ്രീയുടെ അമ്മ’.
തന്റെ ആഗ്രഹത്തിനൊത്ത ഒരു മരുമകളല്ല നന്ദ എന്ന ഒറ്റ കാരണം കൊണ്ട് എന്തു ചെയ്താലും കുറ്റം കണ്ടുപിടിക്കുകയും പോരെടുക്കുകയും ചെയ്യുമായിരുന്നു അവർ.
പക്ഷേ നന്ദ ആ വിഷമങ്ങളൊന്നും ഒരിക്കൽ പോലും പരാതിയായി ശ്രീയോട് പറഞ്ഞിരുന്നില്ല.
ഒടുവിൽ നന്ദക്കു ഇഷ്ടമല്ലാഞ്ഞിട്ടു കൂടിയും അവളുടെ സമാധാനപരമായ ജീവിതത്തിനു വേണ്ടി ശ്രീ മാറിതാമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമൊക്കെ വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് അവന്റെ ഉറച്ച തീരുമാനത്തിൽ അവർക്കും സമ്മതിക്കേണ്ടി വന്നു.
ആ തീരുമാനം വളരെ ശരിയായിരുന്നു എന്നു പിന്നീട് എല്ലാവർക്കും ബോധ്യമായി. കൂടെ നിൽക്കുമ്പോഴുള്ള പ്രശ്നങ്ങളൊന്നും വല്ലപ്പോഴും കാണുമ്പോൾ ഇല്ലാതെയായി.
എല്ലാ മാസവും ശ്രീയും നന്ദയും ഇരു വീടുകളിലും പോയി അവരോടൊപ്പം സമയം ചിലവിടുമായിരുന്നു.ഇടക്കൊക്കെ അവരും തങ്ങളുടെ മക്കളെ കാണാൻ ഇങ്ങോട്ടും വരാറുണ്ട്.
അങ്ങനെ വളരെ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു ശ്രീയും നന്ദയും.
പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല.
അല്ലെങ്കിലും ജീവിതം അങ്ങനെയാണ് എല്ലാം കൈപ്പിടിയിലായി എന്നു തോന്നുമ്പോ നിമിഷ നേരം കൊണ്ട് അതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നു കളയും.
കൈവിട്ടു പോയ പലതും പ്രതീക്ഷിക്കാതെ വന്നു ചേരുകയും ചെയ്യും.ഒരു തരം പൊട്ടൻ കളിപ്പിക്കൽ. അതു തന്നെയാണ് അവരുടെ ജീവിതത്തിലും സംഭവിച്ചത്.
ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ശ്രീയെ തളർത്താൻ വിധിക്കു കഴിഞ്ഞു.അരക്ക് താഴേക്കു തളർന്നു ,ഇനിയൊരിക്കലും പഴയ സ്ഥിതിയിലേക്ക് വരാൻ പറ്റാത്ത വിധം ആയിക്കഴിഞ്ഞിരുന്നു അയാൾ.
എന്നിട്ടും ശുഭാപ്തി വിശ്വാസത്തോടെ നന്ദ അയാൾക്ക് ഊർജ്ജം പകർന്നു കൊണ്ടിരുന്നു. തന്റെ നെഞ്ചു പിളർക്കുന്ന വേദനയുണ്ടെങ്കിലും ഒരിക്കൽ പോലും അവൾ അത് ശ്രീക്ക് മുൻപിൽ കാണിച്ചിരുന്നില്ല.
അവനിഷ്ടമുള്ള പാട്ടുകൾ കേൾപ്പിച്ചും ,കഥകൾ വായിച്ചു കൊടുത്തും, ഇടക്കൊക്കെ വീൽ ചെയറിലിരുത്തി പുറത്തെ കാഴ്ചകൾ കാണിച്ചും അയാളെ സദാ സന്തോഷവാനായിരുത്തി..
ഇതിനിടയിൽ ശ്രീയുടെ വീട്ടുകാർ അയാളെ തിരിച്ചു വീട്ടിലേക്കു കൊണ്ടുപോകാനുള്ള ഒരു ശ്രമം നടത്തി.പിന്നെയും നന്ദയുടെ ജീവിതം നരകതുല്യമാകുമെന്നു അറിയാമായിരുന്ന ശ്രീ ,അതിനു വഴങ്ങിയില്ല.
നന്ദയുടെ മനസും അതു തന്നെയാണ് ആഗ്രഹിച്ചത്.തന്റെ കരുതലും പ്രാർത്ഥനയും കൊണ്ടു ശ്രീ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നവൾ ഉറച്ചു വിശ്വസിച്ചു.
ജീവിതം പ്രത്യേകിച്ചു മാറ്റവും പ്രതീക്ഷകളും ഒന്നുമില്ലാതെ മുന്നോട്ടു പോയി.
അതിനിടയിൽ വീട്ടുകാരും സുഹൃത്തുക്കളും മറ്റൊരു വിവാഹം കഴിക്കാൻ നന്ദയെ നിർബന്ധിച്ചു കൊണ്ടിരുന്നു. തന്റെ ജീവിതം ശ്രീയ്ക്കുള്ളതാണെന്നു അവരോടൊക്കെ അവൾ തറപ്പിച്ചു പറഞ്ഞു.
പലപ്പോഴും മനസു കൈവിട്ടു പോകുമെന്ന് തോന്നുമ്പോൾ ശ്രീയുടെ മാറിലേക്ക് ചാഞ്ഞു അവനെ കെട്ടിപ്പിടിച്ചു അവൾ കിടക്കും. അങ്ങനെ കിടക്കുമ്പോൾ തന്റെ നെഞ്ചിലെ ഭാരം മുഴുവൻ അലിഞ്ഞില്ലാതാവുന്നതായി അവൾക്കു തോന്നും.
അങ്ങനെ ഒരു രാത്രിയിൽ അവനെ കെട്ടിപിടിച്ചു കിടന്ന നന്ദയുടെ കൈതലങ്ങളിൽ ചുംബിച്ചു കൊണ്ടു ശ്രീ പറഞ്ഞു “ നന്ദ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അതനുസരിക്കണം.നീ ചെറുപ്പമാണ് ജീവിതം തുടങ്ങിയിട്ടേ ഉള്ളു.
ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയാത്ത എനിക്ക് വേണ്ടി നിന്റെ ജീവിതം നീ ഇല്ലാതെ ആക്കരുത്.
വീട്ടുകാരുടെ ആഗ്രഹം പോലെ നീ മറ്റൊരു വിവാഹം കഴിക്കണം.” ഇതു പറയുമ്പോൾ ശ്രീയുടെ നെഞ്ചിൽ ഒരു നേരിപ്പോടെരിയുകയായിരുന്നു.
നന്ദയാകട്ടെ നീറ്റൽ കൊണ്ടു തൊണ്ടയിൽ കുടുങ്ങിയ അക്ഷരങ്ങളെ പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി.
രണ്ടുപേർക്കും പരസ്പരം ഒന്നു നോക്കാൻ പോലും കഴിയുമായിരുന്നില്ല.
അതു പക്ഷെ ശ്രീയുടെ അവസാന വാക്കുകളായിരുന്നു എന്നും, അയാൾ ഇനി ഒരിക്കലും തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നും തിരിച്ചറിയാൻ നന്ദക്കു അധിക നേരം വേണ്ടി വന്നില്ല.
വെള്ള പുതച്ചു കിടത്തിയ ശ്രീയുടെ അരികിൽ കരഞ്ഞു കണ്ണുനീർ വറ്റിയ നന്ദയെ ആരൊക്കെയോ ചേർന്നു പിടിച്ചു കൊണ്ടിരുത്തി.
പിന്നീട് ഒരു നിർവികാരതയായിരുന്നു അവൾക്കു. തന്റെ ജീവന്റെ പാതിയാണ് നഷ്ടമായിരിക്കുന്നതെന്നു പോലും അവൾക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല.
ശ്രീയെ പട്ടടയിലേക്കെടുക്കുമ്പോൾ ആരുടെയോ കടുത്ത പ്രഹരത്തിൽ ,യാഥാർഥ്യം തിരിച്ചറിഞ്ഞ നന്ദയുടെ ഭീകരമായ അലർച്ച കണ്ടു നിൽക്കാൻ ആർക്കും കഴിഞ്ഞില്ല.
ശ്രീയുടെ വസ്ത്രങ്ങൾ നെഞ്ചോടു ചേർത്തു അവന്റെ തലയിണയിൽ മുഖമമർത്തി അവൾ കിടന്നു.രാത്രിയുടെ ഏതോ യാമത്തിൽ അവൾ പോലുമറിയാതെ അവൾ നിദ്രയിലേക്കു വഴുതി വീണു.
ശ്രീ നന്ദയുടെ മുടിയിഴകൾ തഴുകി കൊണ്ട് അവളെ തന്റെ മാറിലേക്ക് ചേർത്തിരുത്തി “നന്ദ ..ഞാൻ മരിച്ചാൽ നീ വേറെ കല്യാണം കഴിക്കോ” ആദ്യമായി അവനാ ചോദ്യം അവളോട് ചോദിച്ചു.
നൂറുവട്ടം മനസിൽ പറഞ്ഞു പതിഞ്ഞ ഉത്തരമാണ് അതിനവൾക്കു ആലോചിക്കേണ്ടി വന്നില്ല “ ഇല്ല ശ്രീയേട്ടാ ,നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.
മറ്റെന്തു സൗഭാഗ്യങ്ങൾ ഉണ്ടായാലും അതു നിങ്ങളോടൊപ്പമുള്ള ജീവിതത്തിനു പകരമാവില്ല”.
“എന്നാ പോരെ എന്റെ കൂടെ”.ശ്രീയുടെ വാക്കുകൾക്കു മറുപടി എന്ന പൊലെ അവന്റെ കൈ പിടിച്ചു അങ്ങു ദൂരെ നക്ഷത്രങ്ങൾക്കിടയിലേക്കു അവളും യാത്രയായി. മരണമില്ലാത്ത പ്രണയത്തിനൊപ്പം…