നിവേദനം
(രചന: ഷെർബിൻ ആന്റണി)
കണ്ണ് തുറന്നപ്പോൾ icu ലായിരുന്നു. എങ്ങനെയാ ബോധം പോയതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ…
കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ റിമോട്ടില്ലാതെ തന്നെ റീ വൈൻഡ് ചെയ്തു.
ലോക്ക്ഡൗണായത് കൊണ്ട് എഫ്ബീം വാട്ട്സപ്പും തന്നെയായിരുന്നു ശരണം. വാട്ട്സപ്പ് ഗ്രൂപ്പിൽ കറങ്ങി നടക്കുമ്പോഴാണത് ശ്രദ്ധയിൽ പെട്ടത്.
തക്കുഡു എന്നറിയപ്പെടുന്ന ഗ്രൂപ്പ് അഡ്മിൻ്റെ ടാസ്ക്കായിരുന്നു നിവേദനം തയ്യാറാക്കൽ. എല്ലാവരും പുതിയ പുതിയ ആശയങ്ങളുമായ് കളം നിറഞ്ഞപ്പോൾ ഞാനും ഒന്നെഴുതി.
ഡീയർ തക്കുഡു അഡ്മിന്,
ക്രിസ്തുമസ്സ് ഫ്രണ്ടിനെ കണ്ടെത്തും പോലേ ലവേഴ്സിനേയും തിരഞ്ഞെടുത്ത് കൂടേ നമ്മുക്ക് ഈ ഗ്രൂപ്പിൽ.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും അതേ തുടർന്ന് ലോക്ക് ഡൗൺ നീട്ടുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ വിശ്രമവേളകൾ ആനന്ദകരമാക്കാനും,
ഇടയ്ക്ക് ചീത്ത പറയാനും, സൊള്ളാനും ഒരു lover അത്യാവശ്യമാണ്.
സമ്പത്ത് കാലത്ത് ലവറിനെ സെലക്ട് ചെയ്താൽ ആപത്ത് കാലത്ത് പഞ്ചാരയടിക്കാമായിരുന്നു.
കേവലം മാമ പണി ആണെന്ന് കരുതി പുച്ഛിക്കരുത് Pls എന്തെങ്കിലും ഒരു തീരുമാനമെടുക്കുന്ന പ്രതീക്ഷയിൽ നിർത്തുന്നു.
എന്ന് ദാരിദ്യം പിടിച്ച ഒരു Member.
ഇത്രയും എഴുതി സെൻഡ് ബട്ടൺ അമർത്തുന്നതിന് മുമ്പ് പുറകിൽ നിന്ന് ഒരു സൗണ്ട് കേട്ടത് മാത്രമേ ഓർമ്മയുള്ളൂ.
ഇനി വല്ല തേങ്ങയും വീണതാണോ…?
അവിടെ ഉണ്ടായിരുന്ന സിസ്റ്റർമാർ എന്നെ നോക്കി പിറുപിറുക്കുന്നത് കണ്ടപ്പോൾ ഞാൻ അവരിലേക്ക് ചെവി കൂർപ്പിച്ചു.
കണ്ടാൽ മാന്യനെപോലേ തോന്നുമെങ്കിലും ആളത്ര വെടിപ്പല്ല. കൂട്ടത്തിൽ പ്രായം കൂടിയ സിസ്റ്റർ പറഞ്ഞത് കേൾക്കാൻ മറ്റുള്ള സിസ്റ്റേഴ്സിന് തിടുക്കമായി.
കാമുകിയുമായ് കിന്നരിക്കുമ്പോൾ അങ്ങേരുടെ ഭാര്യ കൈയ്യോടേ പൊക്കി. പിന്നിൽ നിന്ന് ഒലയ്ക്കയ്ക്ക് ഒറ്റയടി ആയിരുന്നത്രേ…
താടിക്ക് കൈയ് കൊടുത്താണ് ആ തടിച്ചി പറഞ്ഞു നിർത്തിയത്.
ഏയ് ഒലയ്ക്കയ്ക്കല്ലാ, ചിരവയ്ക്ക് അടിച്ചതാണെന്ന് തോന്നുന്നു.
ബോധമില്ലാതെ ഇവിടെ കൊണ്ട് വരുമ്പോൾ തലയിൽ തേങ്ങാ കഷ്ണവും പീരയുമൊക്കെ ഉണ്ടായിരുന്നു.
അത് കേട്ടതും കൂടെയുള്ള പ്രായം കുറഞ്ഞ സിസ്റ്റേഴ്സ് ശബ്ദം പുറത്ത് വരാതെ വാ പൊത്തി ചിരിച്ചിട്ട് ഏറ് കണ്ണിട്ട് എന്നെ നോക്കിയപ്പോൾ ബോധം പോയത് പോലേ ഞാൻ കണ്ണടച്ച് കിടന്നു.
വാട്ട്സപ്പിൽ ചാറ്റ് ചെയ്യുന്നവർക്കായി പണ്ടൊരു മാന്യൻ പറഞ്ഞ ടിപ്പ്സാണ് എനിക്ക് ഓർമ്മ വന്നത്.
നല്ല കിലുങ്ങുന്ന പാദസരം വാങ്ങി ഭാര്യമാർക്ക് കൊടുത്താൽ ഏത് ഇരുട്ടത്ത് പോയിരിന്നും കിന്നരിക്കാമെത്രേ…