ഹൊറർ
(രചന: ഷെർബിൻ ആന്റണി)
രാത്രി ഏകദേശം രണ്ട് മണിയായിക്കാണും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണരുന്നത്.
കിടക്കുന്നതിന് മുന്നേ മുൻവശത്തുള്ള മെയിൻ ഡോറും അടുക്കള വാതിലും അടച്ച് കുറ്റിയിട്ടതാണല്ലോ, പിന്നെ ആരാണ് ബഡ്ഡ് റൂം വാതിലിൽ മുട്ടുന്നത്.
ഞാനും ഭാര്യയും പിള്ളേരും മാത്രമേ വീടിക നകത്തുള്ളൂ, ഞങ്ങളെല്ലാവരും തന്നെ ഒരു റൂമിനകത്താണ് ഉറങ്ങുന്നത്.
അമ്മച്ചിയാണെങ്കിൽ രണ്ട് ദിവസമായി വീട്ടിലില്ലതാനും പിന്നെങ്ങനെയാണ്… ആലോചിച്ച് തീരും മുന്നേ വീണ്ടും കതകിൽ മുട്ടുന്ന ശബ്ദം…..
എടീ…. ഒന്നെണീറ്റേടീ, ആരോ വാതിലിൽ മുട്ടുന്നു. തീരെ പതിഞ്ഞതും വിറയാർന്ന സ്വരത്തിലും ഞാനവളെ വിളിച്ചുണർത്തി. എന്താ മനുഷ്യാ…. ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ….?
ടക്ക്…. ടക്ക്….ടക്ക്….. വീണ്ടും മുട്ടുന്നു. ഇത്തവണ അവളും ഞെട്ടി.
എന്റെ കർത്താവേ പുറം വാതിലുകളൊക്കെ നന്നായിട്ട് അടച്ച് കുറ്റിയിട്ടതാണല്ലോ… ഇനി വല്ല കള്ളന്മാരും ആയിരിക്കുമോ തമ്പുരാനേ…..?
കള്ളന്മാരാണെങ്കിൽ വാതിലിൽ മുട്ടുമോടീ കഴുതേ….? വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്.
സർവ്വ ശക്തിയും സംഭരിച്ച് കൊണ്ട് ഞാനുറക്കെ വിളിച്ചു ചോദിച്ചു “ആരാടാ തെണ്ടീ പുറത്ത് എന്റെ സ്വഭാവം നിനക്കറിയാഞ്ഞിട്ടാ മര്യാദയ്ക്ക് പറഞ്ഞോ”…
എന്റെയുള്ളിൽ തിലകന്റെ രൗദ്രഭാവമായിരുന്നെങ്കിലും പുറത്തേക്ക് വന്നത് സുരാജ് വെഞ്ഞാറ മൂടിന്റെ സ്വരമായിരുന്നു.
നിങ്ങള് പറയുന്നത് എനിക്ക് തന്നെ കേൾക്കാൻ പറ്റുന്നില്ലല്ലോ പിന്നെങ്ങനാ ആ കള്ളന്മാര് കേൾക്കുന്നത്…?
കള്ളന്മാരോ… ഒരാളല്ലേടീ ഉണ്ടാകൂ…? ഇവള് മനുഷ്യനെ പേടിപ്പിച്ച് കൊല്ലുമെന്നാണ് തോന്നുന്നത്.
നിങ്ങൾക്കിത്ര പേടിയാണോ മനുഷ്യാ… വന്ന് വന്ന് നിങ്ങടെ നെഞ്ചിടിപ്പേതാണ് കതകിൽ മുട്ടുന്ന ഒച്ചയേതാന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ മാതാവേ
രാവിലെ എണീറ്റയുടനെ ഇവളെ എടുത്ത് കിണറ്റിലിടണം എന്നിട്ട് വേണം പണിക്ക് പോകാൻ അല്ല പിന്നെ….
ലൈറ്റ് ഓൺ ചെയ്യാതെ വളരെ പതിഞ്ഞ കാൽവെപ്പോടെ ഞാൻ അടച്ചിട്ടിരുന്ന വാതിലിനരുകിൽ ചെന്ന് ചെവി കൂർപ്പിച്ച് നിന്നു.
ഹാളിൽ ഫാൻ കറങ്ങുന്ന ശബ്ദമല്ലാതെ മറ്റൊന്നും തന്നെ കേൾക്കുന്നില്ല. ഫാനൊക്കെ ഇട്ട് റെസ്റ്റ് എടുത്ത് മോഷ്ടിക്കാൻ വരുന്ന കള്ളന്മാരോ….?
വാതിലിന്റെ താക്കോൽ ദ്വാരത്തിലൂടെ ഒരു കണ്ണടച്ച് അപ്പുറത്തുള്ള ഇരുട്ടിലേക്ക് ഞാൻ നോക്കി, ഇല്ല ഒന്നും കാണുന്നില്ല. പെട്ടെന്ന് എന്റെ കഴുത്തിൽ ഒരു തണുത്ത കര സ്പർശം.
എന്റമ്മേന്നുള്ള ശബ്ദം പുറത്തേക്ക് വന്നില്ലന്നേയുള്ളൂ, പക്ഷേ പേടിച്ച് തുള്ളിപ്പോയി ഞാൻ. തിരിഞ്ഞ് നോക്കുന്നതിന് മുന്നേ അവൾ ചോദിച്ചു, ആരെയെങ്കിലും കാണാൻ പറ്റുന്നുണ്ടോന്ന്.
ഈ പണ്ടാര കാലത്തി മനുഷ്യന്റെ ഉള്ള ജീവൻ കളഞ്ഞേനേയിപ്പോൾ. കിടക്കുന്നതിന് മുമ്പ് മൂത്രം ഒഴിച്ചത് നന്നായെന്ന് തോന്നി.
എന്നെ തള്ളി മാറ്റിയിട്ട് അവളും വിടവിലൂടെ നോക്കിയിട്ട് ചെവിയുടെ അടുത്ത് വന്ന് പിറുപിറുത്തു ഇനി വല്ല പ്രേതമായിരിക്കുമോന്ന്…
പ്രേതമോ…. എന്നാത്തിന്….?ഈ പിശാച് എന്തൊക്കെയാണീ പറയുന്നത്.
ടക്ക്…. ടക്ക്… സൗണ്ട് കേട്ടതും ഞാനും അവളും ഒരുമ്മിച്ച് രണ്ടടി പുറകിലേക്ക് ചാടി. കതകിന്റെ കീഴ്ഭാഗത്ത് നിന്നാണ് കൊട്ട് കേൾക്കുന്നത്. ഇനി വല്ല പട്ടിയോ പൂച്ചയോ ആയിരിക്കുമോടീ ഒരു ശുഭ പ്രതീക്ഷയിൽ ഞാനവളെ നോക്കി.
ലോക്ക് ചെയ്തിരിക്കുന്ന വാതിലുകൾ എങ്ങനെയാ മനുഷ്യാ അതുങ്ങള് തുറക്കുന്നത്….? ആ പ്രതീക്ഷയും അവൾ തല്ലിക്കെടുത്തി. മന:സാക്ഷിയില്ലാത്ത തെണ്ടി.
റൂമിനകത്തെ ലൈറ്റിടാം വെളിച്ചം കണ്ട് അവമ്മാര് പേടിച്ച് ഓടിയാലോന്ന് ആശ്വസിച്ച് അവളുടെ സമ്മതത്തിന് മുന്നേ സ്വിച്ച് ഓൺ ചെയ്തു. നിങ്ങളിത്ര പേടിച്ച്തൂറിയാണോ എന്നവൾ ചോദിച്ചില്ലന്നേയുള്ളൂ നോട്ടം കണ്ടാലറിയാം.
നാളെ ജീവനോടെ ഉണ്ടെങ്കിൽ ഇവളെന്നെ നാടു മുഴുവൻ പറഞ്ഞ് നാറ്റിക്കും,
അതിലും ഭേദം വല്ല കള്ളന്റെയും വെട്ട് കൊണ്ട് ചാകുന്നതാണ് നല്ലത്. അടുത്ത കൊട്ടിന് വാതില് തുറക്കണം ഞാൻ മനസ്സിലുറപ്പിച്ചു.
ടക്ക്…. രണ്ടാമത്തെ മുട്ടിനു മുന്നേ ഞാൻ രണ്ടും കല്പിച്ച് മുഖത്തെ മാംസപേശികളൊക്കെ വരിഞ്ഞു മുറുക്കി കണ്ണുകൾ പുറത്തേക്ക് തള്ളി ശക്തമായി വാതിൽ വലിച്ച് തുറന്നു.
പുറത്ത് ആരും തന്നെയില്ല, ഇനി എന്നെ കണ്ട് പ്രേതം പേടിച്ചോടിയോ….? കാലിൽ എന്തോ തടയുന്നത് പോലെ തോന്നി.
ഞാൻ കുനിഞ്ഞ് താഴേക്ക് നോക്കിയതും അവളത് കൈയ്പ്പിടിയിലൊതുക്കി.
കഴിഞ്ഞ പള്ളിപ്പെരുന്നാളിന് പിള്ളേർക്ക് വാങ്ങിച്ച് കൊടുത്ത വലിയ പ്ലാസ്റ്റിക്ക് ബോളായിരുന്നത്.
ഫാനിന്റെ കാറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് വാതിലിൽ മുട്ടുന്ന ഭീകര സത്വം ഇവനായിരുന്നോ…..?
വടക്കൻ വീരഗാഥയിൽ ക്ലൈമാക്സ് സീനിൽ മമ്മൂട്ടിയുടെ തോല്പിച്ച് കളഞ്ഞല്ലോടാന്നുള്ള മുഖ ഭാവത്തിൽ ആ പന്തും പിടിച്ചുള്ള എന്റെ നില്പ് കണ്ടിട്ട് അവൾക്ക് ചിരിയടയ്ക്കാനായില്ല….