അങ്ങനെ വീട്ടിലെത്തി, സ്വർണ്ണവും തുണിയുമൊക്കെ തിരിച്ചും മറിച്ചുമൊക്കെ നോക്കുമ്പോഴാണ്..

(രചന: Shincy Steny Varanath)

ഇന്ന്, എന്റെ കല്യാണത്തിന് വേണ്ട ഡ്രെസ്സും സ്വർണ്ണവുമൊക്കെ എടുക്കാൻ പോയതായിരുന്നു.

രാവിലെ പോയതാ, മടുത്ത് ഊപ്പാടുതെറ്റിയാണ് വന്ന് കേറിയത്. വിനുവേട്ടന്റെ പെങ്ങൾക്കൊന്നും പിടിക്കുന്നില്ല.

അവർക്കിഷ്ടമുള്ളതെടുത്തോട്ടെ നീ അഭിപ്രായമൊന്നും പറയാൻ പോകെണ്ടെന്ന് വീട്ടീന്നിറങ്ങിയപ്പോഴെ പപ്പയും മമ്മിയും പറഞ്ഞിരുന്നു. ചെക്കന്റെ വീട്ടുകാർക്കാണ് അതിനുള്ള അവകാശം. കാശ് മുടക്ക് പെണ്ണിന്റെ വീട്ടുകാർക്കും….

സ്വർണ്ണക്കടയിൽ ചെന്നപ്പോഴും തുണിക്കടയിൽ ചെന്നപ്പോഴുമെല്ലാം, എനിക്കിഷ്ടപ്പെടുന്നതൊന്നും ചെക്കന്റെ പെങ്ങൾക്കും ചേടത്തിക്കും പിടിക്കുന്നില്ല.

അവസാനം അപ്പൻ പറഞ്ഞപോലെ അവർക്കിഷ്ടപ്പെട്ടതുമെടുത്ത് ഇറങ്ങണ്ടി വന്നു. സ്വർണ്ണമെടുത്തു വന്നപ്പോൾ, 2 പവൻ കൂടുതലുംവന്നു. അതിലും അപ്പന് വലിയ വിഷമമൊന്നും തോന്നിയില്ല. മോളോടുള്ള സ്നേഹമാകാം…

അങ്ങനെ വീട്ടിലെത്തി, സ്വർണ്ണവും തുണിയുമൊക്കെ തിരിച്ചും മറിച്ചുമൊക്കെ നോക്കുമ്പോഴാണ് ആങ്ങളയുടെ ചോദ്യം.

എന്താടി ചേച്ചി തിരിച്ചും മറിച്ചും നോക്കുന്നത്?

‘എല്ലാം ഒന്നും കൂടി നോക്കിയതാ… അവിടുന്ന് അവരുടെയിഷ്ടത്തിനാ എല്ലാം വാങ്ങിത്. സ്വർണ്ണമാണെങ്കിൽ എടുത്ത് വന്നപ്പോൾ അവരോട് പറഞ്ഞതിലും 2 പവൻ കൂടുതലുമായി.

പപ്പയ്ക്ക് അല്ലേലുമെന്നോട് ഇച്ചിരി ഇഷ്ടം കൂടുതലായതുകൊണ്ടായിരിക്കും എതിർപ്പൊന്നും പറഞ്ഞില്ല ‘. ഞാൻ ഗമയൊട്ടും കുറയ്ക്കാതെയാ പറഞ്ഞത്.

എടി ചേച്ചി… ഞാനൊരു കാര്യം പറയട്ടെ
കഴിഞ്ഞ ആഴ്ച, ഇവിടെയെല്ലാം വൃത്തിയാക്കിയപ്പോൾ കുറേ പാട്ടയും പ്ലാസ്റ്റിക്കും ചെരുപ്പുമൊക്കെ മുറ്റത്തു കൂട്ടിയിട്ടില്ലായിരുന്നോ?

ഉണ്ടായിരുന്നു – ഞാൻ

അതെന്താ ചെയ്തതെന്ന് നീ കണ്ടായിരുന്നോ?

പപ്പയൊരണ്ണാച്ചിയെ വിളിച്ച് കൊടുത്തൊഴുവാക്കിയില്ലെ?

അതും ശരിയാണ്, പക്ഷെ കൂടെ പപ്പയൊരു വർത്താനം കൂടെ പറഞ്ഞു, നീ കേട്ടായിരുന്നോ?

ഇല്ല…

കാശുവേണേൽ ഞാൻ അങ്ങോട്ട് തരാം, ഇതെല്ലാമിവിടുന്നൊന്ന് ഒഴിവാക്കിത്തരുമോ? എന്ന്

ഇപ്പോൾ, നമ്മുടെ പപ്പ, നിന്റെ വിനുവേട്ടനോടും പറയാതെ പറയുന്നതും ഇതാണ്… നീയൊന്ന് ചിന്തിച്ച് നോക്കിയെ… ‘രണ്ട് പവനും കൂടുതലുമിരിക്കട്ടെ … ഒന്ന് ഒഴിവാക്കിത്തരാമോ…’

ഉപയോഗമുള്ള എന്തെങ്കിലും സാധനം ഇങ്ങോട്ട് കാശ് മേടിക്കാതെ പപ്പ ആർക്കെങ്കിലും കൊടുത്ത് നീ കണ്ടിട്ടുണ്ടോ? ഇത്രയും കാലം പാട്ടയും പേപ്പറുമൊക്കെ ഇതേ അണ്ണാച്ചിക്ക് കാശിനല്ലെ കൊടുത്തത്.

ഇപ്പോൾ കല്യാണത്തിന് വീട് വൃത്തിയാക്കെണ്ട അത്യാവശ്യം വന്ന കൊണ്ടല്ലെ ഒഴുവാക്കിയത്.

കാശ് ഇങ്ങോട്ട് കിട്ടാതെ വെയിസ്റ്റ് പോലും നമ്മളാർക്കും കൊടുക്കാറില്ല… നീയൊന്ന് ചിന്തിച്ച് നോക്കിയെ…

നിനക്കെ കുപ്പിയുടെയും പാട്ടയുടെയും വില പോലുമില്ലെന്ന്… നല്ലോണം ചിന്തിക്ക്…ഞാൻ പിന്നെ വരാം…

പോയി… എല്ലാം പോയി…

വിനുവേട്ടന്റെ മുഖത്തിന് അണ്ണാച്ചിയുടെ ഛായ വരുന്നുണ്ട്… ഉണ്ട്… ശരിക്കും

പാട്ട… കുപ്പി… പേപ്പർ… വിൽക്കാനുണ്ടോ… വിനുവേട്ടന്റെ സൗണ്ടിനും അതേ ടോണല്ലേ? അതേ… അതേ…

അണ്ണാച്ചി കിഴുത്ത വീണ വലിയ കലം ചവിട്ടി കൂട്ടുന്നതല്ലേ കാണുന്നത്?

എന്റെ മുഖത്തിനിട്ടല്ലെ ആദ്യത്തെ ഇടി കൊണ്ടത്?

കാശ് തരണ്ട, സാധനം കൊണ്ടോക്കോളാൻ പറഞ്ഞപ്പോഴുള്ള അണ്ണാച്ചി ചിരിച്ച അതേ ചിരിയല്ലേ, ഇന്ന് സ്വർണ്ണക്കടയിൽ നിന്ന് വിനുവേട്ടൻ ചിരിച്ചത്?

അതേ… അണ്ണാച്ചിയുടെ പല്ലില്ലെ മുറുക്കാന്റെ കറ പോലും ആ പല്ലിലുണ്ട്…

ഇതിനായിരുന്നോ ഞാനിത്രയും സന്തോഷിച്ചത്…

നീയെന്താടി ആലോചിക്കുന്നത്? കിടക്കാറായില്ലെ? – അമ്മയാണ്.
അമ്മയോട് അവൻ പറഞ്ഞതെല്ലാം പറഞ്ഞു കൊടുത്തു.

ടാ… അമ്മ അവനെ നീട്ടി വിളിച്ചു.
നീയെന്തൊക്കെയാട ഇവളോട് പറഞ്ഞത്? അവൾക്ക് സമ്മാനമായിട്ട പപ്പ ആഭരണങ്ങള് വാങ്ങിക്കൊടുത്തത്? അല്ലാതെ ഒഴിവാക്കാനായിട്ടല്ല

അപ്പോൾ ക്യാഷെണ്ണി കൊടുത്തതോ?

അത് കല്യാണ ചിലവിനല്ലേ?

നമ്മള് ഒത്തു കല്യാണം ഗംഭീരമായി വച്ചില്ലെ? അവരതിന് കാശിങ്ങോട്ട് തന്നായിരുന്നോ? പിന്നെ അവരുടെ വീട്ടുകാരെയും നാട്ടുകാരെയും തീറ്റിക്കാനുള്ള കാശ് നമ്മളെന്തിനാ കൊടുക്കുന്നത്?

അവന് ഡ്രസ്സ് നമ്മളെടുത്ത് കൊടുത്തു, നമ്മള് കൊടുത്ത കാശിന് മന്ത്രകോടി അവര് വാങ്ങി, അമ്മയിഅമ്മയ്ക്ക് ഒരു പൊട്ട സാരി തരുന്നതിന്, അവന് മോതിരം, ചെയിൻ, മാല ഏതെങ്കിലുമൊന്ന്…

ഇത്രയും പഠിപ്പിച്ച് വലുതാക്കിയ ഒരു പെണ്ണ് ബംബർ സമ്മാനവും. അവളുടെ ജോലിയുടെ ശമ്പളവും ഇനി അവിടെയല്ലേ? -ആങ്ങള കത്തിക്കേറുവാണ്.

അത് നാട്ടുനടപ്പ് അങ്ങനെയൊക്കെ ആയിപ്പോയില്ലെ… നീ കൂടുതലൊന്നും പറഞ്ഞ് അവളെ വിഷമിപ്പിക്കാതെ…

ഇനി ഇതു മുഴുവൻ നിന്നെ വച്ച് ഈടാക്കണമെന്നാണ് പപ്പയുടെ കണക്കുകൂട്ടൽ…

മിക്കവാറും… ഞാൻ കല്യാണച്ചിലവിനും താലിയും മോതിരവുംവാങ്ങാനുമുള്ള കാശ് സ്വന്തമായുണ്ടാക്കിട്ടെ കെട്ടുന്നുള്ളു. അല്ലാതിതുപോലെ പഴയ പാട്ട… കുപ്പി… പറക്കാൻ പോകുന്നില്ല.

പോട… ….. ……. (ഞാൻ )

അപ്പൻ സമ്മതിച്ചതുമാ… അമ്മ

സമ്മതിച്ചാൽ അപ്പനു കൊള്ളാം… അല്ലെങ്കിൽ ഒരു രക്തഹാരം അങ്ങോട്ടുമിടും ഒരു രക്തഹാരം ഇങ്ങോട്ടുമിടും… കാശെന്റ കൈയിലുമിരിക്കും…

രക്തഹാരമിട്ട് ആദർശം കാണിക്കുന്നവരൊക്കെ വലിയ ബിസിനസ്സുകാരുടെ മക്കളെയൊക്കെയാണ് കെട്ടുന്നത്…

സ്വർണ്ണ കട്ടിയും, ബാങ്ക് ബാലൻസും ബിസിനസ്സിന്റെ ഓഹരിയുമൊക്കെ പറയാതെ തന്നെയിങ്ങ് പോന്നോളും… ഒറ്റയെണ്ണം അനാഥമന്ദിരത്തീന്ന് കെട്ടുന്നില്ലല്ലോ…

എടിയെ… വന്നുകിടക്കാറായില്ലെ… പപ്പയാണ്

ആണ്ടെ വിളിക്കുന്നു…അമ്മേടെ അണ്ണാച്ചി…

അണ്ണാച്ചിയൊ?

പപ്പയും പണ്ട് ഇതുപോലെ തന്നെയല്ലെ അമ്മെനെ കെട്ടിയത്…

നീ തല്ലുവാങ്ങും ചെറുക്കാ… പോയി കിടന്നേ… മണി പത്തായി…
അമ്മയെഴുന്നേറ്റ് പോയി…

എടി ചേച്ചിയെ…മര്യാദയ്ക്ക് അവിടുത്തെ പണിയൊക്കെ ചെയ്ത്, അളിയനെയും കുടുംബത്തെയും സന്തോഷിപ്പിച്ച് നിന്നാൽ നിനക്ക് വലിയ ചളുക്കം സംഭവിക്കാതിരിക്കും…
ഉള്ള ജോലി കളയാതിരുന്നാൽ നിനക്ക് കൊള്ളാം…

ഈ ഉപദേശം ഫ്രീയാണെ…

ഹാ…നിന്റെ അണ്ണാച്ചിക്ക് നൂറായുസ്സാ…
ആണ്ടെ വിളിക്കുന്നു… (ഫോൺ റിങ്ങ് ചെയ്യുന്നുണ്ട് )

ഞാൻ പോകുവാണെ… അണ്ണാച്ചിയെ സ്വപ്നം കണ്ടു പേടിക്കാതിരിക്കാൻ നല്ലോണം കുരിശു വരച്ചിട്ട് കിടക്ക്…

ഈശോ മറിയം യൗസേപ്പേ… ഈ ആത്മാവിന് കൂട്ടായിരിക്കേണമേ…

പഴയ കുപ്പി… പാട്ട… പേപ്പർ… വിൽക്കാനുണ്ടോ… അവനൊരു താളത്തിൽ പോകുവാണ്…

ഫോണെടുക്കാൻ എനിക്ക് മനസ്സില്ല…

വിനുവേട്ടൻ… അല്ല, അണ്ണാച്ചി…

അവൻ പറഞ്ഞപോലായിരിക്കുമോ അയാളെന്നെ കണക്കാക്കിയിരികുന്നത്…

ആണെങ്കിൽ…

കാറ്റുകുത്തിവിട്ട ബലൂൺ പോലായല്ലോ മധുരസ്വപ്നങ്ങളെല്ലാം… എന്റെ ഉറക്കവും പോയി…

Leave a Reply

Your email address will not be published. Required fields are marked *