(രചന: Anandhu Raghavan)
മൂന്നാം മാസം സ്കാനിംഗ് റിസൾട്ട് കിട്ടിയപ്പോൾ തൊട്ട് സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു ദിയ..
അതെ താൻ ഒരമ്മയാകൻ പോകുന്നു , ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഒരമ്മ… തന്റെ ഉദരത്തിൽ വളർന്നുകൊണ്ടിരിക്കുന്നത് മൂന്ന് ഓമൽക്കുരുന്നുകളാണ്..
” ദിയാ.. ”
” എന്താ ഹരിയേട്ടാ.. ”
ഹരിയുടെ നെഞ്ചിലേക്ക് കൈകൾ ചുറ്റി അവൾ ചോദിച്ചു..
“നമുക്ക് ഈ കുഞ്ഞുങ്ങൾ വേണോ.. ?? ”
ഒരു നിമിഷം കൊണ്ട് അവളിൽ വേദനയുടെ അലകടലുകൾ ഇരമ്പിയാർത്തു.
“ഏട്ടാ എന്നോടിങ്ങനെ പറയല്ലേ.. നിക്കതിനു കഴിയില്ല.. ”
” ദിയാ.. നീ ഇത്രയും സന്തോഷിക്കുമ്പോൾ എനിക്ക് മതിമറന്നൊന്നു ചിരിക്കുവാൻ പോലും കഴിയുന്നില്ല.
ഓരോ ദിവസവും പേടിയാൽ എന്റെ ഉറക്കം നഷ്ടപ്പെടുകയാണ്.
മൂന്ന് കുഞ്ഞുങ്ങളാണ് ഉദരത്തിൽ പിറവിയെടുത്തിരിക്കുന്നത്. പ്രസവ സമയത്ത് എന്തും സംഭവിക്കാമെന്ന് ഡോക്ടർ പറഞ്ഞതല്ലേ. ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കുവാനുള്ളതാണോ ജീവിതം..??
എനിക്ക് പേടിയാണ് , നീയില്ലാത്തൊരു ജീവിതം സ്വപ്നം കാണാൻ പോലും കഴിയില്ലെനിക്ക് .. ”
” ഹരിയേട്ടാ അമ്മയാകുക എന്നുള്ളത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ് സ്വപ്നമാണ്… അവളുടെ ജീവിതം അർത്ഥപൂർണമാകുന്നത് അമ്മ ആയിക്കഴിയുമ്പോഴാണ്…
നമ്മുടെ അഞ്ച് വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനക്കും ദൈവം അറിഞ്ഞുകൊണ്ട് കൈക്കുമ്പിളിൽ വച്ചു തന്ന സമ്മാനമാണിത്..
ഈ മൂന്ന് ജീവനുകളെ ഇല്ലാതാക്കുവാൻ മനസ്സ് വരുന്നില്ല ഏട്ടാ..
നഷ്ടപ്പെടുത്തിയാൽ കുഞ്ഞ് എന്നുള്ള നമ്മുടെ ആഗ്രഹം ഇനി നിറവേറുമെന്ന് ഉറപ്പ് പറയാൻ കഴിയുമോ.. ? ”
സങ്കടം നിറഞ്ഞ അവളുടെ മുഖം മെല്ലെ ഞാൻ എന്നിലേക്ക് പിടിച്ചടുപ്പിച്ച് ആ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…
എന്റെ കണ്ണുകളിൽ നിറഞ്ഞു വന്ന കണ്ണീർത്തുള്ളികൾ അവളിൽ വീഴാതിരിക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു…
കുഞ്ഞിന്റെ തലച്ചോറിന് വളർച്ചയുണ്ടാകുന്ന എട്ടാം മാസം ആയപ്പോഴേക്കും ശ്വാസം മുട്ടലിനാലും നെഞ്ചേരിച്ചിനിലാലും ബുദ്ധിമുട്ടുന്ന ദിയയെ കാണുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു…
ഇടക്കൊക്കെ നടക്കാൻ ബുദ്ധിമുട്ടുന്ന ദിയയെ ഞാൻ താങ്ങിപ്പിടിച്ച് ഒപ്പം നടത്തുമ്പോൾ അവൾ പറയും
“ഉത്തരവാദിത്തങ്ങൾ ഒക്കെയും കൂടി വരുന്നത് ഏട്ടൻ കാണുന്നുണ്ടല്ലോ ല്ലേ… മക്കൾ ഒന്നല്ല മൂന്നാണ്… ”
അപ്പോൾ ഞാൻ വെറുതെ അവളുടെ മിഴികളിലേക്ക് നോക്കി ചിരിക്കും…
രണ്ടാഴ്ചകളിലൊരിക്കൽ ഡോക്ടറെ കണ്ട് മടങ്ങുമ്പോൾ മനസ്സിനൊരാശ്വാസമാണ്… ശാന്തമായിരിക്കുന്ന മനസ്സിൽ നിറമുള്ള ഒരായിരം സ്വപ്നങ്ങൾ കൂട്ടിനുണ്ടാവും..
ആഴ്ചകൾ ഒക്കെയും നിമിഷങ്ങൾ പോലെ അരങ്ങൊഴിഞ്ഞുകൊണ്ടിരുന്നു…
ഹോസ്പിറ്റലിൽ അഡ്മിറ്റായതിനു ശേഷം സദാ സമയവും ഞാൻ അവളോടൊപ്പം ഉണ്ടായിരുന്നു…
ഞാൻ അടുത്തിരിക്കുമ്പോൾ ദിയക്ക് വലിയൊരു ആശ്വാസമാണ്.. മനസ്സുകൊണ്ട് അവൾ അത് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ആ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു..
ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ എന്റെ ഇരു കൈകളും മുറുകെ പിടിച്ച് അവൾ നെഞ്ചോട് ചേർത്തിരുന്നു….
” ഒന്നും വരില്ല ഏട്ടാ.. ഏട്ടൻ വെറുതെ ടെൻഷൻ അടിക്കേണ്ട.. ” വേദന കടിച്ചമർത്താൻ പാടുപെടുമ്പോഴും എന്നെ അശ്വസിപ്പിക്കുകയായിരുന്നു അവൾ..
എന്നെ മുറുകെ പിടിച്ചിരുന്ന അവളുടെ കൈകൾ എടുത്ത് മെല്ലെ ഞാൻ ചുംബിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു…
നഴ്സുമാർ ദിയയെയും കൊണ്ട് ലേബർ റൂമിലേക്ക് കയറിയപ്പോൾ എനിക്ക് മുൻപിൽ ആ വാതിലുകൾ അടഞ്ഞിരുന്നു…
കാത്തിരിപ്പിന്റെ ഓരോ നിമിഷവും എന്നിൽ ഭയത്തിന്റെ നിഴലുകൾ അരിച്ചിറങ്ങിയിരുന്നു..
ലേബർ റൂമിന് മുന്നിലെ ഇടനാഴിയിലും സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളിലും ബന്ധുക്കളും മറ്റും പുതിയ അതിഥികളെ വരവേൽക്കാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്…
സമയങ്ങൾ കടന്നു പോകും തോറും എന്റെ നെഞ്ചിടിപ്പുമേറി വന്നു…
സിനിമകളിൽ കാണുന്നതുപോലെ ഇരുപ്പുറക്കാതെ ഇടനാഴിയിലൂടെ ചിന്തകൾ കൂമ്പാരമായ മനസ്സോടെ ഞാൻ വെറുതെ നടന്നുകൊണ്ടിരുന്നു…
പ്രസവ സമയത്തെ കാത്തിരിപ്പിന്റെ ടെൻഷൻ മറ്റുള്ളവർ പറയുമ്പോൾ ചിരിച്ചു തള്ളിയിരുന്ന ഞാൻ വേദനിപ്പിക്കുന്ന മനസ്സിന്റെ അപ്പോഴത്തെ അവസ്ഥയെ തിരിച്ചറിയുകയായിരുന്നു…
കാത്തിരിപ്പിന് വിരാമമിട്ട് പുഞ്ചിരിയോട് കൂടി പുറത്തു വന്ന നഴ്സ് പറഞ്ഞു.. ” മൂന്ന് പെൺ കുഞ്ഞുങ്ങൾ.. ”
ആകാംഷ മുറ്റി നിൽക്കുന്ന കണ്ണുകളോടെ ഞാൻ നഴ്സിന്റെ അടുത്തെത്തി…
” ദിയ.. , അവൾക്കെന്തെങ്കിലും.. ? ”
“ഒരു കുഴപ്പവും ഇല്ല.. ഇപ്പോൾ ചെറിയൊരു മയക്കത്തിൽ ആണ്.. ”
“എനിക്കൊന്നു കാണണം സിസ്റ്റർ.. ”
തുറന്ന വാതിലിലൂടെ ഞാൻ അവരുടെ പിന്നാലെ ചെന്നപ്പോൾ മയക്കം വിട്ടുമാറാതെ അവൾ ശാന്തമായ് കിടക്കുകയാണ്..
അവളുടെ അരുകിൽ ഇരുന്ന് മെല്ലെ ഞാൻ ആ കൈകളിൽ തഴുകിയപ്പോൾ
അടഞ്ഞ കൺപോളകൾ മെല്ലേതുറന്ന് ക്ഷീണിച്ചതെങ്കിലും സ്നേഹാർദ്രമായ ഒരു പുഞ്ചിരി എനിക്ക് നൽകിയപ്പോൾ എല്ലാം മറന്ന് ഞാൻ അവളുടെ കവിളിൽ ഒരു മുത്തമേകി…
ദിയയുടെയും വിടരാൻ കൊതിക്കുന്ന പനിനീർ പുഷ്പങ്ങൾ പോലെ സുന്ദരമായ ആ ഓമൽക്കുരുന്നുകളുടെയും മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നിമിഷത്തേക്ക് അവരെ വേണ്ടെന്ന് വെക്കാൻ തോന്നിയ എന്റെ മനസ്സിനെ ഞാൻ വെറുത്തിരുന്നു….
പിന്നീടുള്ള ഓരോ ദിവസങ്ങളും ആ ഓമൽക്കുരുന്നുകളുടെ കളിചിരിയാൽ പ്രകമ്പനം കൊണ്ടിരുന്ന ഞങ്ങളുടെ വീട്ടിൽ സന്തോഷ പുളകിതമായിരുന്നു എന്റെയും ദിയയുടെയും മനസ്സും ഹൃദയവും…
കുഞ്ഞുങ്ങളെ ദൈവം കനിഞ്ഞു നൽകുന്നതാണ് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിലും വലിയ പാപം ഇല്ല…