(രചന: Sreejith Raveendran)
ഏട്ടനെ ദേവിക അന്വേഷിച്ചു ട്ടോ… രണ്ടുമൂന്നു ദിവസായി പ്ലസ് ടു വിനു പഠിക്കുന്ന അനിയത്തികുട്ടി പറയുന്നു… അവളുടെ കൂടെ പഠിക്കുന്നതാണ്…
ശ്ശെടാ.. ദിതിപ്പൊ ഏതാ ഈ ദേവിക… അവള് ആൽബത്തിലെ അവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ കാണിച്ചു…
ദേ ഇതാണ് ആള്…
അമ്പടി.. ഇവളോ.. ഇപ്പൊ പുടികിട്ടി…
രണ്ടു ദിവസം മുമ്പ് തറവാട്ടിലേക്ക് ബസ് കാത്തുനിക്കുന്ന സമയം…അവിടുത്തെ സ്കൂൾ വിട്ടിരുന്നു.. നിര നിരയായി പെൺകുട്ടികളുടെ ഒഴുക്ക് …എന്റെ പ്രായത്തിലുള്ള ആൺപിള്ളേരുടെ ഭാഷയിൽ ചാകര…
എവിടുന്നു…ഒരെണ്ണം പോലും മൈൻഡ് ചെയ്യുന്നില്ല…
അപ്പഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും രണ്ടു ഉണ്ടക്കണ്ണുകൾ എന്റെ കണ്ണിലുടക്കിയത്…ഒരിക്കൽ നോക്കി കണ്ണ് പിൻവലിച്ചിട്ടു അവളോന്നൂടെ എന്നെ നോക്കി…
ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി… എന്നെ തന്നെയാണോ… അതേ.. എന്നെ തന്നെയാ… പിറ്റേദിവസം മുതലാണ് ഈ അന്വേഷണം വന്നുതുടങ്ങിത്…ഫോട്ടോ കണ്ടപ്പോൾ മനസിലായി…ആളു അതുതന്നെ…കൊള്ളാലോ…
നിന്റടുക്കൽ അന്വേഷണം പറഞ്ഞു വിടാതെ നീ എന്റെ നമ്പർ കൊടുക്കു… അപ്പോ അവൾക്കെന്നോട് നേരിട്ടു പറയാല്ലോ…
ജീവിതത്തിൽ ഒരു കാര്യോം ഞാൻ പറഞ്ഞാൽ അനുസരിക്കാത്ത ലവൾ ഇത് അനുസരിച്ചെന്നു തോന്നുന്നു…
പിറ്റേ ദിവസം തന്നെ അവളുടെ മെസേജ് എത്തി… അത് പിന്നെ കോൾ ആയി…നേരിട്ട് കാണലായി… നല്ലോണം പഠിച്ചോണ്ടിരുന്ന പെണ്ണ് ക്ലാസ്സിൽ ഇരുന്നു സ്വപ്നം കാണാൻ തുടങ്ങി…
ടീച്ചേർസ് അമ്മയെ വിളിച്ചു കാര്യം പറഞ്ഞു…അമ്മ മകളെ ശ്രദ്ധിച്ചപ്പോ മകൾ ഫുൾ ടൈം ഫോണിലാണെന്നു മനസിലായി..
കൊച്ചിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ഞാൻ ജോലി ചെയുന്ന സമയമായിരുന്നു അത്…പിറ്റേ ദിവസം കൊടും ചൂടിൽ വെല്ലിങ്ടൺ ഐലൻഡിൽ ടാർജെറ്റ് തികയ്ക്കാൻ ഓടിക്കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു അവളുടെ ലാൻഡ്ഫോണിൽ നിന്നൊരു കാൾ..
രാവിലെ ക്ലാസ്സിൽ പോകുവാന്നു പറഞ്ഞതാണല്ലോ…ഇതിപ്പോ എന്താ..
ഫോൺ എടുത്തു…മറുതലക്കൽ ദേവികയുടെ അമ്മ…
ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി…
കല്യാണം കഴിച്ചു എല്ലാരുടേം അനുഗ്രഹത്തോടെ കൂടെ ജീവിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ അമ്മക്ക് പകുതി സമാധാനം…(ഇതിനു മുമ്പ് രണ്ടുമൂന്നു പെൺകുട്ടികളുടെ വീട്ടീന്ന് വിളിച്ചിട്ടുള്ള എക്സ്പീരിയൻസ് ഉള്ളത്കൊണ്ട് രക്ഷപെട്ടു )
ഒരുമണിക്കൂറോളം ഉള്ള സംസാരം കഴിഞ്ഞു ഫോൺ വെച്ച ഉടനെ അടുത്ത ഫോൺ…ഇനി ഇതേതു കുരിശാ ഭഗവാനെ…
എടുത്തു..ഹെലോ വെച്ചു എന്റെ പേര് ചോദിച്ചിട്ട് അടുത്തത് ഒരു നമ്പർ പറഞ്ഞു…എന്നിട്ട് ചോദിച്ചു ഈ നമ്പറിലേക്കു വിളിക്കാറുണ്ടൊന്നു… നോക്കിയപ്പോൾ അത് ദേവികേടെ നമ്പർ..
നേരം ഉച്ചയായി…വിശന്നു പണ്ടാരടങ്ങി ഇരിക്കണ ടൈമിലാ അവന്റെ ഒടുക്കത്തെ ചോദ്യം ചെയ്യൽ..
ഞാൻ പല നമ്പറിലേക്കും വിളിക്കും.. അത് താനെന്തിനാ അറിയുന്നേ..
ഞാൻ ദേവികേടെ ചേച്ചിടെ ഭർത്താവാണ്…
അതിനു ഞാനെന്നാ വേണ്ടേ.. പറയാനുള്ളതൊക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്…അവിടെ ചോദിച്ചാ മതി….
ഞാൻ കട്ട് ചെയ്തു..
കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു… അയാൾ അമ്മയുമായി സംസാരിച്ചു… അങ്ങേർക്കെന്നെ ഒന്നു നേരിട്ട് കാണണം… നാളെ പുള്ളിടെ വീട് വരെ ചെല്ലണം…ദേവികയും അമ്മയും അവിടെ ഉണ്ടാവും എന്നു
ഭഗവാനെ…തല്ലുറപ്പായോ…എങ്കിലും ഉള്ളിലെ പേടി പുറത്തുകാണിക്കാതെ ഞാൻ സമ്മതിച്ചു…
പിറ്റേദിവസം വീട്ടിൽ ചെന്നു… പ്രതീക്ഷിച്ചപോലെ തല്ലു ഉണ്ടായില്ല… കാര്യങ്ങളൊക്കെ സംസാരിച്ചു…ബട്ട് ഒറ്റ ഡിമാൻഡ് ഉണ്ട് അവർക്കു…
അടുത്ത 5 കൊല്ലം നിങ്ങൾ കാണാനോ മിണ്ടാനോ പാടില്ല…ഇന്നേക്ക് 5 വർഷം തികയുന്ന അന്ന് നിങ്ങൾക്ക് വീട്ടിൽ വരാം…അന്നും നിങ്ങടെ സ്നേഹം ഇതുപോലെ തന്നെ ഉണ്ടെങ്കിൽ ഈ കല്യാണം നടക്കും…
ഇതൊരുമാതിരി ഒലക്കേമ്മേലെ കണ്ടിഷൻ ആയിപോയി.. അവളുടെ മുഖത്തേക്ക് നോക്കി…അവള് സമ്മതിക്കാൻ ആംഗ്യം കാണിച്ചു…
സമ്മതം…ഞാൻ പറഞ്ഞു…
യാത്ര പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോഴാണ് ഓർത്തത് ഒരു പഞ്ച് ഡയലോഗ് കാച്ചിയില്ല…
അഞ്ചല്ല അമ്പതു കൊല്ലം കാത്തിരിക്കേണ്ടി വന്നാലും… ഇത്രേം പറഞ്ഞു സ്ലോ മോഷനിൽ തിരിഞ്ഞപ്പോ ആടുകിടന്നടുത്തു പൂട പോലുമില്ല…. കതകടഞ്ഞു കിടക്കുന്നു…
പുല്ല്…വേണ്ടാരുന്നു…
ഏതായാലും തിരിഞ്ഞതല്ലേ…വീടിനെ നോക്കി പറഞ്ഞു..
അപ്പൊ ഒരു 5 കൊല്ലം കഴിഞ്ഞു പാക്കലാം…
ഇന്നാണ് ആ ദിവസം…അഞ്ചുകൊല്ലം തികയുന്ന ദിവസം… ഒറ്റക്ക് തന്നെ പോകാൻ തീരുമാനിച്ചു… ഇനി അവളെങ്ങാനും കെട്ടിപോയിട്ടുണ്ടെൽ വെറുതെ അച്ഛനെ കൊണ്ടോയി നാണം കെടണ്ടല്ലോ…
മെയിൻ റോഡിൽ ബൈക്ക് വെച്ച് മുറ്റത്തേക്ക് നടന്നപ്പോൾ ഒരു മൂന്നാലുവയസു തോന്നിക്കണ ഒരു ചെക്കൻ എന്റെ നേരെ എന്റെ നേരെ മിസൈല് പോലെ പാഞ്ഞുവന്നു… അതിൽ നിന്നെങ്ങനാ ഒഴിഞ്ഞുമാറിയെന്നു എനിക്ക് മാത്രേ അറിയൂ…
ഉണ്ണി…ഓടരുത്…നിക്കടാ…
പുറകെ ഓടിവന്ന ആളെക്കണ്ടു ആളെക്കണ്ടു ഞാൻ ഞെട്ടി…ദേവിക…
അടിപൊളി….എന്റെ 5 കൊല്ലം ഹുദ ഗവ…
വഞ്ചകി… എന്നെ കണ്ടപ്പോൾ സന്തോഷാണോ സങ്കടാണോ ആ മുഖത്ത് വന്നതെന്നറിയില്ല…ഒന്നും മിണ്ടാതെ അവൾ അകത്തേക്കോടി…
എന്റെ നേരെ പാഞ്ഞു വന്ന വിത്തിനെ ഞാനൊന്നു സൂക്ഷിച്ചു നോക്കി… ദേവികേടെ ഷേപ്പ് ഉണ്ടോ…ഉണ്ടെന്ന് തോന്നണു…
എന്റെ നോട്ടം അവനങ് പിടിച്ചില്ല…
ദേഷ്യത്തിൽ എന്നെ നോക്കി അവനൊരു ചോദ്യം…
എന്നാടാ പത്തി…
ഉറപ്പായി…ഇതവളുടെ കൊച്ചു തന്നെ…
വാ..കേറി വാ….അളിയൻ വന്നു വിളിച്ചു..
അകത്തു ചെന്നു…അളിയൻ സംസാരിച്ചു തുടങ്ങി…ഇപ്പോ നീ വന്നതിൽ ഞങ്ങക്ക് സന്തോഷമുണ്ട്… പക്ഷെ പ്രതീക്ഷിക്കാത്തത് അതിനിടക്ക് സംഭവിച്ചു…അതുകൊണ്ട്….
ഇനിയിപ്പോ അത് പറഞ്ഞിട്ടു കാര്യമില്ലലോ…
അപ്പൊ അറിഞ്ഞായിരുന്നോ….
അറിഞ്ഞില്ല…പക്ഷെ മനസിലായി…
എന്താ അവൾക്കിങ്ങനെ പറ്റിയെന്നു മനസിലാകുന്നില്ല… ഓരോരുത്തരുടെ മനസ്സല്ലേ…നമുക്ക് പ്രവചിക്കൻപറ്റില്ലാലോ…
നെറ്റിൽ വന്നപ്പോൾ ഞങ്ങളറിഞ്ഞില്ല…. പിറ്റേന്ന് പത്രത്തിൽ വന്നപ്പഴാ ഞങ്ങളറിഞ്ഞേ…പിന്നെ പറഞ്ഞിട്ടു കാര്യമില്ലലോ…
ഭഗവാനെ..നെറ്റിലും വന്നോ….എന്നിട്ട് ഞാൻ കണ്ടില്ലലോ… ഞെട്ടിയെങ്കിലും ഞാൻ അത് പുറത്തുകാണിക്കാതെ മൂളി
ഏതായാലും ഒരു ചാൻസ് കൂടെ കൊടുക്കാം അല്ലേ….ദയനീയമായി അളിയന്റെ മുഖത്തേക്കൊന്നു നോക്കി…
മഹാപാപി….ഇപ്പോ കെട്ടിയ ആ ചെക്കനേം കൂടെ ചതിക്കാനാണോ..(ഈ പറഞ്ഞതും മനസ്സിൽ ആയതുകൊണ്ട് ഞാനിന്നും ജീവനോടെ ഇരിക്കുന്നു )
രണ്ടു വിഷയമേ ഉള്ളു…അത് ഈ ചാൻസിൽ അവളെഴുതി എടുക്കാമെന്ന പറയുന്നത്….അത് കഴിഞ്ഞു മതി കല്യാണം എന്നാ അവൾ പറയുന്നേ….
എന്തുട്ട്….
അല്ല ഈ കാലത്തു സപ്പ്ളി വല്യ കാര്യമല്ലലോ…അതുകൊണ്ട് അത് കഴിയുന്നതുടെ വരെ താനൊന്നു വെയിറ്റ് ചെയ്യേണ്ടിവരും…
ഭഗവാനെ…അപ്പോ ഞാനിത്രേം നേരം ചിന്തിച്ചതൊക്കെ…ഓൾ തെറ്റിദ്ധാരണാസ്… അപ്പോഴാണ് എന്നെ തെറ്റിദ്ധരിപ്പിച്ച ആ വിത്ത് കേറി വന്നത്…
എന്റെ രണ്ടാമത്തെ മോനാ…അളിയൻ അവനെ പിടിച്ചു മടിയിൽ ഇരുത്തി…
അവളുടെ മനസ്സ് മാറ്റാൻ ഒരുപാട് നോക്കി…പക്ഷെ നിന്നെ പറിച്ചെറിയാൻ പറ്റിയില്ല അവിടുന്ന്…അല്ല അവളുടെ സപ്പ്ളി യുടെ കാര്യം താനെങ്ങനെ അറിഞ്ഞു…
ആ ചോദ്യങ്ങളൊന്നും ഞാൻ കേട്ടില്ല..ഏതോ സ്വപ്നലോകത്തായിരുന്നു…
ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നെ യാത്രയയക്കാൻ അവൾ ഗേറ്റിന്റെ അരികിൽ വരെ വന്നു…
ദേവു…
എന്തേ…
നിന്നെ ചെറുതായി ഞാനൊന്നു തെറ്റിദ്ധരിച്ചായിരുന്നു…
ങേ…എങ്ങനെ…
അല്ല നിന്റെ കല്യാണം കഴിഞ്ഞെന്നും ആ ഓടി വന്ന കൊച്ചു നിന്റെയാണെന്നും…
ഡാ പട്ടി…
ആ ഇതുതന്നെയാ ആ കൊച്ചും പറഞ്ഞെ…പിന്നെ സംശയം തോന്നാതിരിക്കുമോ..
അടിക്കാനായി അവൾ കൈ ഓങ്ങിയപ്പോൾ ഞാൻ ഓടി…ഓടുന്ന വഴിക്ക് തിരിഞ്ഞു നിന്നു കൊടുത്ത ഫ്ലയിങ് കിസ്സ് ഒരു പുഞ്ചിരിയോടെ അവൾ മേടിച്ചു ഹൃദയത്തിൽ ചേർക്കുന്നത് ഞാൻ കണ്ടു…