പിന്നീട് കാണുമ്പോഴൊക്കെ അവൾ ഒറ്റയ്ക്ക് ആരോടും ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുന്നത്..

കരിവളകൾ
(രചന: ഷെർബിൻ ആന്റണി)

നീണ്ട നേരത്തെ ട്രെയിൻ യാത്രയുടെ വിരസതകൾക്കിടയിൽ അയാൾ ഡോറിനടുത്തേക്ക് പോയി നിന്നു.

ഏതോ സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഒരു മിന്നായം പോലെ ഒരു മുഖം അയാളിൽ ഉടക്കി.

ട്രെയിൻ സാവധനത്തിലായത് കാരണം ആ മുഖം അയാൾക്ക് വ്യക്തമായി കാണാൻ സാധിച്ചു. പ്ലാറ്റ് ഫോമിൽ നിന്ന് പഴകിയ ഒരു തുണി സഞ്ചിയും തൂക്കി നടക്കുകയായിരുന്നു അവൾ….

ഒറ്റ നോട്ടത്തിൽ ഒരു ഭ്രാന്തിയെ പോലെ തോന്നും. അഴുക്ക് പിടിച്ച സാരിയും, കൈ നിറയെ കുപ്പി വളയും കരിപിടിച്ച മുഖവുമായിട്ടവൾ ലക്ഷ്യമില്ലാതെ നടന്നു പോവുകയായിരുന്നു.

പക്ഷേ ആ കണ്ണുകൾ അതാണയാളെ കൊത്തി വലിച്ചത്….

എന്ത് ചെയ്യണമെന്നറിയാതെ ഡോറിൽ നിന്നും തിരിച്ചയാൾ തൻ്റെ സീറ്റിലേക്ക് പോയിരുന്നു. കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് വായിലേക്ക് ഒഴിക്കുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

നിർനിന്നിമേഷനായി വെളിയിലേക്ക് നോക്കിയിരിക്കാനേ അയാൾക്കായുള്ളൂ.

ട്രെയിനിൻ്റെ വേഗതയിൽ കഴ്ചകൾ ഒന്നൊന്നായ് വേഗതയിൽ മാറിയിരുന്നെങ്കിലും അയാളുടെ മനസ്സിലെ ചിത്രങ്ങളിലേക്കയാൾ പായുകയായിരുന്നു.

മെഡിക്കൽ കോളേജിൽ വെച്ചാണ് അവളെ ആദ്യമായിട്ട് കാണുന്നത്. അമ്മയെ അഡ്മിറ്റ് ചെയ്തതിൻ്റെ പിറ്റേ ദിവസം ഭക്ഷണവുമായിട്ട് ചെല്ലുമ്പോൾ അമ്മയുടെ കട്ടിലിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അയാളെ കണ്ടതും പിന്നെ വരാട്ടോ അമ്മേ എന്ന് പറഞ്ഞവൾ നടന്നു നീങ്ങി. ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മയാണ് അവളെ പറ്റി പറഞ്ഞത്.

ഏതോ നല്ല കുടുംബത്തിൽ പെട്ടെതാണെന്ന് തോന്നുന്നു. സ്നേഹമുള്ള കുട്ടിയാ ആരുമില്ലാത്തപ്പോഴൊക്കെ എൻ്റടുത്ത് വന്നിരിക്കും.

എന്താസുഖം ആ കുട്ടിക്ക്.

ഓൾക്കല്ല, കെട്ട്യോനാ സൂക്കേട്. കെട്ടീട്ട് അധികമായിട്ടില്യാ.

അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ പോകുമ്പോൾ വരാന്തയിലൂടെ അവൾ എതിരെ വരുന്നുണ്ടായിരുന്നു.

അയാളെ നോക്കി അവളൊന്ന് പുഞ്ചിരിച്ചത് പോലെ അയാൾക്ക് തോന്നിയെങ്കിലും തിരിച്ച് ഒന്ന് മിണ്ടാൻ പോലും മുതിർന്നില്ല.

പിറ്റേ ദിവസം സ്കാനിങ്ങ് റിപ്പോർട്ട് വാങ്ങി വരുമ്പോൾ വരാന്തയിലെ ഒഴിഞ്ഞ കസേരകളിൽ ഒന്നിൽ അവളും ഉണ്ടായിരുന്നു.

പിന്നീട് കാണുമ്പോഴൊക്കെ അവൾ ഒറ്റയ്ക്ക് ആരോടും ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുന്നത് കാണുമ്പോഴൊക്കെ അയാൾക്ക് അവളോട് സംസാരിക്കണമെന്ന് തോന്നി തുടങ്ങി.

ഒരു സന്ധ്യമയങ്ങി തുടങ്ങുന്ന നേരത്തായിരുന്നു അവളോട് അയാൾ മിണ്ടി തുടങ്ങിയത്. ആദ്യമൊക്കെ മടിച്ച് മടിച്ചാണെങ്കിലും പിന്നീട് അവൾ തൻ്റെ കഥകൾ പറയാൻ സന്നദ്ധയായി.

വീട്ടിൽ ആർക്കും ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല, അവസാനം ഗത്യന്തരമില്ലാതെ ഞങ്ങൾ ഒന്നാവാൻ തീരുമാനിച്ചു. അത്രയ്ക്കും ഞങ്ങൾ തമ്മിൽ ഇഷ്ട്ടമായിരുന്നു.

വർഷങ്ങളായിട്ടുള്ള സ്നേഹമായിരുന്നു ഞങ്ങളുടേത്. കെട്ട് കഴിഞ്ഞ് ഞങ്ങൾ പോയത് ഒരു കൊച്ച് വാടക വീട്ടിലേക്കായിരുന്നെങ്കിലും അവിടം ഞങ്ങൾക്ക് സ്വർഗ്ഗമായിരുന്നു.

അതൊക്കെ എല്ലായിടത്തും അങ്ങനൊക്കെ തന്നെയാടോ, കുറച്ച് കഴിയുമ്പോൾ മനസ്സ് മാറിക്കോളും. അയാൾ പതിവ് ക്ലീഷേ അവളുടെ മുന്നിലേക്കിട്ടു.

ഇല്ല ഏട്ടാ ഇതങ്ങനെയല്ല, എനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല. എൻ്റെ അമ്മ ഞാൻ കുഞ്ഞായിരിക്കുമ്പോഴേ മരിച്ചതാണ്.

അച്ഛനെന്ന വാക്ക് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ, ഇത് വരെ കണ്ടിട്ടില്ല. ആകെയുള്ളത് വകയിലെ ഒരമ്മാവനാണ് അവിടെ നിന്നാണ് ഞാൻ പഠിച്ചതും വളർന്നതും.

ഞാനിറങ്ങി പോന്നപ്പോൾ ശമ്പളം വേണ്ടാത്ത വേലക്കാരിയെ നഷ്ടപ്പെട്ട സങ്കടത്തിലാണവർ, ഇനി അങ്ങോട്ടൊരു തിരിച്ച് പോക്ക് എൻ്റെ ജീവത്തിലുണ്ടാവില്ല അത്രയ്ക്കധികം ഞാൻ സഹിച്ചു, ഇനി പറ്റില്ല ഏട്ടാ… അത് പറഞ്ഞവൾ വിതുമ്പി.

സാരി തുമ്പു കൊണ്ടവൾ കണ്ണ് തുടക്കുമ്പോൾ കരിവളകൾ കിലുങ്ങുന്നതയാൾ ശ്രദ്ധിച്ചു.

എന്നെ ജീവനാണ് അങ്ങേർക്ക്,എൻ്റെ ജീവിതത്തിൽ ആദ്യമായ് സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദിനളായിരുന്നു പിന്നീടങ്ങോട്ട്.

ഞങ്ങളുടേതായ ലോകത്ത് ഞങ്ങൾ പാറിപ്പറക്കുകയായിരുന്നു.

ഒരു ചെറിയ പനി ആയിരുന്നു ആദ്യമൊക്കെ. അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചെങ്കിലും പനി വിട്ട് മാറാതായപ്പോഴാണ് ഇവിടെ കൊണ്ട് വന്ന് അഡ്മിറ്റായത്.

ടെസ്റ്റ് റിസൽട്ട് വന്നതിനുശേഷം ഐ സി യുവിലേക്ക് മാറ്റിയപ്പോൾ മുതൽ ഒരു സ്വസ്ഥതയുമില്ല. ഒന്നാശ്വസിപ്പിക്കാൻ പോലും കൂടെ ആരുമില്ലാതായി.

സാരമില്ലെടോ വേഗം ഭേദമാകുമെന്ന് പറഞ്ഞിട്ടയാൾ പോകാൻ നേരം പറഞ്ഞു എന്താവശ്യമുണ്ടെങ്കിലും പറയാൻ മടിക്കണ്ട.

അത് കേട്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം അയാൾക്ക് കാണാതിരിക്കാനായില്ല, അത്ര മനോഹരമായിരുന്നു അവളുടെ നീണ്ട കണ്ണുകൾക്ക്.

അതിനടുത്ത ദിവസം അമ്മയ്ക്ക് ഭക്ഷണം കൊടുത്തിട്ട് അയാൾ അവളെ കാണാനായ് ചെന്നു.

ഐസിയുൻ്റെ മുന്നിൽ ആൾക്കൂട്ടത്തിനടുത്തേക്ക് ചെന്നപ്പോൾ അയാൾ കണ്ടത് കരഞ്ഞ് കലങ്ങിയ മുഖവുമായി ഭിത്തിയിൽ ചാരി ഇരിക്കുന്ന അവളെയായിരുന്നു.

ചുറ്റും കൂടി നില്ക്കുന്നവർ പറയുന്നുണ്ടായിരുന്നു. ആ ചെക്കന് അവളെ ജീവനായിരുന്നു. സ്വന്ത ബന്ധങ്ങളെയൊക്കെ ഒഴിവാക്കി ഒരുമിച്ചവരാണ്. ഈ കുട്ടി ഇനി എങ്ങോട്ട് പോകും….???

അവളുടെ മുന്നിൽ നില്ക്കാനാവാതെ അവളെ ഒന്ന് തിരിഞ്ഞ് നോല്ക്കാതെ പുറത്തേക്ക് നടന്നു.

മനസ്സൊന്ന് ശാന്തമായപ്പോഴാണ് അയാൾ തിരിച്ച് വന്നത് പക്ഷേ അപ്പോഴേക്കും ആംബുലൻസിൽ കയറി അവളും പോയിരുന്നു.

പിന്നീടവളെ അയാൾ ഒരിക്കൽ പോലും കണ്ടിരുന്നില്ല. അവളെ തിരക്കി താമസിച്ചിരുന്ന വാടക വീട്ടിലും നാട്ടിലും അമ്മയോടൊപ്പം അയാൾ അന്വോഷിച്ച് നടന്നിരുന്നു പലവട്ടം.

പക്ഷേ വർഷങ്ങൾക്കിപ്പുറം ഇന്നാണ് അവളെ കാണുന്നത്.ആ ഞെട്ടലിൽ നിന്ന് അയാൾ ഉണരുന്നത് ട്രെയിൻ നില്ക്കുമ്പോഴായിരുന്നു.

അയാൾ അതിവേഗം ഡോറിനടുത്തേക്ക് നീങ്ങി. സിഗ്നല് കിട്ടാനായ് നിർത്തിയിട്ടിരിക്കുകയായിരുന്നു അവിടെ.

രണ്ടാമതൊന്ന് ആലോചിക്കാതെ അയാൾ അവിടെ ചാടി ഇറങ്ങി. തിരിച്ച് കിട്ടിയതെന്തോ വീണ്ടും നഷ്ട്ടപ്പെടുമെന്നൊരു തോന്നൽ അയാളുടെ കണ്ണുകളിൽ കാണാമായിരുന്നു.

ആ ചിന്ത മനസ്സിനെ മരവിപ്പിച്ചെങ്കിലും കാലുകൾക്ക് വേഗം പോരായെന്ന് അയാൾക്ക് തോന്നി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *